സ്ഥടികത്തിൽ മോഹൻലാൽ, എം.എം മണി
4k ഡോൾബി അറ്റ്‍മോസ് മികവിൽ റീറിലീസിനെത്തിയ 'സ്ഫടികം' കണ്ടപ്പോൾ ഒരു പുതിയ സിനിമ കാണുന്ന അനുഭവമായിരുന്നുവെന്ന് പ്രേക്ഷകർ. തിരുവനന്തപുരം ഏരീസ് പ്ലക്സ് തിയേറ്ററിൽ നടന്ന പ്രത്യേക പ്രീമിയർ ഷോ കണ്ടിറങ്ങിയതിന് ശേഷമാണ് പ്രേക്ഷകരുടെ പ്രതികരണം. പ്രദർശനം കാണുന്നതിനായി മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പടെയുള്ള നിരവധിയാളുകൾ എത്തിയിരുന്നു.
28 വർഷത്തെ ഇടവേളക്ക് ശേഷം പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോഹൻലാൽ - ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ 'സ്ഫടികം' വീണ്ടും തിരശ്ശീലയിലെത്തിയത്. സിനിമയുടെ ദൃശ്യങ്ങളിലും ശബ്‍ദ വിന്ന്യാസങ്ങളിലും കാലത്തിനൊത്ത മാറ്റം കൊണ്ടുവന്നിരിക്കുന്നത് അനുഭവിച്ചറിയണമെന്നാണ് പ്രേക്ഷകർ പറയുന്നത്. വ്യാഴാഴ്ച മുതലാണ് സ്ഫടികം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വീണ്ടും ഇറങ്ങുന്നത്.
സൂചിക്കുഴയിലൂടെ നോക്കിയല്ല കുട്ടികളെ നോക്കികാണേണ്ടതെന്ന പാഠം ചിത്രം നൽകുന്നുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. സൗണ്ട് ഇഫക്ട്, എഡിറ്റിംഗ്, അഭിനയ ചാരുത എല്ലാം ഒത്തുചേർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയൊരു സിനിമ കാണുന്ന പ്രതീതി സമ്മാനിക്കുന്നുണ്ട്, പഴയതിലും കുറെ കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയ എം.എം. മണി പ്രതികരിച്ചത്.
സ്ഫടികം സിനിമ മോശമാണെന്ന് പറഞ്ഞാൽ ആരെങ്കിലും വച്ചേക്കുമോ. എല്ലാ ഘടകങ്ങളും ഗംഭീരമായി വന്നിട്ടുണ്ട്. മലയാള സിനിമയ്ക്ക് ഇതൊരു വഴിത്തിരിവാകും. സ്ഫടികത്തിൻറെ ഗംഭീര വിജയം പണ്ടത്തെ സിനിമകൾ ഈ മികവോട് കൂടി പുതിയ തലമുറയ്ക്ക് കാണാനുള്ള അവസരങ്ങൾ തുറക്കുമെന്ന് നടനും എം.എൽ.എയുമായ മുകേഷ് പറഞ്ഞു.
ഈ ചിത്രം തിയേറ്ററിൽ അനുഭവിച്ചറിയേണ്ടത് തന്നെയാണെന്ന് നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു. ടിവിയിൽ പലതവണ കണ്ടതാണെങ്കിലും പുതിയ തലമുറയ്ക്ക് ഇതാദ്യമായി തിയേറ്ററിൽ കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.
കാലത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്തിയും ദൈർഘ്യം കൂട്ടിയും ആണ് ചിത്രമെത്തുന്നതെന്നും തിയേറ്ററിൽ എത്തുന്ന സ്ഫടികം റിലോഡഡിന് അടുത്ത മൂന്ന് വർഷത്തേക്ക് ഒ.ടി.ടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ല എന്നും സംവിധായകൻ ഭദ്രൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
'സ്ഫടികം' കേരളത്തിൽ 150-ൽ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ൽ പരം തിയേറ്ററുകളിലുമെത്തുന്നുണ്ട്. സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ്. ചെന്നെെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ ഏഴിമലപൂഞ്ചോല എന്ന ഹിറ്റ് ഗാനം വീണ്ടും കെ.എസ്. ചിത്രയും മോഹൻലാലും ചേർന്ന് വീണ്ടും ആലപിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.
Content Highlights: mohanlal bhadran movie spadikam re release audience responce
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..