ബ്രാഡ്മാന്‍ അവസാനിപ്പിച്ച അതേ ദിനത്തില്‍ മറ്റൊരു ഇതിഹാസപ്പിറവി


അഭിനാഥ് തിരുവലത്ത്

3 min read
Read later
Print
Share

Image Courtesy: Getty Images

ച്ചിന്‍ തെണ്ടുല്‍ക്കറുടെ ഓരോ രാജ്യാന്തര സെഞ്ചുറികള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകും. ബൗളര്‍മാരെ കടന്നാക്രമിച്ചതിന്റെ, മത്സരം വിജയിപ്പിച്ചതിന്റെ, മത്സരം രക്ഷിച്ചെടുത്തതിന്റെ തുടങ്ങി ഒരു നൂറു കഥകള്‍. മീശമുളയ്ക്കാത്ത പ്രായത്തില്‍ ബാറ്റുമെടുത്ത് അന്താരാഷ്ട്ര വേദിയില്‍ ഇറങ്ങിയപ്പോള്‍ കളിയാക്കലുകളായിരുന്നു അന്നത്തെ ലിറ്റില്‍ മാസ്റ്ററെ സ്വീകരിച്ചത്. എന്നാല്‍ അവയ്ക്കെല്ലാം തന്റെ കൈയിലെ 'വില്ലോ' ഉപയോഗിച്ചായിരുന്നു സച്ചിന്‍ മറുപടി കൊടുത്തിരുന്നത്.

തന്നെ മതിക്കാത്തവരെ കൊണ്ട് സച്ചിന്‍ ആദ്യമായി 'ഇവനാള് കൊള്ളാമല്ലോ' എന്ന് പറയിപ്പിച്ചത് ഒരു ഓഗസ്റ്റ് 14-ാം തീയതിയായിരുന്നു. അന്ന് കരിയറിലെ 100 സെഞ്ചുറികളെന്ന പ്രയാണത്തിലേക്ക് സച്ചിന്‍ ആദ്യ ചുവട് വെയ്ക്കുകയായിരുന്നു. 1990 ഓഗസ്റ്റ് 14-ാം തീയതി ഇംഗ്ലണ്ട് മണ്ണിലാണ് ആ പയ്യന്‍ തന്റെ ബാറ്റിങ്ങിന്റെ സൗന്ദര്യം മുഴുവന്‍ പുറത്തെടുത്തത്. അതിന് തക്ക പ്രതിഫലമെന്നോണം ക്രിക്കറ്റ് അദ്ദേഹത്തിന് ഒരു സെഞ്ചുറി സമ്മാനമായി നല്‍കുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡില്‍ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു ആ സെഞ്ചുറിയുടെ പിറവി. അതും വെറും 17 വയസും 112 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍.

വെറുമൊരു സെഞ്ചുറി എന്ന് പറഞ്ഞ് അന്നത്തെ ആ 17-കാരനെ നമുക്ക് വിലകുറച്ച് കാണാനാകില്ല. പേസും സ്വിങ്ങും ചതിക്കുഴി ഒളിപ്പിച്ചുവെച്ച ഇംഗ്ലണ്ടിലെ പിച്ചില്‍ രണ്ടാം ഇന്നിങ്സില്‍ തോല്‍വി മുന്നില്‍ കണ്ട ഘട്ടത്തിലാണ് മത്സരം രക്ഷിച്ചെടുത്ത ആ ഇന്നിങ്സിന്റെ പിറവി. ഡെവോണ്‍ മാല്‍ക്കം, ആംഗസ് ഫ്രേസര്‍, എഡ്ഡി ഹെമ്മിങ്സ്, ക്രിസ് ലെവിസ് എന്നീ ബൗളര്‍മാര്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് സച്ചിന്‍ ഓള്‍ഡ് ട്രാഫഡില്‍ തന്റെ ആദ്യ സെഞ്ചുറി കുറിച്ചത്. അന്ന് കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ട സച്ചിന്‍ ടെസ്റ്റില്‍ മൂന്നക്കത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. തന്റെ എട്ടാം ടെസ്റ്റ് മത്സരത്തിലാണ് സച്ചിന്‍ ഈ നേട്ടത്തിലെത്തിയത്. സച്ചിന്റെ ആദ്യ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും ആ മത്സരത്തിലായിരുന്നു.

Photo: Getty Images

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഗ്രാഹാം ഗൂച്ച് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഗൂച്ചും (116) മൈക്കല്‍ ആതേര്‍ട്ടനും (131) റോബിന്‍ സ്മിത്തും (121) സെഞ്ചുറി നേടിയതോടെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിലെത്തിയത് 519 റണ്‍സ്.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിലെ പ്രത്യേകത. 243 പന്തില്‍ നിന്ന് 21 ഫോറും ഒരു സിക്സുമടക്കം 179 റണ്‍സാണ് അസ്ഹര്‍ സ്വന്തമാക്കിയത്. 93 റണ്‍സോടെ സഞ്ജയ് മഞ്ജരേക്കറും തിളങ്ങി. ആറാമനായി ഇറങ്ങിയ സച്ചിന്‍ 68 റണ്‍സെടുത്ത് ഏറ്റവും അവസാനമാണ് പുറത്തായത്. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ 432-ല്‍ എത്തി.

