സച്ചിനും രമാകാന്ത് അച്‌രേക്കറും | Photo: https://twitter.com/airnewsalerts
പരിശീലിപ്പിക്കുന്ന കാലം തൊട്ട് 2013-ല്‍ വാങ്കഡെയില്‍ അവസാന മത്സരം കളിച്ച സമയം വരെ നീ നന്നായി കളിച്ചു എന്നൊരു വാക്ക് രമാകാന്ത് അച്‌രേക്കറുടെ നാവില്‍ നിന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേട്ടിട്ടില്ല. അഹങ്കാരത്തിന്റെ ഒരു ചെറിയ കണിക പോലും സച്ചിനില്‍ ഉണ്ടാകരുതെന്ന അച്‌രേക്കറുടെ നിര്‍ബന്ധമായിരുന്നു അതിന് കാരണം.
അതു തന്നെയാണ് സച്ചിനെന്ന ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനെ കളത്തിനകത്തും പുറത്തും വിവാദങ്ങളില്‍പെടാത്ത താരമാക്കി നിലനിര്‍ത്തിയതും.
'' ഞാന്‍ നന്നായി കളിച്ചെന്ന് സര്‍ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല. എന്നാല്‍ മത്സരങ്ങള്‍ക്കു ശേഷം എനിക്ക് ഭേല്‍പൂരിയും പാനിപൂരിയും വാങ്ങിത്തരുമ്പോള്‍ അറിയാം ഞാന്‍ ഇന്ന് കളത്തില്‍ എന്തെങ്കിലും നല്ലത് ചെയ്തെന്ന്'' - രമാകാന്ത് അച്‌രേക്കറെ കുറിച്ച് സച്ചിന്‍ പറഞ്ഞ വാക്കുകളാണിത്.
സച്ചിന്‍ രമേശ് തെണ്ടുല്‍ക്കറെന്ന മുംബൈക്കാരന്‍ പയ്യനെ ലോകമറിയുന്ന ക്രിക്കറ്ററാക്കുന്നതില്‍ പങ്കു വഹിച്ചവരില്‍ പ്രഥമ സ്ഥാനീയന്‍ ആരെന്ന് ചോദിച്ചാണ് രമാകാന്ത് അച്‌രേക്കര്‍ എന്നല്ലാതെ മറ്റൊരു ഉത്തരവും നല്‍കാനുണ്ടാകില്ല.
ക്രീസില്‍ ബൗളര്‍മാരുടെ പേടി സ്വപ്നമായിരുന്ന, രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളുടെ പെരുമയുള്ള, ഷെയ്ന്‍ വോണിനെ ഉറങ്ങാന്‍ സമ്മതിക്കാതിരുന്ന സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തെ ഊതിക്കാച്ചിയെടുത്തത് രമാകാന്ത് അച്‌രേക്കറായിരുന്നു.
.jpg?$p=476fffb&&q=0.8)
മുംബൈ ദാദറിലെ ശിവാജി പാര്‍ക്കിലെ കാമാത്ത് മെമ്മോറിയല്‍ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകനായിരുന്നു അച്‌രേക്കറിന്റെ മുന്നില്‍ 11-ാം വയസിലാണ് സച്ചിന്‍ എത്തപ്പെടുന്നത്. നന്നേ വികൃതിയായിരുന്ന ആ പയ്യനെ പരിശീലിപ്പിക്കാന്‍ അച്‌രേക്കര്‍ക്ക് തീരേ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ സച്ചിന്റെ സഹോദരന്‍ അജിത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം ആ 11 വയസുകാരനെയും കൂടെക്കൂട്ടി, പിന്നീട് നടന്നതെല്ലാം ചരിത്രം.
വൈകാതെ സച്ചിനിലെ പ്രതിഭ തിരിച്ചറിഞ്ഞ് അവനെ കൂടുതല്‍ പരിശീലത്തിനായി മുംബൈ ശാരദാശ്രമം വിദ്യാമന്ദിര്‍ സ്‌കൂളിലേക്ക് മാറ്റാന്‍ മാതാപിതാക്കളോട് നിര്‍ദേശിച്ചതും അവന്റെ അച്‌രേക്കര്‍ സാറായിരുന്നു.
ചെറുപ്പത്തില്‍ സച്ചിനെ പരിശീലിക്കാന്‍ അച്‌രേക്കര്‍ സ്വീകരിച്ചിരുന്ന ഒരു രീതി ഏറെ ശ്രദ്ധേയമാണ്. നെറ്റ്സില്‍ ബാറ്റു ചെയ്യുമ്പോള്‍ സച്ചിന്റെ വിക്കറ്റിനു മുകളില്‍ അച്രേക്കര്‍ ഒരു നാണയം വെക്കും. സച്ചിനെ പുറത്താക്കിയാല്‍ ആ ബൗളര്‍ക്ക് നാണയം സ്വന്തമാക്കാം. എന്നാല്‍ പുറത്താകാതെ ബാറ്റു ചെയ്താന്‍ ആ ഒരു രൂപ നാണയം സച്ചിന് സ്വന്തമാക്കാം. പില്‍ക്കാലത്ത് ഭാരത രത്ന വരെ നല്‍കി രാജ്യം ആദരിച്ച സച്ചിനോട് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ബഹുമതി ഏതെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അച്രേക്കറില്‍നിന്നു അന്നത്തെക്കാലത്തു ലഭിച്ച 13 നാണയങ്ങളിലാണ് സച്ചിന്റെ മറുപടി വന്നു നിന്നത്.
Content Highlights: sachin at 50 story of ramakant achrekar coach of sachin tendulkar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..