പുല്ലുമേട് വഴിയുള്ള കാനനപാതയിലൂടെ സന്നിധാനത്തേക്ക് എത്തിചേരുന്ന ഭക്തർ
ശബരിമല: സത്രം-പുല്ലുമേട് പാതയിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാൽനടയായി സഞ്ചരിച്ച് വിലയിരുത്തി ഇടുക്കി സബ് കളക്ടർ അരുൺ എസ്.നായരും സംഘവും. വണ്ടിപ്പെരിയാറിലെ സത്രത്തിൽ നിന്നും പുല്ലുമേട് വഴി ശബരിമല സന്നിധാനത്തെത്തുന്ന 16 കിലോമീറ്റർ കാനനപാതയിലൂടെയാണ് സബ് കളക്ടറും സംഘവും സഞ്ചരിച്ചത്. പീരുമേട് തഹസിൽദാർ അജിത്ത് ജോയി, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘവും ഒപ്പമുണ്ടായിരുന്നു. സംഘം ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടവും സന്ദർശിച്ചു.
2018-ലെ വെള്ളപ്പൊക്കത്തിനുശേഷം ഈ വർഷമാണ് ഇടുക്കിയിൽനിന്ന് കാനനപാതയിലൂടെ തീർഥാടകരെ കടത്തിവിടുന്നത്. രാവിലെ ഏഴുമുതൽ 2.30 വരെ വണ്ടിപ്പെരിയാറിലെ സത്രം ചെക്ക് പോസ്റ്റിൽനിന്ന് വനം വകുപ്പിന്റെയും പോലീസിന്റെയും പരിശോധനകൾക്ക് ശേഷമാണ് കാനനപാതയിലേക്ക് ഭക്തരെ കടത്തിവിടുക. സത്രം, സന്നിധാനത്തിന് സമീപത്തെ ചെക്ക് പോസ്റ്റ് എന്നിവ കൂടാതെ കാനനപാതയിലെ ആറ് പോയിന്റുകളിലും വനം വകുപ്പ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്. മൂന്ന് കിലോമീറ്റർ വ്യത്യാസത്തിൽ ഇക്കോ ഗാർഡുകളും തീർഥാടകർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ പ്രവർത്തിക്കുന്നുണ്ട്. തീർഥാടകർക്ക് സത്രം വരെ വാഹനങ്ങളിൽ എത്താം.
ശബരിമല തീർഥാടകർക്കായി 52 ഇടത്താവളങ്ങൾ
ശബരിമല: സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി എത്തുന്ന ശബരിമലതീർഥാടകർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ വിവിധയിടങ്ങളിലായി 52 ഇടത്താവളങ്ങൾ. ഇതിന് പുറമേ കൊച്ചിൻ, മലബാർ ദേവസ്വങ്ങൾക്കു കീഴിൽ വരുന്ന 12 ക്ഷേത്രങ്ങളിലും സർവ സജ്ജീകരണങ്ങളുമായി ഇടത്താവളങ്ങളങ്ങൾ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഈ ഇടത്താവളങ്ങൾ പ്രവർത്തിക്കും. പോലീസിന്റെ നൈറ്റ് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. വിരിവെയ്ക്കാനുള്ള ഷെൽട്ടർസൗകര്യം, കുടിവെള്ളം, ആഹാരം, ടോയ്ലറ്റ് എന്നിവ എല്ലാ ഇടത്താവളങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. പുഴയില്ലാത്ത ഇടങ്ങളിൽ കുളിക്കുന്നതിനായി ഷവർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇടത്താവളങ്ങൾ സംബന്ധിച്ച വിവരങ്ങൾ sabarimalaonline.org എന്ന വെബ്സൈറ്റിലും നൽകിയിട്ടുണ്ട്.
Content Highlights: sabarimala 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..