സച്ചിനും ഷെയ്ൻ വോണും ഡോൺ ബ്രാഡ്മാനൊപ്പം | Photo: AFP
സച്ചിന്‍ - ബ്രാഡ്മാന്‍
ക്രിക്കറ്റ് ആരാധകര്‍ ഏകദൈവ വിശ്വാസികളാണ്. ഒരൊറ്റ ദൈവം സച്ചിന്‍ മാത്രം. ശാരീരികവും മാനസികവുമായ ക്ഷമത അനിവാര്യമായ ക്രിക്കറ്റ് പോലൊരു ഗെയിമില്‍ അന്താരാഷ്ട്ര തലത്തില്‍ തുടര്‍ച്ചയായി രണ്ടു ദശകത്തിലേറെ കളിക്കുകയും മുപ്പത്തിമൂവായിരത്തിലധികം റണ്ണുകളും 100 സെഞ്ചുറികളും (ടെസ്റ്റിലും ഏകദിനത്തിലും കൂടെ) നേടുകയും ചെയ്യുക എന്നത് ദൈവികമല്ലെങ്കില്‍ അമാനുഷികമാണ്.
ക്രിക്കറ്റിലെ ഔന്നത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സച്ചിനൊപ്പം എന്നും ഉയര്‍ത്തപ്പെടുന്ന പേര് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റേതാണ്. സത്യത്തില്‍ അങ്ങനെയൊരു താരതമ്യത്തില്‍ അര്‍ഥമില്ല. കാരണം ബ്രാഡ്മാനും സച്ചിനും കളിച്ച ക്രിക്കറ്റ് തികച്ചും വ്യത്യസ്തമായ ഗെയിമുകള്‍ ആണ്. ബ്രാഡ്മാന്റെ കാലത്തു നിന്ന് സച്ചിന്റെ കാലത്തേക്ക് എത്തുമ്പോഴേക്ക് ക്രിക്കറ്റ് അത്രയ്ക്ക് മാറിക്കഴിഞ്ഞിരുന്നു.
ഒന്നു രണ്ടു കാര്യങ്ങള്‍ മാത്രം അതുമായി ബന്ധപ്പെട്ട് പറയാം. ബ്രാഡ്മാന്റെ അന്താരാഷ്ട്ര കരിയര്‍ 20 വര്‍ഷം നീണ്ടു നിന്നിരുന്നു. എന്നാല്‍ ദീര്‍ഘമായ ഇടവേളകള്‍ ഈ കരിയറില്‍ ഉണ്ടായിരുന്നു. കളിച്ചത് കേവലം 52 ടെസ്റ്റുകള്‍ മാത്രം. വേണ്ടത്രയോ അതിലധികമോ വിശ്രമം ബ്രാഡ്മാന് ലഭിച്ചിരുന്നു. ബ്രാഡ്മാന് ടെസ്റ്റുകളില്‍ മാത്രം കളിച്ചാല്‍ മതിയായിരുന്നു എന്നു കൂടി ഓര്‍ക്കണം. ടെസ്റ്റ് മാച്ചുകള്‍ക്ക് യോജിച്ച വിധത്തില്‍ തന്റെ ഗെയ്മിനെ ഫോക്കസ് ചെയ്തു നിര്‍ത്താം എന്ന സൗകര്യം അദ്ദേഹത്തിനുണ്ടായിരുന്നു.
എന്നാല്‍ സച്ചിന്‍ നിരന്തരം ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ മാറി മാറി കളിക്കുന്നു. ഒരേ സമയം രണ്ടു ക്യാരക്റ്ററുള്ള കളിക്കാരനായി മാറേണ്ട അവസ്ഥയല്ലേ ഇത് ? ഒരു കാര്യം കൂടി. ബ്രാഡ്മാന്‍ കളിക്കുന്ന കാലത്ത് ക്രിക്കറ്റ് അത്രയ്ക്ക് പ്രൊഫഷണലായിട്ടില്ല. അതുകാരണം ചുരുങ്ങിയ പക്ഷം അത്ര മികച്ചതല്ലാത്ത ഫീല്‍ഡിങ്ങിനെ നേരിട്ടാല്‍ മതിയെന്ന ആനുകൂല്യമെങ്കിലും ബ്രാഡ്മാനുണ്ടായിരുന്നു. സച്ചിന്‍ എതിരിട്ട ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളുടെ ഫീല്‍ഡിങ് നിലവാരം പരിഗണിക്കുമ്പോള്‍ എത റണ്ണുകളാണ് സച്ചിന് കിട്ടാതെ പോയിരിക്കുന്നത്, എത്ര തവണയാണ് എതിര്‍ ഫീല്‍ഡര്‍മാരുടെ മികവു കൊണ്ടു മാത്രം സച്ചിന് വിക്കറ്റ് നഷ്ടമായത്?
