കാല്‍പ്പന്ത് ജീവശ്വാസമായ ഒരു നാടും, പയ്യനാട്ടെ പന്താട്ടവും


അഭിനാഥ് തിരുവലത്ത്‌

എതിരാളികള്‍ ശത്രുക്കളാകുന്നത് കളത്തില്‍ മാത്രമാണെന്ന ഫുട്‌ബോള്‍ വാചകം സത്യമാകുന്നതും പയ്യനാട്ട് കണ്ടു. തോല്‍വിയുടെ നിരാശയില്‍ മെഡലുകളുമായി ഡ്രസ്സിങ് റൂമിലേക്ക് തിരികെ നടന്ന ബംഗാള്‍ താരങ്ങള്‍ക്ക് നിറഞ്ഞ കൈയടികളാണ് മലപ്പുറത്തുകാര്‍ സമ്മാനിച്ചത്

Photo: twitter.com/IndianFootball

ഫുട്‌ബോള്‍ ആവേശം നിറഞ്ഞുനില്‍ക്കുന്ന നാടുകളേറെയുണ്ട് ഈ ലോകത്ത്. എന്നാല്‍ അവയില്‍ നിന്നെല്ലാം മലപ്പുറത്തെ മണ്ണിനെ വ്യത്യസ്തമാക്കുന്ന എന്തോ ഒരു മാന്ത്രികതയുണ്ട്. പന്തിനുള്ളില്‍ നിറച്ച വായു, ജീവവായു പോലെയാണ് മലപ്പുറത്തുകാര്‍ക്ക്. അതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഇത്തവണത്തെ സന്തോഷ് ട്രോഫി ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിലെ കേരളത്തിന്റെ മത്സരങ്ങള്‍ കാണാനായി നോമ്പുകാലമായിട്ടുകൂടി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് കാണികള്‍ ഒഴുകിയെത്തുകയായിരുന്നു. കലാശപ്പോരിലും അതിനൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല.

ഫൈനല്‍ മത്സരത്തിനായി തിങ്കളാഴ്ച ഏകദേശം മൂന്ന് മണിയോടടുപ്പിച്ചാണ് ഞങ്ങള്‍ പയ്യനാട്ടേക്കെത്തുന്നത്. നിരത്തുകള്‍ അപ്പോള്‍ തന്നെ കളികാണാനെത്തുന്നവരെ കൊണ്ട് നിറഞ്ഞിരുന്നു. ടിക്കറ്റിനായി സ്റ്റേഡിയത്തിനു പുറത്തെ കൗണ്ടറിനു മുന്നില്‍ കണ്ടത് ജനസാഗരത്തെയായിരുന്നു. മിക്കയാളുകളും നോമ്പുതുറയ്ക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഒരു പായ്ക്കറ്റിലാക്കി കൈയില്‍ കരുതിയിരിക്കുന്നതും കാണാമായിരുന്നു. അവിടുത്തുകാര്‍ക്ക് അതൊരു പുതിയ കാഴ്ചയൊന്നുമായിരുന്നില്ല. തണ്ണിമത്തന്‍ മുറിച്ചതും, ഓറഞ്ചും, ബണ്ണും, ഫ്രൂട്ടിയും വെള്ളവുമെല്ലാമായിരുന്നു മിക്ക പായ്ക്കറ്റുകളിലും. ആളുകളെ നിയന്തിക്കാന്‍ പോലീസും ട്രോമ കെയര്‍ വളണ്ടിയര്‍മാരും പണിപ്പെടുന്നതും കാണാം. എട്ടുമണിക്കുള്ള കളിക്ക് വേണ്ടി മൂന്നുമണി മുതല്‍ തന്നെ എത്തി സീറ്റ് പിടിക്കുന്നവര്‍. നോമ്പിന്റെ സമയത്തും ഗാലറിയില്‍ കയറി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ആവേശത്തില്‍ ആറാടുന്നവര്‍.

സമയം ഏഴു മണിയും 20 മിനിറ്റും പിന്നിട്ടതോടെ കേരളത്തിന്റെയും ബംഗാളിന്റെയും താരങ്ങള്‍ വാം അപ്പിനായി മൈതാനത്തേക്ക്. കേരള താരങ്ങളെ കണ്ട മാത്രയില്‍ ഗാലറിയില്‍ ആര്‍പ്പുവിളികളുയര്‍ന്നു. പീപ്പിയൂതിയും ആര്‍ത്തുവിളിച്ചുമെല്ലാം അവര്‍ ആ മൈതാനലഹരി ആവോളം ആസ്വദിക്കുകയായിരുന്നു. കേരളത്തിന് ലഭിച്ച ഈ വരവേല്‍പ്പൊന്നും കൂസാതെ ബംഗാള്‍ താരങ്ങള്‍ ഒരു വശത്ത് മത്സരത്തിനുള്ള ഒരുക്കത്തിലായിരുന്നു. ഒടുവില്‍ സ്റ്റേഡിയം കാത്തിരുന്ന ആ നിമിഷമെത്തി. സന്തോഷ് ട്രോഫി കിരീടം ഒരു പോഡിയത്തിലേറി മൈതാനത്തേക്കെത്തി. പിന്നാലെ കലാശപ്പോരിനായി കേരള - ബംഗാള്‍ താരങ്ങളും റഫറിമാരും കളത്തിലേക്ക്. കപ്പിന് ഇരുവശത്തുമായി അണിനിരന്ന അവര്‍ ദേശീയ ഗാനത്തിനായി കാതോര്‍ത്തു. ശേഷം പരസ്പരം കൈ കൊടുത്ത ശേഷം മത്സരച്ചൂടിലേക്ക്.

കര്‍ണാടകയ്‌ക്കെതിരേ കളത്തിലിറങ്ങിയ ആദ്യ ഇലവനെ തന്നെ കേരളം നിലനിര്‍ത്തിയപ്പോള്‍ മിഡ്ഫീല്‍ഡര്‍ ബസുദേവ് മന്‍ഡിയെ മാറ്റി ഡിഫന്‍ഡര്‍ നബി ഹുസൈന്‍ ഖാനെ ആദ്യ ഇലവനിലിറക്കിയാണ് ബംഗാള്‍ കളത്തിലിറങ്ങിയത്. ആക്രമണത്തിന് പേരുകേട്ട കേരളത്തിനെതിരേ ഒരു എക്‌സ്ട്രാ ഡിഫന്‍ഡറെ കളത്തിലിറക്കിയ ബംഗാള്‍ കോച്ച് രഞ്ജന്‍ ഭട്ടാചാര്യയുടെ ഗെയിം പ്ലാന്‍ ടീം അക്ഷരാര്‍ഥത്തില്‍ നടപ്പില്‍ വരുത്തുന്നതിനാണ് സ്റ്റേഡിയം പിന്നീട് സാക്ഷിയായത്. ഫൈനല്‍ തേര്‍ഡിലേക്ക് കൃത്യമായി പന്തെത്തിച്ചുകൊണ്ടിരുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫ്, അര്‍ജുന്‍ ജയരാജ്, റാഷിദ് എന്നിവരുടെ ബോള്‍ സപ്ലൈക്ക് ബംഗാള്‍ മധ്യനിരയും പ്രതിരോധ നിരയും ചേര്‍ന്ന് തടയിട്ടതോടെ തുടക്കത്തില്‍ കേരളം പതറി. ഫൈനല്‍ മത്സരത്തിന്റെ പിരിമുറുക്കം ടീമിനെ ബാധിച്ചെന്ന് തോന്നുന്ന തരത്തിലായിരുന്നു തുടക്കത്തില്‍ കേരള താരങ്ങളുടെ ശരീര ഭാഷ.

കേരളത്തിന്റെ പതര്‍ച്ച മുതലെടുത്ത് അഞ്ചാം മിനിറ്റില്‍ തന്നെ ബംഗാള്‍ ഗോളിലേക്കുള്ള ആദ്യ ശ്രമം നടത്തി. എന്നാല്‍ നബി ഹുസൈന്റെ ഹെഡര്‍ പ്രശ്‌നമൊന്നും സൃഷ്ടിക്കാതെ പുറത്ത് പോയത് കേരളത്തിന് ആശ്വാസമായി. കേരള താരങ്ങളുടെ പിരിമുറുക്കം മനസിലാക്കിയ കാണികള്‍ അവരുടെ കാലില്‍ പന്ത് കിട്ടുമ്പോഴെല്ലാം കൈയടിച്ചും ആര്‍ത്തുവിളിച്ചും പ്രോത്സാഹനം നല്‍കിക്കൊണ്ടിരുന്നു. പിന്നാലെയതാ 33-ാം മിനിറ്റില്‍ കേരളത്തിന്റെ മികച്ചൊരു മുന്നേറ്റം. പക്ഷേ ജിജോ ഒരുക്കിക്കൊടുത്ത ആ സുവര്‍ണാവസരം വിഖ്‌നേഷ് കളഞ്ഞുകുളിക്കുന്നത് കണ്ട് കാണികള്‍ അല്‍പം അമര്‍ഷത്തിലായി. തൊട്ടടുത്ത മിനിറ്റില്‍ സഞ്ജുവിന്റെ ഷോട്ട് തട്ടിയകറ്റി ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രിയന്ത് കുമാര്‍ അപകടമൊഴിവാക്കുകയും ചെയ്തു. മുന്നേറ്റത്തില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനാകാതിരുന്നതോടെ ആദ്യ പകുതിക്ക് മുമ്പു തന്നെ കോച്ച് ബിനോ ജോര്‍ജ് വിഖ്‌നേഷിനെ പിന്‍വലിച്ച് സെമി ഫൈനല്‍ ഹീറോ ജെസിനെ കളത്തിലിറക്കി. പരിക്കിന്റെ ലാഞ്ജന കാണിച്ച നിജോ ഗില്‍ബര്‍ട്ടിന് പകരം നൗഫലും കളത്തിലേക്ക്.

