സന്തോഷ് ട്രോഫി ഫൈനലിൽ കളത്തിലിറങ്ങിയ ടീം | Photo: വി.എസ് സംഭു
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെത്തിയ കാണികള്‍ക്ക് കാഴ്ച വിരുന്നൊരുക്കി കേരളം ഇതാ തങ്ങളുടെ ഏഴാം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു. വംഗനാടിന്റെ വമ്പുമായെത്തിയ ബംഗാളിനെ തകര്‍ത്ത് തങ്ങളുടെ 15-ാം ഫൈനലില്‍ കേരളത്തിന്റെ ഏഴാം കിരീടം. ക്യാപ്റ്റന്‍ മണിക്കും, വി.പി സത്യനും കുരികേശ് മാത്യുവിനും വി. ശിവകുമാറിനും സില്‍വസ്റ്റര്‍ ഇഗ്നേഷ്യസിനും രാഹുല്‍ വി. രാജിനും ശേഷം കേരളത്തിനായി സന്തോഷ് ട്രോഫി കിരീടം ഏറ്റുവാങ്ങുന്ന ക്യാപ്റ്റനെന്ന നേട്ടം ഇനി ജിജോ ജോസഫിന് സ്വന്തം. 46 ഫൈനലുകളുടെയും 32 കിരീടങ്ങളുടെയും പെരുമയുള്ള ബംഗാളിനെതിര ടൂര്‍ണമെന്റില്‍ രണ്ടു വിജയങ്ങള്‍ നേടാനായി എന്നത് കേരള ടീമിന്റെ കരുത്തിന് തെളിവാകുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഇരുപതിനായിരത്തിലേറെ കാണികളുടെ ആരവങ്ങള്‍ കേരള ടീമിന് കരുത്ത് പകര്‍ന്നു. കേരള ഫുട്‌ബോളിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ട 1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളുടെ പട്ടികയില്‍ ഇപ്പോഴിതാ 2022 ഉം ഇടം പിടിച്ചിരിക്കുന്നു.
സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനോട് ഏറ്റുമുട്ടിയ നാലു ഫൈനലുകളില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്. 1989, 1994 വര്‍ഷങ്ങളിലെ കലാശപ്പോരി അവസാന പുഞ്ചിരി ബംഗാളിനായിരുന്നുവെങ്കില്‍ 2018-ലും ഇപ്പോഴിതാ 2022-ലും കേരളം വംഗനാടിന്റെ വമ്പൊടിച്ചിരിക്കുകയാണ്. 2018-ല്‍ ബംഗാളിന്റെ മണ്ണില്‍ വെച്ചു നടന്ന ഫൈനലില്‍ ആതിഥേയരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കേരളം തങ്ങളുടെ ആറാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. നാലു വര്‍ഷങ്ങള്‍ക്കിപ്പുറമിതാ സ്വന്തം നാട്ടില്‍ അതേ ബംഗാളിനെ തകര്‍ത്ത് ഏഴാം കിരീടവും കേരളം സ്വന്തമാക്കിയിരിക്കുകയാണ്.
യോഗ്യതാ റൗണ്ടില്‍ ഗോള്‍മഴ പെയ്യിച്ചാണ് കേരളം ഇത്തവണ സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറിയത്. പിന്നാലെ ഏപ്രില്‍ 16-ന് രാജസ്ഥാനെതിരേ നടന്ന ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഹാട്രിക്കില്‍ എതിരില്ലാത്ത അഞ്ചു ഗോള്‍ ജയത്തോടെ കേരളം ഫൈനല്‍ റൗണ്ടിന്റെ തുടക്കം ഗംഭീരമാക്കി. രണ്ടാം മത്സരത്തില്‍ ബംഗാളിനെ തന്നെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്തായിരുന്നു കേരളത്തിന്റെ മുന്നേറ്റം. സമനിലയിലേക്ക് നീങ്ങുകയായിരുന്ന ഈ കളിയെ രണ്ടാം പകുതിയിലെ രണ്ടു മാറ്റങ്ങളിലൂടെ ബിനോ ജോര്‍ജ് കേരളത്തിന് അനുകൂലമാക്കുകയായിരുന്നു. നൗഫലും ജെസിനുമായിരുന്നു ഈ മത്സരത്തില്‍ പകരക്കാരായിറങ്ങി കേരളത്തിനായി സ്‌കോര്‍ ചെയ്തത്. മൂന്നാം മത്സരത്തില്‍ പക്ഷേ മേഘാലയ വേഗക്കളിയിലൂടെ കേരളത്തെ സമനിലയില്‍ പിടിക്കുകയായിരുന്നു. ഈ മത്സരത്തിലെ നിര്‍ണായകമായ പെനാല്‍റ്റി ജിജോ ജോസഫിന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയത് കേരളത്തിന് തിരിച്ചടിയായി. എന്നാല്‍ പഞ്ചാബിനെതിരായ അടുത്ത മത്സരത്തില്‍ ആ പിഴവിന് ഇരട്ട ഗോളുകളോടെ ജിജോ പ്രായശ്ചിത്തം ചെയ്തപ്പോള്‍ ഗ്രൂപ്പ് ജേതാക്കളായി കേരളം സെമിയിലേക്ക്.
സെമിയില്‍ എതിരാളികളായത് കര്‍ണാടകയായിരുന്നു. സൂപ്പര്‍ സബ്ബായെത്തി ജെസിന്‍ കത്തിക്കയറിയ മത്സരത്തില്‍ മൂന്നിനെതിരേ ഏഴു ഗോളുകള്‍ക്ക് കര്‍ണാടകയെ മറികടന്നായിരുന്നു കേരളത്തിന്റെ ഫൈനല്‍ പ്രവേശനം.
Content Highlights: santosh trophy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..