സച്ചിന്‍ ബ്രാഡ്മാനേക്കാള്‍ മികച്ചവനാണെന്ന് സമര്‍ഥിക്കുകയല്ല. മറിച്ച് സച്ചിനെ ക്രിക്കറ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ ഓര്‍മിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടികാട്ടിയെന്നു മാത്രം.

സച്ചിന്‍ - ഗാവസ്‌കര്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന് മുമ്പ് ജന്‍മം കൊണ്ട ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കറാണ്. മൈക്കല്‍ ഹോള്‍ഡിങ്, മാല്‍ക്കം മാര്‍ഷല്‍, ആന്‍ഡി റോബര്‍ട്ട്‌സ്, ഡെന്നിസ് ലില്ലി, ഇമ്രാന്‍ ഖാന്‍ തുടങ്ങിയ ലോകോത്തര ഫാസ്റ്റ് ബൗളര്‍മാര്‍ അരങ്ങ് തകര്‍ക്കുന്ന അതേ കാലത്താണ് സുനില്‍ ഗാവസ്‌കര്‍ ക്രിക്കറ്റ് കളിച്ചത്.
പക്ഷെ ഇവര്‍ക്കെതിരെ ബാറ്റ് ചെയ്യുമ്പോള്‍ പോലും അദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഹെല്‍മറ്റ് ധരിക്കാതെ അതിവേഗ ബൗളര്‍മാരെ നേരിടുന്നത് അപകടമല്ലേയെന്ന ചോദ്യത്തിന് ഗാവസ്‌കര്‍ നല്‍കിയ മറുപടി രസകരമായിരുന്നു. - 'നിങ്ങള്‍ക്ക് സ്വന്തം തലയെ പന്തില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ വിക്കറ്റ് സംരക്ഷിക്കാന്‍ കഴിയുന്നത് എങ്ങിനെയാണ്?' ഇങ്ങനെയൊരു ചോദ്യമുന്നയിക്കാന്‍ സുനില്‍ ഗാവസ്‌ക്കക്ക് മാത്രമേ പറ്റൂ.
ബാറ്റിങ്ങിലെ പ്രതിരോധ തന്ത്രങ്ങള്‍, ഡിഫന്‍സീവ് ടെക്‌നിക്കുകള്‍ അത്രത്തോളം സ്വായത്തമാക്കിയിരുന്നു സുനില്‍ എന്ന് വ്യക്തം. ബാറ്റിങ് എന്ന കലയുടെ ആധികാരിക സ്‌കൂള്‍ ആണ് മുംബൈ. ഈ മുംബൈ സ്‌കൂളിന്റെ അക്കാലത്ത കുറ്റമറ്റ ഉല്‍പ്പന്നമായിരുന്നു ഗാവസ്‌കര്‍. ബാറ്റിങ്ങിന്റെ സാങ്കേതിക പാഠങ്ങള്‍ മൂല്യം ഒട്ടും ചോര്‍ന്നു പോവാതെ തലമുറകളായി ശിഷ്യന്‍മാര്‍ക്ക് പകര്‍ന്നു നല്‍കുന്ന മികച്ച ഗുരുക്കന്‍മാരുടെ സാന്നിധ്യമാണ് അതിന് കാരണം.
മുംബൈ സ്‌കൂളിന്റെ ഏറ്റവും വിശിഷ്ടമായ സന്തതിയെന്ന് വിശ്വസിക്കപ്പെട്ടിരുന്ന സുനില്‍ ഗാവസ്‌കര്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന് നിറഞ്ഞ് ശോഭിച്ച് പതുക്കെ മാഞ്ഞുപോവുമ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞു പോയ ഉത്സവ കാലത്തെക്കുറിച്ച് ചിന്തിച്ച് അവര്‍ വ്യഥ പൂണ്ടിരിക്കുമ്പോഴായിരുന്നു അതിനേക്കാള്‍ ശോഭയില്‍ മറ്റൊരു നക്ഷത്രം ഉദിച്ചുയര്‍ന്നത്. സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന നക്ഷത്രത്തിന്റെ ഉദയത്തെക്കുറിച്ച് ആദ്യം ലോകത്തിന് മുന്നറിയിപ്പ് നല്‍കിയവരില്‍ ഗാവസ്‌കറും ഉള്‍പ്പെട്ടിരുന്നു എന്നത് യാദൃച്ഛികമല്ല. ഒരു പ്രതിഭയെ തിരിച്ചറിയാന്‍ മറ്റൊരു പ്രതിഭക്ക് കഴിയും.
ഗാവസ്‌കറുടെ അടിയുറച്ച പ്രതിരോധ തന്ത്രങ്ങള്‍ അതേപടി സച്ചിനിലുണ്ട്. ഈ പ്രതിരോധ തന്ത്രങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ട് ആക്രമണോല്‍സുകമായ ഷോട്ടുകള്‍ കളിക്കുന്നു എന്നതാണ് സച്ചിന്റെ പ്രസക്തി. സച്ചിന്‍ എന്ന് ബാറ്റ്‌സ്മാന് നല്‍കാവുന്ന ഏറ്റവും ലളിതമായ നിര്‍വചനവും ഇതാവും.
സച്ചിന്റെ ബാറ്റിങ്ങിന് ആക്രമണോല്‍സുകത പകരുന്നത് ക്രിക്കറ്റിന്റെ പുസ്തകത്തില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന ഷോട്ടുകള്‍ അനായാസം, അയത്‌നം കളിക്കാനുള്ള ശേഷിയാണ്. ഹുക്ക്, കട്ട്, ഡ്രൈവുകള്‍ എന്നിവ അതിന്റെ പൂര്‍ണതയോടെ എപ്പോള്‍ വേണമെങ്കിലും കളിച്ചു കാണിക്കാന്‍ സച്ചിന് കഴിയും. ഇതില്‍ സ്‌ട്രെയ്റ്റ് ഡ്രൈവ് സച്ചിന്‍ കളിക്കുന്നത് പോലെ മറ്റാര്‍ക്കെങ്കിലും കഴിയുമോ ? സംശയമാണ്. സ്‌ട്രെയ്റ്റ് ഡ്രൈവ് എങ്ങിനെ കളിക്കണമെന്ന് പഠിപ്പിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള പരിശീലകര്‍ സച്ചിന്റെ കളിയുടെ വീഡിയോ റെക്കോര്‍ഡുകള്‍ തിരയുന്നത് അതുകൊണ്ട് തന്നെ. തീര്‍ന്നില്ല കാലിന് നേരെ വരുന്ന പന്തുകള്‍ സ്‌ക്വയര്‍ ലെഗ്ഗിനും ഫൈന്‍ലെഗ്ഗിനും ഇടയിലൂടെ തിരിച്ചുവിടുന്ന ഫ്‌ളിക്കുകളും ക്രിക്കറ്റിലെ അതിസുന്ദര കാഴ്ചകളില്‍പ്പെടുന്നു. ഈയൊരു ഷോട്ടിനെ എഴുതി ഫലിപ്പിക്കാനാവില്ല, സച്ചിന്റെ കളി കാണുകയേ നിര്‍വാഹമുള്ളൂ.
സച്ചിനെ റിച്ചാര്‍ഡ്‌സും ബ്രാഡ്മാനുമായി താരതമ്യം ചെയ്തവരാരും ഒരു ഗാവസ്‌കര്‍-സച്ചിന്‍ താരതമ്യത്തിന് മുതിര്‍ന്നില്ലെന്നത് ശ്രദ്ധിക്കുക. ഈ രണ്ടു പേരുടേയും ശൈലിയിലും കളിയോടുള്ള സമീപനത്തിലുമുള്ള അന്തരം ആവാം അതിന് കാരണം. സച്ചിന്‍ തന്നേക്കാള്‍ മിടുക്കനാണെന്ന് ഗാവസ്‌കര്‍ സച്ചിന്റെ കരിയര്‍ തുടങ്ങിയ കാലത്തേ അംഗീകരിച്ചിരുന്നു. സച്ചിനാവട്ടെ ഗാവസ്‌കര്‍ ചെറുപ്പത്തിലേ തന്റെ ആരാധനാ പാത്രമാണെന്ന് ആവര്‍ത്തിച്ച് പറയുകയും എഴുതുകയും ചെയ്യുന്നു.
