പമ്പയിൽനിന്ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസിൽ കയറിക്കൂടാനുള്ള അയ്യപ്പഭക്തരുടെ ശ്രമം
നടതുറന്ന 16 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി 4.18 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി. നേടിയത്. 21-നാണ് കൂടുതൽ വരുമാനം. 52 ലക്ഷമാണ് ലഭിച്ചത്. 169 ലോ ഫ്ളോർ ബസുകളാണ് റൂട്ടിൽ സർവീസ് നടത്തുന്നത്. ഇതിൽ 40 ബസുകൾ എ.സി.യും ബാക്കി നോൺ എ.സി.യുമാണ്. കണ്ടക്ടർ ഇല്ലാതെയാണ് ഇത്തവണ സർവീസ് നടത്തുന്നത്. ബസിൽ കയറും മുൻപ് കൗണ്ടറിൽ നിന്നു ടിക്കറ്റ് എടുക്കണം. എ.സി. ബസിന് 80 രൂപയും നോൺ എ.സി. ബസിന് 50 രൂപയുമാണ് നിരക്ക്. നിലയ്ക്കൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ താത്കാലികമായി കെട്ടിയ ഷെഡ്ഡിലാണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്. 10 കൗണ്ടറാണ് ഉള്ളത്. നിലയ്ക്കൽനിന്നു പമ്പയിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ഒരുമിച്ച് എടുക്കാം. ടിക്കറ്റ് കളയാതെ സൂക്ഷിക്കണമെന്നുമാത്രം. നഷ്ടപ്പെട്ടാൽ പമ്പ മണപ്പുറത്തുള്ള കൗണ്ടറിൽ നിന്നും വീണ്ടും ടിക്കറ്റെടുക്കണം. പമ്പയിൽ നിന്നു വിട്ടാൽ നിലയ്ക്കൽ സ്റ്റാൻഡിൽ മാത്രമാണ് ബസ് നിർത്തുക.
പമ്പയിൽ നിന്നുള്ള ദീർഘദൂര സർവീസുകളുടെയും വരുമാനം കൂടിയിട്ടുണ്ട്. മറ്റ് ഡിപ്പോകളിൽ നിന്നും വരുന്നതിൽ ചെങ്ങന്നൂർ, പത്തനംതിട്ട, എരുമേലി എന്നിവയ്ക്കാണ് വരുമാനം അധികവും ഉള്ളത്.
തിരക്കനുസരിച്ച് കൗണ്ടറുകൾ വർധിപ്പിക്കുന്നില്ല
അതിനിടെ, തിരക്ക് വർധിക്കുന്നതിനുസരിച്ച് കൂടുതൽ കൗണ്ടറുകൾ ഒരുക്കാത്തത് തീർഥാടകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ബസുകളിലും മറ്റുമെത്തി വാഹനം പാർക്ക് ചെയ്ത് കെ.എസ്.ആർ.ടി.സി.യിൽ കയറിപ്പറ്റാൻ അരമണിക്കൂറോളം കാത്തുനിൽക്കേണ്ട അവസ്ഥയുള്ളതായി ഒട്ടേറെ തീർഥാടകർ പറയുന്നു.
പമ്പയിലും സമാന അവസ്ഥയാണ്. മലയിറങ്ങിവരുന്ന തീർഥാടകരിൽ തിരിച്ചുള്ള ടിക്കറ്റ് എടുക്കാതിരുന്നവരും, ടിക്കറ്റ് നഷ്ടപ്പെട്ടവരും കൗണ്ടറുകളിലേക്കാണ് ഓടിയെത്തുന്നത്.
ഇവിടെയും ഇതേദുരിതമാണ് തീർഥാടകർ നേരിടുന്നത്. ഇതുകാരണം ഒരു സംഘത്തിൽ വരുന്നവർതന്നെ പല ബസിലാണ് കയറി പോകുന്നത്.
നിലയ്ക്കലിലും പമ്പയിലുമുള്ള താത്കാലിക ഷെഡ്ഡുകളോട് ചേർന്ന് കൂടുതൽ കൗണ്ടറുകൾ തുറന്നാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ഇടവിട്ട് ബസുകൾ സർവീസ് നടത്തുന്നതാണ് തീർഥാടകരുടെ ഏക ആശ്വാസം.
Content Highlights: sabarimala 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..