.jpg?$p=124427f&f=16x10&w=856&q=0.8)
കപ്പുമായി ബിനോ ജോർജ്, പള്ളിയിലെത്തിയപ്പോൾ. മഞ്ചേരി സെയ്ന്റ് ജോസഫ് പള്ളി വികാരി ഫാ. ടോമി കളത്തൂർ സമീപം| Photo: Special arrangement
കളത്തിലിറങ്ങിക്കളിച്ച മഞ്ഞക്കുപ്പായമിട്ട പതിനൊന്നുപേര്‍. അവരുടെ കണ്ണും ചുവടും തെറ്റാതിരിക്കാന്‍, കപ്പടിക്കാന്‍ പ്രാര്‍ഥനയും കണക്കുകൂട്ടലുകളുമായി കളിക്കളത്തിന് പുറത്ത് പച്ചഷര്‍ട്ടിട്ട് നിന്ന ഒരു മനുഷ്യന്‍- ബിനോ ജോര്‍ജ്, ഏഴാം വട്ടം സന്തോഷ് ട്രോഫിയില്‍ മുത്തമിടാന്‍ കേരളാ ടീമിനെ സജ്ജമാക്കിയ The Wonderful Man- ടീം കോച്ച്.
കേരളം കപ്പടിച്ചതിന് പിറ്റേദിവസം രാവിലെ ബിനോ ജോര്‍ജ് കപ്പുമായി ഒരാളെ കാണാന്‍ പോയിരുന്നു. മഞ്ചേരി സെയ്ന്റ് ജോസഫ് പള്ളിയിലേക്കായിരുന്നു ബിനോയുടെ യാത്ര. പ്രാര്‍ഥന സഫലമായതിന്റെ നന്ദിപ്രകാശനം. അതായിരുന്നു കേരളാ കോച്ചിന്റെ യാത്രയ്ക്കു പിന്നിലെ കാരണം. കപ്പുമായി ബിനോ, പള്ളിയിലെത്തിയതിനെ കുറിച്ചും അതിനു പിന്നിലെ കാരണത്തെ കുറിച്ചും മഞ്ചേരി സെയ്ന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ. ടോമി കളത്തൂര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുന്നു.
മലപ്പുറം പയ്യനാട് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരം തുടങ്ങിയതു തൊട്ട് എല്ലാദിവസവും തന്നെ ബിനോ പള്ളിയിലെത്തി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. സ്‌റ്റേഡിയത്തില്‍നിന്ന് ഏകദേശം എട്ടു കിലോമീറ്റര്‍ അകലെയാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. കളിയില്ലാത്ത ദിവസങ്ങളിലായിരുന്നു രാവിലെ ആറരയ്ക്കുള്ള കുര്‍ബാനയില്‍ പങ്കെടുക്കാനായി ബിനോ പള്ളിയില്‍ എത്തിയിരുന്നത്. തുടര്‍ന്ന് ഫാ. ടോമി കളത്തൂരിനെ പരിചയപ്പെടുകയും ചെയ്തു. അദ്ദേഹം വരുന്ന ദിവസങ്ങളില്‍, കേരള ടീം കോച്ച് ബിനോ ജോര്‍ജ് പള്ളിയില്‍ എത്തിയിട്ടുണ്ടെന്നും ടീമിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും വിശ്വാസികളോടു പറയാറുണ്ടായിരുന്നെന്ന് ഫാ. കളത്തൂര്‍ കൂട്ടിച്ചേര്‍ത്തു.
.jpg?$p=ebeb31f&w=610&q=0.8)
ടൂര്‍ണമെന്റ് തുടങ്ങുന്നതിന്റെ തലേദിവസം, കളിക്കാരുടെ ജേഴ്‌സിയും പന്തും ഉള്‍പ്പെടെയുള്ളവയുമായി ബിനോയും അസിസ്റ്റന്റ് കോച്ചും പള്ളിയിലെത്തി അവ വെഞ്ചരിച്ചു കൊണ്ടുപോയി. ഫൈനലിന്റെ തലേദിവസം പള്ളിയില്‍ വന്നപ്പോള്‍ കപ്പ് നമുക്കുള്ളതാണെന്ന് ബിനോയോട് ഫാദര്‍ കളത്തൂര്‍ പറഞ്ഞു. അങ്ങനെ കപ്പടിച്ചാല്‍, ദൈവത്തിന് നന്ദി പറയാന്‍ പിറ്റേന്ന് രാവിലെ ട്രോഫിയുമായി പള്ളിയില്‍ കൊണ്ടുവരുമെന്ന് ബിനോ പറയുകയും ചെയ്തു. ആ വാക്ക് പാലിക്കാനായിരുന്നു സന്തോഷ് ട്രോഫി കപ്പുമായി ബിനോ മഞ്ചേരി സെയ്ന്റ് ജോസഫ് പള്ളിയിലേക്ക് പോയത്.
ഫുട്‌ബോള്‍ ആരാധകന്‍ കൂടിയാണ് ഫാദര്‍ ടോമി കളത്തൂര്‍. എല്ലാ ദിവസവും കാണാന്‍ പോവുകയും ചെയ്തിരുന്നു. ഫൈനല്‍ കാണാന്‍ ഫാദര്‍ കളത്തൂരും ഉണ്ടായിരുന്നു ഗാലറിയില്‍. തനിക്ക് ഒരു ആത്മീയ പിന്തുണ ലഭിച്ചയിടം എന്ന നിലയിലാണ് ബിനോ കപ്പുമായി സെയ്ന്റ് ജോസഫ് പള്ളിയിലേക്ക് വന്നതെന്നും ഫാ. കളത്തൂര്‍ കൂട്ടിച്ചേര്‍ത്തു.
ഗാലറിയിലെ ഫുട്‌ബോള്‍പ്രേമികളെ ആവേശത്തിലാഴ്ത്തിയാണ് തിങ്കളാഴ്ച രാത്രി നടന്ന ഫൈനലില്‍ കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. ഇത് ഏഴാംവട്ടമാണ് കേരളം കപ്പടിക്കുന്നത്. ഇത്തവണത്തേതും ചേര്‍ത്ത് 15 തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. നിശ്ചിതസമയത്തും അധികസമയത്തും ഓരോ ഗോള്‍ നേടി രണ്ടു ടീമും സമനില പാലിച്ചതോടെ കളി പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് 5-4ന് കേരളം ബംഗാളിനെ തകര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..