ആരാണ് വലിയവനെന്ന് നിശ്ചയിക്കാന്‍ വേണ്ടിയല്ലെങ്കിലും നമ്മുടെ എക്കാലത്തേയും മികച്ചവരായ ഈ രണ്ട് ബാറ്റിങ് ഇതിഹാസങ്ങളെ താരതമ്യം ചെയ്യ്തു നോക്കുന്നത് രസകരമാവും. ഗാവസ്‌കര്‍ എതിരിട്ട ബൗളിങ് എത്തരത്തിലുള്ളതായിരുന്നു? മൈക്കല്‍ ഹോള്‍ഡിങ്, ജോയല്‍ ഗാര്‍നര്‍, മാല്‍ക്കം മാര്‍ഷല്‍, വെയ്ന്‍ ഡാനിയല്‍, ആന്‍ഡി റോബര്‍ട്‌സ് എന്നിവരുള്‍പ്പെട്ട കരീബിയന്‍ പേസ് ബാറ്ററിയോട് പോരടിച്ചാണ് ഗാവസ്‌കര്‍ ഓരോ പടവും പിന്നിട്ടത്. അവരെ മെരുക്കാന്‍ കഴിഞ്ഞ അന്നത്തെ ഒരേയൊരു ബാറ്റ്‌സ്മാനായിരുന്നു സണ്ണി. അത് പോലൊരു ബൗളിങ് അറ്റാക്ക് പിന്നീട് ലോകക്രിക്കറ്റില്‍ കണ്ടിട്ടില്ലെന്ന് പാരമ്പര്യവാദികളായ ക്രിക്കറ്റ് നിരൂപകര്‍ ഉറപ്പിച്ച് പറയും.
സച്ചിനുണ്ടോ അത്തരം ബൗളര്‍മാരെ നേരിട്ടിരിക്കുന്നു! ഇല്ലെന്ന് ആര് പറഞ്ഞു ? വഖാര്‍ യൂനിസ് - വസീം അകം ദ്വയത്തെ എതിരിട്ട് ജയിച്ചാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കാലെടുത്ത് വെച്ചത്. പിന്നീട് വെസ്റ്റിന്‍ഡീസുകാരായ കോട്‌നിവാല്‍ഷ്, കര്‍ട്‌ലി ആംബ്രോസ് സഖ്യത്തെ നേരിട്ടുകൊണ്ട് കൊടിനാട്ടി. എന്നാല്‍ അവരേക്കാളൊക്കെ ആപല്‍ക്കാരിയായ ബൗളറെന്ന് വിലയിരുത്താവുന്ന ഓസ്‌ട്രേലിയക്കാരന്‍ ഗ്ലെന്‍ മഗ്രാത്തിനെ മിക്കവാറും തന്റെ കരിയറിലുടനീളം സച്ചിന്‍ നേരിട്ടു.
മഗ്രാത്തിനൊപ്പം ഡാമിയന്‍ ഫ്‌ളെമിങും ജേസന്‍ ഗില്ലസ്പിയും ചേര്‍ന്ന സംഘം വിഖ്യാതമായ കരീബിയന്‍ സംഘത്തോളം പോന്നതല്ലെങ്കിലും അവരോട് കിടപിടിക്കുന്നതാണ്. അവര്‍ക്കെതിരെ ഏറ്റവും മികവു പുലര്‍ത്തിയ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തന്നെയാണ്. സ്പിന്‍ ബൗളര്‍മാരെ നേരിടുന്ന കാര്യത്തിലാണ് സച്ചിന്‍ ഗാവസ്‌കറേക്കാള്‍ കുറച്ചു കൂടി മാര്‍ക്കു വാങ്ങുന്നത്. സച്ചിന്‍ കളിക്കുമ്പോള്‍ ക്രിക്കറ്റില്‍ സ്പിന്‍ ബൗളിങ്ങിന്റെ പൂക്കാലമാണ്. ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ ഈ രണ്ടു പേരെയും മാറി മാറി നേരിട്ട് ലോകത്തെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ എന്ന ഖ്യാതി സച്ചിന്‍ നിലനിര്‍ത്തി. പ്രത്യേകിച്ചും ഷെയ്ന്‍ വോണ്‍ എത്രയോ തവണ സച്ചിന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു.

