പമ്പയിൽ കുളിക്കുന്ന അയ്യപ്പൻമാർ
ശബരിമല: പമ്പാനദിയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വർധിക്കുന്നു. 100 മില്ലിഗ്രാം വെള്ളത്തിൽ 500 കോളിഫോം ബാക്ടീരിയയാണ് അനുവദനീയമായ അളവ്. പമ്പയിൽ ഇത് 1000-ത്തിനു മുകളിലാണ്.
പമ്പയിലെ വിവിധ ഭാഗങ്ങളിലെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് വർധന ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നദിയിൽ തീരെ ഒഴുക്കില്ലാത്തതാണ് വർധനയ്ക്ക് കാരണം.
ആയിരക്കണക്കിന് തീർഥാടകർ ദിവസവും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന നദിയിൽ നല്ല ഒഴുക്കുണ്ടായാലെ ബാക്ടീരയയുടെ അളവ് നിയന്ത്രിക്കാനാകൂ. ബാക്ടീരിയ വർധിക്കുന്നത് തടയാൻ കുള്ളാറിൽനിന്നു ഒരു സെക്കൻഡിൽ 5000 ലിറ്റർ വെള്ളമെങ്കിലും പമ്പയിലേക്ക് ഒഴുക്കണം.
എന്നാൽ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ. എന്നാൽ പമ്പയിൽ കുളിക്കാനിറങ്ങുന്ന തീർഥാടകരുടെ എണ്ണം വർധിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും ജില്ലാ ഭരണകൂടം എടുത്തിട്ടില്ല.
കൂടുതൽ പമ്പയുടെ താഴെഭാഗത്ത്
മലിനീകരണ നിയന്ത്രണബോർഡ് റിപ്പോർട്ട് പ്രകാരം മനുഷ്യവിസർജ്യമടക്കമുള്ള മാലിന്യങ്ങളിൽനിന്നുള്ള കോളിഫോം ബാക്ടീരിയ സാന്നിധ്യം കൂടുതൽ കണ്ടെത്തിയത് പമ്പയുടെ താഴെഭാഗത്താണ്.
ഇവിടെ 2500 ആണ് തോത്. ഞുണുങ്ങാറ്റിൽ 1900, താഴെ വന്നുചേരുന്ന ഭാഗത്ത് 1300-മാണ് കോളിഫോം ബാക്ടീരിയയുടെ തോത്. ഇതിൽ ഞുണുങ്ങാറ്റിലൂടെയാണ് മനുഷ്യവിസർജ്യം അധികവും ഒഴുകിയെത്തുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ സന്നിധാനത്ത് മലിനീകരണ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മനുഷ്യവിസർജ്യം ഇപ്പോഴും താഴേക്ക് ഒഴുകുന്ന സ്ഥിതിയാണ്.
ത്രിവേണിയിൽ 700, കക്കിയാർ 600 എന്ന തോതിലാണ് ബാക്ടീരിയയുടെ സാന്നിധ്യം.
അതേസമയം സന്നിധാനത്തും പമ്പയിലും കുടിവെള്ളത്തിൽ കോളിഫോം സാന്നിധ്യം ഇല്ലെന്നത് ആശ്വാസം നൽകുന്നുണ്ട്.
ഓക്സിജന്റെ അളവിലും കുറവ്
നദിയിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വർധിച്ചതോടെ വെള്ളത്തിലെ ഓക്സിജന്റെ അളവും കുത്തനെ കുറഞ്ഞിട്ടുണ്ട്.
ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് മില്ലിഗ്രാം ഓക്സിജൻ വേണമെന്നാണ് കണക്ക്. എന്നാൽ പലഭാഗത്തും ഓക്സിജന്റെ അളവ് അനുവദനീയമായതിലും വളരെ താഴെയാണ്. ഞുണുങ്ങാറിൽ 1.7, പമ്പ ത്രിവേണിയിൽ 2.7 എന്നിങ്ങനെയാണ് ഓക്സിജന്റെ അളവ്.
ഇത് വലിയ തോതിൽ തന്നെ ജലജീവികളെ ബാധിക്കും. അന്തരീക്ഷത്തിൽ ഉയർന്ന തോതിൽ പൊടിപടലങ്ങളും പമ്പയിൽ ഉണ്ടെന്ന് ബോർഡിന്റെ പരിശോധനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: sabarimala 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..