കേരളത്തിന്റെ ഗോൾകീപ്പർമാരായ മിഥുനും ഹജ്മലും | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ
പ്രാഥമിക റൗണ്ടും ഫൈനല്‍ റൗണ്ടുമടക്കം ഏഴ് മത്സരം. വഴങ്ങിയത് നാലു ഗോള്‍ മാത്രം. ഗോള്‍പോസ്റ്റിന് മുന്നില്‍ മിന്നുന്ന പ്രകടനമാണ് കേരള ഗോള്‍കീപ്പര്‍മാര്‍ കാഴ്ചവെക്കുന്നത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി വി. മിഥുനും പാലക്കാട് കൊട്ടപ്പാടം റെയില്‍വേ കോളനിക്കാരന്‍ എസ്. ഹജ്മലുമാണ് കേരളത്തിന്റെ കാവല്‍ക്കാര്‍. അടുത്ത സുഹൃത്തുക്കള്‍കൂടിയായ മിഥുനും ഹജ്മലും വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
ഏകാന്തതയുടെ കാവല്‍ക്കാരാണ് ഗോള്‍കീപ്പര്‍മാര്‍. സന്തോഷ് ട്രോഫിയില്‍ ഏകാന്തത തോന്നിയോ?
മിഥുന്‍: അങ്ങനെയൊന്നും തോന്നിയിട്ടില്ല. പണ്ടത്തെപോലെയല്ലല്ലോ ഇപ്പോള്‍. ഗോള്‍കീപ്പറും തന്ത്രങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. അവസാനത്തെ ഡിഫന്‍ഡറെ പോലെയാണ് ഗോള്‍കീപ്പര്‍ കളിക്കുക.
ഹജ്മല്‍: അറ്റാക്കിങ് ഫുട്ബോളാണ് നമ്മുടെ സ്‌റ്റൈല്‍. ഡിഫന്‍ഡേഴ്സ് മുകളില്‍ കയറിയായിരിക്കും നില്‍ക്കുക. അതുകൊണ്ടുതന്നെ നമ്മളും ഡി ബോക്സ് വിട്ട് പുറത്തിറങ്ങി നില്‍ക്കും. ഡിഫന്‍ഡേഴ്സ് നല്‍കുന്ന പാസ് സ്വീകരിച്ച് അതു മറിച്ചുനല്‍കും. ഗോള്‍കിക്കൊക്കെ ഗോളിയില്‍നിന്നാണ് തുടങ്ങുക. ചെറിയ പാസുകളായിരിക്കും. ചിലപ്പോള്‍ അത് നമുക്കുതന്നെ തിരികെ ലഭിക്കാം. അത് മറ്റൊരു താരത്തിലേക്ക് നല്‍കലും ക്ലിയര്‍ ചെയ്യലുമൊക്കെ ഗോളിയുടെ ജോലിയാണ്.
എത്ര വര്‍ഷമായി നിങ്ങള്‍ക്കിടയിലെ സൗഹൃദം?
മിഥുന്‍: 2015-16 സന്തോഷ് ട്രോഫി ക്യാമ്പിലാണ് ഞങ്ങള്‍ ആദ്യമായി ഒരുമിക്കുന്നത്. കോതമംഗലത്ത് വെച്ചായിരുന്നു ക്യാമ്പ്. അന്ന് മൂന്ന് ഗോള്‍കീപ്പര്‍മാരുണ്ട്. ഞങ്ങള്‍ക്കുപുറമെ ഷഹിന്‍ലാലും. എന്റെ രണ്ടാമത്തെ സന്തോഷ് ട്രോഫിയായിരുന്നു. ഹജ്മലിന്റെ ആദ്യത്തേതും. മത്സരങ്ങള്‍ ചെന്നൈയിലായിരുന്നു. പക്ഷേ, സൗത്ത് സോണില്‍ പുറത്തായി.
ഹജ്മല്‍: പക്ഷേ, ആ ക്യാമ്പിനു മുമ്പേ ഞങ്ങള്‍ക്ക് ചെറിയ പരിചയമുണ്ട്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും തിരുവനന്തപുരത്താണ് ജോലി. പല ഗ്രൗണ്ടുകളില്‍ വെച്ചും കാണും. പക്ഷേ, ആ ക്യാമ്പില്‍ വെച്ചാണ് നല്ല സുഹൃത്തുക്കളായത്. അതിനുശേഷം നടന്ന ഒരു സന്തോഷ് ട്രോഫിയൊഴികെ എല്ലാത്തിലും ഞങ്ങള്‍ ഒരുമിച്ചു.
സൗഹൃദത്തിന്റെ രഹസ്യമെന്താണ്?
ഹജ്മല്‍: പരസ്പരം സഹായിച്ച് മുന്നേറുന്നു എന്നതാണ് അതിന്റെ രഹസ്യം. ആര് കളിച്ചാലും ടീം ജയിക്കണമെന്നുമാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. പഞ്ചാബിനെതിരായ മത്സരത്തില്‍ മിഥുന് പരിക്കേറ്റു. മിഥുന് ഒന്നും പറ്റരുതേ എന്ന് മാത്രമായിരുന്നു പ്രാര്‍ഥന. പകരം ഗോളി നില്‍ക്കുമ്പോഴും അവനെപ്പറ്റിയായിരുന്നു ആലോചന.
മിഥുന്‍: കളി കഴിഞ്ഞപ്പോള്‍ ഹജ്മല്‍ ആദ്യം തിരഞ്ഞത് എന്നെയായിരുന്നു. എനിക്ക് എന്തെങ്കിലും പറ്റിയോ എന്നതായിരുന്നു അവന്റെ അന്വേഷണം.
രണ്ടുപേരും ഫുട്ബോള്‍ കുടുംബത്തില്‍നിന്നാണല്ലോ
മിഥുന്‍: അച്ഛന്‍ വി. മുരളി, കേരള പോലീസിന്റെ കീപ്പറായിരുന്നു. അനിയനും ഇപ്പോള്‍ കളിക്കുന്നുണ്ട്. പേര് ഷിനോയ്. അവന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പ്രതിരോധ താരമാണ്.
ഹജ്മല്‍: അച്ഛന്‍ സക്കീറും കളിക്കാരനായിരുന്നു. രണ്ട് അനിയന്‍മാരും കളിക്കും. അനിയന്‍ അലിഫ് സന്തോഷ് ട്രോഫി ഫുട്ബോളില്‍ പോണ്ടിച്ചേരിയുടെ ഗോള്‍കീപ്പറായിരുന്നു. 2018 സന്തോഷ് ട്രോഫിയില്‍ നമുക്കെതിരേ കളിച്ചിട്ടുണ്ട്. മറ്റൊരു അനിയന്‍ ഫജില്‍ എം.എ. കോളേജ് താരമാണ്. അവന്‍ കേരള പ്രീമിയര്‍ ലീഗില്‍ കളിച്ചു. ഗോളും നേടി.
Content Highlights: santosh trophy 2022 kerala team goalkeepers Mithun and Hajmal interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..