കെ. സുൽഫിക്കർ അലിക്ക് ബംഗാൾ ക്യാപ്റ്റൻ മനതോഷ്, കോച്ച് രഞ്ജൻ ഭട്ടാചാര്യ, മാനേജർ സുബോ ജിത് സാഹ എന്നിവർ ചുവന്ന ടീഷർട്ട് സമ്മാനിക്കുന്നു
മലപ്പുറം: ബംഗാളില്‍ ഇടതുഭരണം പോയി മമത ബാനര്‍ജി അധികാരത്തിലെത്തിയിട്ട് ഒരുപതിറ്റാണ്ടു പിന്നിട്ടു. പക്ഷേ, 'ചുവപ്പിനോടുള്ള മമത' സന്തോഷ് ട്രോഫിക്ക് കേരളത്തിലെത്തിയ ബംഗാള്‍ ടീമംഗങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല. രാഷ്ട്രീയമല്ല കാരണം, വിശ്വാസമാണ്. ആ വിശ്വാസം മലപ്പുറത്തെത്തിയപ്പോള്‍ ഒന്നുകൂടി ഊട്ടിയുറയ്ക്കപ്പെട്ടു.
ഭക്തിയോടൊപ്പം മറ്റു ചില രസകരമായ കാര്യവും അവര്‍ക്ക് മലപ്പുറത്തുനിന്നു കിട്ടി. അത്തരത്തിലുള്ള ബംഗാള്‍ ടീമിന്റെ വിശ്വാസത്തിന് ഇരയായിരിക്കുകയാണ് ടീമിന്റെ ലെയ്‌സണ്‍ ഓഫീസര്‍ കെ. സുല്‍ഫിക്കര്‍ അലി. എല്ലാദിവസവും ചുവന്ന ടീഷര്‍ട്ട് ധരിച്ചു വരാറുള്ള സുല്‍ഫിക്കര്‍ കേരളത്തിനെതിരേ നടന്ന കളിയില്‍ കറുത്ത ഷര്‍ട്ടായിരുന്നു അണിഞ്ഞത്. ആ കളി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍ക്കുകയുംചെയ്തു.
എ ഗ്രൂപ്പില്‍ ആദ്യകളിയില്‍ പഞ്ചാബിനെ എതിരില്ലാത്ത മൂന്നു ഗോളിനും മേഘാലയയെ മൂന്നിനെതിരേ നാലു ഗോളിനും രാജസ്ഥാനെ എതിരില്ലാത്ത മൂന്നു ഗോളിനും ബംഗാള്‍ തോല്‍പ്പിച്ചു. ഈ കളികളില്‍ ചുവപ്പായിരുന്നു സുല്‍ഫിക്കറിന്റെ വേഷം.
ചുവന്ന ടീഷര്‍ട്ട് അണിയാതിരുന്ന രണ്ടാം കളിയില്‍ തോറ്റപ്പോള്‍ ടീം അംഗങ്ങളായ ദിലീപ് ഓറം, വസുദേവ് മണ്ഡി, മഹിതേഷ് റോയ് എന്നിവരാണ് പറഞ്ഞത് ഇനിയുള്ള കളികളില്‍ മൊത്തം ചുവന്ന ടീഷര്‍ട്ടണിയാന്‍. സെമിയില്‍ മണിപ്പുരിനെ നേരിടും മുന്‍പ് ടീം സുല്‍ഫിക്കറിന് പുതിയ ടീഷര്‍ട്ട് സമ്മാനിച്ചു. അതണിഞ്ഞായിരുന്നു സുല്‍ഫിക്കറിന്റെ മൈതാനത്തേക്കുള്ള പ്രവേശനവും. ഫലം എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ച് വംഗനാട് ഫൈനലിലേക്കു കടന്നു.
ഫൈനലില്‍ കേരളവുമായി ഏറ്റുമുട്ടുമ്പോഴും ചുവന്ന ടീഷര്‍ട്ട് അണിയാന്‍ ടീം സുല്‍ഫിക്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചുവന്ന ടീഷര്‍ട്ട് ധരിച്ച് സുല്‍ഫിക്കര്‍ വന്നാല്‍ കലാശക്കളിയില്‍ ബംഗാള്‍ ജയിക്കുമോ എന്ന് കാത്തിരുന്നു കാണാം.
അരീക്കോട് കാവന്നൂര്‍ സ്വദേശിയാണ് സുല്‍ഫിക്കര്‍. എളയൂര്‍ എം.എ.ഒ. കോളേജ് കായികാധ്യാപകനും ഏറനാട് സോക്കര്‍ അക്കാദമി പരിശീലകനുമാണ്.
Content Highlights: The Bengal team is confident that the team will win if the liaison officer wears red
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..