1973-ൽ ജേതാക്കളായ കേരള ടീം | Photo: Mathrubhumi Archives
1973 ഡിസംബര്‍ 27. സന്തോഷ് ട്രോഫി ഫൈനല്‍. ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. അതുകൊണ്ടുതന്നെ കൊച്ചി മഹാരാജാസ് മിനി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. റെയില്‍വേസാണ് എതിരാളികള്‍. കാണികളെ ആവേശക്കൊടുമുടിയിലേറ്റി കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. ക്യാപ്റ്റന്‍ ടി.കെ.എസ്. മണിയുടെ ഹാട്രിക്കില്‍ റെയില്‍വേസിനെ (3-2)ന് കീഴടക്കി. ടൂര്‍ണമെന്റിന്റെ അതുവരെയുള്ള ചരിത്രത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ ഹാട്രിക്കടിച്ച് ഒരു ക്യാപ്റ്റന്‍ ട്രോഫി നേടുക എന്ന അപൂര്‍വ ബഹുമതിക്ക് കളിയിലെ ഹീറോയായ കണ്ണൂരുകാരനായ മണി അര്‍ഹനായി.
ആദ്യമിനിറ്റുകളില്‍ പതറിയ കേരളം പിന്നീട് പുലിക്കുട്ടികളായെന്നു കളികണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. കണിശമായ പാസുകള്‍ കൈമാറി റെയില്‍വേസിനെ വെള്ളംകുടിപ്പിച്ചു. അവരുടെ മിന്നുംതാരങ്ങളായ ഭൗമിക്കും ഇന്ദര്‍സിങും സുബ്രതോ ഭട്ടാചാര്‍ജിയും ആ നീക്കങ്ങളില്‍ വിരണ്ടുപോയി.
ഗോള്‍വഴി
കരുത്തരായ റെയില്‍വേസിന്റെ പാളംതെറ്റിക്കുക എന്ന തീരുമാനത്തിലായിരുന്നു ഫൈനലില്‍ കേരളം ഇറങ്ങിയത്. കേരളം ആക്രമണം കടുപ്പിച്ചുകൊണ്ടിരിക്കേ വലതുവിങ്ങിലൂടെ കുതിച്ചെത്തിയ നജിമുദ്ദീന്‍ പന്ത് മണിക്ക് എത്തിച്ചുകൊടുത്തു. പന്ത് മാറിനോടുചേര്‍ത്തു നിയന്ത്രിച്ച് മണി തൊടുത്ത അടി ഗോളി കമല്‍ഘോഷിനെ ഉരസിക്കൊണ്ട് വലയിലേക്കു കയറി. കേരളം (1-0). രണ്ടാംപകുതിയുടെ 11-ാം മിനിറ്റിലായിരുന്നു മണിയുടെ രണ്ടാമത്തെ ഗോള്‍. വില്യം ആയിരുന്നു അതിനു വഴിയൊരുക്കിയത്. കളി കൈയില്‍നിന്നു പോകുന്നുവെന്നു മനസ്സിലാക്കിയ റെയില്‍വേ നീക്കങ്ങള്‍ക്ക് വേഗംകൂട്ടി. 65-ാം മിനിറ്റില്‍ ചിന്നറെഡ്ഡി റെയില്‍വേയുടെ ആദ്യ ഗോള്‍ നേടി. പിന്നീട് സമനിലയ്ക്കായി റെയില്‍വേ പൊരുതി. 70-ാം മിനിറ്റായപ്പോള്‍ മണി ഹാട്രിക് തികച്ചു (3-1). അതിനും വഴിയൊരുക്കിയത് നജിമുദ്ദീന്‍.
കളി തീരാന്‍ എട്ടുമിനിറ്റ് ശേഷിക്കേ റെയില്‍വേയുടെ പ്രസുന്‍ബാനര്‍ജിയുടെ ത്രൂ പാസില്‍ ദിലീപ് പാലിത്ത് അടിച്ച ലോങ്‌റേഞ്ച് കേരളത്തിന്റെ ഗോള്‍വലയിലെത്തി (3-2). 88ാം മിനിറ്റില്‍ സമനിലയ്ക്കുള്ള സുവര്‍ണാവസരവും അവര്‍ക്കു കൈവന്നു. ലെഫ്റ്റ് ബാക്ക് ജേക്കബിന്റെ ഇടപെടലാണ് അതൊഴിവാക്കിയത്. ഒടുവില്‍ അവസാന വിസില്‍ മുഴങ്ങി. കേരളം ആദ്യമായി സന്തോഷ് ട്രോഫിയില്‍ ജേതാക്കള്‍.
എന്തൊരു ജനക്കൂട്ടം
മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു അന്ന് കൊച്ചിക്ക് മുകളില്‍. ചാറ്റല്‍ മഴയും ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും കളിക്കാരെയും കളി കാണാനെത്തിയവരെയും ബാധിച്ചില്ല. അന്‍പതിനായിരത്തിലേറെ കാണികള്‍ അന്നു കളി കണ്ടു. അഡ്വാന്‍സ് ക്യൂ കൗണ്ടറിനു മുന്‍പില്‍ കേരളത്തിലെ എല്ലാ കളിഭ്രാന്തന്‍മാരും ടിക്കറ്റിനായി കാത്തുനിന്നു. വൈകീട്ട് നാലിന് സ്റ്റേഡിയത്തിന്റെ കവാടങ്ങള്‍ തുറന്നു.
അഞ്ചോടെ സ്റ്റേഡിയം ജനസാഗരമായി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് തൂക്കുമരം വിധിക്കപ്പെടുകയും പിന്നീട് ഇളവുലഭിക്കുയും ചെയ്ത കെ.പി.ആര്‍. ഗോപാലന്റെ സഹോദരന്‍ കെ.പി.ആര്‍. കൃഷ്ണനാണ് അന്ന് മാതൃഭൂമിക്കുവേണ്ടി മത്സരം റിപ്പോര്‍ട്ട്‌ചെയ്തത്.
മുഖ്യമന്ത്രിയുടെ അഭിനന്ദനം
കിരീടനേട്ടത്തിനു പിന്നാലെ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ അഭിനന്ദനവും കേരള ടീമിനു കിട്ടി. പിന്നെ നാടെങ്ങും ആഘോഷം. മധുരം വിതരണംചെയ്തും പടക്കം പൊട്ടിച്ചും നടാടെയുള്ള നേട്ടം സംഭവമാക്കി. സന്തോഷ് ട്രോഫി നേടിയതു പ്രമാണിച്ച് 28-ന് പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ടീം അംഗങ്ങള്‍: മണി (ക്യാപ്റ്റന്‍), രവീന്ദ്രന്‍ (ഗോള്‍ കീപ്പര്‍), രത്നാകരന്‍, ഉസ്മാന്‍കോയ, ബി. ദേവാനന്ദ്, ജേക്കബ്, ജാഫര്‍, പി. അബ്ദുല്‍ഹമീദ്, നജിമുദ്ദീന്‍, വില്യംസ്, എം.ആര്‍. ജോസഫ്.
Content Highlights: 1973 Santosh Trophy Kerla Champions
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..