ജെസിൻ വല്ല്യുമ്മ ആമിനയോടൊപ്പം/ പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരവുമായി ജെസിൻ | Photo: Special Arrangement/ AIFF
നിലമ്പൂരിലെ ജനതപ്പടിയില്‍ നിന്ന് ചാലിയാര്‍പ്പുഴ കടന്നാല്‍ അകമ്പാടമായി. പേരു പോലെത്തന്നെ നെല്‍പാടങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥലമാണ് അകമ്പാടം. 1970-കളില്‍ ആമിന എന്നു പേരുള്ളൊരു സ്ത്രീ ജനതപ്പടിയില്‍ നിന്ന് അകമ്പാടത്തുപോയി നെല്ല് കൊയ്‌തെടുത്ത് തലച്ചുമടായി കൊണ്ടുവന്ന് പുഴുങ്ങി ഉണക്കിയെടുത്ത് അരിയാക്കി നാട്ടിലെ കടകളില്‍ കൊടുത്തു. അതു വിറ്റുകിട്ടുന്ന പൈസയില്‍ നിന്നായിരുന്നു എട്ടു മക്കളടങ്ങുന്ന കുടുംബം രണ്ടു നേരം ഭക്ഷണം കഴിച്ചിരുന്നത്. അന്ന് ആമിനയുടെ പ്രായം 42 വയസ്സായിരുന്നു.
50 വര്‍ഷങ്ങള്‍ക്കിപ്പുറം ആ ആമിനയുടെ മകന്റെ മകന്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെത്തിയ കാല്‍ ലക്ഷത്തോളം ഫുട്‌ബോള്‍ പ്രേമികളെ കോരിത്തരിപ്പിച്ച് കേരളത്തിന്റെ ജഴ്‌സിയില്‍ അഞ്ചു ഗോളടിച്ചുകൂട്ടി. 29-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങി താരമായി മാറിയ ജെസിനാണ് ആമിനയുടെ ആ പേരക്കുട്ടി.

നാലാം ക്ലാസ് മുതല്‍ പരിശീലനത്തിന് പോയിത്തുടങ്ങിയ ജെസിന്റെ ഫുട്‌ബോള്‍ വേരുകള്‍ എപ്പോഴും ആമിനയുമായി ഇഴചേര്‍ന്നുകിടക്കുന്നതാണ്. വീടിന് നാല് കിലോമീറ്റര്‍ അപ്പുറമുള്ള കോച്ചിങ് ക്യാമ്പിലേക്ക് എന്നും ജെസിന്റെ കൈപിടിച്ച് കൊണ്ടുപോയത് വല്ല്യുമ്മയായിരുന്നു. സ്‌കൂള്‍ കഴിഞ്ഞ് വൈകുന്നേരമായിരുന്നു പരിശീലന ക്യാമ്പ്. സന്ധ്യയാകുമ്പോള്‍ ആമിന വീണ്ടും അവിടേയെത്തും. ജെസിനെ വീട്ടിലേക്കു തിരിച്ചുകൊണ്ടുവരാന്‍. ആ യാത്രകളില്‍ കുഞ്ഞു ജെസിന്‍ തന്റെ സ്വപ്‌നങ്ങള്‍ വല്ല്യുമ്മയുമായി പങ്കുവെച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്വപ്‌നങ്ങള്‍ സാക്ഷാത്കാരമായപ്പോള്‍ അതിനു സാക്ഷിയാകാന്‍ ആമിനയുണ്ടായിരുന്നില്ല. ജസിന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു വല്ല്യുമ്മയുടെ മരണം.

'ഞങ്ങള്‍ ആകെ എട്ടു മക്കളാണ്. അഞ്ചു പെണ്‍കുട്ടികളും മൂന്നു ആണ്‍കുട്ടികളും. ഉപ്പ ഹംസ നിലമ്പൂരിലെ അങ്ങാടിയിലെ ഒരു ഹോട്ടലിലെ തൊഴിലാളിയായിരുന്നു. എനിക്ക് ഒരു വയസുള്ളപ്പോള്‍ ഉപ്പ മരിച്ചു. ഇതോടെ ഒമ്പതു പേരുടെ വയറു നിറയ്ക്കാന്‍ ഉമ്മ ജോലിക്കു പോയിത്തുടങ്ങി. ഉമ്മയുടെ അധ്വാനമാണ് എന്നെ വളര്‍ത്തിയത്. ഉപ്പ മരിക്കുന്നതിന് മുമ്പ് രണ്ടു പെങ്ങമ്മാരുടെ വിവാഹം കഴിഞ്ഞിരുന്നു. ബാക്കിയുള്ളവരുടെ വിവാഹം നാട്ടുകാരുടെ സഹായത്തോടെയാണ് ഉമ്മ നടത്തിയത്. അന്ന് തോട്ടത്തിലെ മരങ്ങളൊക്കെ മുറിച്ചുവിറ്റായിരുന്നു പെസ കണ്ടെത്തിയത്.
പ്രീ ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും കളി ഭ്രാന്തില്‍ പഠനം നിലച്ചു. ഇതോടെ ചിലവ് നടത്താന്‍ വരുമാനമില്ലാതയായി. കല്ല്യാണം കൂടി കഴിച്ചതോടെ ചിലവ് കൂടി. സെവന്‍സ് കളിച്ചുകിട്ടുന്ന പൈസ തികയുമായിരുന്നില്ല. അതോടെ ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങി. അതിനിടക്ക് ഗള്‍ഫിലും പോയി. ആ സമയത്ത്് ഉമ്മയാണ് ജെസിനെ പരിശീലനത്തിനെല്ലാം കൊണ്ടുപോയത്. ഭാര്യ സുനൈനയ്ക്ക് നാട്ടിലെ വഴികളൊന്നും അത്ര പരിചയമുണ്ടായിരുന്നില്ല.' നിസാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറയുന്നു. 22-ാം വയസ്സില്‍ മകന്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലേക്ക് ഓടിക്കയറിയപ്പോള്‍ പണ്ട് കളി ഭ്രാന്തില്‍ പഠനം തുലച്ച സങ്കടം കൂടിയാണ് നിസാര്‍ മായ്ച്ചുകളയുന്നത്.
Content Highlights: Santosh Trophy Kerala Football Player Jesin Life Story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..