കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പരിശീലിക്കുന്ന കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്‌ബോൾ ടീം - ഫോട്ടോ: ഷഹീർ സി.എച്ച്
സന്തോഷ് ട്രോഫിക്കു പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വര്‍ഷങ്ങള്‍ക്കുശേഷം ടൂര്‍ണമെന്റ് കേരളത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശത്തിലാണ് നാട്ടിലെ ഫുട്‌ബോള്‍ പ്രേമികള്‍. പന്തുകളിയുടെ ഈറ്റില്ലമായ മലപ്പുറത്തുതന്നെ ടൂര്‍ണമെന്റ് നടക്കുന്നതിനാല്‍ കളികാണാന്‍ കാണികള്‍ ഇരമ്പിക്കയറുമെന്നതിനു സംശയമില്ല.
യോഗ്യതാറൗണ്ടില്‍ ഗോള്‍മഴ പെയ്യിച്ച കേരള ടീം ടൂര്‍ണമെന്റിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് പരിശീലനം. ഇതിനിടെ കേരള പ്രീമിയര്‍ ലീഗ് കൂടി ഉണ്ടായിരുന്നതിനാല്‍ കളിക്കാരെ മുഴുവന്‍ പരിശീലനത്തിന് ലഭിക്കാത്ത സാഹചര്യമുണ്ടായി. ടീമിന്റെ തയ്യാറെടുപ്പുകളെയും ടൂര്‍ണമെന്റിലെ പ്രതീക്ഷകളെയും കുറിച്ച് മാതൃഭൂമിയോട് സംസാരിക്കുകയാണ് കേരള ടീം പരിശീലകന്‍ ബിനോ ജോര്‍ജ്. ഇത്തവണ ശക്തരായ ഗ്രൂപ്പിലാണ് കേരളം ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ബിനോ ജോര്‍ജ് തന്നെ സമ്മതിക്കുന്നു.
ആക്രമണശൈലി തുടരുമോ
അറ്റാക്കിങ് സ്‌റ്റൈല്‍ ഓഫ് ഫുട്‌ബോള്‍ തന്നെയാണ് എന്റെ ഫിലോസഫി. കുറേനേരം അടുപ്പിച്ച് നമുക്ക് പ്രതിരോധത്തിലൂന്നാന്‍ സാധിക്കില്ല, കാരണം കളിക്കാരെല്ലാം വേഗം ക്ഷീണിക്കും. എത്രയും പെട്ടെന്ന് ഗോളുകള്‍ നേടുക, അതിലൂടെ ആത്മവിശ്വാസമുയര്‍ത്തുക എന്നതാണ് ലക്ഷ്യം. അങ്ങനെയാണ് കളിക്കാരെ പരിശീലിപ്പിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ കളിയുടെ ഗതിക്കനുസരിച്ച് നമുക്ക് കളിക്കണം. അക്കാര്യങ്ങളെല്ലാം ഇവരെ പരിശീലിപ്പിച്ചു കഴിഞ്ഞു. കരുത്തരായ ബംഗാളിനെതിരേയായാലും ആക്രമണശൈലി തന്നെയാകും ടീം അവലംബിക്കുക. കേരളത്തിലാണ് കളി. അതും മലപ്പുറത്ത്. മറ്റൊരു നാട്ടില്‍പ്പോയി കളിക്കുമ്പോള്‍ നമുക്ക് പ്രതിരോധിച്ചു കളിക്കാം. എന്നാല്‍ നമ്മുടെ സ്വന്തംനാട്ടില്‍ ഇത്രയധികം ജനങ്ങള്‍ക്കു മുമ്പില്‍ നമ്മള്‍ അറ്റാക്കിങ് ഫുട്‌ബോള്‍ കളിച്ചാലേ കാണികള്‍ നമ്മളെ പിന്തുണയ്ക്കൂ. ആക്രമണ ശൈലി തന്നെയാകും നമ്മള്‍ സ്വീകരിക്കുക.
സ്വന്തം നാട്ടിലെ കളി
നമ്മുടെ കാണികള്‍ നല്ല കളിക്കാരെയും നല്ല കളികളെയും പിന്തുണയ്ക്കുന്നവരാണ്. നമ്മള്‍ നന്നായി കളിച്ചാല്‍ നമ്മളെ പിന്തുണയ്ക്കും, എതിര്‍ടീം കളിച്ചാല്‍ അവരെ പിന്തുണയ്ക്കും. ടീമിലെ കൂടുതല്‍പ്പേരും മലപ്പുറത്തുകാരാണ്. സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ അവര്‍ക്ക് അവരുടേതായ ഒരു ചോരത്തിളപ്പ് കാണും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. കാണികളുടെ പിന്തുണ കൂടിയാകുമ്പോള്‍ കളിയുടെ സ്വഭാവംതന്നെ മാറും. കേരള ബ്ലാസ്റ്റേഴ്‌സിനും ഗോകുലത്തിനുമെല്ലാം ഇവിടെനിന്നു ലഭിച്ച പിന്തുണ നമ്മള്‍ കണ്ടതാണ്. അതുപോലെ കേരള ടീമിനെയും പിന്തുണയ്ക്കുമെന്നു തന്നെയാണ് വിശ്വാസം. നന്നായി കളിച്ചാല്‍ ജനങ്ങള്‍ നമ്മുടെകൂടെ നില്‍ക്കും.
പരിശീലനത്തിനിടെ ബുദ്ധിമുട്ടുകള്‍
യോഗ്യതാറൗണ്ട് കഴിഞ്ഞശേഷം വലിയ ഇടവേള വന്നു. യോഗ്യതാറൗണ്ട് മത്സരങ്ങള്‍ക്കുശേഷം കളിക്കാരെല്ലാം വിശ്രമത്തിലായിരുന്നു. ഇപ്പോള്‍ ക്യാമ്പ് തുടങ്ങിയിട്ട് 20 ദിവസം ആയതേയുള്ളൂ. കളിക്കാര്‍ കേരള പ്രീമിയര്‍ ലീഗ് കളിക്കുന്നതിനാല്‍ ഫിസിക്കലി ഫിറ്റാണ്. കെ.പി.എല്‍. കളിക്കുന്ന കെ.എസ്.ഇ.ബി., ഗോള്‍ഡന്‍ ത്രെഡ്, എസ്.ബി.ഐ. തുടങ്ങിയവയില്‍നിന്നെല്ലാമുള്ള കളിക്കാര്‍ ഈ ക്യാമ്പിലുണ്ട്. അവിടെ കളിവരുമ്പോള്‍ ഈ ക്ലബ്ബുകളിലെ കളിക്കാരെയെല്ലാം വിട്ടുകൊടുക്കേണ്ടി വരുന്നു. ഇത് പലപ്പോഴും കളിക്കാരെ ഒരുമിച്ചിരുത്തി പരിശീലിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ ടീം
സീനിയര്‍ -ജൂനിയര്‍ താരങ്ങള്‍ ചേര്‍ന്ന ഒരു ടീമാണ് നമ്മുടേത്. അത് ടീമിന് ഗുണം ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ. ടീമിലെ ജൂനിയേഴ്‌സിനെ വേണ്ടസമയത്ത് വേണ്ട രീതിയില്‍ പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമൊക്കെ സീനിയര്‍ താരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. കളിയുടെ പേസ് തീരുമാനിക്കാന്‍, കളി ഏതു സമയത്ത് വേഗത്തിലാക്കണം, എപ്പോള്‍ വേഗം കുറയ്ക്കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സീനിയര്‍ താരങ്ങള്‍ ഉള്ളത് ടീമിന് ഗുണം ചെയ്യും. ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഒരു ബാലന്‍സിങ് ടീം തന്നെയാണ് നമ്മുടേത്.
പരിശീലക സംഘത്തെക്കുറിച്ച്
കഴിഞ്ഞതവണത്തെ പരിശീലക സംഘത്തെത്തന്നെയാണ് ഇത്തവണയും നിലനിര്‍ത്തിയത്. സഹപരിശീലകനായി ടി.ജി. പുരുഷോത്തമനും ഗോള്‍കീപ്പര്‍ കോച്ചായി സജി ജോയിയുമുണ്ട്. ഇരുവരും കേരളത്തിനായി സന്തോഷ് ട്രോഫി ചാമ്പ്യന്‍മാരായവരാണ്. അവര്‍ക്ക് കളിക്കാരോട് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും അതുവഴി അവരെ പ്രചോദിപ്പിക്കാനും സാധിക്കും. പുരുഷോത്തമന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ചാണ്. കളിക്കാരുമായി മികച്ച ആത്മബന്ധമുണ്ടാക്കാനും ഇരുവര്‍ക്കും സാധിക്കുന്നുണ്ട്. അത് ടീമിന് ഗുണകരവുമാണ്.
Content Highlights: Santosh Trophy 2022 Kerala coach Bino George interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..