കിരീട നേട്ടം ആഘോഷിക്കുന്ന കേരള ടീം അംഗങ്ങൾ. photo: kerala football association/twitter
മൈതാനത്ത് കാല്‍പ്പന്തുകളി ഒളിപ്പിച്ചുവെക്കുന്നൊരു അപ്രവചനീയതയുണ്ട്. മരണം മുഖാമുഖം കാണുന്ന നിമിഷങ്ങളില്‍ പോലും പ്രതീക്ഷയോടെ കാത്തിരിക്കാന്‍ പ്രാപ്തമാക്കുന്ന ഒന്ന്. കാല്‍പ്പന്തുകളിയുടെ സൗന്ദര്യവും ആത്മാവും ഈ അപ്രവചനീയതയാണ്. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തില്‍ തളര്‍ന്നിരുന്ന പതിനായിരങ്ങളെ ആവേശത്തിന്റെ പരകോടിയിലേക്ക് വലിച്ചെറിഞ്ഞതും ആങ്ങനെയൊരു നിമിഷമാണ്. ഒരു പക്ഷേ കാല്‍പ്പന്തുകളിക്ക് മാത്രം സാധ്യമാകുന്ന ഒന്ന്.
സന്തോഷ് ട്രോഫി കലാശപ്പോരിന്റെ ഒന്നാം പകുതി ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ടതായിരുന്നു . ബംഗാളിന്റെ മുന്നേറ്റ താരങ്ങള്‍ കേരളത്തിന്റെ പെനാല്‍റ്റി ബോക്‌സില്‍ പല കുറി കയറിയിറങ്ങി. കേരളം പലപ്പോഴും പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടി. കിട്ടിയ അവസരങ്ങളില്‍ കേരളവും മുന്നേറി. ബംഗാളിന്റെ ഹൈ പ്രസ്സിംഗ് ഗെയിമില്‍ കേരളം വലഞ്ഞു. ഗോള്‍ രഹിതമായിട്ടാണ് ഒന്നാം പകുതി അവസാനിച്ചത്. രണ്ടാം പകുതിയിലും അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. പിന്നെ എക്‌സ്ട്രാ ടൈമിലേക്ക്.
അലകടലായ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം എക്‌സ്ട്രാ ടൈമിന്റെ എഴാം മിനിറ്റില്‍ ഒന്നടങ്കം നിശ്ചലമായി. ഗാലറിയിലലയടിച്ചു കൊണ്ടിരുന്ന ആരവങ്ങള്‍ നിലച്ചു. ബംഗാളിന്റെ 20-ാം നമ്പറുകാരന്റെ ഹെഡര്‍ കേരളത്തിന്റെ സ്വപ്‌നങ്ങളെ കീറിമുറിച്ചാണ് വലകുലുക്കിയത്.അവിടെ കേരളത്തിന്റെ എഴാം കിരീടമെന്ന സ്വപ്‌നം ചിന്നിച്ചിതറി. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഗാലറി നിശബ്ദമായിരുന്നു.
പക്ഷേ പ്രതീക്ഷകള്‍ അവസാനിച്ചില്ല. കേരളം പൊരുതിക്കൊണ്ടേയിരുന്നു. 117-ാം മിനിറ്റില്‍ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം മറ്റൊരു ഹെഡറിന് കൂടി സാക്ഷ്യം വഹിച്ചു. അത് പക്ഷേ ഗാലറികളുടെ ആവേശം പരകോടിയിലേക്ക് വലിച്ചെറിയുന്നതായിരുന്നു. കേരളത്തിന്റെ സ്വപ്‌നങ്ങള്‍ അവിടെ തുന്നിച്ചേര്‍ക്കപ്പെട്ടു. പിന്നെയുളള മൂന്ന് മിനിറ്റുകള്‍ കേരളം ശ്വാസമടക്കിയാണ് കണ്ടത്. ശേഷം പെനാല്‍റ്റി ഷൂട്ടൗട്ട്. 2018-ന്റെ ആവര്‍ത്തനം പോലെ ബംഗാളിനെ കീഴടക്കി ഏഴാം സന്തോഷ് ട്രോഫി കിരീടമുയര്‍ത്തി.
കേരളവും ബംഗാളും പിന്നെ കലാശപ്പോരിലെ ഷൂട്ടൗട്ടും
കേരളവും ബംഗാളും സന്തോഷ് ട്രോഫിയുടെ കലാശപോരില്‍ എറ്റുമുട്ടിയത് നാല് തവണയാണ്. നാല് തവണയും കിരീടജേതാക്കളെ നിര്‍ണയിച്ചത് ഷൂട്ടൗട്ടിലാണ്. ഇതിന് മുന്നേ 1989, 1994, 2018 വര്‍ഷങ്ങളിലാണ് കേരളവും ബംഗാളും സന്തോഷ് ട്രോഫിയുടെ കലാശപോരില്‍ എറ്റുമുട്ടിയത്. നാല് തവണയും ഷൂട്ടൗട്ടില്‍ വിധി നിര്‍ണയിക്കപ്പെട്ടു. ഇരു ടീമുകളും രണ്ട് തവണ ജയിച്ചു.
1989-ലാണ് കേരളവും ബംഗാളും ആദ്യമായി സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. കേരളത്തിന്റെ മൂന്നാം ഫൈനലും ബംഗാളിന്റെ 33-ാം ഫൈനലും. ആ സമയം 22 തവണ ബംഗാളിന്റെ പേര് സന്തോഷ് ട്രോഫി കിരീടത്തില്‍ ആലേഖനം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. കേരളത്തിന് പുറത്ത് കേരളം ഫൈനല്‍ കളിക്കുന്നത് അന്നാദ്യമായിരുന്നു.
ബംഗാള്‍ ശക്തമായി നിരയായിരുന്നു അന്ന്. മുന്നേറ്റങ്ങളുമായി രണ്ട് ടീമുകളും കളം നിറഞ്ഞു കളിച്ചു. ഒമ്പതാം മിനിറ്റില്‍ ബംഗാള്‍ മുന്നിലെത്തി.ബാബു മണിയായിരുന്നു സ്‌കോറര്‍. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നേ കേരളം ഗോള്‍ മടക്കി. രണ്ടാം പകുതിയും എക്‌സ്ട്രാ ടൈമും ഗോള്‍ രഹിതമായി തുടര്‍ന്നു. പിന്നെ ഷൂട്ട് ഔട്ടിലേക്ക്. ഗുവാഹട്ടിയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കേരളം ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു. 23-ാം കിരീടവുമായി ബംഗാള്‍ മടങ്ങി.
1994-ലെ സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളും കേരളവും വീണ്ടും ഏറ്റുമുട്ടി. കട്ടക്കിലായിരുന്നു മത്സരം. ബംഗാളും കേരളവും ആക്രമിച്ച് കളിച്ച മത്സരമായിരുന്നു അത്. പക്ഷേ നിശ്ചിത സമയത്ത് ജേതാക്കളെ നിര്‍ണയിക്കാനായില്ല. എക്‌സ്ട്രാം ടൈം അവസാനിക്കുമ്പോള്‍ ഇരു ടീമുകളും രണ്ട് ഗോളാണ് നേടിയത്. പക്ഷേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളത്തിന് വീണ്ടും അടിതെറ്റി. 5-3 ന് ബംഗാള്‍ ഷൂട്ടൗട്ട് ജയിച്ചു കയറി.
പിന്നീട് ബംഗാളും കേരളവും കലാശപ്പോരില്‍ ഏറ്റുമുട്ടുന്നത് 2018 ലാണ്. അതും ബംഗാളില്‍. ചരിത്രങ്ങളെല്ലാം ബംഗാളിന് അനുകൂലമായിരുന്നു. ബംഗാളില്‍ അതുവരെ ഒരു ഫൈനലും അവര്‍ തോറ്റിട്ടില്ല. കേരളം ഇതു വരെ ഫൈനലില്‍ ബംഗാളിനെ തോല്‍പ്പിച്ചിട്ടുമില്ല. കലാശപ്പോര് പതിവുപോലെ ആവേശഭരിതമായിരുന്നു. കളിയുടെ മുഴുവന്‍ സമയവും അവസാനിക്കുന്നത് 1-1 എന്ന് സ്‌കോറിനാണ്. എക്‌സ്ട്രാ ടൈമിലും ഇരുടീമും സ്‌കാര്‍ ചെയ്തു. വീണ്ടുമൊരു ഷൂട്ടൗട്ട്. പക്ഷേ അന്ന് സാള്‍ട്ട് ലേക്കില്‍ പുതിയൊരു ചരിത്രം പിറന്നു. ആദ്യമായി കലാശപ്പോരില്‍ ബംഗാളിനെ തോല്‍പ്പിച്ചു. മിഥുന്‍ വാഴയില്‍ എന്ന കേരള ഗോള്‍കീപ്പര്‍ രക്ഷകനായി അവതരിച്ചു. ബംഗാളിന്റെ ആദ്യ രണ്ട് കിക്കും തടുത്തു. 4-2 ന് മത്സരം ജയിച്ചു. കേരളത്തിന്റെ ആറാം സന്തോഷ് ട്രോഫി കിരീടമായിരുന്നു അത്.
ചരിത്രത്തിന്റെ ആവര്‍ത്തനം പോലെ വീണ്ടുമൊരു പെനാല്‍റ്റി ഷൂട്ടൗട്ട്. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം നെഞ്ചിടിപ്പോടെയാണ് ഓരോ കിക്കും കണ്ടത്. കേരളത്തിന്റെ അവസാന കിക്ക് വലയിലേക്ക് കയറുമ്പോള്‍ അങ്ങ് മഞ്ചേരിയും മലപ്പുറവും മാത്രമല്ല ലോകമെമ്പാടുമുളള മലയാളികള്‍ മുഴുവന്‍ ആഘോഷത്തിലാറാടുകയായിരുന്നു. ആരവങ്ങളും ആര്‍പ്പുവിളികളും കൊണ്ട് മുഖരിതമായ പയ്യനാട് സ്റ്റേഡിയത്തില്‍ കേരളം എഴാം സന്തോഷ് ട്രോഫി കിരീടമുയര്‍ത്തി. പിന്നെ ഉത്സവമായിരുന്നു. അതിരുകളില്ലാത്ത ആനന്ദത്തില്‍ കേരളമൊട്ടാകെ ആഘോഷത്തിമിര്‍പ്പിലേക്ക്.
Content Highlights: Kerala lift seventh Santhosh Trophy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..