കുട്ടികളുടെ മനസ്സുള്ള വലിയവരുടെ നഗരം, സിം​ഗപ്പുർ


എം.വി ശ്രേയാംസ്കുമാർ

കുട്ടികളുമൊത്ത്‌ ഒരു വിദേശയാത്രക്ക്‌ പ്ലാനുണ്ടോ? എങ്കിൽ ഈ അവധിക്കാലം സിംഗപ്പൂരിലേക്കാക്കുക. ജീവിതത്തിലൊരിക്കലും അവരാ യാത്ര മറക്കുകയില്ല!

സിം​ഗപ്പൂരിലെ മെർലയണിന് മുന്നിൽ നിന്ന് സെൽഫിയെടുക്കുന്ന വിദേശസഞ്ചാരി | ഫോട്ടോ: എ.എഫ്.പി

കുട്ടികളാണ്‌ യഥാർഥ യാത്രികർ. അവർ കൂടെയില്ലെങ്കിൽ വിനോദയാത്രകൾ നിറപ്പകിട്ടുള്ളതാവുമോ? സംശയമാണ്‌. ഓദ്യോഗിക ജീവിതത്തിന്റെ തിരക്കുകളിൽ, പലപ്പോഴും നാം സൗകര്യപൂർവം മാറ്റിവെക്കുന്നത്‌ കുട്ടികളുമൊത്തുള്ള യാത്രകളായിരിക്കും. അതിനുള്ള വിശദീകരണങ്ങൾ എന്തു തന്നെയായാലും തങ്ങൾക്കൊപ്പം ചെലവിടാൻ മാത്രം നമുക്കു സമയമില്ലാത്തതെന്തെന്ന അവരുടെ ചോദ്യം ഉത്തരമില്ലാത്തതാണ്‌. നിഷ്കളങ്കമായി ആഹ്ലാദിക്കാനുള്ള അവരുടെ പ്രായം കടന്നു പോയ ശേഷം നാം സമയമുണ്ടാക്കിയെടുത്തിട്ട്‌ എന്തു കാര്യം?

മക്കളും മരുമക്കളും സുഹൃത്തിന്റെ കുടുംബവുമൊത്ത്‌ സിംഗപ്പൂരിൽ ചെലവഴിച്ച അവധി ദിനങ്ങളാണ്‌ ഈ ചിന്തകൾക്കു വഴിവെച്ചത്‌. കുട്ടികൾ യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. അതിന്റെ തീവ്രത കണ്ടപ്പോഴാണ്‌ സിംഗപ്പൂരിന്റെ സൗന്ദര്യം വലിയവർക്കു പോലും ബോധ്യപ്പെട്ടത്‌. നൂറു ശതമാനം ഫാമിലി ഡെസ്റ്റിനേഷൻ എന്ന വിശേഷണം ഇന്ന്‌ സിംഗപ്പൂരിന്‌ അവകാശപ്പെടാം. കുട്ടികൾക്ക്‌ പ്രത്യേകിച്ചും ഇതൊരു കൊച്ചു സ്വർഗമായിത്തന്നെ അനുഭവപ്പെടും (മുതിർന്നവർക്കും). സിംഗപ്പൂരിലെ ഓരോ കാഴ്ചകളും അവർ ആസ്വദിച്ചു. ഇംബിയാ ലുക്കൗട്ടും സെന്റോസാ ദ്വീപും നൈറ്റ്‌ സഫാരിയും ചിത്രശലഭങ്ങളുടെ ഉദ്യാനവും ഇൻസെക്റ്റ് കിങ്ഡവും മാത്രമല്ല, വൃത്തിയുള്ള തെരുവുകളും അച്ചടക്കമുള്ള ട്രാഫിക്കും നൈറ്റ്‌ ഷോപ്പിങ്ങും രുചിവൈവിധ്യമാർന്ന ഭ ക്ഷണങ്ങളും എല്ലാം അവർക്കു രസിച്ചു.ഒരാധുനിക നഗരത്തിന്റെ മുഖമുള്ള, നൂറു ശതമാനം പ്ലാൻഡ്‌ ആയ, സിറ്റിയാണ്‌ ഇന്നത്തെ സിംഗപ്പൂർ. ഇതൊരു ഏഷ്യൻ നഗരമാണോ എന്ന്‌ സംശയം തോന്നും. ഏതു മഹാനഗരത്തിന്റെയും പതിവു രൂപഭാവങ്ങളായ പാലങ്ങളും പാതകളും രമൃഹർമ്യങ്ങളും കൂലംകുത്തിയൊഴുകുന്ന ജനസമുദ്രവുമൊക്കെ ഇവിടെയുമുണ്ട്‌. എന്നാൽ നഗരത്തോടു ചേർന്നു ലാൻഡ്സ്കേപ്‌ ചെയ്തെടുത്ത നിബിഡമായ ട്രോപ്പിക്കൽ വനങ്ങളും വിസ്മയിപ്പിക്കുന്ന ദ്വീപുകളും മറ്റെവിടെയും അധികം ഉണ്ടാവില്ല. ചിത്രത്തിലെഴുതിയ പോലെ സുന്ദരമായ കടൽത്തീരങ്ങളും നഗരത്തെ അതിരിട്ടു കിടക്കുന്നു. ചുറ്റും ജലകേളിക്കുള്ള തടാകങ്ങളും യാനങ്ങളുമുണ്ട്‌. വിനോദവും ആനന്ദവും പകരുന്ന എന്റർടെയിൻമെന്റ്‌ വില്ലേജുകളുണ്ട്‌. രാത്രിയിലെ വനയാത്രകളുണ്ട്‌. കടൽ സവാരികളുണ്ട്‌. ആകാശരഥസഞ്ചാരങ്ങളുണ്ട്‌. എല്ലാം ഒരിടത്ത്‌ എന്ന വാക്ക്‌ അടിമുടി അന്വർഥമാക്കുന്ന നഗരം.

സിംഗപ്പൂരിൽ ഇപ്പോൾ സഞ്ചാരികൾക്ക്‌ പ്രത്യേക സീസണൊന്നുമില്ല. വർഷത്തിൽ എല്ലാ ദിവസവും ഇവിടേക്ക്‌ സഞ്ചാരികളുടെ പ്രവാഹമാണ്‌. 24 മണിക്കൂറും ഉണർന്നിരിക്കുന്ന തെരുവുകൾ, രസിപ്പിക്കുന്ന വിനോദശാലകൾ, രസിപ്പിക്കുന്ന തീം പാർക്കുകൾ, രാത്രിത്തെരുവുകൾ, കാസിനോകൾ.. ഏതു രാത്രിക്കും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരം. ഏതു തരം സഞ്ചാരിക്കും അവന്റെ കീശക്കൊത്ത വിധം സുഖമായി ജീവിക്കാം. സഞ്ചാരികളുടെ പ്രിയപ്പെട്ട വെക്കേഷൻ ഡെസ്റ്റിനേഷനായി സിംഗപ്പൂർ വളർന്നിരിക്കുന്നു. 22 വർഷം കൊണ്ട്‌ പണി തീർക്കുന്ന പുതിയൊരു ബൃഹദ്‌ നഗരത്തിന്റെ പദ്ധതിയും തയ്യാറായിട്ടുണ്ട്‌. ഇനി ഓരോ തവണ വരുമ്പോഴേക്കും സിംഗപ്പൂരിന്റെ മുഖച്ഛായ മാറിക്കൊണ്ടിരിക്കും, തീർച്ച.

സെന്റോസയിലെ ഒരു ദ്വീപ് | ഫോട്ടോ: റോയിട്ടേഴ്സ്

നൈറ്റ്‌ സഫാരി

നൈറ്റ്‌ സഫാരിയാണ്‌ സിംഗപ്പൂരിലെ മറക്കാനാവാത്ത അനുഭവം. കാടും കാട്ടുമൃഗങ്ങളും നിറഞ്ഞ ലോകത്തിലൂടെയുള്ള രാത്രി യാത്ര. അക്ഷരാർഥത്തിൽ ലോക പ്രകൃതിയിലൂടെയുള്ള ഒരു സഞ്ചാരം. ഇരുട്ടിൽ വന്യമൃഗങ്ങളെ അവരുടെ ആവാസ വ്യവസ്ഥയിൽ കാണാനും മൃഗങ്ങൾ കൂടി പങ്കെടുക്കുന്ന നൈറ്റ്‌ ഷോകൾ കാണാനുമുള്ള അവസരം. ട്രോപ്പിക്കൽ വനങ്ങളും ഹിമാലയൻ ഭൂപ്രകൃതിയും നേപ്പാൾ റിവർ വാലിയും ആഫ്രിക്കൻ മഴക്കാടുകളും ഇന്തോ-മലയൻ ഭൂമികയും ഏഷ്യൻ നദീവനങ്ങളും തെക്കനമേരിക്കൻ പുൽമേടുകളും ബർമീസ്‌ കുന്നുകളും ഇന്ത്യൻ ഉപഭൂഖണ്ഡവുമൊക്കെ തനിമയോടെ പുന: സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭൂമികയിലൂടെ, പുള്ളിപ്പുലികളുടെ സഞ്ചാര പഥം തേടിയും (Leopard Trail) കാട്ടിലെ ഭീമന്മാരെ തേടിയു(Forest Giants’ Trail ) മൊക്കെ തുറന്ന വാഹനത്തിൽ നടത്തുന്ന യാത്ര മറക്കാനാവാത്ത അനുഭവമാണ്‌. തുറന്നിട്ട വനത്തിലെ ക്രൂരമൃഗങ്ങൾ മുതൽ കൊച്ചു പൂമ്പാറ്റുകൾ വരെയുള്ള ജീവി വൈവിധ്യം കൈനീട്ടിയാൽ തൊടാവുന്ന അരികെ യാത്രയിലുടനീളം. വെള്ളച്ചാട്ടങ്ങളും മലകളും കാട്ടുവഴികളും നിറഞ്ഞ അവസാനിക്കാത്ത വഴികളിലൂടെ മൃഗങ്ങളേത്തേടിയുള്ള കാൽനടയാത്രക്കും അവസരമുണ്ട്‌. തുറന്ന ട്രാമിലാണ്‌ യാത്ര.

നൈറ്റ്‌ സഫാരി തുടങ്ങുന്നത്‌ മൃഗങ്ങളുടെ ഒരു ഷോ അവതരിപ്പിച്ചു കൊണ്ടാണ്‌. കുട്ടികൾക്കു രസിക്കുന്ന പല വിദ്യകളും മൃഗങ്ങൾ കാഴ്ചവെക്കും. മൃഗങ്ങളെക്കുറിച്ച്‌ കുട്ടികളെ പഠിപ്പിക്കും. കുട്ടികളുടെ കഴുത്തിൽ പെരുമ്പാമ്പിനെ വരെ ഇട്ടു കൊടുക്കും. 20 മിനുട്ടാണ്‌ ഈ ഷോ. അതു കഴിഞ്ഞാൽ ട്രാമിൽ കാടുകളിലൂടെയുള്ള യാത്ര തുടങ്ങുകയായി. ആദ്യമെത്തുന്നത്‌ ഹിമാലയൻ ഫൂട്ഹിൽസിൽ. അവിടെ പൈൻ മരങ്ങളും ഫിർ മരങ്ങളും മർഖോർ കാട്ടാടുകളുമാണ്‌ നമ്മെ വരവേൽക്കുക. പിന്നീട്‌ യാത്ര പുഴയോരങ്ങളും ചതുപ്പുകളും നിറഞ്ഞ നേപ്പാളീസ്‌ റിവർ വാലിയിലേക്കു മാറുന്നു. കൈയെത്തിച്ചാൽ തൊടാവുന്ന അകലത്തിൽ സാംബറുകളുടെ സംഘമാണ്‌ ചുറ്റും. ഇന്ത്യൻ വാലിയിലെത്തുമ്പോൾ ഗിർവനത്തിലെ സിംഹവും ഹൈയ്നകളും പുലികളുമാണ്‌ കാഴ്ചകൾ. ഇരുട്ടിൽ തിളങ്ങുന്ന അവയുടെ കണ്ണുകൾ കുട്ടികളെ മാത്രമല്ല, വലിയവ രെയും ഭയപ്പെടുത്തും. വീണ്ടും യാത്ര തുടർന്ന്‌ നാം ആഫ്രിക്കൻ മഴക്കാടുകളിലെത്തുന്നു. ഇപ്പോൾ സീബ്രകളും ജിറാഫുകളും പ്രത്യക്ഷപ്പെടുന്നു. മലയൻ ടൈഗറുകളെയാണ്‌ ഇന്തോ-മലയൻ വനത്തിലെത്തുമ്പോൾ കൂടുതൽ കാണുന്നത്‌. ഏഷ്യൻ നദീതടവനങ്ങളിലേക്കാണ്‌ നാം പിന്നീടെത്തുക. ജലത്തിന്റെ നനവും കുളിരുമുള്ള ഭൂപ്രകൃതി. ഇവിടെ ആനകളാണ്‌ അധികം. തെക്കേ അമേരിക്കൻ പുൽമേടുകളാണ്‌ അതിനപ്പുറം. കൂറ്റൻ ഉറുമ്പു തീനികളുൾപ്പെടെ നിരവധി പാംപാസ്‌ വന്യമൃഗങ്ങൾ ഈ മേഖലയിലുണ്ട്‌. കയറ്റിറക്കങ്ങൾ നിറഞ്ഞ ബർമീസ്‌ ഹിൽസി ലെത്തുമ്പോൾ കാട്ടുപോത്തുകളും മാനുകളും ഇരുട്ടിന്റെ മറവിൽ സംഘമായി അലയുന്നതു കാണാം.

കാൽനടയായുള്ള നൈറ്റ്‌ സഫാരിയിൽ മൂന്നു ട്രെയിലുകളാണു ള്ളത്‌. ലെപ്പേഡ്‌ ട്രെയിൽ, ഫിഷിങ്‌ ക്യാറ്റ്‌ ട്രെയിൽ, ഫോറസ്റ്റ്‌ ജയന്റ്‌സ് ട്രെയിൽ. ലെപ്പേഡ്‌ ട്രെയിലിലെ നടത്തത്തിനിടെ ഒരു പുലിയെ ഏതു നിമിഷവും വഴിയിൽ കണ്ടേക്കാം. കാട്ടു പൂച്ചകളുടെ മീൻപിടുത്തമാണ്‌ ഫിഷിങ്‌ ട്രെയിലിലെ കാഴ്ച. ഫോറസ്റ്റ്‌ ജയന്റ്‌സ്‌ ട്രെയിലിൽ നൂറുകണക്കിനു മഹാവ്യക്ഷങ്ങളുൾപ്പെടെ ലോകത്തെ ജൈവവൈവിധ്യമാണ്‌ സന്ദർശകരെ കാത്തിരിക്കുന്നത്‌. വിദഗ്ധരായ ഗൈഡുകളും സഹായികളും കൂടെയുണ്ടാവും. ഷോയുടെ ഭാഗമായി കൾച്ചറൽ ഷോകളും ആദിവാസി നൃത്തങ്ങളു മൊക്കെ വേറെയും ഉണ്ട്‌. പ്രകൃതിയോടിണങ്ങിയുള്ള വിനോദ സഞ്ചാര വികസനത്തിന്റെ ഉത്തമോദാഹരണമാണ്‌ സിംഗപ്പൂരിലെ നൈറ്റ്‌ സഫാരി. കുട്ടികളെ ആകർഷിക്കുന്നതിലൂടെ എങ്ങിനെ ടൂറിസം വളർത്താമെന്ന തിന്റെ ദൃഷ്ടാന്തവും. വളരെ ചെറിയ ഒരു ഭൂപ്രദേശത്താണ്‌ ഇത്രയും വലിയ ഒരു വിസ്മയം അവർ സൃഷ്ടിച്ചിരിക്കുന്നതെന്നും ഓർക്കുക.

സിം​ഗപ്പൂരിലെ മറീന ബേ | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി

സെന്റോസയെന്ന അദ്ഭുതദ്ധീപ്

അഞ്ഞൂറോളം ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന സെന്റോസാ ദ്വീപാണ്‌ സിംഗപ്പൂരിലെത്തുന്ന ഫാമിലികളെ കാത്തിരിക്കുന്ന മറ്റൊരു സ്വർഗം. സിംഗപ്പൂരിന്റെ കളിക്കളം എന്നു സെന്റോസയെ വിളിക്കാം. 365 ദിവസവും 24 മണിക്കൂറും തുറന്നിരിക്കുന്ന ഒരു മെഗാ വിനോദ കേന്ദ്രമായി ഈ ദ്വീപിനെ രൂപപ്പെടുത്തിയിരിക്കുന്നു. സങ്കൽപ്പിക്കാവുന്നതിനേക്കാൾ സുന്ദരമായ ഒരു തീം വില്ലേജാണ്‌ ഇത്‌. എല്ലാ പ്രായക്കാർക്കും തരക്കാർക്കും രസിക്കുന്ന ഫാമിലി തീം പാർക്ക്‌. നഗരത്തിൽ നിന്ന്‌ 45 മിനുട്ട്‌ യാത്രയേ വേണ്ടൂ, സെന്റോസയിലെത്താം. കാറിലും ബസ്സിലും മോണോ റെയിലിലും ട്രാമിലുമെല്ലാം അനായാസമായി എത്തിച്ചേരാം. ഇന്ന്‌ സഞ്ചാരികൾ സിംഗപ്പൂരിലെത്തുന്നത്‌ പ്രധാനമായും സെന്റോസയിൽ പോയി ഉല്ലസിക്കാനാണ്‌.

ഇംബിയാ ലുക്കൗട്ടിലേക്ക്‌ കേബിൾ കാറിൽ ഒരു ആകാശ സവാരി. 4-ഡി സിനിമാ പ്ലാസയിൽ ആടിയുലഞ്ഞും ആർത്തുവിളിച്ചും ത്രില്ലടിപ്പിക്കുന്ന ഒരു സിനിമാ പ്രദർശനം. ഇമേജ്‌ മ്യൂസിയത്തിലെ മെഴുകുപ്രതിമകളും ചരിത്രസാക്ഷ്യങ്ങളും കണ്ടുള്ള കൗതുകസഞ്ചാരം. മേൽക്കൂരയുള്ള പക്ഷിസ ങ്കേതത്തിൽ നൂറുകണക്കിനു പക്ഷികളുമൊത്തുള്ള ചുറ്റിക്കറക്കം. ചിത്രശലഭങ്ങളുടെ പാർക്കിൽ പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരജീവികൾ ക്കൊപ്പമുള്ള നിറപ്പകിട്ടാർന്ന യാത്ര. മലമ്പാമ്പു മുതൽ തേൾ വരെ എല്ലാ ഉരഗജാലങ്ങളെയും കണ്ട്‌ ഇൻസെക്റ്റ്‌ കിങ്ഡത്തിലൂടെയുള്ള നടത്തം. ആകാശം മുട്ടുന്ന ടൈഗർ ഗോപുരത്തിനു മുകളിൽ നിന്നുള്ള നഗരക്കാഴ്ച. മൂന്നര കിലോമീറ്റർ നീളത്തിൽ പഞ്ചാരമണൽ നിറഞ്ഞ കടൽത്തീരത്തെ പകൽ മുഴുവൻ നീളുന്ന ജലകേളികൾ. രാത്രി, വെള്ളിവെളിച്ചം വിതറുന്ന തെരുവിലൂടെ ഓപ്പൺ എയർ സവാരി. ഫുഡ്‌ പ്ലാസകളിൽ തീറ്റ മത്സരം. വസ്ത്രശാലകളിലെ അമ്പരപ്പിക്കുന്ന വിലക്കുറവിൽ ഒരു ഷോപ്പിങ്‌. ഒന്നിലധികം ദിവസങ്ങൾ ചെലവഴിച്ചാലേ സെന്റോസ പൂർണമായും ആസ്വദിക്കാനാവൂ.

മനോഹരമായ റിസോർട്ടുകളും ജലധാരകളും വലയം ചെയ്തു കിടക്കുന്ന സെന്റോസാ കടൽതീരം അതിസുന്ദരമായ മറ്റൊരു കാഴ്ച. ഉല്ലാസനൗകകളിലും മറ്റു ജലകേളികളിലും ഏർപ്പെട്ടിരിക്കുന്ന സഞ്ചാരികളുടെ നീണ്ടനിര ഇവിടെ കാണാം. ഡോൾഫിനുകളുമൊത്തുള്ള കളികളും ആഫ്രിക്കൻ നീർനായ്ക്കളുടെ അദ്ഭുത പ്രകടനങ്ങളും വാട്ടർ റൈഡുകളും ഈ കടലനുഭവത്തെ അവിസ്മരണീയമാക്കുന്നു. ദ്വീപിലേക്ക് പ്രവേശനത്തിന്‌ ഫീസ് നൽകണം. ഓരോ റൈഡിനും വെവ്വേറെ എൻട്രി ഫീയും ഉണ്ട്‌. ദ്വീപിനകത്തെ ബസ്‌ സവാരി സൗജന്യമാണ്‌.

സെന്റോസയുടെ ദൃശ്യം |ഫോട്ടോ: എ.എഫ്.പി

100% വെക്കേഷൻ സ്പോട്ട്‌

സിംഗപ്പൂരിൽ എല്ലാ ദേശക്കാരും ഭാഷക്കാരും സംസ്‌കാരങ്ങളും ഉണ്ട്‌. അടിമുടി ഒരു കോസ്‌മോപോളിറ്റൻ സിറ്റി. ലിറ്റിൽ ഇന്ത്യ (ഇന്ത്യാ ടൗൺ), ചൈനാ ടൺ, അറബ്‌ ടൗൺ തുടങ്ങിയ വ്യാപാരമേഖലകൾ ഓരോ രാജ്യങ്ങളുടെയും സമ്പൂർണ സ്വഭാവമുള്ള സ്ഥലങ്ങളായി നഗരത്തിനകത്തു നിലനിർത്തിയിരിക്കുന്നു. ക്ഷേത്രങ്ങളും പള്ളികളും മോസ്കുകളും വിഹാരങ്ങളുമെല്ലാം നഗരത്തിൽ പലയിടത്തായി കാണാം. എല്ലാ നിലവാരത്തിലും തരത്തിലുമുള്ള സഞ്ചാരികൾക്ക്‌ അനായാസം ഇവിടെ വരാം, ജീവിക്കാം. ഏതു രാജ്യത്തിന്റെ ഭക്ഷണവും ഇവിടെ ലഭിക്കും. ഇന്ത്യാ ടൗണിലാണ്‌ ഇന്ത്യൻ ഭക്ഷണവും സാധനങ്ങളും ലഭിക്കുന്ന ഒട്ടേറെ കടകളുള്ളത്‌. ഞങ്ങൾ താമസിച്ച ലാഗ്രോവ്‌ നിൽക്കുന്ന ഓർക്കിഡ്‌ സ്ട്രീറ്റ്‌ ഭക്ഷണത്തിനും താമസത്തിനുമെല്ലാം വലിയ ചെലവുള്ള പോഷ്‌ ഏരിയയായിരുന്നു. ഒരു ഞായറാഴ്ചയാണ്‌ ഞങ്ങളവിടെ എത്തുന്നത്‌. കടകളെല്ലാം നേരത്തെ അടയ്ക്കും. രാത്രി നേരം വൈകി കടകളെല്ലാം അടച്ച ശേഷം തിരിച്ചെത്തിയ ഞങ്ങൾക്ക്‌ ഭക്ഷണം അന്വേഷിച്ച്‌ ഇന്ത്യാ ടൗണിൽ പോകേണ്ടിവന്നു. അപ്പോഴാണ്‌ വ്യത്യാസം മനസ്സിലായത്‌. 13 പേർക്ക്‌ ഭക്ഷണം കഴിക്കാൻ വെറും 130 ഡോളർ മാത്രമാണ്‌ അന്നു ചെലവായത്‌. ഞങ്ങൾ താമസിക്കുന്നിടത്ത്‌ രണ്ടോ മൂന്നോ പേർക്ക്‌ ആ തുക തികയില്ലായിരുന്നു.

ഷോപ്പിങ്ങിലും ആ വ്യത്യാസം പ്രകടമാണ്‌. ഷോപ്പിങ്ങിന്റെ പറുദീസയാണ്‌ സിംഗപ്പൂർ. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെയൊക്കെ ഏഷ്യയിലെ ഏറ്റവും വലിയ മാർക്കറ്റ്‌. യാത്രയുടെ ഒരു ദിവസം ഷോപ്പിങ്ങിനായി തന്നെ മാറ്റിവെച്ചാലും തികഞ്ഞില്ലെന്നു വരാം. ക്ലാർക്ക്‌ ക്വേ ഏരിയയിലെ മേൽക്കൂരയുള്ള തെരുവുകളും റെസ്റ്റോറന്റുകളും പബ്ബുകളും നൈറ്റ്‌ ലൈഫും ഡിസ്‌കോകളുമൊക്കെ ഏതു യൂറോപ്യൻ നഗരത്തേക്കാളും ആധുനികവും സുന്ദരവും സമ്പന്നവുമായി സഞ്ചാരികൾക്ക്‌ അനുഭവപ്പെടും. അവധിക്കാലത്ത്‌ കുട്ടികളുമൊത്ത്‌ അടുത്തുള്ള ഏതെങ്കിലും വിദേശ ഡെസ്റ്റിനേഷനിലേക്ക്‌ ഒരു യാത്രപോകാനാഗ്രഹിക്കുന്ന ആളാണ്‌ നിങ്ങളെങ്കിൽ, സംശയിക്കേണ്ട, അതിന്‌ ഏറ്റവും അനുയോജ്യമായ ഏഷ്യൻ നഗരം സിംഗപ്പൂർ തന്നെ.

മടങ്ങുമ്പോൾ ചേച്ചിയുടെ മകൻ അർജുനോട്‌ ഞാൻ ചോദിച്ചു. സിംഗപ്പൂർ നിനക്ക്‌ ഇഷ്ടപ്പെട്ടോടാ? മറുപടി പെട്ടെന്നായിരുന്നു. സമ്മതിക്കുമെങ്കിൽ, ഞാനവിടെത്തന്നെ നിന്നോളാം. വലുതായാൽ എന്തായാലും സിംഗപ്പൂരിലേ ഞാൻ താമസിക്കൂ. ഒരു നഗരത്തിന്റെ സൗന്ദര്യം കുട്ടികളുമായി സംവദിക്കാനുള്ള അതിന്റെ കഴിവാണോ? ആണെങ്കിൽ സിംഗപ്പൂരാണ്‌ ഏറ്റവും സുന്ദരമായ നഗരം. കുട്ടികളുടെ മനസ്സുള്ള വലിയവരുടെ നഗരം.

Content Highlights: singapore travel, family trip to singapore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented