Photo: twitter.com/keralafa
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ പശ്ചിമ ബംഗാളിനെതിരായ വിജയത്തില്‍ നിര്‍ണായകമായത് രണ്ടാം പകുതിയിലെ മാറ്റങ്ങളെന്ന് കേരള ക്യാപ്റ്റന്‍ ജിജോ ജോസഫ്. ബംഗാളിനെതിരായ മത്സരത്തിനു പിന്നാലെ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയായിരുന്നു താരം.
''ശക്തമായ മത്സരം തന്നെയാണ് ബംഗാള്‍ കാഴ്ച വെച്ചത്. തുടക്കത്തില്‍ ഇരു ടീമുകള്‍ക്കും കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായിരുന്നില്ല. കൃത്യമായ സമയത്ത് നമ്മള്‍ വരുത്തിയ രണ്ട് മാറ്റങ്ങളാണ് വിജയത്തില്‍ നിര്‍ണായകമായത്. ടീമിന്റെ കളിയുടെ തന്നെ ഗതി മാറ്റിയ രണ്ട് സബ്സ്റ്റിറ്റിയൂഷനുകളായിരുന്നു അത്. ഇത്രയും നാള്‍ ടീം നടത്തിയ കഠിന പരിശീലനത്തിന്റെ ഫലമാണ് ഇന്ന് പിറന്ന ഗോളുകള്‍. ബംഗാള്‍ ടീമും മികച്ച കളി തന്നെയാണ് പുറത്തെടുത്തത്. ഇത്രയധികം കാണികള്‍ക്ക് മുന്നില്‍ ഒരു ജയം സ്വന്തമാക്കാന്‍ സാധിച്ചതില്‍ ടീം ആവേശത്തിലാണ്.'' - ജിജോ പറഞ്ഞു.
''നമ്മുടെ പ്രതിരോധവും അവരുടെ പ്രതിരോധവും തമ്മിലുള്ള പോരാട്ടമായിരുന്നു മത്സരത്തിലുടനീളം. നമ്മുടെ സെന്‍ട്രല്‍ മിഡീഫീല്‍ഡേഴ്സിനും അവരുടെ സെന്‍ട്രല്‍ മിഡീഫീല്‍ഡേഴ്സിനും കളിയില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല. കളി മുന്നേറിയത് വിങ്ങുകളിലൂടെയായിരുന്നു. അവിടെയാണ് രണ്ടാം പകുതിയിലെ മാറ്റങ്ങള്‍ നമ്മെ തുണച്ചത്. രണ്ട് വേഗമേറിയ വിങ്ങര്‍മാര്‍ പകരക്കാരായി വന്നതോടെ ആക്രമണം കൂടി. അതോടെ ബംഗാള്‍ പ്രതിരോധത്തിലായി. ആ സമ്മര്‍ദമാണ് ഗോളുകള്‍ക്ക് വഴിയൊരുക്കിയത്. കൃത്യസമയത്ത് കൃത്യമായ താരങ്ങളെ കളത്തിലിറക്കിയ കോച്ചിനാണ് അതിന്റെ ക്രെഡിറ്റ്.'' - ജിജോ ചൂണ്ടിക്കാട്ടി.
''സ്റ്റോപ്പേഴ്സ് രണ്ടു പേരും അജയ് അലക്സും സഞ്ജുവും ലെഫ്റ്റ് വിങ് ഷഹീഫ് റൈറ്റ് വിങ് സോയല്‍ എന്നിവരും തകര്‍പ്പന്‍ കളിയായിരുന്നു. അവരുടെ പ്രകടനത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ല. ഈ ജയം ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. അടുത്ത മത്സരത്തിലും ശ്രദ്ധയോടെ കളിച്ചാല്‍ സെമി ഉറപ്പാണ്. ഈ ഒരു ഫൈറ്റിങ് സ്പിരിറ്റുണ്ടെങ്കില്‍ ഇത്തവണ നമ്മള്‍ കപ്പടിച്ചിരിക്കും.'' - ജിജോ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Content Highlights: santhosh trophy 2022 interview with Jijo joseph kerala team captain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..