Photo: AIFF
മലപ്പുറം: പശ്ചിമ ബംഗാള്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. രാജസ്ഥാനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാളിന്റെ സെമി പ്രവേശനം. ഇതോടെ കേരളവും ബംഗാളും ഗ്രൂപ്പ് എയില്‍ നിന്ന് സെമിയില്‍ കടക്കുന്ന ടീമുകളായി. 29-ന് നടക്കുന്ന രണ്ടാം സെമിയില്‍ ബംഗാള്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരെ നേരിടും.
ബംഗാളിനായി ഫര്‍ദിന്‍ അലി മൊല്ല ഇരട്ട ഗോളുമായി തിളങ്ങി. സുജിത് സിങ്ങാണ് മറ്റൊരു സ്‌കോറര്‍. ബംഗാളിന്റെ ജയത്തോടെ മേഘാലയ സെമി കാണാതെ പുറത്തായി.
കളിയുടെ തുടക്കം മുതല്‍ തന്നെ ആക്രമണ ഫുട്‌ബോളാണ് ബംഗാള്‍ പുറത്തെടുത്തത്. ബംഗാള്‍ താരങ്ങളായ സുജിത് സിങ്, ദിലിപ് ഒര്‍വാന്‍ തുടങ്ങിയവര്‍ക്ക് ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
ഒടുവില്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബംഗാള്‍ മുന്നിലെത്തി. ബോക്‌സിനകത്ത് ദിലിപ് ഒര്‍വാനെ രാജസ്ഥാന്‍ താരം ലക്ഷ്യ ഗര്‍ഷ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഫര്‍ദിന്‍ അലി മൊല്ല 48-ാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിച്ചു.
പിന്നാലെ 60-ാം മിനിറ്റില്‍ ഫര്‍ദിന്‍ തന്നെ ബംഗാളിന്റെ ലീഡുയര്‍ത്തി. സുജിത്ത് സിങ്ങിന്റെ ഒരു ഗോള്‍ ശ്രമത്തില്‍ നിന്നായിരുന്നു ഗോള്‍. സുജിത്തിന്റെ ഷോട്ട് രാജസ്ഥാന്‍ ഗോള്‍കീപ്പര്‍ തട്ടിയറ്റുകയായിരുന്നു. എന്നാല്‍ റീബൗണ്ട് വന്ന പന്ത് ഫര്‍ദിന്‍ വലയിലെത്തിക്കുകയായിരുന്നു. 81-ാം മിനിറ്റില്‍ സുജിത് സിങ് ബംഗാളിന്റെ ഗോള്‍ പട്ടിക തികയ്ക്കുകയും ചെയ്തു.
Content Highlights: Santosh Trophy 2022 West Bengal beat rajasthan to qualify for semis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..