രണ്ടാം പകുതിയിലും കേരളത്തിന്റെ മുന്നേറ്റങ്ങള്‍ തടയുകയും കൗണ്ടര്‍ അറ്റാക്കിനിറങ്ങുകയും ചെയ്യുന്ന തന്ത്രം ബംഗാള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഫൈനല്‍ തേര്‍ഡില്‍ അപകടകാരിയായ ജെസിനെ കൃത്യമായി പൂട്ടാനും ബംഗാളിന് സാധിച്ചതോടെ ഗോള്‍ മാത്രം അകന്നുനിന്നു. ഇതിനിടെ 58-ാം മിനിറ്റില്‍ സ്‌റ്റേഡിയമൊന്നടങ്കം തലയില്‍ കൈവെച്ചുപോയ നിമിഷമുണ്ടായി. ബംഗാള്‍ ഡിഫന്‍ഡറില്‍ നിന്ന് പന്ത് റാഞ്ചി മുന്നേറിയ ജിജോയ്ക്ക് പക്ഷേ തന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതിരുന്നതോടെ കാണികള്‍ വീണ്ടും നിരാശയിലാണ്ടു.

നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ കലാശിച്ച മത്സരം അധിക സമയത്തേക്ക് നീണ്ടതോടെ കാണികളുടെ കാത്തിരിപ്പ് നീണ്ടു. 97-ാം മിനിറ്റില്‍ കേരള പ്രതിരോധത്തിലെ ചെറിയൊരു പിഴവ് ബംഗാള്‍ ടീമിന്റെ ആഹ്ലാദത്തിന് വഴിവെച്ചു. നിമിഷ നേരം കൊണ്ട് പന്ത് റാഞ്ചിയെടുത്ത് സുപ്രിയ പണ്ഡിറ്റ് നല്‍കിയ ക്രോസ് ദിലീപ് ഒറാവ്ന്‍ ഹെഡ് ചെയ്ത് വലയിലെത്തിച്ചതോടെ അതുവരെ ആര്‍ത്തുവിളിച്ചിരുന്ന സ്‌റ്റേഡിയം നിശബ്ദമായി. കേരളത്തിന്റെ ഗോള്‍ കാത്തിരുന്നവരുടെ മുന്നില്‍ ആദ്യ ഗോളടിച്ച് ബംഗാള്‍ ചിരിച്ചു. ഗോള്‍ വീണതോടെ കാണികള്‍ പതിന്‍മടങ്ങ് കേരള താരങ്ങള്‍ക്കായി ആര്‍പ്പുവിളിക്കാനാരംഭിച്ചു. ഇതിനിടെ ബംഗാള്‍ താരങ്ങള്‍ പരിക്ക് അഭിനയിച്ച് സമയം പാഴാക്കുന്ന തന്ത്രം പുറത്തെടുത്തതോടെ കാണികള്‍ അസ്വസ്ഥരായിത്തുടങ്ങി. പലരും കൈയില്‍കിട്ടിയതെല്ലാമെടുത്ത് മൈതാനത്തേക്കെറിയാനാരംഭിച്ചു. കുപ്പികളും കസേരകളുമെല്ലാം ഇത്തരത്തില്‍ മൈതാനത്തേക്കെത്തി.

ഗോള്‍ വീണതോടെ കേരളം ആക്രമണങ്ങള്‍ ശക്തമാക്കിക്കൊണ്ടിരുന്നു. കാണികളും ഒപ്പം പിടിച്ചതോടെ 116-ാം മിനിറ്റില്‍ കാത്തിരുന്ന ആ കാഴ്ചയെത്തി. റാഷിദ് നല്‍കിയ പന്തുമായി മുന്നേറി നൗഫല്‍ നല്‍കിയ ക്രോസ് സഫ്‌നാദ് വലയിലെത്തിച്ചതോടെ സ്‌റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ മത്സരം ഷൂട്ടൗട്ടിലേക്ക്. സജല്‍ ബാഗെടുത്ത ബംഗാളിന്റെ രണ്ടാം കിക്ക് ബാറിന് മുകളിലൂടെ പറന്നതോടെ സ്‌റ്റേഡിയത്തില്‍ ആഹ്ലാദാരവം. കേരളത്തിനായി ഫസല്‍ റഹ്മാന്‍ എടുത്ത അഞ്ചാമത്തെ കിക്കും വലയില്‍ കയറിയതോടെ പെരുന്നാള്‍ ദിനം മലപ്പുറത്തിന് ഇരട്ടി മധുരം. സന്തോഷത്താല്‍ മതിമറന്ന കാണികള്‍ തൊണ്ടപൊട്ടുമാറുച്ചത്തിലാണ് അലറിവിളിച്ചുകൊണ്ടിരുന്നത്. കേരള താരങ്ങള്‍ കളത്തില്‍ കോച്ച് ബിനോ ജോര്‍ജിനെ എടുത്തുയര്‍ത്തി. ഗാലറിക്കു മുന്നിലെ ബാരിക്കേഡ് ചാടിക്കടന്ന് കാണികളില്‍ പലരും മൈതാനത്തേക്ക് ഓടിയെത്തുന്നതും കാണാമായിരുന്നു. ഇവരെ ഓടിക്കാനായി പോലീസും കളത്തിലിറങ്ങി.

എതിരാളികള്‍ ശത്രുക്കളാകുന്നത് കളത്തില്‍ മാത്രമാണെന്ന ഫുട്‌ബോള്‍ വാചകം സത്യമാകുന്നതും പയ്യനാട്ട് കണ്ടു. തോല്‍വിയുടെ നിരാശയില്‍ മെഡലുകളുമായി ഡ്രസ്സിങ് റൂമിലേക്ക് തിരികെ നടന്ന ബംഗാള്‍ താരങ്ങള്‍ക്ക് നിറഞ്ഞ കൈയടികളാണ് മലപ്പുറത്തുകാര്‍ സമ്മാനിച്ചത്. അവരില്‍ പലരും തിരിച്ച് അഭിവാദ്യം ചെയ്യുകയും ചെയ്തു. ഗോള്‍ കീപ്പര്‍ പ്രിയന്ത് കുമാറിനായിരുന്നു കൈയടികളേറെയും. ഫുട്‌ബോളിനോടും ഫുട്‌ബോള്‍ താരങ്ങളോടുമുള്ള മലപ്പുറത്തിന്റെ സ്‌നേഹത്തിന് നേര്‍സാക്ഷ്യമായിരുന്നു ഈ കാഴ്ച. കേരളത്തിന് കപ്പ് സമ്മാനിച്ചതോടെ താരങ്ങളെ അടുത്ത് കാണാനും ഫോട്ടോ എടുക്കാനുമായി ബാരിക്കേഡുകള്‍ ചാടിക്കടന്ന് ആളുകള്‍ മൈതാനത്തേക്ക് ഒഴുകി. ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ച പോലീസുകാരാകട്ടെ നിഷ്പ്രഭരായിപ്പോകുന്നതും കാണാമായിരുന്നു. നൂറിലേറെ വരുന്ന ട്രോമ കെയല്‍ വളണ്ടിയര്‍മാര്‍ എറെ പണിപ്പെട്ടാണ് കേരള താരങ്ങളെ മൈതാനം നിറഞ്ഞ കാണികള്‍ക്കിടയിലൂടെ ഡ്രസ്സിങ് റൂമിലെത്തിച്ചത്. ഫുട്‌ബോളിനെ നെഞ്ചേറ്റിയ ഒരു നാടിന്റെ ഉത്സവത്തിന്റെ കൊടിയിറക്കം കൂടിയായിരുന്നു അപ്പോഴവിടെ. കാല്‍പ്പന്തിനെ സ്‌നേഹിച്ച, അതിനെ ജീവവായുവാക്കിയ ആ നാടിനോടും പന്താട്ടം നിറഞ്ഞുനിന്ന പയ്യനാട്ടെ പുല്‍മൈതാനത്തോടും വിടപറഞ്ഞ് ഞങ്ങളും തിരിച്ചുള്ള യാത്ര ആരംഭിച്ചു...

Content Highlights: santosh trophy 2022 malappuram experience

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented