മണ്ഡലകാലത്തിന്‌ തുടക്കം


പി.കെ. ദയാനന്ദൻ

sabarimala

അയ്യപ്പസ്വാമിയാണ്‌ മലയാളത്തിന്റെ തനതുദേവൻ. കേരളീയമായ ഒരപൂർവ സങ്കല്പം. എല്ലാവിധ അധിനിവേശങ്ങൾക്കും അപ്രാപ്യമായി മലമുകളിൽ പതിനെട്ടാംപടിയിൽ പ്രതിഷ്ഠിക്കപ്പെട്ട ‘തത്ത്വമസി’യുടെ രൂപം. പന്തളം കൊട്ടാരത്തിലെ ബാല്യകൗമാരങ്ങൾ, മുഹമ്മദീയനായ വാവരുമായുള്ള ആത്മസൗഹൃദം, കാടും മലനിരകളും നദികളുമായുള്ള ഗാഢപരിസ്ഥിതിബന്ധം എന്നിങ്ങനെ അയ്യപ്പൻ മറ്റുദേവന്മാരിൽനിന്ന്‌ വ്യത്യസ്തനാണ്. അയ്യപ്പന്റെ വേഷങ്ങളും ആചാരാനുഷ്ഠാനങ്ങളും മറ്റൊന്നുമായും ചേരുന്നില്ല. ശരണംവിളിയുടെ ഉച്ചാവചങ്ങളായ ആവാപോദ്വാപങ്ങൾ മറ്റെവിടെയും കേട്ടിട്ടില്ല. കെട്ടുനിറയ്ക്കലും താളാത്മകമായ വായ്ത്താരികളും അയ്യപ്പനുമാത്രം. ‘നെയ്‌ത്തേങ്ങ’ മറ്റെവിടെയാണ് കായ്ക്കുക? മറ്റെല്ലാം നഗരക്ഷേത്രങ്ങളാണെങ്കിൽ അയ്യപ്പന്റേത് കാനനക്ഷേത്രം!

ക്ഷേത്രാങ്കണങ്ങളിൽ അയ്യപ്പഭക്തസംഘത്തിന്റെ പൊടിപൂരം ഉയർന്നുപരക്കുന്നു. പല ക്ഷേത്രങ്ങളുടെയും ‘നിത്യനിദാന’ത്തിലേക്ക് അയ്യപ്പന്മാരുടെ സംഭാവന ചില്ലറയല്ല. കേരളത്തിലെ ഗതാഗതം, വിപണികൾ എല്ലാം സജീവമാകുന്നതും സമ്പന്നമാകുന്നതും ഈ ഭക്തപ്രവാഹംകൊണ്ടായിരിക്കും. ശബരിമല തീർഥാടനം കേരളത്തെ എങ്ങനെ തീറ്റിപ്പോറ്റുന്നു എന്നവിഷയം ആലോചനാമൃതംതന്നെ!ഗാനങ്ങളിലെ ശബരീതടം

മണ്ഡലകാലത്ത്‌ കേരളത്തിൽ പല ക്ഷേത്രങ്ങളും ഉറങ്ങുന്നില്ല! രാവുകൾ പകലുകളാക്കുന്ന ശരണംവിളികൾക്ക്‌ പശ്ചാത്തലമായി ഉച്ചഭാഷിണികൾ മുഴക്കുന്ന അയ്യപ്പഗാനങ്ങൾ ... കാൽനൂറ്റാണ്ടുമുമ്പ് ആ ഗാനങ്ങൾ മിക്കവാറും ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തിലായിരുന്നു. അറുപതുകളുടെ അന്ത്യംമുതൽ നാം യേശുദാസിന്റെ അയ്യപ്പഗാനങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു. ഗംഗയാറ് പിറക്കുന്നു..., മകര വിളക്കേ... എന്നീ പാട്ടുകളിലൂടെ ഉറന്നുവന്ന ആ പ്രവാഹം ഭക്തിയുടെ ഒരു പുതിയ തലത്തിലേക്ക് ജനത്തെ ആകർഷിക്കുകയായിരുന്നു. ശ്രോതാക്കളുടെ ആഗ്രഹം പൂർത്തീകരിക്കാൻ ഒരു റെേക്കാഡിങ് സ്റ്റുഡിയോതന്നെ തുടങ്ങേണ്ടിവന്നു അദ്ദേഹത്തിന്. അങ്ങനെയാണ് ‘തരംഗിണി’ സ്റ്റുഡിയോ പിറക്കുന്നത്. പാട്ടുകച്ചവടക്കാരൻ എന്ന് സക്കറിയ കളിയാക്കിയെങ്കിലും ശ്രോതാക്കളുടെ സംവേദനശീലത്തെ അത്‌ സമ്പന്നമാക്കിയിട്ടുണ്ട്. സിനിമാഗാനങ്ങളിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മെലഡിയെ വീണ്ടെടുക്കാനാണ് താൻ സ്റ്റുഡിയോ സ്ഥാപിച്ചതെന്ന് യേശുദാസ് പറഞ്ഞതിലും കഴമ്പുണ്ട്. ‘എൻമനം പൊന്നമ്പലം...’ ‘ആ ദിവ്യനാമം...’ തുടങ്ങിയ പാട്ടുകൾ ഏതുസിനിമാഗാനത്തെയും അതിശയിക്കാൻ പോന്നതത്രേ!

യേശുദാസ്‌ എന്ന പ്രതീകം

സ്വാമിഭക്തനായി താടിവളർത്തി ദീക്ഷിതനായി ശബരിമലകയറുന്ന, സന്നിധാനത്തിൽ സംഗീതക്കച്ചേരികൾ നടത്തുന്ന യേശുദാസ് ഭക്തജനങ്ങളെ വല്ലാതെ സ്വാധീനിക്കുന്നുണ്ടായിരുന്നു. ഈ സ്വീകാര്യത യേശുദാസിനെ ശബരിമലയുടെ ഗായകനാക്കി. ശബരിമല ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ‘ഹരിവരാസനം’ ആലപിക്കാൻ യേശുദാസ് നിയുക്തനായി. തിരുപ്പതിയിൽ എം.എസ്. സുബ്ബലക്ഷ്മിക്ക് ലഭിച്ച പദവിയിൽക്കുറഞ്ഞ ഒന്നുമല്ല ഇതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ശബരിമല അയ്യപ്പക്ഷേത്രത്തിന് അതിന്റെ സവിശേഷതകൾക്കൊത്ത ജാതിഭേദമതദ്വേഷമില്ലാത്ത ഭക്തനായ ഒരു ഗായകനെ അതിന്റെ പൂർണ അളവിൽ കിട്ടുകയായിരുന്നു.

പാട്ടിന്റെ പൊരുൾ

‘ഹരിവരാസനം’ ഇന്ന് അതിന്റെ രചനയുടെ പേരിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്. ഹരിവരാസനം രചനയുടെ ശതാബ്ദിയാഘോഷം ഈ വർഷം ഓഗസ്ത്‌ 29-ന് ആരംഭിക്കുകയുണ്ടായി. ശബരിമല അയ്യപ്പസേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ‘പതിനെട്ടുപടികൾ’ എന്ന സങ്കല്പത്തിൽ പതിനെട്ടുമാസം നീണ്ടുനിൽക്കുന്ന പരിപാടികൾ 2024 ജനുവരിയിൽ സമാപിക്കും. ‘ഹരിവരാസനം’ എന്ന പേരിൽ പ്രശസ്തമായ ഹരിഹരാത്മജ അഷ്ടകം എന്ന സ്തോത്രം 1955 മുതൽ അത്താഴപ്പൂജയ്ക്കുശേഷം ക്ഷേത്രസന്നിധിയിൽ ആലപിച്ചുകൊണ്ടിരിക്കയാണ്. വി.ആർ. ഗോപാലമേനോൻ എന്ന ഭക്തനായിരുന്നു ആലാപനം ഭംഗിയായി തുടങ്ങിവെച്ചത്. തുടർന്ന് ഈശ്വരൻ നമ്പൂതിരി അതേറ്റെടുത്തതോടെ ആ അനുഷ്ഠാനം ഉറച്ചു. 1974-ൽ ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമയിൽ ആ ഗാനം ഉൾപ്പെടുത്താൻ നിർമാതാവ് ആഗ്രഹിക്കുന്നു. അങ്ങനെ സംഗീതസംവിധായകൻ ദേവരാജൻ അതിനെ ഇമ്പമേറിയ ‘മധ്യമാവതി’രാഗത്തിലാക്കി. പിൽക്കാലത്ത് അതിനെ യേശുദാസ് തന്റെ ഗന്ധർവസ്പർശത്തിലൂടെ ഇന്നത്തെ അനുഭവഘനമാക്കി മാറ്റുകയായിരുന്നു!

ഹരിവരാസനത്തിന്റെ രചയിതാവ് കുമ്പക്കുടി കുളത്തൂർ അയ്യരാണെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ, പിൽക്കാല അന്വേഷണങ്ങളിൽ അദ്ദേഹം കേവലം ‘സമ്പാദകൻ’ ആണെന്ന് തെളിഞ്ഞു. ജാനകിയമ്മ എന്ന സ്ത്രീ 1923-ൽ ‘ഹരിഹരാത്മജ അഷ്ടകം’ എന്ന പേരിൽ രചിച്ച കൃതിയാണതെന്നാണ്‌ ഇപ്പോൾ തീർച്ചപ്പെടുത്തിയിട്ടുള്ളത്‌. തന്റെ ഹരിവരാസനം സിനിമയിലൂടെ കേൾക്കാനുള്ള ഭാഗ്യം ജാനകിയമ്മയ്ക്കുണ്ടായില്ല. അതിനുമുമ്പേ അവർ അന്തരിച്ചു.

പിഴച്ചുപോയ നിരീക്ഷണങ്ങൾ

ഹരിവരാസനത്തിന് രചനാവൈശിഷ്ട്യംകൊണ്ട് കീർത്തനസാഹിത്യത്തിലെ അമൂല്യരത്നമാകാൻ അർഹതയുണ്ടോ? ഇത്തരമൊരു ചിന്ത ‘ഹരിവരാസനത്തിന്റെ കമ്പോളയുക്തി’ എന്ന പഠനത്തിൽ എതിരൻ കതിരവൻ ഉന്നയിക്കുന്നു. ‘അർഥശൂന്യമായ പദങ്ങളും വിശേഷണങ്ങളും ഏകാഗ്രത വെടിഞ്ഞ രചനയുമൊക്കെ നിറഞ്ഞ ഒരു സൃഷ്ടിയാണ് ഹരിവരാസനം’ എന്നിങ്ങനെ കഠിനമായി എതിർക്കുന്നുണ്ട് എതിരൻ. പദങ്ങൾ നുള്ളിയെടുത്ത് കടിച്ചുപൊട്ടിച്ചുകൊണ്ടുള്ള എതിരന്റെ എതിർപ്പുകൾ ചിലപ്പോൾ പിഴച്ചുപോകുന്നുണ്ട്. ‘പ്രണയസത്യകം’ എന്നതിനർഥം പറയുമ്പോൾ ‘സത്യകൻ’ എന്നൊരു പുത്രൻ ശാസ്താവിനുള്ളതായി അദ്ദേഹം ഓർക്കുന്നില്ല. ‘നർത്തനപ്രിയം’ എന്നതിനെ ആട്ടക്കാരൻ എന്നമട്ടിൽ ലഘൂകരിച്ചുകണ്ടത് ഉചതമായില്ല. പ്രപഞ്ചപാലനം കേവലം ലീലയാണ്, നർത്തനമാണ് എന്ന പതിവുസങ്കല്പം തന്നെയാണിവിടെയും. ‘കളഭകേസരീ വാജിവാഹനം...’ എന്നിടത്ത് പുലിയെ കാണുന്നില്ലല്ലോ എന്ന പരാതി ‘സിംഹാരൂഢോ ഗജാരൂഢോ ഹയാരൂഢോ’ (ധർമശാസ്ത അഷ്ടോത്തരശതകം) എന്ന മന്ത്രം പിടികിട്ടാത്തതിന്റെ ദൗർബല്യമാണ്.

