.jpg?$p=c03fbb4&f=16x10&w=856&q=0.8)
കേരളം സന്തോഷ് ട്രോഫി ജേതാക്കളായതിന്റെ സന്തോഷത്തിൽ കോച്ച് ബിനോ ജോർജും താരങ്ങളും | Photo: twitter.com/IndianFootball
മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലിന്റെ ക്ലാസിക് പോരാട്ടത്തില്‍ ചിരവൈരികളായ ബംഗാളിനെ പരാജയപ്പെടുത്തി കേരളത്തിന്റെ ചുണക്കുട്ടികള്‍ ഏഴാം കിരീടത്തില്‍ മുത്തമിട്ടതിന്റെ ആഹ്ലാദത്തിലാണ് ഓരോ മലയാളിയും. പയ്യനാട് സ്റ്റേഡിയത്തെ ഇളക്കി മറിച്ചുള്ള ആവേശം ഓരോ മലയാളിയുടേയും സിരയില്‍ ആളിപടര്‍ത്താന്‍ ആ കിരീട നേട്ടത്തിന് കഴിഞ്ഞു. ഒരിക്കല്‍ കൂടി കേരളം ഇന്ത്യന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായപ്പോള്‍ തന്റെ ആവേശം മറച്ച് വയ്ക്കാതെയാണ് പരിശീലകന്‍ ബിനോ ജോര്‍ജ് പ്രതികരിച്ചത്.
97ാം മിനിറ്റില്‍ ബംഗാള്‍ കേരളത്തെ ഞെട്ടിച്ച് മുന്നിലെത്തിയതിനെ കുറിച്ച് കോച്ച് പറയുന്നത് ഇങ്ങനെ. തോറ്റെന്ന് നിങ്ങളെല്ലാം കരുതിയില്ലേ. അവിടെ നിന്നാണ് എന്റെ കുട്ടികള്‍ തിരിച്ച് വന്നത്. അവര്‍ ഗോള്‍ മടക്കുമെന്നും കിരീടം നേടുമെന്നും ഉറച്ച് വിശ്വസിച്ചിരുന്നു. അതിന് ഒരു കാരണമുണ്ട്. ഈ ടൂര്‍ണമെന്റില്‍ ഒറ്റ കളി പോലും തോല്‍വി വഴങ്ങാതെയാണ് ഫൈനലില്‍ എത്തിയത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും പയ്യനാട് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ കാണികള്‍ക്കാണ്.
ഇത് കേരളമാണ്. ഇവിടെ ഇത്രയും കാണികള്‍ ഒഴുകിയെത്തുമ്പോള്‍ അവര്‍ക്ക് മുന്നില്‍ തോല്‍ക്കാന്‍ കഴിയില്ല. ഫൈനല്‍ വരെയുള്ള കുതിപ്പിന് പ്രധാന ഇന്ധനം തിങ്ങിനിറഞ്ഞ പയ്യനാട് സ്റ്റേഡിയമായിരുന്നു. അവര്‍ക്ക് പെരുന്നാള്‍ സമ്മാനമായി സന്തോഷ് ട്രോഫി സമ്മാനിക്കുമെന്ന് പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. കേരളത്തിന്റെ വിജയത്തിന് കാരണം സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ കാണികളാണ് നന്ദി..നന്ദി.. ഒരുപാട് നന്ദി - ബിനോ ജോര്‍ജ് പറഞ്ഞു നിര്‍ത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..