പശ്ചിമ ബംഗാളിന്റെ വിജയാഘോഷം | Photo: twitter/indian football
മലപ്പുറം: സന്തോഷ് ട്രോഫിയില്‍ അടിയും തിരിച്ചടിയും കണ്ട ആവേശ മത്സരത്തിനൊടുവില്‍ മേഘാലയക്കെതിരേ പശ്ചിമ ബംഗാളിന് വിജയം. മൂന്നിനെതിരെ നാല് ഗോളിനാണ് ബംഗാള്‍ മേഘാലയയെ തോല്‍പ്പിച്ചത്. 85-ാം മിനിറ്റില്‍ സ്‌കോര്‍ 3-4 ല്‍ നില്‍ക്കെ മേഘാലയക്ക് ലഭിച്ച പെനാല്‍റ്റി ബംഗാള്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. ബംഗാളിനായി ഫര്‍ദിന്‍ അലിയും മഹിതോഷ് റോയിയും ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഷനേ ടരിയാങ് മേഘാലയക്കായി രണ്ടു തവണ വല ചലിപ്പിച്ചു. സാഗ്തി സനായി ഒരു ഗോള്‍ നേടി.
മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി ആറ് പോയിന്റോടെ ബംഗാള്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്നു വീതം ജയവും സമനിലയും തോല്‍വിയുമായി നാല് പോയിന്റോടെ മേഘാലയയാണ് ഗ്രൂപ്പില്‍ മൂന്നാമത്.
കളി തുടങ്ങി 23-ാം മിനിറ്റില്‍ പശ്ചിമ ബംഗാള്‍ ലീഡെടുത്തു. ഇടതു വിങ്ങിലൂടെ മുന്നേറി ദിലിപ് ഒര്‍വാന്‍ നല്‍കിയ പാസ് വലതു വിങ്ങില്‍ നിന്ന് ഓടിയെത്തിയ ഫര്‍ദിന്‍ അലി ലക്ഷ്യത്തിലെത്തിച്ചു. 40-ാം മിനിറ്റില്‍ മേഘാലയ സമനില പിടിച്ചു. മധ്യനിരയില്‍ നിന്ന് കന്‍സായിബോര്‍ ലുയിഡ് നല്‍കിയ പാസ് ബംഗാള്‍ പ്രതിരോധ താരം രക്ഷപ്പെടുത്തിയെങ്കിലും വീണു കിട്ടിയ അവസരം സാഗ്തി സനായി ഗോളാക്കി മാറ്റി. 43-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബംഗാള്‍ വീണ്ടും ലീഡെടുത്തു. ഫര്‍ദിന്‍ അലിയെ ബോക്സിന് അകത്ത് നിന്ന് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഫര്‍ദിന്‍ അലി തന്നെ ഗോളാക്കി മാറ്റുകയായിരുന്നു. മത്സരത്തിന്റെ ഫര്‍ദിന്റെ രണ്ടാം ഗോള്‍.
മേഘാലയയുടെ സമനില ഗോളോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. 46-ാം മിനിറ്റില്‍ ബംഗാള്‍ പ്രതിരോധ നിര വരുത്തിയ പിഴവില്‍ നിന്ന് പകരക്കാരനായി എത്തിയ ഷനേ ടരിയാങ് ഗോള്‍ കണ്ടെത്തുകയായിരുന്നു. 49-ാം മിനിറ്റില്‍ ബംഗാള്‍ വീണ്ടും ലീഡെടുത്തു. ബോക്സിന് അകത്തു നിന്ന് ലഭിച്ച പന്ത് മഹിതോഷ് റോയ് ലോകോത്തര ഫിനിഷിങ്ങിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
65-ാം മിനിറ്റില്‍ മേഘാലയ ഷനേ ടരിയാങിലൂടെ വീണ്ടും സമനില പിടിച്ചു. വലതു വിങ്ങില്‍ നിന്ന് കന്‍സായിബോര്‍ ലുയിഡ് നല്‍കിയ പാസ് ഷനേ ടരിയാങ് ഗോളാക്കി മാറ്റുകയായിരുന്നു. 69-ാം മിനിറ്റില്‍ ബംഗാളിന്റെ വിജയഗോളെത്തി. വലതു വിങ്ങില്‍ നിന്ന് ദിലിപ് ഒര്‍വാന്‍ ബോക്സിലേക്ക് നല്‍കിയ പാസില്‍ മഹിതോഷ് റോയ് ലക്ഷ്യം കണ്ടു. മഹിതോഷിന്റെ രണ്ടാം ഗോള്‍.
പിന്നീട് മേഘായക്ക് ഒരു ഫ്രീ കിക്കും പെനാല്‍റ്റിയും ലഭിച്ചു. എന്നാല്‍ രണ്ടും ബംഗാള്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയതോടെ മേഘാലയ പരാജയമുറപ്പിച്ചു. ക്യാപ്റ്റന്‍ ഹാര്‍ഡി ക്ലിഫ് എടുത്ത പെനാല്‍റ്റിയാണ് ബംഗാള്‍ ഗോളി തടഞ്ഞത്.
Content Highlights: Santosh Trophy 2022 Meghalaya vs West Bengal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..