ഇത്തരം അനുഷ്ഠാനസ്തോത്രരചനകൾക്കു പിന്നിലെ ഗൂഢഗണിതങ്ങൾ വിമർശകൻ ചിന്തിച്ചിട്ടുണ്ടാവില്ല. പതിനൊന്നക്ഷരങ്ങളിൽ നാലുവരികളിലായി എട്ടുഖണ്ഡങ്ങളായിട്ടാണ് ഹരിവരാസനം രചിച്ചിരിക്കുന്നത്. 11 X 4 X 8 = 352 അക്ഷരങ്ങൾ. കൂടാതെ ‘ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ’ എന്നീ 14 അക്ഷരങ്ങളും. അങ്ങനെമൊത്തം 352+14=366 അക്ഷരങ്ങൾ. ഒരു വർഷത്തിന് 365 1/4 ദിവസങ്ങൾ എന്ന കണക്കനുസരിച്ച് പൂർണസംഖ്യയാക്കുമ്പോൾ 366 ദിവസങ്ങൾ. അതിനാൽ കാലസ്വരൂപമാണീസ്തോത്രം. വേദപ്രസിദ്ധമായ രുദ്രാസൂക്തം 11 എണ്ണം-ഏകാദശരുദ്രന്മാർ. 4, ചതുർബാഹുവായ മഹാവിഷ്ണുവിനെ സൂചിപ്പിക്കുന്നു. 8 എന്ന സംഖ്യയാകട്ടെ ദേവീപ്രസാദത്തെ കുറിക്കുന്നു. ‘അഷ്ടധാ പ്രകൃതിഃ’ എന്നുണ്ടല്ലോ. അയ്യപ്പൻ ശൈവവൈഷ്ണവശാക്തേയ സമന്വയമാണെന്ന് ഇതിനാൽ സിദ്ധം.

കീർത്തനത്തിൽ മൊത്തം 108 വാക്കുകളുണ്ട്. ഒന്ന് ബ്രഹ്മത്തെയും പൂജ്യം മായയെയും എട്ട് പ്രകൃതിയെയും കുറിക്കുന്നു. ഇതിൽനിന്ന്‌ 18 എന്ന തത്ത്വസംഖ്യ അയ്യപ്പനിൽ ആരോപിച്ച് പതിനെട്ടാം പടിയെത്തുന്നു.

പക്ഷേ, ഈ കണക്കും ശാസ്ത്രവും ഒന്നുമല്ല ‘ഹരിവരാസന’ത്തെ ഇത്രമേൽ ജനപ്രിയമാക്കിയത്. യേശുദാസ് എന്ന ഗാനഗന്ധർവന്റെ കണ്ഠശുദ്ധിയിലാണത് വിജയിക്കുന്നത്. ഹരിവരാസനം കേവലം ഉറക്കുപാട്ടുമാത്രമല്ല. മധ്യമാവതി അതിന്റെ അതിഹൃദ്യമായ അനുമന്ദ്രസ്ഥായിയിൽ യേശുദാസിനുമാത്രം സാധ്യമായ ശംഖധ്വാനത്തോടെ നമ്മുടെ ശ്രവണപുടങ്ങളിൽ പ്രകമ്പനംകൊള്ളുകയത്രേ. സന്നിധാനത്ത് അതുകേട്ട്‌ സാക്ഷാൽ അയ്യപ്പൻ മാത്രമല്ല മറ്റുസ്വാമിമാരുംനിന്നുറങ്ങുന്ന കാഴ്ച അപൂർവം. മലയിറങ്ങുന്ന അയ്യപ്പന്മാരാകട്ടെ ഹരിവരാസനത്തിന്റെ മൃദുസ്പർശമേറ്റ് കാടുറങ്ങുന്ന ആ പാതിരാവിൽ സ്വപ്നത്തിലെന്നപോലെ പമ്പയിലേക്ക് പതുക്കെ ഇറ്റുവീഴുകയാണ്.

എഴുത്തുകാരനും കലാനിരൂപകനുമാണ്‌ ലേഖകൻ

Content Highlights: Sabarimala Pilgrimage and Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented