സന്തോഷ് ട്രോഫി കിരീടവുമായി കേരള ടീം | kerala football association/twitter
മഞ്ചേരി: മലപ്പുറത്തെ ഫുട്ബോളിനെ നെഞ്ചേറ്റിയ കാണികളെ സാക്ഷിനിര്‍ത്തി ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം. നിശ്ചിത സമയവും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ബംഗാളിനെ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് 15-ാം ഫൈനലില്‍ കേരളത്തിന്റെ ഏഴാം കിരീട നേട്ടം. ഇരുപത്തയ്യായിരത്തിലേറെ ആളുകളാണ് പയ്യനാട് ഫൈനല്‍ മത്സരം കാണാനെത്തിയത്.
ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്ലുറഹ്‌മാന്‍ എന്നിവര്‍ കിക്ക് വലയിലെത്തിച്ചപ്പോള്‍ ബംഗാള്‍ നിരയില്‍ സജല്‍ ബാഗെടുത്ത കിക്ക് പുറത്തേക്ക് പോയത് കളിയിലെ വിധിയെഴുത്തായി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
കളിയിലുടനീളം ലഭിച്ച മികച്ച അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തിയപ്പോള്‍ അധിക സമയത്ത് കാണികളെ ഞെട്ടിച്ച് 97-ാം മിനിറ്റില്‍ ദിലീപ് ഒറാവ്നിലൂടെ ബംഗാള്‍ മുന്നിലെത്തിയത്. വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. പന്ത് പിടിച്ചെടുത്ത് സുപ്രിയ പണ്ഡിറ്റ് നല്‍കിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍ വീണതോടെ കേരളം സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 116-ാം മിനിറ്റില്‍ കാണികള്‍ കാത്തിരുന്ന നിമിഷമെത്തി. നൗഫലിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് സഫ്നാദ് കേരളത്തിന്റെ സമനില ഗോള്‍ നേടിയതോടെ സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പിന്നാലെ മത്സരം ഷൂട്ടൗട്ടിലേക്ക്. മലപ്പുറത്തിന്റെ മണ്ണില്‍ ഒരു കിക്ക് പോലും പാഴാക്കാതെ കേരളം ഏഴാം സന്തോഷ് ട്രോഫി വിജയത്തിലേക്ക്. സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനോട് ഏറ്റുമുട്ടിയ നാലു ഫൈനലുകളില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. 1989, 1994 വര്‍ഷങ്ങളിലെ കലാശപ്പോരില്‍ അവസാന പുഞ്ചിരി ബംഗാളിനായിരുന്നുവെങ്കില്‍ 2018-ലും ഇപ്പോഴിതാ 2022-ലും കേരളം വംഗനാടിന്റെ വമ്പൊടിച്ചിരിക്കുകയാണ്. 2018-ല്‍ ബംഗാളിന്റെ മണ്ണില്‍ വെച്ചു നടന്ന ഫൈനലില്‍ ആതിഥേയരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കേരളം തങ്ങളുടെ ആറാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. നാലു വര്‍ഷങ്ങള്‍ക്കിപ്പുറമിതാ സ്വന്തം നാട്ടില്‍ അതേ ബംഗാളിനെ തകര്‍ത്ത് ഏഴാം കിരീടവും കേരളം സ്വന്തമാക്കിയിരിക്കുകയാണ്.
കേരളത്തിന്റെ ടി.കെ ജെസിനാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. കേരള ക്യാപ്റ്റന്‍ ജിജോ ജോസഫാണ് ടൂര്‍ണമെന്റിലെ മികച്ച താരം. മികച്ച ഗോള്‍ കീപ്പറായി പ്രിയന്ത് കുമാര്‍ സിങിനെയും തിരഞ്ഞെടുത്തു.
ആദ്യ പകുതി
കര്‍ണാടകയ്ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിറങ്ങിയ ആദ്യ ഇലവനെ തന്നെ കേരളം നിലനിര്‍ത്തിയപ്പോള്‍ ബംഗാള്‍ ഒരു മാറ്റവുമായാണ് കളത്തിലിറങ്ങിയത്. മിഡ്ഫീല്‍ഡര്‍ ബസുദേവ് മന്‍ഡിക്ക് പകരം ഡിഫന്‍ഡര്‍ നബി ഹുസൈന്‍ ഖാനെയാണ് ബംഗാള്‍ കളത്തിലിറക്കിയത്.
കളിയുടെ തുടക്കത്തില്‍ കേരളം താളം കണ്ടെത്താന്‍ വൈകിയപ്പോള്‍ അഞ്ചാം മിനിറ്റില്‍ തന്നെ ബംഗാള്‍ ആദ്യ ശ്രമം നടത്തി. എന്നാല്‍ നബി ഹുസൈന്റെ ഹെഡര്‍ കേരളത്തിന് തലവേദന സൃഷ്ടിക്കാതെ പുറത്തേക്ക് പോയി. പിന്നാലെ 15-ാം മിനിറ്റിലും ബംഗാള്‍ അടുത്ത മുന്നേറ്റം നടത്തി. 23-ാം മിനറ്റില്‍ മഹിതോഷ് റോയിയുടെ ഷോട്ടിനും കേരള ഗോള്‍കീപ്പറെ പരീക്ഷിക്കാനായില്ല.
പിന്നാലെ 33-ാം മിനിറ്റില്‍ കേരളത്തിന് ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചു. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്ന് പന്ത് ലഭിച്ച അര്‍ജുന്‍ ജയരാജ് അത് ക്യാപ്റ്റന്‍ ജിജോയ്ക്ക് നീട്ടി. ജിജോയുടെ പാസ് കൃത്യമായിരുന്നെങ്കിലും വിഖ്നേഷിന് ആ പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. തൊട്ടടുത്ത മിനിറ്റിലും കേരളത്തിന്റെ മുന്നേറ്റമുണ്ടായി. എന്നാല്‍ സഞ്ജുവിന്റെ ഷോട്ട് ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രിയന്ത് കുമാര്‍ സിങ് തട്ടിയകറ്റി.
37-ാം മിനിറ്റില്‍ കേരളം രണ്ടു മാറ്റങ്ങള്‍ നടത്തി. വിഖ്നേഷിന് പകരം ജെസിനും നിജോ ഗില്‍ബര്‍ട്ടിന് പകരം നൗഫലും കളത്തിലിറങ്ങി.
രണ്ടാം പകുതി
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളത്തിനായി നൗഫല്‍ മികച്ചൊരു മുന്നേറ്റം നടത്തി. വലതുവിങ്ങില്‍ കൂടി പന്തുമായി ബോക്സിലേക്ക് കയറിയ നൗഫലിന്റെ ഷോട്ട് പക്ഷേ ബംഗാള്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു. തൊട്ടുപിന്നാലെ ഫാര്‍ദിന്‍ അലി മൊല്ലയുടെ ഷോട്ട് രക്ഷപ്പെടുത്തി കേരള ഗോള്‍കീപ്പര്‍ മിഥുന്‍ കേരള ബോക്സില്‍ അപകടമൊഴിവാക്കി.
58-ാം മിനിറ്റില്‍ കേരളത്തിന് മറ്റൊരു സുവര്‍ണാവസരം ലഭിച്ചു. ബംഗാള്‍ ഡിഫന്‍ഡറില്‍ നിന്ന് പന്ത് റാഞ്ചിയ ജിജോയ്ക്ക് പക്ഷേ അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. തുടര്‍ന്ന് 61-ാം മിനിറ്റില്‍ ബംഗാള്‍ കേരള ബോക്സില്‍ മറ്റൊരു ശ്രമം നടത്തി. എന്നാല്‍ തുഹിന്‍ ദാസ് അടിച്ച പന്ത് തട്ടിയകറ്റി മിഥുന്‍ അപകടമൊഴിവാക്കുകയായിരുന്നു.
എന്നാല്‍ 72-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ അജയ് അലക്സ് പരിക്കേറ്റ് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. പകരം ബിപിന്‍ അജയന്‍ കളത്തിലിറങ്ങി. കളി അവസാന മിനിറ്റുകളിലേക്ക് അടുത്തിരിക്കെ കേരളത്തിന്റ മുന്നേറ്റങ്ങളെല്ലാം ബംഗാള്‍ തങ്ങളുടെ പ്രതിരോധ മികവിലൂടെ തടയുകയായിരുന്നു.
ഇന്‍ജുറി ടൈമില്‍ കേരളത്തിന് വീണ്ടും മികച്ചൊരു അവസരം ലഭിച്ചു. ബംഗാള്‍ ഡിഫന്‍ഡര്‍മാരില്‍ നിന്ന് പന്ത് റാഞ്ചി ജിജോ നല്‍കിയ പാസില്‍ നിന്ന് ഷിഗില്‍ അടിച്ച ഷോട്ട് ദുര്‍ബലമായിരുന്നു. ബംഗാള്‍ ഗോള്‍കീപ്പര്‍ പന്ത് അനായാസം കൈപ്പിടിയിലാക്കി. തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും കേരളത്തിന്റെ മികച്ചൊരു മുന്നേറ്റമുണ്ടായി. പക്ഷേ ഇത്തവണയും പന്ത് ലഭിച്ച ഷിഗിലിന് ലക്ഷ്യം കാണാനായില്ല.
Content Highlights: Santosh Trophy 2022 Final Kerala vs West Bengal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..