ശബരിമലയിൽ നടന്ന കളഭ എഴുന്നള്ളത്ത് | ഫോട്ടോ: ജി ശിവപ്രവസാദ് / മാതൃഭൂമി
ശബരിമല: ഒരു കാലത്ത് സന്നിധാനത്ത് സുവർണകാലമായിരുന്നു ചുമട്ടുതൊഴിലാളികൾക്ക്. എന്നാൽ, ഇപ്പോൾ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് ട്രാക്ടറുകളിൽ സാധനം എത്തിച്ചുതുടങ്ങിയതോടെ ഇവരുടെ പ്രതീക്ഷകൾ മങ്ങി. ഇപ്പോൾ നീലിമലപ്പാതയിൽ അപ്പാച്ചിമേടുവരെ മാത്രമാണ് ചുമട്ടുകാരെ വിളിക്കുന്നത്. കാരണം ഈ റൂട്ടിൽ ട്രാക്ടറുകളില്ല. സ്വാമി അയ്യപ്പൻ റോഡിലെ കടക്കാരും ട്രാക്ടറിലാണ് സാധങ്ങളെത്തിക്കുന്നത്.
പകർച്ചവ്യാധി പ്രതിരോധം: സന്നിധാനത്ത് ഫോഗിങ് നടത്തി
ശബരിമല: കൊതുകുജന്യ രോഗപ്രതിരോധത്തിനായി സന്നിധാനത്ത് വെള്ളിയാഴ്ച ഉറവിടനശീകരണവും സ്പ്രേയിങ്ങും നടത്തി. സന്നിധാനംമുതൽ മരക്കൂട്ടംവരെ ഇരുപാതകളിലുമുള്ള ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ശുചിത്വ പരിശോധന നടത്തി. കൊതുകുനിവാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് പോലീസ് ബാരക്ക് ഭാഗത്ത് ഫോഗിങ് നടത്തിയിരുന്നു. സന്നിധാനത്തെ പോലീസ് ബാരക്കിലെ ചിക്കൻപോക്സ് സ്ഥിരീകരിച്ച അഞ്ച് പോലീസുകാരെ 22-ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ബാരക്ക് അണുവിമുക്തമാക്കിയിരുന്നു. ചിക്കൻപോക്സ് വായുജന്യരോഗമായതിനാൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
എരുമേലി:എരുമേലിയിൽ ഭക്തരുടെ തിരക്ക് ഏറുകയാണ്. പേട്ടതുള്ളൽപാതയിൽ വൺവേ ഏർപ്പെടുത്തിയതോടെ സമാന്തരപാതയായ ടി.ബി. റോഡിൽ ഗതാഗതക്കുരുക്കായി. രണ്ട് ദിവസം അവധിയായതിനാൽ തിരക്ക് വീണ്ടും വർധിക്കുകയാണ്.
വെള്ളിയാഴ്ച പുലർച്ചെ മുതൽ വൈകിട്ട് ആറുവരെ എരുമേലി കെ.എസ്.ആർ.ടി.സി. സെന്ററിൽ നിന്നും 49 സർവീസുകൾ പമ്പയ്ക്ക് അയച്ചു.
എം.എൽ.എയുടെ ഓഫീസ് തുറന്നു
എരുമേലി ടൗണിലെ ക്രസന്റ് ബിൽഡിങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ഓഫീസ് തുറന്നു. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. തങ്കമ്മ ജോർജുകുട്ടി, ശുഭേഷ് സുധാകരൻ, അനുശ്രീ സാബു, പി.എ. ഇർഷാദ്, സി.എ.എം. കരീം, നാസർ പനച്ചി, ബിനോ ജോൺ ചാലക്കുഴി, സുശീൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ പ്രവർത്തന ക്ഷമത നിരീക്ഷിക്കുകയാണ് ലക്ഷ്യം.
ആശ്വാസമാണ് കുടിവെള്ള വിതരണം...
ധർമശാസ്താ ക്ഷേത്ര വളപ്പിൽ ദേവസ്വം ബോർഡിന്റെ കുടിവെള്ള വിതരണം ഭക്തർക്ക് ആശ്വാസമാണ്. തിളപ്പിച്ചാറിയ ചുക്കുവെള്ളമാണ് വിതരണം ചെയ്യുന്നത്. 24 മണിക്കൂറും കുടിവെള്ള വിതരണമുണ്ട്.
Content Highlights: sabarimala 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..