കേരളത്തിന് സന്തോഷപ്പെരുന്നാള്‍; മലപ്പുറത്തിന്റെ മനസുനിറച്ച് അവര്‍ ആറു പേര്‍


സന്തോഷ് ട്രോഫി ഫൈനൽ കേരള - ബംഗാൾ മത്സരത്തിൽ നിന്ന് | Photo: twitter.com/IndianFootball

കേരളം സന്തോഷ് ട്രോഫിയില്‍ കിരീടമുയര്‍ത്തിയപ്പോള്‍ മലപ്പുറത്തിന്റെ മനസുനിറച്ചത് ആറു പേരാണ്. ഇഎസ് ഷിഖിനും ജെസിനും മുഹമ്മദ് സഹീഫും സല്‍മാനും അര്‍ജുനും ഫസലു റഹ്‌മാനും കേരളത്തിന്റെ അഭിമാന താരങ്ങളായി.

അവര്‍ ഐ.എ.എസ്. കൊതിച്ചു; സല്‍മാന്‍ പന്തെടുത്തു

പ്രദീപ് പയ്യോളി

ഗിയാസുദ്ദീനും ഖദീജയും മക്കളും മരുമകളും തിരൂര്‍ മാങ്ങാട്ടിരിയിലെ വീട്ടില്‍

തിരൂര്‍: മകനെ ഐ.എ.എസ്സുകാരനാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. പക്ഷേ, സല്‍മാന്‍ തന്റെ ജീവിതം കണ്ടത് പന്തിലായിരുന്നു. പന്തിനുപിന്നാലെ ഓടിയോടി സല്‍മാന്‍ എത്തിയത് സന്തോഷ് ട്രോഫി നടക്കുന്ന പയ്യനാട്ടെ സ്റ്റേഡിയത്തില്‍!

മാങ്ങാട്ടിരി കള്ളിയത്ത് വീട്ടില്‍ ഗിയാസുദ്ദീന്റെയും ഖദീജയുടെയും മകനാണ് സല്‍മാന്‍. ഐ ലീഗ്, ഡ്യൂറന്‍ഡ് കപ്പ് ചാമ്പ്യന്‍മാരായ ഗോകുലം കേരള ടീമില്‍ അംഗമായിരുന്നു. നിലവില്‍ കേരള യുണൈറ്റഡ് താരം.

സ്‌കൂള്‍കാലത്തേ പന്തുകളിക്കും. നല്ലവണ്ണം പഠിക്കും. ഓട്ടത്തിലും കേമന്‍. ബോയ്‌സ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഓട്ടത്തിലെ മികവുകണ്ട് സ്‌കൂള്‍തല ഫുട്‌ബോള്‍ കോച്ച് കാക്കടവ് സക്കറിയയാണ് സല്‍മാനെ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെടുത്തത്. പത്തില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് സെയ്ന്റ് ജോസഫ് സ്‌കൂളില്‍ ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരം നടന്നു. എതിര്‍ ടീം എം.എസ്.പി. അക്കാദമി. സല്‍മാന്റെ കഴിവുകണ്ട എം.എസ്.പി. കോച്ച് ബിനോയ് സി. ജയിംസ് സല്‍മാന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ട്രയല്‍സിന് വിളിച്ചു.

എം.എസ്.പി. സ്‌കൂളില്‍ സല്‍മാന്‍ പ്ലസ്ടു വരെ പഠിച്ചു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കോട്ടയം ബസേലിയസ് കോളേജില്‍ ഡിഗ്രിക്കുചേര്‍ന്നു. കോച്ച് ബിനോ ജോര്‍ജിനുകീഴില്‍ കൂടുതല്‍ പരിശീലനം നേടി. പിന്നെ യുണൈറ്റഡ് എഫ്.സി കൊല്‍ക്കത്തയ്ക്കും കളിച്ചു. എം.ജി യൂണിവേഴ്‌സിറ്റിയിലും ചാമ്പ്യനായി. അഞ്ചുവര്‍ഷം സല്‍മാന്‍ ഗോകുലം കേരള എഫ്.സിക്കുവേണ്ടി കളിച്ചു. ബിനോ ജോര്‍ജ് കേരള യുണൈറ്റഡ് എഫ്.സിയിലേക്ക് പോയപ്പോള്‍ സല്‍മാനും അവസരം നല്‍കി. സല്‍മാന്‍ കേരള യുണൈറ്റഡ് എഫ്.സി.യില്‍ കളിക്കുമ്പോഴാണ് സന്തോഷ് ട്രോഫി ട്രയല്‍സിന് വിളിച്ചതും ടീമില്‍ അംഗമായതും.

സല്‍മാന്റെ സഹോദരന്‍ ഡോ. നിസാമുദ്ദീന്‍ വിദേശത്താണ്. അനിയന്റെ വിജയം കാണാമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി. മറ്റൊരു സഹോദരന്‍ അജ്മല്‍ മുഹ്‌സിന്‍ ഏറണാകുളത്ത് സോഫ്റ്റ്വേര്‍ എന്‍ജിനീയറാണ്. അനുജന്‍ മുഹമ്മദ് അമീന്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി. നിസാമുദ്ദീന്‍ 2010-ല്‍ കാലിക്കറ്റ് മെഡിക്കല്‍ കോളേജ് ഫുട്‌ബോള്‍ ടീമിന്റെയും അജ്മല്‍ മുഹ്‌സിന്‍ തിരൂരങ്ങാടി ഗവ. പോളിടെക്‌നിക്ക് ഫുട്‌ബോള്‍ ടീമിന്റെയും ക്യാപ്റ്റനായിരുന്നു. മുഹമ്മദ് അമീന്‍ കൂട്ടായി മൗലാന കോളേജില്‍ ബി. സോണ്‍ ഫുട്‌ബോള്‍ ടീം വൈസ് ക്യാപ്റ്റനും. പിതാവ് ഗിയാസുദ്ദീന്‍ ബി.പി. അങ്ങാടി ഫിനിക്‌സ് ക്ലബ്ബിനായി കളിച്ചിട്ടുണ്ട്.

'ഇപ്പോള്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. സന്തോഷ് ട്രോഫിയില്‍ കേരളത്തിനുവേണ്ടി കളിക്കാന്‍ മകന് അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു.'-ഗിയാസുദ്ദീനും ഖദീജയും പറഞ്ഞു.

ഒരു പൊരിയില്‍ നിന്ന് ഒരു മിന്നല്‍!

സുരേഷ് മോഹന്‍

ജെസിന്റെ ട്രോഫികള്‍ക്ക് മുമ്പില്‍ പിതാവ് നിസാര്‍

നിലമ്പൂര്‍: തോണിക്കര കുടുംബത്തില്‍ ഫുട്ബോളിനപ്പുറം മറ്റൊന്നുമില്ല. മകനില്‍ ഫുട്‌ബോളിന്റെ സ്പാര്‍ക്ക് കണ്ടപ്പോള്‍ മുഹമ്മദ് നിസാര്‍ അത് തിരിച്ചറിഞ്ഞത് ആദ്യത്തെ വഴിത്തിരിവ്. ജെസിന്റെ വിജയങ്ങളുടെ തുടക്കവും അതുതന്നെ.

ജെസിന്‍ ഫുട്ബോളിന് പുതിയ ചരിത്രമെഴുതണമെന്ന മോഹവുമായാണ് അവനെ മുഹമ്മദ് നിസാര്‍ നിലമ്പൂര്‍ യുണൈറ്റഡ് ഫുട്ബോള്‍ അക്കാദമിയില്‍ പരിശീലനത്തിനുചേര്‍ത്തത്. പുതിയ കുട്ടികളെ സന്തോഷത്തോടെ മാത്രം സ്വീകരിക്കുന്ന നിലമ്പൂരിലെ മോയിക്കല്‍ കമാലുദ്ദീനാണ് സൗജന്യമായി കുട്ടികള്‍ക്ക് പരിശീലനം നടത്താന്‍ അക്കാദമി തുടങ്ങിയത്. നല്ല സ്ഥലമില്ലാതിരുന്നതിനാല്‍ നഗരസഭയുടെ മയ്യന്താനിയിലുള്ള ചരല്‍ക്കല്ലുകള്‍ നിറഞ്ഞ മൈതാനത്താണ് പരിശീലനം.

ജെസിനെ അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ത്ത് നിസാര്‍ ജീവിതത്തിന്റെ കളിവേഗം ശക്തിപ്പെടുത്താനായി വിദേശത്തേക്ക് ജോലി തേടി പോയി. എന്നാല്‍ പ്രതീക്ഷിച്ച ജീവിതവിജയം നേടാനാകാതെ ഏതാനും വര്‍ഷത്തെ പ്രവാസത്തിനുശേഷം തിരിച്ചെത്തി. ഇക്കാലമത്രയും നിസാറിന്റെ മാതാവ് ആമിനയാണ് ജെസിനെ മയ്യന്താനിയിലുള്ള മൈതാനത്തേക്ക് കളിക്കാന്‍ കൊണ്ടുപോയതും തിരിച്ചു കൊണ്ടുവന്നതും. മകന്‍ കളിയില്‍ വലിയ വിജയങ്ങള്‍ നേടുമെന്ന് ആ മാതാവ് അന്നുതന്നെ കണ്ടിരുന്നിരിക്കാം.

സ്‌ട്രൈക്കറായാണ് പരിശീലനത്തിന്റെ തുടക്കമെങ്കിലും ഇടക്ക് മിഡ്ഫീല്‍ഡിലും നോക്കി. ജെസിന്റെ ഓടാനുള്ള കഴിവ് മികച്ച കളി പുറത്തെടുക്കാന്‍ കാരണമായിരുന്നതായി പരിശീലകന്‍ കമാലുദ്ദീന്‍ ഓര്‍ക്കുന്നു..

കളികളിലും അത്ലറ്റിക്സിലും താത്പര്യമുണ്ടായിരുന്ന ജെസിന്റെ പിതാവ് നിസാറിന് ആ മേഖലയില്‍ വലിയ നേട്ടങ്ങളൊന്നും കൊയ്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മകനില്‍ പ്രതീക്ഷ പുലര്‍ത്താനായി.

ആറുവയസ്സുമുതല്‍ നേടിയ പരിശീലനവും പരിശീലകനേയും ജെസിനും കുടുംബത്തിനും ഇന്നും മറക്കാന്‍ കഴിയില്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലൊരിക്കലും ഫുട്ബോളിന് വേണ്ടിയുള്ള മകന്റെ ഓട്ടത്തെ പിതാവ് നിരുത്സാഹപ്പെടുത്തിയില്ല. അതിനായി കൂടുതല്‍ സമയം ഓട്ടോറിക്ഷ ഓടിച്ചു. ജില്ലയില്‍ത്തന്നെ അന്ന് കോട്ടയ്ക്കലും അരീക്കോടും നിലമ്പൂരും മാത്രമാണ് ഫുട്ബോള്‍ അക്കാദമികള്‍ ഉണ്ടായിരുന്നത്. ദീര്‍ഘവീക്ഷണത്തോടെ അന്നു തുടങ്ങിയ അക്കാദമികളില്‍ നിന്നുള്ളവര്‍ തന്നെയാണ് ജില്ലയിലെയും സംസ്ഥാനത്തേയും മികച്ച കളിക്കാരായി വരുന്നത്.

അഞ്ചില്‍ തുടങ്ങിയ പഞ്ച്!

പി. മധുസൂദനന്‍

ഇരിമ്പിളിയം മോസ്‌കോയിലെ പണിതീരാത്ത വീടിനുമുന്നില്‍ ഷിഖിലിന്റെ അച്ഛന്‍ ഷാജി, സഹോദരന്‍ ഷാറോണ്‍, ഷാജിയുടെ അമ്മ ലളിത എന്നിവര്‍

വളാഞ്ചേരി: കേരളത്തിന്റെ കളിക്കാരെല്ലാം ചുണക്കുട്ടികള്‍തന്നെ. ടീമിലെ മുന്നേറ്റ നിരയിലെ പടക്കുതിരയാണ് ഇ.എസ്. ഷിഖില്‍. സെമിയില്‍ കര്‍ണാടകത്തിനെതിരേ കേരളം നേടിയ വിജയത്തില്‍ ഷിഖിലിന്റെ വകയും ഉണ്ടായിരുന്നു എണ്ണം പറഞ്ഞൊരു ഗോള്‍. ഷിഖില്‍ ഇരിമ്പിളിയം മോസ്‌കോ സ്വദേശിയാണ്. പന്തുകളി രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കുടുംബം. അച്ഛന്‍ നമ്പ്രത്ത് ഷാജി. ഷാജിയുടെ സഹോദരങ്ങളാണ് മുരളിയും പ്രസാദും. ഇവരും താരങ്ങളാണ്. മുരളി കൂത്തുപറമ്പ് ഹണ്ടേഴ്സിനുവേണ്ടി അടുത്തകാലം വരെ ബൂട്ടണിഞ്ഞു. പ്രസാദാവട്ടെ ഹണ്ടേഴ്സിനും അല്‍മദീന ചെര്‍പ്പുളശ്ശേരിക്കും കളിച്ചയാളാണ്.

ഷാജിയുടെ ഇളയ മകനാണ് ഷിഖില്‍. അഞ്ചുവയസ്സുതികയുംമുമ്പ് പന്തിനോടുള്ള ഭ്രാന്ത് തുടങ്ങി. ഇതു മനസ്സിലാക്കിയ അച്ഛന്‍ പരിശീലകനായി. തൂതപ്പുഴയിലെ പഞ്ചാരമണലിലാണ് ഷാജി മകനെ പന്തുകളി പരിശീലിപ്പിച്ചത്. ഷിഖിലിന്റെ ജ്യേഷ്ഠനും എം.ഇ.എസ്. കെ.വി.എം കോളേജിലെ ബി.എ. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ ഷാറോണും മികച്ച ഫുട്ബോളറാണ്.

ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ്സില്‍ എട്ടില്‍ പഠിക്കുമ്പോഴാണ് ഷിഖിലിന് മലപ്പുറം എം.എസ്.പി. സ്‌കൂളില്‍ പ്രവേശനം ലഭിച്ചത്. ഒമ്പതിലും പത്തിലും സ്പോര്‍ട്സ് ഹോസ്റ്റലില്‍നിന്ന് പഠിക്കാനായി. ഫുട്ബോളില്‍ മികച്ച ഭാവിയുണ്ടെന്ന് മനസ്സിലാക്കിയ എം.ഇ.എസിസിലെ സുഹൃത്തും അധ്യാപകനുമായ നജ്മുദ്ദിന്റെ ഉപദേശമാണ് ഷിഖിലിനെ ഇരിമ്പിളിയം എം.ഇ.എസില്‍നിന്നുമാറ്റി എം.എസ്.പി. സ്‌കൂളില്‍ ചേര്‍ക്കാന്‍ ഇടയാക്കിയത്.

എം.എസ്.പിക്കുവേണ്ടി അണ്ടര്‍ 15 വിഭാഗത്തില്‍ ഐ ലീഗില്‍ കളിച്ചതാണ് ഷിഖിലിന് വഴിത്തിരിവായത്. ഇതിലെ മികച്ച പ്രകടനം കൊണ്ടെത്തിച്ചത് ഐ.എസ്.എല്‍. ക്ലബ്ബായ ബെംഗളൂരു എഫ്.സി.യില്‍. ഇവിടെനിന്നാണ് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമില്‍ ഇടംകിട്ടുന്നത്. തിങ്കളാഴ്ച നടക്കുന്ന ഫൈനല്‍ കഴിഞ്ഞാല്‍ പിറ്റേന്നുതന്നെ ഐ.എസ്.എല്‍. അണ്ടര്‍ 21 ടീമില്‍ ചേരും.

കളിതലയ്ക്കുപിടിച്ചതോടെ പ്ലസ്ടു പരീക്ഷപോലും മുടങ്ങിയെന്ന് ഷിഖിലിന്റെ അച്ഛന്‍ പറഞ്ഞു. 2017-18-ല്‍ കേരള സ്റ്റേറ്റ് ഫുട്ബോള്‍ അസോസിയേഷന്റെ മികച്ച ഫുട്ബോളര്‍ക്കുള്ള സ്വര്‍ണപ്പതക്കവും ഷിഖിലിന് ലഭിച്ചിട്ടുണ്ട്.

അന്നുതുടങ്ങിയതാ ഈ നാട്ടിലെ പെരുന്നാള്‍!

റിഫ ചേന്നര

പുറത്തൂര്‍: ഓന്‍ ടീമിലുണ്ടെന്നറിഞ്ഞപ്പൊ തുടങ്ങീതാ ഈ നാട്ടിലെ പെരുന്നാള്‍. എല്ലായിടത്തും ബാബുമോന്റെ വല്യ ഫോട്ടോയും ബോര്‍ഡും കാണുമ്പോ വല്ല്യ സന്തോഷംണ്ട്... പടക്കം പൊട്ടിച്ചല്ലേ ഇബടൊക്കെ ആഘോഷം'-സന്തോഷ് ട്രോഫിയില്‍ കേരളത്തിനായികളിക്കുന്ന കൂട്ടായി വാടിക്കല്‍ മുഹമ്മദ് സഹീഫിന്റെ ഉമ്മ സഫൂറ അഭിമാനത്തോടെ പറയുന്നു.

അരീസന്റെ പുരയ്ക്കല്‍ ഹംസക്കോയയുടെ മകനാണ് സഹീഫ്. പിതാവും ജ്യേഷ്ഠന്‍ മുഹമ്മദ് അസീമും അജ്മാനിലാണ്. ഈ സന്തോഷസമയത്ത് അവര്‍ നാട്ടിലില്ലാത്ത വിഷമത്തിലാണ് സഹീഫിന്റെ അനിയന്‍ മുഹമ്മദ് ഹാഫിസ്.

ആദ്യമത്സരവും ഫൈനലും കാണാന്‍ മാത്രമാണ് സഫൂറയും ഹാഫിസും മഞ്ചേരിയില്‍ പോയത്. ബാക്കിയുള്ള കളിയൊക്കെ കണ്ടത് മൊബൈലിലാണ്.

ചെറുപ്പംമുതലേ സഹീഫിന് 'കളിപ്രാന്തു'ണ്ട്. ബ്രദേഴ്‌സ് ക്ലബ്ബിലെ മന്‍സൂര്‍ വാടിക്കല്‍ ആയിരുന്നു ആദ്യകാല കോച്ച്. വാടിക്കല്‍ ബ്രദേഴ്‌സ് ക്ലബ്ബിന് വേണ്ടിയാണ് ആദ്യമായി ടൂര്‍ണമെന്റ് കളിക്കുന്നത്. യു.പി. ക്ലാസില്‍ പഠിക്കുമ്പോള്‍ തിരൂര്‍ സാറ്റില്‍ പരിശീലനം നേടിയിരുന്നു. പിന്നീട് വീടിനടുത്ത് തന്നെ കൂട്ടായി എം.എം.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൗലാന ഫുട്‌ബോള്‍ അക്കാദമി തുടങ്ങിയത് വലിയ അനുഗ്രഹമായി. സ്‌കൂള്‍ മാനേജര്‍ പി.പി. മുഹമ്മദ് യാസീന്‍ എല്ലാവര്‍ക്കും സൗജന്യമായാണ് അക്കാദമിയില്‍ പ്രവേശനം കൊടുക്കുന്നത്. മൗലാനാ അക്കാദമിയിലെ സി. ഷൗക്കത്ത്, യൂസഫ്, അമീര്‍ അരീക്കോട്, ഹാരിസ് റഹ്‌മാന്‍ എന്നിവര്‍ വിവിധകാലങ്ങളില്‍ പരിശീലകരായി.

ഇപ്പോള്‍ തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് സഹീഫ്. അവിടെനിന്നാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലെത്തി ദേശീയ സര്‍വകലാശാല കിരീടം നേടിയത്. നേരത്തെ സംസ്ഥാന ജൂനിയര്‍, സബ്ജൂനിയര്‍ ടീമിലും അംഗമായിരുന്നു 19-കാരനായ സഹീഫ്.

പെരുത്ത് സന്തോഷത്തിലാ പാച്ചുന്റെ ഉമ്മ

റസാഖ് തെക്കയില്‍

മാതാവ് നഫീസയും പിതൃസഹോദരി സുഹറയും

താനൂര്‍: പാച്ചുന്റെ ഉമ്മ നഫീസ പെരുത്ത് സന്തോഷത്തിലാ! മോന് സന്തോഷ് ട്രോഫീല് കളിക്കാന്‍ അവസരം ലഭിച്ചതുതന്നെ കാരണം. താനൂരിലെ മെതുകയില്‍ ഫസലുറഹ്‌മാന്‍ എന്ന പാച്ചുവിന് ചെറുപ്പംമുതല്‍ ഫുട്‌ബോള്‍ ഹരമാണ്.

ആദ്യകാലങ്ങളില്‍ പാച്ചുവിന് വലിയ പ്രോത്സാഹനമൊന്നും ഉമ്മ നല്‍കിയിരുന്നില്ല. വീടിന്റെ പരിസരത്ത് പാടത്തും പറമ്പിലും കളിച്ചിരുന്ന കാലത്ത് കൈകാലുകള്‍ക്ക് പരിക്കേല്‍ക്കാത്ത ദിവസങ്ങളില്ല. അതിനാലാണ് നഫീസ മകനെ കളിയില്‍നിന്ന് നിരുത്സാഹപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ മകനുവേണ്ടി പ്രാര്‍ഥനയുമായി മുന്നിലുണ്ട്.

തിരൂരും സമീപപ്രദേശങ്ങളിലും നടക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ കുടുംബങ്ങളൊന്നിച്ച് പോകാറുണ്ട്. സന്തോഷ് ട്രോഫിയില്‍ കഴിഞ്ഞ രണ്ടുകളിയിലും അവസരം ലഭിച്ച ഫസലുവിന്റെ കളി വീട്ടിലിരുന്ന് കണ്ടു.

സംസ്ഥാനത്തിനകത്തും ഖത്തര്‍, ദുബായ് എന്നീ വിദേശ രാജ്യങ്ങളിലും മകന്‍ കളിച്ചുവരുമ്പോള്‍ വലിയസന്തോഷമാണ് നഫീസുവിനും സൗദിയിലുള്ള ഉപ്പ ഹമീദിനും. ഹമീദും എല്ലാ പ്രോത്സാഹനവും നല്‍കാറുണ്ട്. ഹമീദ് ടി.വി.യില്‍ ആണ് കളി കാണാറുള്ളത്.

കൊച്ചുകൊച്ചു മത്സരങ്ങളില്‍ പങ്കെടുത്താണ് മകന് ഈ ഭാഗ്യം കൈവന്നിട്ടുള്ളതെന്നും മകന്‍ ഉയരത്തിലെത്തുമെന്നും ഉമ്മ നഫീസ പറഞ്ഞു. ഫാബ്രിക്കേഷന്‍, ഇലക്ട്രിഫിക്കേഷന്‍ ജോലിക്കു പോകാറുള്ള ഫസലുറഹ്‌മാന് കളിയിലൂടെ ഉന്നത സ്ഥാനത്തേക്ക് എത്തട്ടെ എന്ന പ്രാര്‍ഥനയിലാണ് കുടുംബം. സഹോദരന്‍ ഫാരിസ് റഹ്‌മാനും സഹോദരി ഫെബിനയും പിതൃസഹോദരി സുഹറയും പ്രാര്‍ഥനയുമായി ഒപ്പമുണ്ട്.

സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കായുള്ള പരിശീലനത്തില്‍ പങ്കെടുക്കവേ മൂന്നുമാസം മുമ്പ് എറണാകുളത്തുവെച്ച് ഫസലുവിന് മുഖത്ത് പരിക്കേറ്റ് ഒരു മാസം ഭക്ഷണം കഴിക്കാന്‍പോലും ബുദ്ധിമുട്ടി. സന്തോഷ് ട്രോഫി അവസരം നഷ്ടപ്പെടുമോ എന്ന ആശങ്കയും ഉണ്ടായിരുന്നതായി നഫീസ പറഞ്ഞു.

പുസ്തകത്തിന് പകരം പന്തിനെ പ്രണയിച്ച അര്‍ജുന്‍

എ. അലവിക്കുട്ടി

അര്‍ജുന്‍ ജയരാജിന്റെ തൃക്കലങ്ങോട് 'ശ്രീശൈലം' വീട്ടില്‍ അച്ഛന്‍ ജയരാജ്, അമ്മ ജ്യോതി, സഹോദരി അഞ്ജു എന്നിവര്‍

മഞ്ചേരി: ഒരുകാലത്ത് തൃക്കലങ്ങോട്ടെ മാനവേദന്‍ സ്‌കൂള്‍മുറ്റത്ത് പന്തുതട്ടി നടന്ന കൊച്ചുപയ്യന്‍. പഠിക്കാന്‍ പറയുമ്പോള്‍ പന്തെടുത്തുപാഞ്ഞ കുട്ടി. പുസ്തകത്തിനുപകരം ഫുട്‌ബോളിനെ പ്രണയിച്ച ശ്രീശൈലം വീട്ടില്‍ അര്‍ജുന്‍ ഇന്ന് സന്തോഷ് ട്രോഫി കേരള ടീമിന്റെ മധ്യനിരയില്‍ തിളങ്ങുകയാണ്.

ചെറുപ്പം മുതലേ അര്‍ജുന് പഠിത്തത്തേക്കാളേറെ ഫുട്ബോളിനോടാണ് താത്പര്യം. മാനവേദന്‍ സ്‌കൂള്‍ മൈതാനമായിരുന്നു അവന്റെ താവളം. സ്‌കൂള്‍വിട്ടാല്‍ പന്തുമായി അവിടെയെത്തും. പിന്നെ കളിച്ചുതളര്‍ന്ന് സന്ധ്യയാകും വീട്ടിലെത്താന്‍-മാനവേദന്‍ യു.പി. സ്‌കൂളിലെ പ്രഥമാധ്യാപികയായ അമ്മ ജ്യോതി പറയുന്നു. അവധിക്കാലത്തെ ഫുട്ബോള്‍ ക്യാമ്പിലൂടെ കായികാധ്യാപകന്‍ മനോജാണ് അര്‍ജുനിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്. ഹൈസ്‌കൂള്‍ പഠനത്തിനായി എം.എസ്.പി. ഫുട്ബാള്‍ അക്കാദമിയിലെത്തിയതോടെ വളര്‍ച്ച വേഗത്തിലായി. 2012-ല്‍ സുബ്രതോ കപ്പിലെ മികച്ച താരമായി തിരഞ്ഞെടുത്തതോടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

പുണെ എഫ്.സി.യിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കുള്ള അരങ്ങേറ്റം. ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളായ കോഴിക്കോട് സര്‍വകലാശാലാ ടീമിനായി മധ്യനിരയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ഗോകുലം എഫ്.സി.ക്കായി കളിച്ചു. കേരള പ്രീമിയര്‍ ലീഗിലും ഐ ലീഗിലും ഗോകുലത്തിനായി മിന്നും പ്രകടനം തുടര്‍ന്നതോടെ കേരള ബ്ലാസ്റ്റേഴ്സിലും എത്തി.

ഒടുവില്‍ സന്തോഷ് ട്രോഫി കേരള ടീമിലും സന്തോഷ് ട്രോഫിയില്‍ അച്ചുവിന്റെ ടീം ജൈത്രയാത്ര തുടരുന്നതിലെ ആഹ്ലാദത്തിലാണ് കുടുംബം. കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് വിരമിച്ച അച്ഛന്‍ ജയരാജ്, അമ്മ ജ്യോതി, സഹോദരി അഞ്ജു, ഭാര്യ വര്‍ഷ എന്നിവര്‍ 'കട്ട സപ്പോര്‍ട്ടാ'ണ്.

Content Highlights: Kerala Santosh Trophy Football Malappuram Players

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023

Most Commented