ഫൈനലിന് മുന്നോടിയായി എടവണ്ണ സ്‌റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കേരള താരങ്ങൾ | ഫോട്ടോ: കെ.ബി സതീഷ് കുമാർ
മഞ്ചേരി: 2020 മേയില്‍ അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍, കോവിഡ് കാരണം അഞ്ചുതാരങ്ങളെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ ടീമുകള്‍ക്ക് അനുമതിനല്‍കി. പിന്നീട് ഈവര്‍ഷം അവസാനംവരെ ഫിഫ ഈ തീരുമാനം നിലനിര്‍ത്തി. ഒരുപക്ഷേ, ഈ തീരുമാനത്തില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യം പറ്റിയത് കേരള പരിശീലകന്‍ ബിനോ ജോര്‍ജായിരിക്കും. ബെഞ്ചിന്റെ ശക്തി അത്രത്തോളമാണ് ബിനോ ഉപയോഗപ്പെടുത്തുന്നത്.
ടീമിന്റെ ആദ്യ ഇലവനേക്കാള്‍ ആരാധകര്‍ക്ക് പ്രതീക്ഷ ബെഞ്ചിലാണ്. അതുകൊണ്ടുതന്നെ ആര് കളത്തിലിറങ്ങി എന്നതിനേക്കാള്‍ ആരൊക്കെ ഇനി ഇറങ്ങാനുണ്ടെന്നറിയാനാണ് അവര്‍ക്ക് താത്പര്യം. ബംഗാളിനെതിരേയും മേഘാലയയ്‌ക്കെതിരേയും കര്‍ണാടകയ്‌ക്കെതിരേയും ടീമിനെ രക്ഷിച്ചത് ബെഞ്ചാണ്. അതുകൊണ്ടുതന്നെ എതിരാളികള്‍ക്ക് ക്ഷീണം സംഭവിക്കുമ്പോള്‍ മികച്ച താരങ്ങളെ കളത്തിലിറക്കുന്ന തന്ത്രം ഫൈനലിലും പ്രതീക്ഷിക്കാം.
സെമി കളിച്ച ടീമില്‍നിന്ന് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. വി. മിഥുനായിരിക്കും കാവല്‍ക്കാരന്റെ റോളില്‍. സോയല്‍ ജോഷി, മുഹമ്മദ് സഹീഫ്, അജയ് അലെക്സ്, ജി. സഞ്ജു എന്നിവര്‍ പ്രതിരോധത്തില്‍ അണിനിരക്കും. ക്യാപ്റ്റന്‍ ജിജോ ജോസഫ്, മുഹമ്മദ് റാഷിദ്, അര്‍ജുന്‍ ജയരാജ്, എന്‍.എസ്. ഷിഖില്‍, നിജോ ഗില്‍ബെര്‍ട്ട് എന്നിവര്‍ മധ്യനിരയിലിറങ്ങും. ഇതുവരെ ഗോളടിച്ചില്ലെങ്കിലും വിഘ്നേഷ് തന്നെയാവും ഫൈനലിലും ആദ്യ ഇലവനില്‍ ഇടംപിടിക്കുക.
പകരക്കാരുടെ റോളില്‍ ഗോളടിവീരന്‍ ടി.കെ. ജെസിന്‍, പി.എന്‍. നൗഫല്‍, മുഹമ്മദ് സഫ്നാദ് എന്നിവര്‍ ഇറങ്ങും. എതിരാളികള്‍ തളരുമ്പോഴായിരിക്കും ഈ മാറ്റം ബിനോ നടപ്പാക്കുക. ലീഡെടുത്താല്‍ മധ്യനിരയില്‍ കെ. സല്‍മാന്‍, പി അഖില്‍ എന്നിവരുടെ പരിചയസമ്പത്തും ടീം ഉപയോഗപ്പെടുത്തും.
മറുഭാഗത്ത് മണിപ്പുരിനെതിരേ ജയിച്ച അതേ ടീമുമായിട്ടായിരിക്കും ബംഗാള്‍ ഇറങ്ങുക. മുന്നേറ്റതാരം ഫര്‍ദിന്‍ അലി മൊല്ലയിലാണ് അവരുടെ പ്രതീക്ഷ. അഞ്ചു ഗോളടിച്ച ഫര്‍ദിന്‍ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. മുന്നേറ്റത്തില്‍ ദിലീപ് ഓറന്‍ ഫര്‍ദിന് കൂട്ടായെത്തും.
Content Highlights: kerala bench strength makes coach and fans confident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..