തോമസ് സെബാസ്റ്റ്യൻ | Photo: FB/ Ravi Menon
ആളും അരങ്ങുമൊഴിഞ്ഞ ലാല്‍ ബഹാദുര്‍ ശാസ്ത്രി സ്റ്റേഡിയത്തിന്റെ ഇരുളടഞ്ഞൊരു കോണില്‍ താടിക്ക് കൈകൊടുത്ത് ഏകനായി നില്‍ക്കുന്നു തോമസ് സെബാസ്റ്റ്യന്‍. ചുറ്റും ഇരമ്പിയാര്‍ക്കുന്ന ജനക്കൂട്ടമില്ല. ചോദ്യശരങ്ങളെറിയുന്ന മാധ്യമപ്പടയില്ല.
അടുത്തുചെന്നപ്പോള്‍ മുഖമുയര്‍ത്തി നോക്കി കൊല്ലം സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ നായകന്‍. വിഷാദഭരിതമായ നോട്ടം. പിന്നെ വിയര്‍പ്പില്‍ മുങ്ങിയ സ്വന്തം ശരീരത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ചു. ചുമലില്‍ മുഖമമര്‍ത്തി വിതുമ്പിക്കരഞ്ഞു.
കരച്ചിലിനിടയിലൂടെ ചിതറിവീഴുന്ന ശബ്ദം: ''പോയി രവീ, എല്ലാം പോയി....'' മൂന്നര പതിറ്റാണ്ടിനിപ്പുറവും മനസ്സിനെ വിടാതെ പിന്തുടരുന്നു നൊമ്പരമുണര്‍ത്തുന്ന ആ വാക്കുകള്‍.
അതിനും രണ്ടു ദിവസം മുന്‍പ് ഒരുമിച്ചുള്ള രാത്രിഭക്ഷണം കഴിഞ്ഞു ഹോട്ടലില്‍ നിന്ന് കൈകൊടുത്ത് പിരിയുമ്പോള്‍ ഇതുപോലെ കെട്ടിപ്പിടിച്ചുകൊണ്ട് തോമസ് പറഞ്ഞ വാക്കുകളായിരുന്നു കാതുകളില്‍: ഇനി നമ്മള്‍ ഒത്തുകൂടുന്നത് ഫൈനല്‍ കഴിഞ്ഞായിരിക്കും. വേറെ എങ്ങോട്ടും മുങ്ങിക്കളയരുത്. അന്ന് വേണമെങ്കില്‍ ഒരു ബിയറും ആവാം...'' ഒപ്പമുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ദയാലും ഞാനും പരസ്പരം നോക്കി ചിരിച്ചു അപ്പോള്‍. ലഹരിയുടെ ലോകം വിലക്കപ്പെട്ട കനിയായിരുന്നല്ലോ അന്ന് ഞങ്ങള്‍ക്കെല്ലാം.
അപ്പോള്‍ കപ്പടിക്കുമെന്ന് ഉറപ്പിച്ചോ?''-- വെറുതെ ഒരു കുസൃതിച്ചോദ്യം. സംശയമെന്ത് എന്ന ധ്വനിയോടെ എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി തോമസ് പറഞ്ഞു: ജയിക്കാതെവിടെ പോകാന്‍? ദൈവമുണ്ടല്ലോ നമുക്കൊപ്പം..''
പക്ഷേ ഫൈനലില്‍ ഭാഗ്യദേവത തോമസിനെ തുണച്ചില്ല; കേരളത്തെയും. കപ്പിനും ചുണ്ടിനുമിടക്ക് വെച്ച് കൈവിട്ടുപോയ ആ വിജയം കേരളത്തിന്റെ സന്തോഷ് ട്രോഫി ചരിത്രത്തിലെ കണ്ണീര്‍ക്കഥകളിലൊന്ന്. നിലയ്ക്കാത്ത ആര്‍പ്പുവിളികളുമായി കാത്തിരുന്ന സ്വന്തം നാട്ടുകാരുടെ മുന്നിലാണല്ലോ കൊല്ലത്തെ മൈതാനത്ത് തോമസിന്റെ കേരളം പഞ്ചാബിന് മുന്നില്‍ മുട്ടുമടക്കിയത്; അതും സഡന്‍ ഡെത്തിലെ അവസാന കിക്കോളം നമ്മെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം.
പാപ്പച്ചന്റെ തകര്‍പ്പന്‍ ഗോളിന് സെമിയില്‍ കര്‍ണ്ണാടകയെ കീഴ്‌പ്പെടുത്തിയ കേരളത്തെ ഫൈനലില്‍ കാത്തിരുന്നത് പര്‍മീന്ദര്‍ സിംഗും കുല്‍ജിത് സിംഗും ദീപക് കുമാറും ജഗ്മോഹനും ജി എസ് പാര്‍മറുമൊക്കെ അണിനിരന്ന പ്രബലരായ പഞ്ചാബ്. സി സി ജേക്കബ് പരിശീലിപ്പിച്ച കേരള ടീമില്‍ തോമസ് സെബാസ്റ്റ്യനു പുറമെ പാപ്പച്ചന്‍, ഷറഫലി, സത്യന്‍, വിജയന്‍, ബെന്നി, ഹരിദാസ്, ഗണേശന്‍, ജയചന്ദ്രന്‍, കുരികേശ് മാത്യു, ചെറിയാന്‍ പെരുമാലി തുടങ്ങിയവര്‍.
വീര്‍പ്പടക്കി കണ്ടു തീര്‍ത്ത പോരാട്ടമായിരുന്നു അത്. കളിയെഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ ആദ്യത്തെ സന്തോഷ് ട്രോഫി ഫൈനല്‍. കെ.ഡി ദയാലും ഉണ്ടായിരുന്നു കൗമുദിക്ക് വേണ്ടി എനിക്കൊപ്പം ആ ടൂര്‍ണമെന്റ് റിപ്പോര്‍ട്ട് ചെയ്യാന്‍. പ്രിയസുഹൃത്തായ ദയാലും ഇന്ന് ഓര്‍മ്മ.
എക്‌സ്ട്രാ ടൈം കഴിഞ്ഞിട്ടും ഗോള്‍ വീഴാത്ത മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും സഡന്‍ ഡെത്തിലേക്കും നീളുന്നു. കേരളത്തിന്റെ കെ ടി ചാക്കോയും പഞ്ചാബിന്റെ ബിഭാസ് സാഹയുമായിരുന്നു ക്രോസ് ബാറിനടിയിലെ പ്രതിയോഗികള്‍. ഇരുവരും ഉജ്ജ്വല ഫോമില്‍. ഉദ്വേഗ നിമിഷങ്ങള്‍ക്കൊടുവില്‍ വിജയം പഞ്ചാബിന്. സ്‌കോര്‍ലൈന്‍ 5-4.
റഫറി സുമന്തഘോഷിന്റെ ലോംഗ് വിസിലിന് പിന്നാലെ, ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗ്യാലറികളില്‍ പടര്‍ന്ന നിശബ്ദതയുടെ മുഴക്കം ഇതാ ഈ നിമിഷവും കാതുകളിലുണ്ട്. അവിശ്വസനീയമായ ആ തോല്‍വിക്ക് ഈ ഏപ്രില്‍ 21 ന് 34 വയസ്സ് തികയുന്നു.

മറ്റൊരു സന്തോഷ് ട്രോഫി മേള കേരളത്തിന്റെ മണ്ണില്‍ വിരുന്നിനെത്തുമ്പോള്‍ ഓര്‍മ്മകളുടെ ആകാശത്ത് മിന്നല്‍പ്പിണര്‍ പോലെ തോമസ് സെബാസ്റ്റ്യനുണ്ട്. ടച്ച് ലൈനിന് സമാന്തരമായി പന്തുമായി കുതികുതിച്ച ശേഷം കോര്‍ണര്‍ ഫ്‌ലാഗിന് ഒന്നോ രണ്ടോ മീറ്റര്‍ അകലെവെച്ച് പൊടുന്നനെ ഓട്ടത്തിന്റെ ഗതിമാറ്റി ബോക്‌സിലേക്ക് കട്ട് ചെയ്തു കയറുകയും അപ്പുറത്തെങ്ങോ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുന്ന കൂട്ടുകാരനെ ഇടംകണ്ണിലൂടെ കണ്ടെത്തി പാസ് കൈമാറുകയും ചെയ്യുന്ന തോമസ്. ഗോളുകളടിക്കുന്നതിനേക്കാള്‍ ഒരുക്കിക്കൊടുക്കുന്നതിലായിരുന്നല്ലോ അവന് എന്നും കമ്പം.
കളിയെഴുത്തു കാലം കനിഞ്ഞു നല്‍കിയ ആത്മസുഹൃത്തുക്കളിലൊരാളാണ് തോമസ്. ആദ്യം കണ്ടുമുട്ടിയതും പരിചയപ്പെട്ടതും 1987ലെ കോഴിക്കോട് നെഹ്റു കപ്പിനിടെ. അന്നത്തെ ഇന്ത്യന്‍ ടീമിന്റെ അക്രമണനിരയിലെ വ്യാഘ്രമാണ് തോമസ്. കാഴ്ച്ചയില്‍ അത്ര ഭീകരനല്ല. മെലിഞ്ഞ ശരീരം, കൈകാലുകള്‍. പക്ഷേ പന്ത് കാലില്‍ കിട്ടിയാല്‍ ആളാകെ മാറും. അവിശ്വസനീയമായ പകര്‍ന്നാട്ടമാണ് പിന്നെ.
നെഹ്റു കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ ആജാനബാഹുക്കളായ ഡിഫന്‍ഡര്‍മാരെ പ്രവചനാതീതമായ ശരീര ചലനങ്ങളാല്‍ വെട്ടിച്ചു മറികടക്കുന്ന തോമസിന്റെ മിഴിവാര്‍ന്ന ചിത്രം ഇന്നുമുണ്ട് മനസ്സില്‍. അതേ മത്സരത്തില്‍ ടച്ച് ലൈനില്‍ നിന്ന് തോമസ് തൊടുത്ത ഒരു ക്രോസ്ഫീല്‍ഡ് ഷോട്ട് വിരല്‍ത്തുമ്പുകൊണ്ട് കഷ്ടിച്ച് ഗതിമാറ്റിവിടാന്‍ ഒരു ജീവന്മരണ സേവ് പുറത്തെടുക്കേണ്ടിവന്നു ഡാനിഷ് കീപ്പര്‍ക്ക്.
ശരീരഘടന കൊണ്ടും വേഗത കൊണ്ടും കൗശലം കൊണ്ടും തുളസീദാസ് ബല്‍റാമിനെ ഓര്‍മ്മിപ്പിക്കുന്ന കളിക്കാരനാണ് തോമസ് സെബാസ്റ്റ്യന്‍. ''ഒളിമ്പ്യനും ദേശീയ കോച്ചുമായിരുന്ന പികെ ബാനര്‍ജി ഒരിക്കല്‍ പറഞ്ഞു. പിന്നിലും കണ്ണുണ്ടായിരുന്നു ബല്‍റാമിന്. തോമസിന് പിന്നില്‍ മാത്രമല്ല വശങ്ങളിലും കണ്ണുകളുണ്ട് എന്ന് തോന്നുന്നു.'' കൊല്‍ക്കത്തയില്‍ കളിക്കാന്‍ തോമസിനെ പലതവണ ക്ഷണിച്ചതാണ് പി കെ. പക്ഷേ നാടു വിടാന്‍ മടിയായിരുന്നു തോമസിന്. സ്വാഭാവികമായും ദേശീയ ടീമില്‍ ദീര്‍ഘകാലം കളിക്കാന്‍ ഭാഗ്യമുണ്ടായില്ല ഈ വെട്ടുകാട് സ്വദേശിക്ക്. കൊല്‍ക്കത്ത ലോബിയുടെ ചൊല്‍പ്പടിയിലായിരുന്നല്ലോ അന്നത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍.
വെട്ടുകാട് സെന്റ് മേരീസ് സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെയാണ് തോമസിന്റെ തുടക്കം. കണ്ണഞ്ചിക്കുന്ന വേഗതയുടെയും പന്തടക്കത്തിന്റെയും മിടുക്കില്‍ ടി കെ കെമിക്കല്‍സിലേക്കും അതുവഴി ടൈറ്റാനിയത്തിലേക്കും യാത്രയായ തോമസ് ഇന്ത്യക്ക് വേണ്ടി ആദ്യം കളിച്ചത് 1983 ലെ കൊച്ചി നെഹ്റു കപ്പില്‍. കിഷാനുഡേ, കാമിലോ ഗോണ്‍സാല്‍വസ്, സേവ്യര്‍ പയസ് എന്നീ പരിചയസമ്പന്നര്‍ക്കൊപ്പമായിരുന്നു അരങ്ങേറ്റം. അടുത്ത നാലു വര്‍ഷത്തിനിടെ സൗദി അറേബ്യയിലെ ഏഷ്യ കപ്പ് മത്സരത്തിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലും സാഫ് കപ്പിലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. അതിനിടെ 1982 മുതല്‍ തുടര്‍ച്ചയായി എട്ടു വര്‍ഷത്തോളം സ്റ്റേറ്റിന്റെ കുപ്പായം. 1987 ലെ തിരുവനന്തപുരം നാഷണല്‍ ഗെയിംസില്‍ കേരളത്തെ ഫുട്ബാള്‍ കിരീടത്തിലേക്ക് നയിച്ചത് തോമസാണ്. തൊട്ടടുത്ത വര്‍ഷമായിരുന്നു കൊല്ലം സന്തോഷ് ട്രോഫിയിലെ നിര്‍ഭാഗ്യവാനായ നായകന്റെ വേഷം.
വിവാഹശേഷം 1980 കളുടെ ഒടുവില്‍ ഉദ്യോഗാര്‍ത്ഥം ബഹ്റിനിലേക്ക് തിരിച്ച തോമസ് കുറച്ചു കാലം അവിടെയും ഒരു ക്ലബ്ബിന് കളിച്ചു. തിരിച്ചു വന്ന് ടൈറ്റാനിയത്തില്‍ ജോലി തുടരുന്നതിനിടെയാണ് 2006 ആഗസ്റ്റ് 28 ന് മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വന്ന് തോമസിനെ കൂട്ടിക്കൊണ്ടുപോയത്. ഭാര്യ ലെറ്റിഷ്യയേയും മക്കളായ കെവിനേയും ബ്രോലിനെയും അനാഥരാക്കി ജീവിതത്തിന്റെ കളിക്കളം വിടുമ്പോള്‍ തോമസിന് പ്രായം 46. ആറു വര്‍ഷം കഴിഞ്ഞ് ഒരു റോഡപകടത്തില്‍ മകന്‍ കെവിനും മരണത്തിന് കീഴടങ്ങുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ ആഘാതം. ടൈറ്റാനിയത്തില്‍ ഉദ്യോഗസ്ഥയാണ് ലെറ്റിഷ്യ ഇപ്പോള്‍. ബ്രോലിന്‍ ഉപജീവനാര്‍ത്ഥം ഫ്രാന്‍സില്‍.
ഓരോ സന്തോഷ് ട്രോഫിയും എനിക്ക് തോമസിന്റെ കൂടി ഓര്‍മ്മയാണ്. കണ്ണീരണിഞ്ഞ ഓര്‍മ്മ.
Content Highlights: Kollam Santosh Trophy Final Kerala vs Punjab
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..