സന്തോഷ് ട്രോഫി ഫുട്ബോൾ സെമിഫൈനലിൽ പഞ്ചാബ് - മേഘാലയ മത്സരത്തിൽ നിന്ന്
റിയാദ്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ മേഘാലയ-കര്‍ണാടക ഫൈനല്‍. സെമിഫൈനലില്‍ പഞ്ചാബിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മേഘാലയ സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ പ്രവേശിച്ചത്. മേഘാലയക്കുവേണ്ടി ഫിഗോ സിന്‍ഡായ് (37), ഷീന്‍ സ്റ്റെവെന്‍സന്‍ സൊഹ്തങ് (90+1) എന്നിവര്‍ ലക്ഷ്യംകണ്ടു. ദീപക് കുമാര്‍ (16) പഞ്ചാബിന്റെ ആശ്വാസ ഗോളടിച്ചു.
സര്‍വീസസിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കര്‍ണാടക ഫൈനലിലെത്തിയത്. കര്‍ണാടകക്കുവേണ്ടി റോബിന്‍ യാദവ് (42), പി. അങ്കിത് (45+1), എം. സുനില്‍ കുമാര്‍ (77) എന്നിവര്‍ ഗോളടിച്ചു. ബികാഷ് ഥാപ്പ (40) സര്‍വീസസിനായി സ്‌കോര്‍ ചെയ്തു. റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരുന്നു രണ്ട് മത്സരങ്ങളും.
ഗ്രൂപ്പ് എ-യിലെ ചാമ്പ്യന്മാരായാണ് പഞ്ചാബ് സെമിഫൈനലിന് എത്തിയിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തിലും പഞ്ചാബ് തോറ്റിരുന്നില്ല. ഗ്രൂപ്പ് ബി-യില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു മേഘാലയ. കളിയുടെ തുടക്കത്തില്‍ ഗോളടിച്ച് മേഘാലയയെ ആശങ്കയിലാഴ്ത്താന്‍ പഞ്ചാബിന് കഴിഞ്ഞെങ്കിലും പിന്നീട് ഗോളുകളൊന്നും കണ്ടെത്താനാകാത്തത് തിരിച്ചടിയായി. ആദ്യ പകുതിയില്‍ സമനില പിടിക്കുകയും രണ്ടാം പകുതിയില്‍ ഇഞ്ചുറി സമയത്ത് നേടിയ ഗോളിലൂടെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനും മേഘാലയക്കായി.
ഗ്രൂപ്പ് ബി ജേതാക്കളായിരുന്നു സര്‍വീസസ്. ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായാണ് കര്‍ണാടക ഫൈനലിലെത്തിയത്. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് ഇരു ടീമുകളും ഗോളടിച്ചത്. ഒന്നാം പകുതിയിലെ ആധിപത്യം പിന്നീട് കളിയിലുടെനീളം തുടര്‍ന്ന കര്‍ണാടക 77-ാം മിനിറ്റിലും ഗോള്‍നേടി ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് ഫൈനല്‍. അന്നുവൈകീട്ട് ആറിന് ലൂസേഴ്സ് ഫൈനലും നടക്കും.
Content Highlights: Meghalaya to face Karnataka in their maiden Santosh Trophy final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..