സച്ചിന്‍ - ലാറ
സമകാലീനരില്‍ സച്ചിനുമായി കൂടുതല്‍ താരതമ്യം ചെയ്യപ്പെട്ട ബാറ്റിങ് ലെജന്റ് വെസ്റ്റിന്‍ഡീസുകാരന്‍ ബ്രയാന്‍ ലാറയാണ്. ഇങ്ങനെ രണ്ട് ബാറ്റ്സ്മാന്‍മാര്‍ ഒരേ കാലത്ത് സംഭവിച്ചുവെന്നത് ക്രിക്കറ്റ് എന്ന ഗെയ്മിന്റെ സൗഭാഗ്യമാണ്. നൈസര്‍ഗിക പ്രതിഭയുടെ കാര്യത്തില്‍ ലാറ സച്ചിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു എന്ന് സമ്മതിക്കണം. ദീര്‍ഘമായ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള കായിക ക്ഷമതയിലും ലാറയായിരുന്നു കേമന്‍. പക്ഷേ ലാറയുടെ പ്രതിഭയെ കഠിനാധ്വാനം കൊണ്ട് സച്ചിന്‍ മറികടന്നു.
തന്റെ പരിമിതികള്‍ മറ്റാരേക്കാളും സച്ചിന് ബോധ്യമുണ്ടായിരുന്നു. അവ തന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാന്‍ എന്തുതന്നെ ചെയ്യാനും സച്ചിന്‍ തയ്യാറാവുന്നു. കരിയറിന്റെ തുടക്കത്തില്‍ ഫോം നഷ്ടപ്പെട്ട് വലിയ സ്‌കോറുകള്‍ കണ്ടെത്തുന്നതില്‍ സച്ചിന്‍ നിരന്തരം പരാജയപ്പെട്ടിരുന്ന ഒരു ഘട്ടത്തെക്കുറിച്ച് അന്ന് ടീം അംഗമായിരുന്ന നവജ്യോത് സിങ് സിദ്ധു വിവരിച്ചിട്ടുണ്ട്. അര്‍ധരാത്രി ഉറക്കത്തില്‍ നിന്നുണര്‍ന്ന സിദ്ധു അടുത്ത മുറിയില്‍ നിന്നുള്ള ശബ്ദം കേട്ട് അങ്ങോട്ടു ചെന്നു. സച്ചിന്റെ മുറിയായിരുന്നു അത്. ചരടില്‍ തൂക്കിയിട്ട പന്ത് ബാറ്റുകൊണ്ട് അടിച്ചകറ്റുന്ന ശബ്ദമായിരുന്നു അദ്ദേഹം കേട്ടത്. അര്‍ധരാത്രിയിലും സച്ചിന്‍ ബാറ്റിങ് പരിശീലനത്തിലായിരുന്നു! ഗെയ്മിനു വേണ്ടി സര്‍വം സമര്‍പ്പിച്ച പ്രൊഫഷണലാണ് സച്ചിന്‍. നൈറ്റ് പാര്‍ട്ടികളും ആഘോഷങ്ങളും അതിനു വേണ്ടി സച്ചിന്‍ ഉപേക്ഷിക്കുന്നു. മറിച്ച് മല്‍സരങ്ങളുടെ തലേദിവസം പോലും കലിപ്‌സോ സംഗീതത്തിലും ജാസിന്റെ രൗദ്ര വാദ്യത്തിലും മുഴുകിയിരുന്ന കരീബിയന്‍ ജന്‍മമാണ് ലാറ.
ക്ലാസ് സ്ഥിരവും ഫോം താല്‍കാലികവുമാണെന്ന് ക്രിക്കറ്റിലെ അംഗീകൃത വസ്തുതയാണ്. പക്ഷേ ലാറക്ക് അങ്ങനെ ഫോം നഷ്ടമാവാറുണ്ടായിരുന്നില്ല. ബാറ്റിങ്ങിന്റെ മാസ്മരിക സ്പര്‍ശം എന്നും ആ കൈക്കുഴകളിലും പാദചലനങ്ങളിലും ഉണ്ടായിരുന്നു. ആഗ്രഹിക്കുമ്പോഴെല്ലാം അത് പുറത്തെടുക്കാനും ലാറക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സച്ചിന്‍ തന്റെ ഷോട്ടുകളും ശൈലിയുമെല്ലാം ചെറുപ്പം തൊട്ടേയുള്ള കഠിനാധ്വാനത്തിലൂടെ വികസിപ്പിച്ചെടുത്തതാണ്. റണ്ണുകളുടേയും സെഞ്ചുറികളുടേയും നേട്ടങ്ങളുടേയും കണക്കില്‍ സച്ചിന്‍ ലാറക്ക് മുന്നിലെത്തിയതിന്റെ കാരണം ഈ ആത്മാര്‍പ്പണം തന്നെ.
പുതിയ ഷോട്ടുകള്‍
രമേഷ് തെണ്ടുല്‍ക്കര്‍ക്ക് കവിയെന്ന നിലയില്‍ മറാത്തികള്‍ക്കിടയില്‍ സ്വന്തമായി മേല്‍വിലാസമുണ്ട്. പക്ഷേ, സ്വന്തം നഗരമായ മുംബെയില്‍ പോലും അദ്ദേഹം തന്റെ അവസാനകാലത്ത് അഭിസംബോധന ചെയ്യപ്പെട്ടത് സച്ചിന്റെ അച്ഛനെന്നാണ്. അതില്‍ രമേഷ് തെണ്ടുല്‍ക്കര്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മൂത്തമകന്‍ നിഥിനും മറാത്താ സാഹിത്യത്തില്‍ അറിയപ്പെടുന്ന കവിയായിരുന്നു. രണ്ടു കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയ നിഥിന് മഹാരാഷ്ട്രാ സര്‍ക്കാറിന്റെ സാഹിതൃപുരസ്‌കാരവും ലഭിച്ചിരുന്നു. രണ്ടാമത്തെ മകന്‍ അജിത്തിന്റെ നില്‍പ് കവിതയിലും ക്രിക്കറ്റിലും ഓരോ കാല്‍ ഊന്നിയാണ്. രണ്ടിന്റെയും വലിയ ആരാധകനാണ് അജിത്ത്. മൂന്നാമന്‍ സച്ചിന്‍ ജീവിതം ക്രിക്കറ്റിനുമാത്രമായി സമര്‍പ്പിച്ചു.
അച്ഛനും ജ്യേഷ്ഠനും കവികളായതുകൊണ്ടാവാം സച്ചിന്റെ ശൈലിയിലും രീതിയിലും ഒരു കവിയുടെ ശീലങ്ങളുമായി സാദൃശ്യം കണ്ടെത്താന്‍ കഴിയുന്നത്. ഓരോ കവിക്കും ഒരു പണിപ്പുരയുണ്ട്. കവിത എഴുതുന്നതിനുമുമ്പ് ആശയങ്ങളും വികാരങ്ങളും ചീകിയൊതുക്കി പാകപ്പെടുത്തിയെടുക്കുന്ന പണിപ്പുര. സച്ചിനുമുണ്ട് അതുപോലൊന്ന്. വലിയ ഓരോ പോരാട്ടത്തിനും മുമ്പ് സച്ചിന്‍ തന്റെ ഷോട്ടുകളും തന്ത്രങ്ങളും പാകപ്പെടുത്തിയെടുക്കുന്ന പണിപ്പുര. ആദ്യം മനസ്സില്‍ വരച്ചിടുന്ന ഷോട്ടുകള്‍ നിരന്തര പരിശീലനത്തിലൂടെ (വെട്ടിയും തിരുത്തിയും കവി വരികള്‍ ചിട്ടപ്പെടുത്തും പോലെ) പ്രാവര്‍ത്തികമാക്കുന്നു. വലിയ പ്രതിസന്ധികള്‍ വരുമ്പോള്‍, വെല്ലുവിളികള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ ഹോം വര്‍ക്ക് ചെയ്ത്, മുന്‍പൊന്നും ആരും കളിക്കാത്ത, കാണാത്ത ചില ഷോട്ടുകള്‍ തന്റെ ശേഖരത്തിലേക്ക് സച്ചിന്‍ മുതല്‍കൂട്ടാറുണ്ട്.

1998-ല്‍ ഓസ്‌ട്രേലിയ ഇന്ത്യന്‍ പര്യടനത്തിന് പുറപ്പെടുമ്പോള്‍, ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ സച്ചിനും മികച്ച ബൗളറായ ഷെയ്ന്‍ വോണും തമ്മില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തെ കുറിച്ചായിരുന്നു എല്ലാവരുടേയും ആകാംക്ഷ. സ്പിന്‍ ബൗളിങ്ങിന് പൊതുവേ അനുകൂലമായ ഇന്ത്യന്‍ വിക്കറ്റുകളില്‍ വോണ്‍ സച്ചിനെ മെരുക്കുമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പ്രചാരണം അഴിച്ചുവിട്ടു.
തങ്ങളുടെ ടീമിന്റെ പ്രതിയോഗികളെ ഇത്തരം പ്രചാരണങ്ങളിലൂടെ മാനസികമായി തകര്‍ത്ത് തങ്ങളുടെ ടീമിന്റെ പ്രയാണം സുഗമമാക്കുന്ന (അണ്ണാരക്കണ്ണനും തന്നാലായത്) പരിപാടി ഓസ്‌ട്രേല്യന്‍ മാധ്യമങ്ങള്‍ പണ്ടേ പരീക്ഷിച്ചു വരുന്നതാണ്. പക്ഷേ, ഇത്തരം കോലാഹലങ്ങള്‍ അരങ്ങേറുമ്പോള്‍ സച്ചിന്‍ മൗനത്തിലായിരുന്നു. അല്ലെങ്കില്‍ തന്റെ പണിപ്പുരയിലായിരുന്നു. നിരന്തരപ്രയത്‌നത്തിലൂടെ വോണിനെ നേരിടാന്‍ ക്രിക്കറ്റ് ബുക്കുകളില്‍ പരിചിതമല്ലാത്ത ഒരു ഷോട്ട് സച്ചിന്‍ കണ്ടെത്തി. ലെഗ് സ്റ്റെമ്പ് ലൈനില്‍ പിച്ച് ചെയ്ത് വിക്കറ്റിലേക്ക് തിരിയുന്ന വോണിന്റെ പന്തിനെ മുട്ടിന്മേലിരുന്ന് സച്ചിന്‍, ബോട്ടിന്റെ പങ്കായം കൊണ്ട് തുഴയുന്നത്‌പോലെ ബാറ്റ് കൊണ്ട് പുറകോട്ട് ശക്തിയായി അടിച്ചിടും. വിക്കറ്റ് കീപ്പര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനുമുമ്പ് പന്ത് അയാളുടെ ഗ്ലൗവിനരികിലൂടെ ബൗണ്ടറിയിലേക്ക് തിരിക്കും. വോണിന്റെ വന്യമായ സങ്കല്‍പങ്ങള്‍ക്കും അപ്പുറത്തായിരുന്നു ആ ഷോട്ട്. അതുകൊണ്ട് അതിനെ തടയാന്‍ ഒരു ടെക്‌നിക്കും വോണിന്റെ മനസ്സിലുണ്ടായില്ല. വോണ്‍ നിരായുധനായി. പ്രത്യക്ഷത്തില്‍ സ്വീപ്പ് ഷോട്ട് ആണെന്ന് തോന്നുമെങ്കിലും അതില്‍നിന്ന് സാങ്കേതികമായി ഏറെ ഭിന്നമായ പാഡില്‍ സ്വീപ്പിന്റെ സച്ചിന്‍ പതിപ്പായിരുന്നു ഇത്.
രണ്ടായിരാമാണ്ടില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കായി ഇന്ത്യ ദക്ഷിണാഫ്രിക്കിയിലേക്ക് പോകുമ്പോള്‍ 'ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സി പിച്ചുകളില്‍ അവരുടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ എന്തുചെയ്യും?' എന്ന ചോദ്യം ഉയര്‍ന്നുകേട്ടിരുന്നു. ഓഫ് സ്റ്റെമ്പിന് പുറത്തുകുത്തി ബൗണ്‍സ് ചെയ്തുപോകുന്ന പന്തുകള്‍ തട്ടി സ്ലിപ്പ് ഫീല്‍ഡര്‍മാരുടെ കൈകളില്‍ എത്തിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരം ദൗര്‍ബല്യത്തില്‍ തൊട്ടാവും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ തന്ത്രങ്ങള്‍ എന്ന് വ്യക്തമായിരുന്നു.
അത്തരം പന്തുകള്‍ക്കെതിരെ തന്റെ പണിശാലയില്‍ സച്ചിന്‍ ഒരു ഷോട്ട് വികസിപ്പിച്ചെടുത്തു. ഓഫ് സ്റ്റമ്പിനുപുറത്ത് ബൗണ്‍സ് ചെയ്യുന്ന പന്തുകള്‍ സ്ലിപ്പ് ഫീല്‍ഡര്‍മാരുടെ തലയ്ക്കുമുകളിലൂടെ ബാറ്റിന്റെ അറ്റം കൊണ്ട് സച്ചിന്‍ കോരിയെറിഞ്ഞു. മുന്‍പൊന്നും അധികം കണ്ടിട്ടില്ലാത്ത ഈ ലേഡര്‍ ഷോട്ടുകള്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍മാരെ വിസ്മയിപ്പിച്ചു. ആദ്യ ടെസ്റ്റില്‍ തന്നെ സച്ചിന്‍ സെഞ്ചുറി നേടി. 2003 ലോകകപ്പില്‍ പാകിസ്താന്റെ ഷോയിബ് അക്തറിന്റെ ഓഫ് സൈഡില്‍ കുത്തി ഉയര്‍ന്ന ബൗണ്‍സറുകള്‍ ബാറ്റു കൊണ്ട് തീര്‍ത്തും സ്‌ക്വയറായി തഴുകി വിട്ടപ്പോള്‍ നമ്മള്‍ കരുതി അതൊരു മിസ് ഹിറ്റാണെന്ന്. പക്ഷേ പന്ത് ഗ്യാലറിയില്‍ പതിച്ചു. സാധാരണക്കാരില്‍നിന്ന് പ്രതിഭകളെ വേര്‍തിരിച്ചു നിര്‍ത്തുന്നത് ഇത്തരം ഭാവനാപൂര്‍ണമായ പരീക്ഷണങ്ങള്‍ നടത്താനുള്ള കഴിവും ധൈര്യവും തന്നെ.
ഒരു ബാറ്റ്സ്മാന്‍ എന്ന നിലയില്‍ സച്ചിന്റെ പ്രധാന കരുത്തുകള്‍ ശരീരം കൃത്യമായി ബാലന്‍സ് ചെയ്യാനുള്ള കഴിവും പന്തിനോട് പെട്ടെന്ന് പ്രതികരിക്കാനുള്ള ശേഷിയും (റിഫളക്സും) അപാരമായ കാഴ്ചശക്തിയുമായിരുന്നു. സാധാരണ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രായമാവുമ്പോള്‍, മുപ്പത് പിന്നിടുമ്പോള്‍ റിഫ്‌ളക്സിലും കാഴ്ചശക്തിയിലും കുറവ് വരും. ഈ സമയത്ത് മികവ് നിലനിര്‍ത്താന്‍ ഉറച്ച ബാറ്റിങ് ടെക്‌നിക്കുകളുടെ പിന്തുണ ആവശ്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദീര്‍ഘകാലം തന്റെ ബാറ്റിങ് മികവിന് വലിയ പോറലേല്‍ക്കാതെ നോക്കാന്‍ സച്ചിന് കഴിഞ്ഞതിന് പ്രധാന കാരണം ഈ അടിയുറച്ച ബാറ്റിങ് ടെക്‌നിക്കുകള്‍ തന്നെ.
Content Highlights: sachin tendulkar comparisons don bradman sunil gavaskar brian lara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..