മത്സരത്തിൽനിന്ന്| Photo Courtesy: twitter.com/IndianFootball
മലപ്പുറം: പ്രതിരോധ നിരകളുടെ പരസ്പര പോരാട്ടം കണ്ട മത്സരത്തില്‍ കരുത്തരായ പശ്ചിമ ബംഗാളിനെ തകര്‍ത്ത് സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം സ്വന്തമാക്കി കേരളം. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളം മറികടന്നത്.
ഇരു ടീമുകളുടെയും കരുത്തുറ്റ പ്രതിരോധ നിരകള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു മത്സരത്തിലുടനീളം കണ്ടത്. എന്നാല്‍ രണ്ടാം പകുതിയില്‍ കേരളം വരുത്തിയ മാറ്റങ്ങള്‍ വിജയത്തില്‍ നിര്‍ണായകമായി. കേരളത്തിന്റെ രണ്ട് ഗോളുകള്‍ നേടിയതും പകരക്കാരായി ഇറങ്ങിയ താരങ്ങളായിരുന്നു. 84-ാം മിനിറ്റില്‍ പി.എന്‍. നൗഫല്‍, ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ജെസിന്‍ ടി.കെ എന്നിവരാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറു പോയന്റുമായി കേരളമാണ് ഗ്രൂപ്പില്‍ ഒന്നാമത്.
തുടക്കത്തില്‍ അല്‍പം പതറിയെങ്കിലും തിങ്ങിനിറഞ്ഞ 23,000-ലേറെ കാണികളെ സാക്ഷിയാക്കി മികച്ചകളിയാണ് കേരളം പുറത്തെടുത്തത്. യോഗ്യത റൗണ്ടില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരം നഷ്ടമായ ഷിഗിലിനെ ആദ്യ ഇലവനില്‍ ഉല്‍പ്പെടുത്തിയാണ് കേരളം ഇറങ്ങിയത്.
പതിയെ താളം കണ്ടെത്തിയ കേരളം തുടക്കത്തില്‍ അവസരങ്ങള്‍ നഷ്ടമാക്കുന്നതിനാണ് സ്റ്റേഡിയം സാക്ഷിയായത്. 49, 51, 52 മിനിറ്റുകളില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തി. 49-ാം മിനിറ്റില്‍ ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രിയന്ത് കുമാര്‍ സിങ്ങിന്റെ പിഴവില്‍നിന്ന് പന്ത് പിടിച്ചെടുത്ത ഷിഗില്‍ നല്‍കിയ പാസ് പക്ഷേ വിഖ്നേഷ് ബാറിന് മുകളിലൂടെ പറത്തി.
രണ്ടാം പകുതിയില്‍ പി.എന്‍ നൗഫല്‍, മുഹമ്മദ് സഫ്നാദ്, ജെസിന്‍ ടി.കെ എന്നിവര്‍ കളത്തിലിറങ്ങിയതോടെ കേരളത്തിന്റെ കളിമാറി. ബംഗാള്‍ പ്രതിരോധത്തെ കേരളം നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. ഓരോ കേരള മുന്നേറ്റങ്ങള്‍ക്കും ആര്‍ത്തുവിളച്ച കാണികളുടെ പിന്തുണ കൂടിയായതോടെ ടീമിന്റെ ആത്മവിശ്വാസമുയര്‍ന്നു.
മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലാണ് കേരളം ആക്രമണം ശക്തമാക്കിയത്. 84-ാം മിനിറ്റില്‍ അത് ഫലം കണ്ടു. വലതു വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ജെസിന്‍ നല്‍കിയ പാസ് സ്വീകരിച്ച ക്യാപ്റ്റന്‍ ജിജോ ജോസഫ് രണ്ട് ബംഗാള്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ പന്ത് നൗഫലിന് നീട്ടി. ഒട്ടും സമയം പഴാക്കാതെ നൗഫല്‍ പന്ത് വലയിലെത്തിച്ചു.
ഗോള്‍ വീണതോടെ ബംഗാള്‍ സമനില ഗോളിനായുള്ള ശ്രമങ്ങള്‍ തുടങ്ങി. 90-ാം മിനിറ്റില്‍ ഗോളെന്നുറച്ച ബംഗാള്‍ താരത്തിന്റെ ഹെഡര്‍ കേരള ഗോള്‍കീപ്പര്‍ മിഥുന്‍ തട്ടിയകറ്റി.
പിന്നാലെ ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മുഹമ്മദ് സഹീഫിന്റെ പാസില്‍നിന്ന് ജെസിന്‍ കേരളത്തിന്റെ രണ്ടാം ഗോള്‍ നേടി. ബംഗാള്‍ പ്രതിരോധ താരങ്ങളുടെ തളര്‍ച്ച മുതലെടുത്ത് സഹീഫ് ഒരുക്കിയ അവസരം ജെസിന്‍ കൃത്യമായി വിനിയോഗിക്കുകയായിരുന്നു. ബുധനാഴ്ച മേഘാലയയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. അതില്‍ വിജയിച്ചാല്‍ കേരള സെമി ഉറപ്പിക്കും.
Content Highlights: Santosh Trophy Kerala vs West Bengal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..