87 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാലിന് 320 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. അലന്‍ ലാംബും (109) മൈക്കല്‍ ആതേര്‍ട്ടനും (74) റോബിന്‍ സ്മിത്തും (61) മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത് 408 റണ്‍സ് വിജയലക്ഷ്യം.

തുടക്കത്തില്‍ തന്നെ തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ അഞ്ചിന് 127 റണ്‍സെന്ന നിലയിലേക്ക് പരാജയം മുന്നില്‍ കണ്ടു. രവി ശാസ്ത്രി (12), നവജ്യോത് സിങ് സിദ്ദു (0), സഞ്ജയ് മഞ്ജരേക്കര്‍ (50), ദിലീപ് വെങ്സര്‍ക്കാര്‍ (32), മുഹമ്മദ് അസ്ഹറുദ്ദീന്‍ (11) എന്നിവരെല്ലാം ഡ്രസ്സിങ് റൂമില്‍ മടങ്ങിയെത്തി.

Photo: Getty Images

ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തിലാണ് സച്ചിനെന്ന 17-കാരന്‍ ക്രീസിലെത്തുന്നത്. തോല്‍വി എത്രത്തോളം നീട്ടാം എന്നതു മാത്രമായിരുന്നു അപ്പോള്‍ ഇന്ത്യയുടെ ചിന്ത. ആറാം വിക്കറ്റില്‍ കപില്‍ ദേവിനൊപ്പം സച്ചിന്‍ ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടുനയിച്ചു. എന്നാല്‍ ഈ കൂട്ടുകെട്ട് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ ഹെമ്മിങ്സിന്റെ പന്തില്‍ കപിലിന്റെ കുറ്റി തെറിച്ചു. എന്നാല്‍ എട്ടാമനായി മനോജ് പ്രഭാകര്‍ ക്രീസിലെത്തിയതോടെ കളി മാറി. മനോജ് അനായാസം ഇംഗ്ലീഷ് ബൗളര്‍മാരെ നേരിട്ടതോടെ സച്ചിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഒരു പക്ഷേ ഇന്ത്യ വിജയം സ്വന്തമാക്കുമെന്ന പ്രതീതി ഉണര്‍ന്നു.

ഒടുവില്‍ മത്സരം സമനിലയില്‍ പിരിയുമ്പോള്‍ വിജയത്തിലേക്ക് 65 റണ്‍സ് മാത്രം അകലെയായിരുന്നു ഇന്ത്യ. 225 മിനിറ്റ് ക്രീസില്‍ നിന്ന് 189 പന്തില്‍ 17 ഫോറുകളടക്കം 119 റണ്‍സുമായി സച്ചിനും 128 പന്തില്‍ എട്ടു ഫോറുകളടക്കം 67 റണ്‍സുമായി മനോജും പുറത്താകാതെ നിന്നു. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 160 റണ്‍സ്.

തൊട്ടടുത്ത ദിവസം സ്വാതന്ത്ര്യ ദിനമായതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പോരാട്ടം പത്രങ്ങള്‍ ശരിക്കും ആഘോഷിച്ചു. അന്ന് മാഞ്ചെസ്റ്ററില്‍ തുടങ്ങിയ സച്ചിന്റെ സെഞ്ചുറി വേട്ട പിന്നീട് 99 എണ്ണം കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് അവസാനിച്ചത്. 24 വര്‍ഷത്തോളം നീണ്ടുനിന്ന ആ കരിയറിന് 2013 നവംബറില്‍ സച്ചിന്‍ തിരശ്ശീലയിടുകയും ചെയ്തു. അതിനോടകം 200 ടെസ്റ്റ് മത്സരങ്ങളും 463 ഏകദിനങ്ങളും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. 51 സെഞ്ചുറികളടക്കം ടെസ്റ്റില്‍ 15,921 റണ്‍സും 49 സെഞ്ചുറികളടക്കം ഏകദിനത്തില്‍ 18,426 റണ്‍സുമാണ് ലിറ്റില്‍ മാസ്റ്ററുടെ സമ്പാദ്യം.

Courtesy: Fairfax archives

ഓഗസ്റ്റ് 14-ാം തീയതിക്ക് ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 1948-ല്‍ ഇതേ ഓഗസ്റ്റ് 14-നാണ് ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ ഓവലില്‍ തന്റെ അവസാന ടെസ്റ്റ് ഇന്നിങ്സിന് ഇറങ്ങിയത്. 100 എന്ന ബാറ്റിങ് ശരാശരി തികയ്ക്കാന്‍ വെറും നാലു റണ്‍സ് മാത്രം നേടിയാല്‍ മതിയായിരുന്ന ബ്രാഡ്മാന്‍ അന്ന് പൂജ്യനായി മടങ്ങി. ബ്രാഡ്മാന്‍ മടങ്ങിയ അതേ ഓഗസ്റ്റ് 14-ന് മറ്റൊരു ഇതിഹാസം ചരിത്രത്താളുകളിലേക്ക് നടന്നുകയറുകയായിരുന്നു.

Content Highlights: in 1990 17 year old Sachin Tendulkar scores his first international hundred

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented