മുൻ ഇന്ത്യൻ താരം സി. ജാബിർ | ഫോട്ടോ: മാതൃഭൂമി
മഞ്ചേരി: പയ്യനാട്ടെ മൈതാനത്ത് സന്തോഷ് ട്രോഫി നടക്കുമ്പോള്‍ നോവുന്ന ഓര്‍മയാകുകയാണ് ജാബിര്‍. മരണംവരെ ഫുട്‌ബോളിനെ ജീവശ്വാസമായി കണ്ടിരുന്ന മുന്‍ ഇന്ത്യന്‍ താരം സി. ജാബിര്‍. രാജ്യത്തിന് വേണ്ടി, കേരളത്തിന് വേണ്ടി, അരിക്കോടിന് വേണ്ടിയെല്ലാം എത്രയോ തവണ ബൂട്ടുകെട്ടിയ താരം. 2017-ല്‍ 49-ാം വയസ്സില്‍ ഒരു വാഹനാപകടത്തിലാണ് ജാബിര്‍ മരിച്ചത്. ചെമ്പകത്ത് കുടുംബത്തിന് മാത്രമല്ല നാടിനാകെ തീരാനഷ്ടമായിരുന്നു മികച്ച സംഘാടകനും സഹൃദയനുമായ ജാബിറിന്റെ വിയോഗം.
''എപ്പോഴും ഫുട്ബോളുമായി ബന്ധപ്പെട്ടായിരുന്നു ജാബിയുടെ ജീവിതം. മരണംവരെ അങ്ങനെത്തന്നെയായിരുന്നു. കളി മാത്രമല്ല കളി നടത്താനും മറ്റുള്ളവരെ സഹായിക്കാനുമെല്ലാം ജാബി മുന്നിലുണ്ടാകും. കളത്തിനുപുറത്ത് കുടുംബത്തിലും സംഘാടകന്റെ റോളിലാണ് ജാബിയുടെ പ്രവര്‍ത്തനമെല്ലാം. അതുതന്നെയായിരുന്നു ജാബിയുടെ ഏറ്റവും വലിയ പ്രത്യേകതയും. ഇലവന്‍സിലും സെവന്‍സിലും ഒരുപോലെ തിളങ്ങി.
ആറുതവണ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ബൂട്ടുകെട്ടി. ദേശീയ ഗെയിംസില്‍ ജേതാക്കളായ കേരള സംഘത്തിലും ജാബിയുണ്ടായിരുന്നു. നെഹ്രു കപ്പില്‍ ഇന്ത്യക്കുവേണ്ടി രണ്ടുതവണ ബൂട്ടണിഞ്ഞു. സെവന്‍സ് ഫുട്ബോളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട്, അരീക്കോട് മെഡിഗാര്‍ഡ്, അരീക്കോട് സെവന്‍സ് ക്ലബ്ബുകള്‍ക്കായി എത്രയോ തവണ കളിച്ചിട്ടുണ്ട്. ജാബിര്‍ പങ്കെടുക്കാത്ത സെവന്‍സ് ടൂര്‍ണമെന്റുകള്‍തന്നെ കുറവാണ്.
എല്ലായിടത്തും പരിചയക്കാരുമുണ്ട്. മരണശേഷം, വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും എത്രയോപേരാണ് കുടുംബത്തിന് ആശ്വാസമേകാനെത്തിയത്. ജാബിയുടെ മകന്‍ ഫഹദ് ജാബിര്‍ ഇപ്പോള്‍ കെ.പി.എല്ലില്‍ അരീക്കോട് എഫ്.സി.യുടെ താരമാണ്. മരിച്ചിട്ട് അഞ്ചുവര്‍ഷം പിന്നിടുമ്പോഴും ജാബിറിന്റെ ഓര്‍മകള്‍ മലപ്പുറത്തെ മൈതാനങ്ങളില്‍ ഓരോയിടത്തും പ്രതിഫലിക്കുന്നുണ്ട്.'' - സഹോദരന്‍ റഫീഖ് ഈപ്പന്‍
''അയല്‍വാസികളും കുട്ടിക്കാലം മുതലുള്ള കൂട്ടുകാരുമായിരുന്നു ഞങ്ങള്‍. ഇന്ന് ജാബിറുണ്ടായിരുന്നെങ്കില്‍ മലപ്പുറത്തെ സന്തോഷ് ട്രോഫിയുടെ പ്രധാന സംഘാടകചുമതലയില്‍ അദ്ദേഹമുണ്ടായേനെ. പോലീസ് ഫുട്ബോളിലും മറ്റും കളിക്കുന്നതോടൊപ്പം മികച്ച സംഘാടകനായിരുന്നു അദ്ദേഹം. മുഴുസമയം ഫുട്ബോളില്‍ സജീവമായ വ്യക്തി. എന്റെ ക്യാപ്റ്റന്‍സിയില്‍ 1994 സന്തോഷ് ട്രോഫിയിലും ബൂട്ടുകെട്ടി. തുടര്‍ന്നും ഒട്ടൊരുപാട് ഞങ്ങള്‍ ഒരുമിച്ചുകളിച്ചു. ജാബിര്‍ കൂടെയുള്ള കാലം മറക്കാവുന്നതല്ല.'' - യു. ഷറഫലി
''ഞങ്ങളുടെ സംഘാടകനായിരുന്നു ജാബിര്‍. ആളെക്കൂട്ടാനും മത്സരം നടത്താനുമെല്ലാം മുന്നില്‍നിന്നു. അദ്ദേഹത്തോടൊപ്പമാണ് ഫെഡറേഷന്‍ കപ്പ് കിരീടമണിഞ്ഞത്. ജാബിറുമായുള്ള സൗഹൃദം മറക്കാനാകില്ല. എപ്പോഴും പന്തിന് പിന്നാലെയുള്ള ജീവിതം, കൂടെ സംഘാടകമികവും.'' - കുരികേശ് മാത്യു
Content Highlights: santosh trophy 2022 remembering Former Indian footballer c jabirabir
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..