സൂപ്പര്‍ ഡ്യൂപ്പര്‍ ജെസിന്‍; കര്‍ണാടകയെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍


അഭിനാഥ് തിരുവലത്ത്

Image Courtesy: twitter.com/IndianFootball

മഞ്ചേരി: മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗോള്‍മഴ കണ്ട ആദ്യ സെമിയില്‍ കര്‍ണാടകയെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. 10 ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരേ ഏഴു ഗോളുകള്‍ക്കാണ് കേരളം കര്‍ണാടകയെ തകര്‍ത്തു വിട്ടത്. കേരളത്തിന്റെ 15-ാമത് സന്തോഷ് ട്രോഫി ഫൈനല്‍ ആണിത്.

30-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജെസിന്‍ അഞ്ചു ഗോളുകളുമായി കേരളത്തെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. ഷിഗില്‍, അര്‍ജുന്‍ ജയരാജ് എന്നിവരാണ് കേരളത്തിന്റെ മറ്റ് സ്‌കോറര്‍മാര്‍. വെള്ളിയാഴ്ച നടക്കുന്ന ബംഗാള്‍ - മണിപ്പുര്‍ സെമി ഫൈനല്‍ വിജയികളെ തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം നേരിടും.

പഞ്ചാബിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍നിന്ന് ഒരു മാറ്റവുമായാണ് കേരളം സെമിയില്‍ കര്‍ണാടകയ്ക്കെതിരേ ആദ്യ ഇലവനെ ഇറക്കിയത്. കെ. സല്‍മാന് പകരം നിജോ ഗില്‍ബര്‍ട്ട് ടീമില്‍ തിരിച്ചെത്തി.

കേരളത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും പതിയെ താളം കണ്ടെത്തിയ കര്‍ണാടക കേരള ബോക്സിലേക്ക് പന്ത് എത്തിച്ചുകൊണ്ടിരുന്നു. ഇതിനിടെ കേരളത്തിന്റെ പല ഗോള്‍ ശ്രമങ്ങളും പാഴായിപ്പോകുന്നതിനും സ്റ്റേഡിയം സാക്ഷിയായി. 15,16 മിനിറ്റുകളിലെ കേരളത്തിന്റെ ശ്രമങ്ങള്‍ ഫലം കാണാതെ പോയി. 17-ാം മിനിറ്റില്‍ കോര്‍ണറില്‍നിന്നുള്ള സഹീഫിന്റെ ഗോള്‍ശ്രമം കര്‍ണാടക ഗോള്‍കീപ്പര്‍ കെവിന്‍ കോശി തടഞ്ഞു. തൊട്ടുപിന്നാലെ ഷിഗിലിന്റെ ഒരു ഷോട്ടും ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി.

കേരള മുന്നേറ്റങ്ങള്‍ ഫലം കാണാതെയിരിക്കുന്നതിനിടെ 25-ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ച് കര്‍ണാടക മുന്നിലെത്തി. ഇടതു വിങ്ങില്‍ നിന്ന് വന്ന ക്രോസ് ബോക്സിന് മുന്നിലുണ്ടായിരുന്ന സുധീര്‍ ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

ഗോള്‍ വീണതിനു പിന്നാലെ 30-ാം മിനിറ്റില്‍ കേരളം മുന്നേറ്റത്തില്‍ വിഘ്നേഷിനെ പിന്‍വലിച്ച് ജെസിനെ കളത്തിലിറക്കി. ഇതോടെ കേരളത്തിന്റെ കളി തന്നെ മാറി. 33-ാം മിനിറ്റില്‍ തന്നെ ജെസിന്‍ ഒരു ഗോള്‍ശ്രമം നടത്തി. 34-ാം മിനിറ്റില്‍ സുധീറിന്റെ പാസില്‍ നിന്ന് കമലേഷിന്റെ ഷോട്ട് പുറത്തുപോയി.

35-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് കേരളത്തിന്റെ ആദ്യ ഗോളെത്തി. ബോക്സിലേക്ക് വന്ന പാസ് കര്‍ണാടക ഡിഫന്‍ഡറെയും ഗോള്‍കീപ്പറെയും മറികടന്ന് ജെസിന്‍ വലയിലെത്തിക്കുകയായിരുന്നു. ജെസിന്‍ എത്തിയതോടെ കേരള ആക്രമണങ്ങള്‍ക്ക് ജീവന്‍ വെച്ചു. 42-ാം മിനിറ്റില്‍ ജെസിന്‍ കേരളത്തിന്റെ രണ്ടാം ഗോളും നേടി. ഇത്തവണയും ജെസിന്റെ ഒറ്റയാള്‍ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. പിന്നാലെ 45-ാം മിനിറ്റില്‍ ജെസിന്‍ ഹാട്രിക്ക് തികച്ചു. ഇടതു വിങ്ങില്‍ നിന്ന് നിജോ ഗില്‍ബര്‍ട്ടിന്റെ ഷോട്ട് കീപ്പര്‍ തട്ടിയകറ്റി. ബോക്സിന് തൊട്ടുമുന്നിലുണ്ടായിരുന്ന ജെസിന്‍ പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ഷിഗില്‍ കേരളത്തിന്റെ ഗോള്‍ നേട്ടം നാലാക്കി ഉയര്‍ത്തി. വലതുവിങ്ങിലൂടെയുള്ള നിജോയുടെ മുന്നേറ്റമാണ് ഈ ഗോളിനും വഴിവെച്ചത്. കര്‍ണാടക കീപ്പര്‍ തട്ടിയകറ്റിയ പന്ത് ഷിഗില്‍ വെട്ടിത്തിരിഞ്ഞൊരു ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും കേരളത്തിന് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 54-ാം മിനിറ്റില്‍ കമലേഷ് മികച്ചൊരു ലോങ് റേഞ്ചറിലൂടെ കര്‍ണാടകയുടെ രണ്ടാം ഗോള്‍ നേടി. മൈതാന മധ്യത്തു നിന്ന് കമലേഷ് അടിച്ച പന്ത് കേരള ഗോള്‍കീപ്പര്‍ മിഥുനെ മറികടന്ന് വലയിലെത്തുകയായിരുന്നു. പിന്നാലെ 55-ാം മിനിറ്റില്‍ ജെസിന്‍ കേരളത്തിനായി വീണ്ടും വലകുലുക്കി. കര്‍ണാടക ഡിഫന്‍ഡറില്‍ നിന്നും പന്ത് റാഞ്ചി ഒറ്റയ്ക്ക് മുന്നേറിയ ജെസിന്‍ ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും കൊടുക്കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ ജെസിന്റെ നാലാം ഗോളായിരുന്നു ഇത്.

62-ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജ് കേരളത്തിന്റെ ആറാം ഗോള്‍ കണ്ടെത്തി. പോസ്റ്റിന്റെ വലത് ഭാഗത്തുനിന്ന് അര്‍ജുന്‍ അടിച്ച പന്ത് കര്‍ണാടക ഡിഫന്‍ഡറുടെ കാലില്‍ തട്ടി ഗതിമാറി ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തുകയായിരുന്നു.

72-ാം മിനിറ്റില്‍ സൊലെയ്മലെയ് ബോക്സിന് പുറത്തു നിന്ന് കിടിലനൊരു ഷോട്ടിലൂടെ കര്‍ണാടകയുടെ ഗോള്‍നേട്ടം മൂന്നാക്കി. തൊട്ടുപിന്നാലെ 75-ാം മിനിറ്റില്‍ ജെസിന്‍ കളിയിലെ തന്റെ അഞ്ചാമത്തെയും കേരളത്തിന്റെ ഏഴാമത്തെയും ഗോള്‍ സ്വന്തമാക്കി. നൗഫല്‍ നല്‍കിയ കിറുകൃത്യം പാസ് ജെസിന്‍ അനായാസം വലയിലെത്തിച്ചു. ഇതോടെ ടൂര്‍ണമെന്റില്‍ ആറു ഗോളുമായി ജെസിന്‍ ഗോള്‍വേട്ടക്കാരില്‍ മുന്നിലെത്തി. അഞ്ചു ഗോളുകളുമായി കേരള ക്യാപ്റ്റന്‍ ജിജോ ജോസഫാണ് രണ്ടാം സ്ഥാനത്ത്.

Content Highlights: santosh trophy semi final kerala karnataka

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented