സിഡ്‌നിയില്‍ കവര്‍ ഡ്രൈവിനോട് ഗുഡ്‌ബൈ പറഞ്ഞ സച്ചിന്‍, ക്രീസിലെ ക്ഷമയുടെ പര്യായം


അഭിനാഥ് തിരുവലത്ത്

2 min read
Read later
Print
Share

Photo: Getty Images

സമീപകാലത്ത് ഇന്ത്യന്‍ താരം വിരാട് കോലി നേരിട്ട റണ്‍വരള്‍ച്ച ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. രണ്ടുവര്‍ഷത്തിലേറെ കാലം ഇത്തരത്തില്‍ ബാറ്റിങ് പ്രതിസന്ധി നേരിട്ട കോലി ഒടുവില്‍ റണ്‍വഴിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. പ്രതിസന്ധിസമയത്ത് ടെസ്റ്റിലടക്കം കോലിയെ ഓഫ് സ്റ്റമ്പ് ലൈനില്‍ ഔട്ട്‌സ്വിങ്ങറുകള്‍ എറിഞ്ഞ് ബൗളര്‍മാര്‍ പുറത്താക്കുന്ന കാഴ്ച പതിവായിരുന്നു. ഇത്തരം പന്തുകളില്‍ പലപ്പോഴും തന്റെ പ്രിയപ്പെട്ട ഷോട്ടുകളിലൊന്നായ കവര്‍ഡ്രൈവ് കളിക്കാനുള്ള വ്യഗ്രതയിലായിരുന്നു കോലിയുടെ പുറത്താകലുകള്‍.

ഈ സമയത്ത് ക്രിക്കറ്റ് ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്ത മറ്റൊരു ഇന്നിങ്‌സുണ്ടായിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ 2004-ലെ ടെസ്റ്റ് പരമ്പരയ്ക്കിടെ സിഡ്‌നിയില്‍ പുറത്തെടുത്ത ടെസ്റ്റ് ചരിത്രത്തിലെ തന്നെ മികച്ച ഇന്നിങ്‌സുകളിലൊന്ന്. അന്ന് സച്ചിന്‍ ഓസീസ് പേസര്‍മാര്‍ക്കെതിരേ കളിച്ച ആ ഇന്നിങ്സ് കോലി മാതൃകയാക്കണമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്.

2003-04 കാലഘട്ടത്തില്‍ നടന്ന ഇന്ത്യയുടെ ഓസീസ് പര്യനത്തിലായിരുന്നു ചരിത്രത്തില്‍ ഇടംനേടിയ സച്ചിന്റെ ആ ഇരട്ട സെഞ്ചുറി (241*) ഇന്നിങ്സ്. പരമ്പരയിലെ നാലാം ടെസ്റ്റിനായിരുന്നു അന്ന് സിഡ്നി വേദിയായത്. ആദ്യ മൂന്ന് മത്സരങ്ങളിലും സച്ചിന് തിളങ്ങാനായിരുന്നില്ല എന്ന് മാത്രമല്ല ഓസീസ് പേസര്‍മാരുടെ ഓഫ് സ്റ്റമ്പ് കെണിയില്‍ സച്ചിന്‍ പലപ്പോഴും വീഴുന്നതും സ്ഥിരം കാഴ്ചയായി. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ നിന്നായി വെറും 88 റണ്‍സ് മാത്രമായിരുന്നു സച്ചിന് നേടാനായത്. കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്തായ സച്ചിന്‍ ഒരു മത്സരത്തില്‍ രണ്ടക്കം കടന്നുമില്ല.

ഇതോടെ നാലാം ടെസ്റ്റിനിറങ്ങും മുമ്പ് സച്ചിന്‍ ഉറപ്പിച്ചു, ഈ മത്സരത്തില്‍ താന്‍ തന്റെ പ്രിയപ്പെട്ട ഷോട്ടായ കവര്‍ ഡ്രൈവ് കളിക്കില്ല. പറഞ്ഞത് അക്ഷരംപ്രതി നടപ്പിലാക്കുന്ന സച്ചിനെയാണ് 2004 ജനുവരി രണ്ടു മുതല്‍ സിഡ്നിയില്‍ കണ്ടത്. ബ്രെറ്റ് ലീയും ജേസന്‍ ഗില്ലെസ്പിയും നഥാന്‍ ബ്രാക്കണും സ്റ്റുവര്‍ട്ട് മക്ഗില്ലും അടങ്ങുന്ന ബൗളിങ് നിരയ്ക്കെതിരേ അന്ന് പത്ത് മണിക്കൂറിലേറെ സമയം ക്രീസില്‍ നിന്നിട്ടും സച്ചിന്റെ ബാറ്റില്‍ നിന്ന് ഒരു കവര്‍ ഡ്രൈവ് പോലും പിറന്നില്ല. നേരിട്ട 436 പന്തുകളില്‍ ഓഫ് സ്റ്റമ്പിന് പുറത്തു പോയ പന്തുകളെയെല്ലാം തന്നെ സച്ചിന്‍ അര്‍ഹിച്ച ബഹുമാനത്തോടെയാണ് നേരിട്ടത്. പുള്ളുകും ഫ്ളിക്കുകളും സ്ട്രെയ്റ്റ് ഡ്രൈവുകളും ഓണ്‍ഡ്രൈവുകളും സ്‌ക്വയര്‍ കട്ടുകളും സ്വീപ് ഷോട്ടുകളുമെല്ലാം യഥേഷ്ടം പിറന്ന ആ ഇന്നിങ്സില്‍ പക്ഷേ ഒരു കവര്‍ ഡ്രൈവ് പോലും ഉണ്ടായിരുന്നില്ല.

ചേട്ടന്‍ അജിത്തുമായി നടന്ന ഒരു സംസാരത്തില്‍ നിന്നാണ് സിഡ്നിയില്‍ ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന ഒരു പന്തും കളിക്കേണ്ടെന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയതെന്ന് സച്ചിന്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. അന്നത്തെ ഇന്നിങ്സിനിടെ പലപ്പോഴും കവര്‍ ഡ്രൈവ് കളിക്കാനുള്ള വ്യഗ്രത ഉണ്ടായിരുന്നെന്നും അപ്പോഴെല്ലാം മനസടുക്കിപ്പിടിക്കുകയായിരുന്നുവെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു. സച്ചിനെതിരേ അന്ന് തങ്ങളുടെ ഓഫ് സ്റ്റമ്പ് കെണി നടപ്പായില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനായ സ്റ്റീവ് വോയും വെളിപ്പെടുത്തിയിരുന്നു.

Content Highlights: Sachin Tendulkar unbeaten 241 at Sydney the innings without a cover drive

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented