ഞായറാഴ്ച പെയ്ത കനത്തമഴയെ വകവെയ്ക്കാതെ ദർശനത്തിനായി കാത്തുനിൽക്കുന്ന അയ്യപ്പഭക്തർ
ശബരിമല: തിമർത്ത് പെയ്ത മഴയെയും തിരക്കിനെയും വകവെയ്ക്കാതെ അയ്യനെക്കണ്ട് പുണ്യവുമായി പതിനായിരങ്ങൾ.വെള്ളിയാഴ്ചമുതൽ തുടങ്ങിയ തിരക്ക് സന്നിധാനത്ത് ഞായറാഴ്ചയും തുടർന്നു.ശക്തമായ മഴ ശരണപാതകളെയും സന്നിധാനത്തെയും ബുദ്ധിമുട്ടിലാക്കി. രാവിലെമുതൽ ചെറിയ രീതിയിൽ മഴ പെയ്തുതുടങ്ങിയിരുന്നു.അത് വൈകീട്ടായപ്പോഴേക്കും കനത്തമഴയും കോടമഞ്ഞുമായി മാറി. രാവിലെമുതൽതന്നെ പമ്പയിൽനിന്ന് ഘട്ടം ഘട്ടമായാണ് ഭക്തരെ കടത്തിവിട്ടിരുന്നത്.
മഴപെയ്തുകൊണ്ടിരുന്നപ്പോൾ പലരും പമ്പയിൽനിന്ന് കയറാതെയിരുന്നു. അതിനാൽ അവിടെ വൻ തിരക്ക് അനുഭവപ്പെട്ടു.മഴയെ തുടർന്ന് മലകയറാനാവാതെ ശരണപാതയിൽ ചില തീർഥാടകർ കുടുങ്ങി.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് പാടുപെടുകയാണ്. കഴിഞ്ഞദിവസം മരക്കൂട്ടത്തിനടുത്തുവെച്ചുണ്ടായ തിക്കിലും തിരക്കിലുംപെട്ട് തീർഥാടകർക്കും പോലീസിനും പരിക്കേറ്റിരുന്നു. തുടർന്ന് വടം പൊട്ടി തീർഥാടകരെല്ലാരും കൂട്ടത്തോടെ സന്നിധാനത്ത് എത്തിയപ്പോൾ തിരക്ക് നിയന്ത്രണാതീതമായി. പതിനെട്ടാംപടി കയറ്റുന്നതിൽ വേഗതക്കുറവുണ്ടെന്നാണ് ദേവസ്വം ജീവനക്കാർ പറയുന്നത്.
നടപ്പന്തലിൽ ശനിയാഴ്ച രാത്രിയുണ്ടായ തിരക്കിൽ കുട്ടികളും മാളികപ്പുറങ്ങളുമടക്കം നിരവധിപേർക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടു.ഇവരെ സന്നിധാനം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർ ദിവസങ്ങളിലും തിരക്ക് ഉണ്ടാകുമെന്നാണ് പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും കണക്കുകൂട്ടൽ. തിങ്കളാഴ്ചത്തെ ബുക്കിങ് 1,07,260 ആണ്.
ഈ മണ്ഡലക്കാലത്തെ ഏറ്റവും ഉയർന്ന ബുക്കിങ്ങാണിത്. ഇത് രണ്ടാം തവണയാണ് ഈ സീസണിൽ ഒരു ലക്ഷത്തിന് മുകളിൽ ബുക്കിങ് വരുന്നത്.ശബരിമല തീർഥാടകരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തരെ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് നിയന്ത്രണവിധേയമായി ഘട്ടം ഘട്ടമായേ കടത്തി വിടുകയുള്ളൂ.ഇതിനായി ഒരോ പോയിന്റിലും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ശബരിമല സ്പെഷ്യൽ ഓഫീസർ ഹരിശ്ചന്ദ്രനായിക് പറഞ്ഞു. ഭക്തർ തിരക്കിൽപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ഘട്ടമായി തിരിക്കുന്നത്.
വരിയിൽ നിൽക്കുന്ന ഭക്തർക്ക് ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിക്കും. പോലീസിന് പുറമേ ആർ.എ.എഫ്., എൻ.ഡി.ആർ.എഫ്. സേനാംഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കും. 13-ന് 77,216 പേരും 14-ന് 64,617 പേരുമാണ് ശബരിമല ദർശനത്തിനായി ഓൺലൈനിൽ ഞായറാഴ്ച വൈകീട്ടുവരെ ബുക്ക് ചെയ്തിരിക്കുന്നത്.
Content Highlights: sabarimala 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..