Photo: AIFF
അഭിമുഖത്തിനായി വിളിക്കുമ്പോള്‍ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഓരോ വാക്കിലും നിറഞ്ഞത് ആത്മവിശ്വാസമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നാലില്‍ മൂന്ന് കളിയും ജയിച്ച് ആത്മവിശ്വാസത്തോടെ സെമിക്ക് ഒരുങ്ങാനായതിന്റെ സന്തോഷവും അടുപ്പമുള്ളവര്‍ ടുട്ടു എന്നു വിളിക്കുന്ന ജിജോ പങ്കുവെച്ചു. കേരളത്തിന്റെ കുതിപ്പില്‍ ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ചു ഗോളുകളുമായി തിളങ്ങിയ ജിജോയുടെ പ്രകടനം നിര്‍ണായകമായി. നിലവില്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ കൂടിയാണ് തന്റെ ഏഴാം സന്തോഷ് ട്രോഫി കളിക്കുന്ന ജിജോ. 2018-ല്‍ കിരീടമുയര്‍ത്തിയ ടീമിലും ജിജോ ഉണ്ടായിരുന്നു. സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയാണ് കേരള ക്യാപ്റ്റന്‍.
സെമിക്കുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെ?
ഒരു പ്രത്യേക ടീമിനെ സെമിയില്‍ നേരിടേണ്ടി വരുമെന്ന് കണക്കു കൂട്ടി അതിനായി പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. എതിരാളി ആരായാലും മികച്ച കളി പുറത്തെടുക്കുക എന്നതാണ് ലക്ഷ്യം. നിലവില്‍ നമ്മള്‍ കളിക്കുന്ന ഒരു ശൈലിയുണ്ട്. അത് വിട്ട് പുതിയ ശൈലി സ്വീകരിക്കാനൊന്നും ടീമിന് പദ്ധതിയില്ല. നിലവില്‍ ടീം അംഗങ്ങളെല്ലാം, പകരക്കാരായി ഇറങ്ങുന്നവരടക്കം മികച്ച കളി പുറത്തെടുത്ത് ആത്മവിശ്വാസത്തിലാണ്. സെമിയില്‍ നല്ല പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈസിയായി ജയിക്കാമെന്നുള്ള ചിന്തയൊന്നും ആര്‍ക്കുമില്ല. നോക്കൗട്ടായതിനാല്‍ തന്നെ കളിയുടെ സ്വഭാവവും മാറും. എന്തൊക്കെയാണെങ്കിലും ടീം ആക്രമണ ശൈലി വിട്ട് കളിക്കില്ല.
പകരക്കാരും വിങ്ങിലെ വേഗവും
നമ്മുടെ കളിക്കാരെല്ലാം തന്നെ മികച്ച കാലിബറുള്ളവരാണ്. ജെസിന്‍, ഷിഗില്‍, നൗഫല്‍, നിജോ, സഫ്‌നാദ് എല്ലാവരും തന്നെ മികച്ച വേഗതയുള്ളവരും ബോള്‍ പ്ലെയേഴ്‌സുമാണ്. കോച്ച് ബോള്‍ പ്ലെയേഴ്‌സിനെ പ്രത്യേകം ശ്രദ്ധിക്കുന്നയാളാണ്. അതിനാല്‍ തന്നെ അത്തരം കളിക്കാരാണ് നമ്മുടെ ടീമില്‍ കൂടുതലും. ബോള്‍ പ്ലെയര്‍ക്ക് വേഗത കൂടിയുണ്ടാകുമ്പോള്‍ അത് മികച്ചൊരു കോമ്പിനേഷനാണ്. നൗഫല്‍ അത്തരത്തിലുള്ള ഒരു കളിക്കാരനാണ്. അതിനാല്‍ തന്നെ എതിര്‍ ടീം ഡിഫന്‍ഡര്‍മാര്‍ക്ക് അവനെ പിടിക്കുക ശ്രമകരമാണ്. അതിനാല്‍ തന്നെ ഒരു 70-ാം മിനിറ്റിലൊക്കെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുമ്പോള്‍ അവനോട് മുഴുവന്‍ കഴിവും പുറത്തെടുക്കാനാണ് കോച്ച് പറയുക. അതിനാല്‍ തന്നെ ലഭിക്കുന്ന കുറച്ച് സമയം അവന്‍ തകര്‍ത്ത് കളിക്കും. എതിര്‍ ടീം ഡിഫന്‍ഡേഴ്‌സിന്റെ തളര്‍ച്ചകൂടിയാകുമ്പോള്‍ നൗഫലിന് നന്നായി പെര്‍ഫോം ചെയ്യാനാകും. സ്വന്തം കഴിവ് എന്താണെന്ന് നന്നായി അറിയാവുന്നകളിക്കാരന്‍ കൂടിയാണ് നൗഫല്‍. ഷിഗില്‍, ജെസിന്‍ എന്നിവരെല്ലാം തന്നെ മികച്ച ബോള്‍ പ്ലെയേഴ്‌സാണ്. അവരൊക്കെ ഇറങ്ങുമ്പോള്‍ തന്നെ കളിയുടെ സ്വഭാവം തന്നെ മൊത്തത്തില്‍ മാറുകയാണ് ചെയ്യുന്നത്. അത് ടീമിന് ഗുണകരവുമാണ്.
മിഥുന്റെ പരിക്ക്
മിഥുന് ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. അവന്‍ ഓക്കെയാണ്. പഞ്ചാബിനെതിരായ മത്സരത്തിലെ പരിക്കിന് പിന്നാലെ സിടി സ്‌കാന്‍ എടുത്തിരുന്നു, അതിലൊന്നും യാതൊരു കുഴപ്പവുമില്ല. സെമിക്ക് ഇനിയും അഞ്ചു ദിവസത്തോളമുണ്ട്. അതിനാല്‍ തന്നെ മിഥുന്‍ പൂര്‍ണമായും കളിക്കാന്‍ പാകത്തിന് തിരിച്ചെത്തും.
ഗോളടിച്ച് കൂട്ടുകയാണല്ലോ
അറ്റാക്കിങ് മിഡ്ഫീല്‍ഡറായി കളിക്കുന്നതിനാല്‍ തന്നെ സെക്കന്റ് സ്‌ട്രൈക്കര്‍ എന്ന നിലയില്‍ കൃത്യസമയത്ത് ബോക്‌സില്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ടു തന്നെയാണ് ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നതും. കോച്ച് പറഞ്ഞിരിക്കുന്നതും അറ്റാക്ക് ചെയ്ത് കളിക്കാനാണ്. പിന്നെ അര്‍ജുനും റാഷിദും അടക്കമുള്ള മധ്യനിര നല്‍കുന്ന പിന്തുണയും വലുതാണ്.
ടീമിന്റെ സ്റ്റാമിനയ്ക്കും ഫിറ്റ്‌നസിനും കൈയടി കിട്ടുന്നുണ്ടല്ലോ
നമ്മുടെ കോച്ച് പ്രോ ലൈസന്‍സ് ഉള്ള ആളായതിനാല്‍ തന്നെ ഫിറ്റ്‌നസിനും സ്റ്റാമിനയ്ക്കും വേണ്ടിവരുന്ന കാര്യങ്ങളിലൊക്കെ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. ഇപ്പോള്‍ പ്രോട്ടീനടക്കം ശരീരത്തിന് ആവശ്യമായത് എന്തെല്ലാമാണോ അതെല്ലാം നല്‍കുന്നതും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്. കളികഴിഞ്ഞ് ശരീരത്തിന് വേണ്ട വിശ്രമത്തെ കുറിച്ചും അദ്ദേഹത്തിന് അറിയാം. ഇത്തരത്തില്‍ കോച്ച് നിര്‍ദേശിക്കുന്നതെല്ലാം കൃത്യമായി നടപ്പാക്കുന്നതിനാലാണ് കളിക്കാര്‍ക്ക് ഫിറ്റ്‌നസും സ്റ്റാമിനയും ഇത്തരത്തില്‍ തുടര്‍ന്നുകൊണ്ടുപോകാനാകുന്നത്.
മലപ്പുറത്തെ കാണികളെ കുറിച്ച്
മലപ്പുറത്തെ ഫുട്‌ബോള്‍ ഫാന്‍സ് ഒരു രക്ഷയുമില്ലാത്തവരാണ്. ടീം ഇത്രയും നന്നായി കളിക്കുന്നതില്‍ അവര്‍ നല്‍കുന്ന പിന്തുണയ്ക്ക് വലിയ റോളുണ്ട്. ആദ്യ കളിയില്‍ ഗോളടിച്ച ശേഷം കുറേ പേര്‍ എനിക്ക് മെസേജ് ചെയ്തിരുന്നു, നിങ്ങള്‍ എന്താണ് ഗോളടിച്ച് കഴിഞ്ഞിട്ട് കാണികളുടെ അടുത്തേക്ക് വരാത്തതെന്ന്. സാധാരണ ഗോളടിച്ചാല്‍ അത് അങ്ങനെ ആഘോഷിക്കാത്തയാളാണ് ഞാന്‍. അതെന്റെ രീതിയുമല്ല. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഗോളടിച്ച ശേഷം ആദ്യമായി മനസിലെത്തിയത് ആ മെസേജുകളായിരുന്നു. അതുകൊണ്ടാണ് ഗോളടിച്ച ശേഷം നേരേ കാണികളുടെ മുന്നിലേക്ക് പോയത്. ടീമിന്റെ ഓരോ മുന്നേറ്റത്തിലും അവരുയര്‍ത്തുന്ന ആരവം ഞങ്ങള്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സഹായിക്കുന്നുണ്ട്. പിന്നെ മലപ്പുറത്ത് വന്ന് കളിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍, സെവന്‍സായാലും അതെ. പന്ത് കളിക്കായി അവര്‍ എന്തും കൊടുക്കും.
Content Highlights: kerala santosh trophy 2022 team captain jijo joseph interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..