'ഉറുമ്പ് അരി കൊണ്ടുപോകുന്നതുപോലെ ഞങ്ങളെത്തിച്ച പലതുമുണ്ട് സന്നിധാനത്ത്'


ശെൽവൻ ചുമടുമായി സന്നിധാനത്ത്‌

ശബരിമല: സന്നിധാനത്ത് കെ.എസ്.ഇ.ബി. ഓഫീസിന്റെ മുൻപിലെ പടിക്കെട്ടിലിരുന്ന് ശെൽവൻ പറഞ്ഞു,-‘ഉറുമ്പ് അരി വലിച്ചുകൊണ്ട്‌ പോകുംപോലെ ഞങ്ങൾ കുറച്ചുപേർ പമ്പയിൽനിന്ന്‌ കൊണ്ടുവന്ന ഒത്തിരി കാര്യങ്ങൾ ഈ സന്നിധാനത്തുണ്ട്.’

ശരിയാണ്, ശെൽവൻ കൊണ്ടുവന്നവയിൽ ഇവിടത്തെ കെട്ടിടങ്ങളുടെ ഉൾക്കരുത്തായ ഉരുക്കുകമ്പികളുണ്ട്, ജനറേറ്ററുകളുണ്ട്, ട്രാൻസ്‌ഫോമറുകളുണ്ട്...ട്രാക്ടറുകൾ വ്യാപകമാകുംമുമ്പ് സന്നിധാനത്ത് എങ്ങനെ ഇത്രയും കെട്ടിടങ്ങൾ പണിതു എന്നുചിന്തിച്ച് വിസ്മയിക്കുന്നവരുണ്ടാകും. അവർക്കുള്ള ഉത്തരമാണ് ശെൽവനും ഒപ്പമുണ്ടായിരുന്ന അൻപതോളം ചുമട്ടുകാരും.

കരുനാഗപ്പള്ളി മണപ്പള്ളി തഴവ കൊച്ചുപുന്തല കിഴക്കേതിൽ ആർ.ശെൽവൻ എന്ന 58-കാരൻ 18-ാംവയസ്സുമുതൽ ശബരിമല നട എന്നൊക്കെ തുറക്കുന്നോ, അന്നെല്ലാം ഇവിടുണ്ടാകും. ട്രാക്ടറിൽ സാധനങ്ങൾ തകൃതിയായി എത്തിക്കൊണ്ടിരിക്കുന്ന ഇപ്പോൾ, വല്ലപ്പോഴും കിട്ടുന്ന തലച്ചുമടിലാണ് ശെൽവന്റെ പ്രതീക്ഷ. 2007-ൽ പമ്പയിൽ ഒരു വലിയ കല്ലുവീണ് അറ്റുപോയ വലതുകൈയുടെ പരിമിതിയെ ജീവിക്കാനുള്ള കൊതികൊണ്ട് തോൽപ്പിക്കുകയാണിദ്ദേഹം.

ഡോളി സർവീസിൽ ആളെത്തികയാതെ വരുമ്പോൾ അപൂർവ അവസരവും ഉണ്ട്.

അരവണയന്ത്രം പകുതിവഴിവരെ എത്തിച്ചു

: പമ്പയിൽനിന്ന് ഉന്തുവണ്ടിയിൽ കയറ്റി അരവണയന്ത്രവുമായി സന്നിധാനത്തേക്ക് ശെൽവനും 30 പേരും പുറപ്പെട്ടത് ഒരു പരാജയ കഥയായിരുന്നു. സ്വാമി അയ്യപ്പൻ റോഡ് ഇപ്പോഴത്തെപ്പോലെ കോൺക്രീറ്റല്ല. അഞ്ചുടണ്ണോളം ഭാരം. ആഞ്ഞുവലിച്ചെങ്കിൽ മാത്രമേ ഓരോ ഇഞ്ചും നീങ്ങൂ. കുത്തനെയുള്ള കയറ്റംകയറി വരുമ്പോൾ ഉന്തുവണ്ടിയുടെ മധ്യഭാഗം റോഡിനു നടുവിലെ കൂനയിൽ ഉടക്കി. ദൂരം പകുതിയായിട്ടുണ്ട്. ആവതു പിടിച്ചുനോക്കി. അനക്കമില്ല.

സന്നിധാനത്ത് അന്നൊരു ട്രാക്ടർ ഓടുന്നുണ്ടായിരുന്നു. അത് കൊണ്ടുവന്ന് മുൻപിലെ പെട്ടി അഴിച്ചുമാറ്റി ഉന്തുവണ്ടി കെട്ടി.

ട്രാക്ടർ റിവേഴ്‌സിൽ വലിച്ചു. ശെൽവനും സംഘവും നന്നായി ഉന്തിക്കൊടുത്തു. രാവിലെ പുറപ്പെട്ട യന്ത്രം രാത്രി വൈകി സന്നിധാനത്തെത്തിച്ചു.

രണ്ടു ദിവസമെടുത്ത് നെയ്‌ത്തോണി

: സന്നിധാനത്ത് മുമ്പുണ്ടായിരുന്ന നെയ്‌ത്തോണി രണ്ടുദിവസംകൊണ്ടാണ് 20 പേർ ചേർന്ന് എത്തിച്ചത്. ഇത് ശ്രീകോവിലിന്റെ പടിഞ്ഞാറുഭാഗത്തുവരെ ഉന്തുവണ്ടിയിലെത്തിച്ചു. പിന്നീട്, ചെരിച്ചുവെച്ച കഴകളിൽ വെച്ചശേഷം വലിച്ചുകയറ്റുകയായിരുന്നു.

കെ.എസ്.ഇ.ബി.യുടെ ട്രാൻസ്‌ഫോർമറുകളും ഇങ്ങനെ ഉന്തുവണ്ടികളിൽ വലിച്ചുകൊണ്ടുവരുകയായിരുന്നു.

കെട്ടിടങ്ങളുടെ ഇഷ്ടിക, സിമന്റ് തുടങ്ങിയവ കഴുതപ്പുറത്താണ് കൊണ്ടുപോയിരുന്നത്. എന്നാൽ, കമ്പി അങ്ങനെ കൊണ്ടുപോവുക സാധ്യമല്ല. 50 കിലോ കമ്പി തൂക്കിവാങ്ങി തലച്ചുമടായി സന്നിധാനത്ത് എത്തിക്കുകയായിരുന്നു. ഒരുചുമടിന് അന്ന് 12.50 രൂപയാണ് കിട്ടിയിരുന്നതെന്ന് ശെൽവൻ പറയുന്നു. ഒരുദിവസം മൂന്ന്‌ കമ്പിച്ചുമട് എടുക്കും.

കല്ലുവന്ന് കൈയെടുത്തു

2007-ൽ പമ്പയിൽനിന്ന് ചാലക്കയത്തേക്കുള്ള റോഡിന്റെ പണിക്കിടെയാണ് ശെൽവന്റെ വലതുകൈ നഷ്ടമായത്. മഴക്കാലമായിരുന്നു. നനഞ്ഞു കുതിർന്നിരുന്ന മണ്ണാണ് റോഡരികിൽ. വലിയൊരു പാറക്കല്ലിന്റെ അടിയിലിരുന്ന കാട്ടുകമ്പ് വിറകായി എടുക്കാമെല്ലോ എന്നുകരുതി വലിച്ചെടുത്തതാണ്. എന്നാൽ, കമ്പിനൊപ്പം കല്ലുകൂടി ഉരുണ്ടുവന്നു. വന്നുവീണത് വലതുകൈയിൽ. കൈപ്പത്തിക്കു മുകൾഭാഗം അപ്പോൾത്തന്നെ അരഞ്ഞുപോയി. കോട്ടയം മെഡിക്കൽ കോളേജിൽ ഏറെനാളത്തെ ചികിത്സയ്ക്കുശേഷം ഒരുകൊല്ലം കഴിഞ്ഞ് വീണ്ടും പമ്പയിലെത്തി. അതിപ്പോഴും തുടരുന്നു. നടയടയ്ക്കുമ്പോൾ പണിക്ക്‌ ആരും വിളിച്ചില്ലെങ്കിൽ നാട്ടിലേക്കുപോകും. സഹോദരിയുടെ കുടുംബത്തിനൊപ്പമാണ് താമസം.

Content Highlights: sabarimala before tractor transportation, selvan story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented