ശബരി പദ്ധതിക്ക് വേണ്ട് കാലടിയിൽ നിർമ്മിച്ച റെയിൽ വേ ട്രാക്ക് കാടുകയറിയ നിലയിൽ
പതിറ്റാണ്ടുകളായിട്ടും നടപ്പാകാത്ത ശബരി റെയിൽപദ്ധതി യാഥാർഥ്യമാകാനുള്ള സാധ്യത വീണ്ടും തെളിയുകയാണ്. റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചു എന്ന ശുഭവാർത്തയ്ക്കായാണ് കേരളം കാത്തിരിക്കുന്നത്. അത് സംഭവിച്ചാൽ നിലച്ചുപോയ പദ്ധതികാരണം കുടുക്കിലായ ആയിരക്കണക്കിന് മനുഷ്യർക്ക് ദുരിതത്തിൽനിന്നുള്ള മോചനംകൂടിയാകും.
തീർഥാടനത്തിലും ഗതാഗതത്തിലും വ്യവസായത്തിലും കൃഷിയിലും വിനോദസഞ്ചാരത്തിലും കുതിപ്പിന്റെ ട്രാക്കാണ് കേരളത്തിനുമുന്നിൽ നിവരുന്നത്. അനിശ്ചിതത്വത്തിൽ കിടന്നിരുന്ന പദ്ധതി വീണ്ടും ഉണരുന്നത് അതിവേഗ ട്രെയിനുകൾക്കുചേരുന്ന പാതയായാണ്. പദ്ധതി നടപ്പാകാത്തതിനെക്കുറിച്ച് രാഷ്ട്രീയകക്ഷികൾ പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങൾ പലതുമുണ്ട്. പക്ഷേ, ഇനി അഭിപ്രായവ്യത്യാസങ്ങൾ മറന്ന് പച്ചക്കൊടി വീശുകയാണ് പ്രധാനം.
പ്രധാനമന്ത്രി ഗതിശക്തി
വികസനസങ്കല്പങ്ങളിലുണ്ടായ വലിയ മാറ്റമാണ് കാൽനൂറ്റാണ്ട് തളർന്നുകിടന്ന ശബരിപദ്ധതിക്ക് പുതുജീവൻ നൽകുന്നത്. ലോകം ഒരുപാട് മാറി, ഒപ്പം വീക്ഷണങ്ങളും വലുതായി. വിവിധ ഗതാഗതസംവിധാനങ്ങളെ ഏകോപിപ്പിച്ച് പശ്ചാത്തല വികസനം ലക്ഷ്യമിടുന്ന പ്രധാനമന്ത്രി ഗതിശക്തിയിലൂടെ പുതിയ സാധ്യതകൾ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് വിവിധ സംസ്ഥാനങ്ങൾ.
ചെന്നൈയിൽനിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങി. രാജ്യത്തെ അഞ്ചാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ വന്ദേ ഭാരതാണ് ഇത്. 75 വന്ദേഭാരത് ട്രെയിനുകൾ വരുന്ന ഓഗസ്റ്റിനകം ട്രാക്കിലിറക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനവും നടക്കുന്നുണ്ട്. ശബരിയെ ഗതിശക്തിയിൽ ഉൾപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പ്രധാനമന്ത്രി പ്രോ ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെന്റേഷനിൽ (പ്രഗതി) ശബരിപദ്ധതി അഞ്ചുവർഷം മുൻപ് ഉൾപ്പെടുത്തിയിരുന്നു.
തലസ്ഥാനത്തേക്ക് നീളുന്ന പാത
ശബരി റെയിൽപ്പാതയുടെ മൂന്നുഘട്ടങ്ങളും പൂർത്തിയായാൽ കേരളത്തിന്റെ ഗതാഗതമേഖലയ്ക്ക് അത് വലിയ കുതിപ്പാകും. അങ്കമാലിയിൽനിന്ന് എരുമേലിവരെയാണ് ആദ്യഘട്ടം. അവിടെനിന്ന് പുനലൂർ വരെയുള്ള രണ്ടാംഘട്ടം നടപ്പായാൽ തമിഴ്നാട്ടിലേക്കും വഴി തുറക്കും.
കേരളത്തിന്റെ മൂന്നാം റെയിൽവേ ഇടനാഴിയായി അതു മാറും. നെടുമങ്ങാട് വഴി നേമംവരെയാണ് മൂന്നാം ഘട്ടം.
50,000-ത്തിൽ കൂടുതൽ ജനസംഖ്യയുള്ളതും റെയിൽവേ സൗകര്യമില്ലാത്തതുമായ നഗരങ്ങളിൽ ലൈൻ നിർമിക്കാനുള്ള റെയിൽവേയുടെ ഏറ്റവും പുതിയ പദ്ധതിയുടെ സാധ്യതാപട്ടികയിൽ നെടുമങ്ങാട്, മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ എന്നീ സ്ഥലങ്ങൾ ഇടംനേടിയിട്ടുണ്ട്. തൊടുപുഴ നേരത്തേതന്നെ ശബരി റൂട്ടിലുള്ളതാണ്. ആകെ നോക്കിയാൽ മുൻപെങ്ങുമില്ലാത്ത സാധ്യതകളാണ് കേരളത്തിനു മുന്നിലുള്ളത്.
തീരാത്ത ദുരിതം
ശബരി റെയിൽപ്പാതയ്ക്കായി 20 വർഷംമുൻപ് കല്ലിട്ട 70 കിലോമീറ്ററിലുള്ള ജനങ്ങൾ കാലങ്ങളായി കഷ്ടപ്പാടിലാണ്. ഭാഗംവെക്കൽ, അറ്റകുറ്റപ്പണി, വായ്പ, വിവാഹാവശ്യങ്ങൾ എല്ലാത്തിനും ജീവനില്ലാത്ത പദ്ധതി തടസ്സമാകുന്നു. വിവിധ സ്ഥലങ്ങളിലായി അനിശ്ചിതാവസ്ഥയ്ക്കെതിരേ പ്രതിഷേധിച്ച് ജനങ്ങളുടെ 11 കർമസമിതികളുണ്ട്. അവയുടെ അെപ്പക്സ് കമ്മിറ്റിയുമുണ്ട്. 800 കെട്ടിടങ്ങളാണ് പദ്ധതിക്കായി ഏറ്റെടുക്കാൻ നിശ്ചയിച്ചത്. രണ്ടായിരത്തോളം പേരെയാണ് സ്ഥലമെടുപ്പ് ബാധിക്കുക.
എല്ലാം അനുകൂലം
ശബരിപാതയ്ക്കെതിരേ മുൻപുണ്ടായ എതിർസ്വരങ്ങൾ ഇന്നില്ല. പദ്ധതി വൈകിയതിനെക്കുറിച്ച് ആരോപണ പ്രത്യാരോപണങ്ങൾ ഇടയ്ക്കിടെ ഉയരുന്നുണ്ട്. ഇനിയെങ്കിലും നടപ്പാക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും ഏകാഭിപ്രായമാണ്.
25 വർഷം മുൻപ് വാജ്പേയി മന്ത്രിസഭയുടെ കാലത്താണ് അങ്കമാലി-എരുമേലി ശബരി പാതയ്ക്ക് അനുമതിയായത്. അതിന്റെ വൈകാരികബന്ധം ബി.ജെ.പി.ക്കുണ്ട്. ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലൂടെ എരുമേലിക്കു പോകുന്ന ശബരിപാത പൂർത്തിയാക്കാൻ അവർക്ക് വലിയ താത്പര്യമാണ്.
വികസനത്തിലൂന്നിയ ഭരണമെന്ന പ്രഖ്യാപിതനയം ഊട്ടിയുറപ്പിക്കാൻ ഇടതുപക്ഷത്തിനും ശബരി പദ്ധതി നടപ്പാകണം. ഇഴഞ്ഞുനീങ്ങുന്ന പദ്ധതികളുടെ ഇടമാണ് കേരളമെന്ന പഴികേൾക്കാൻ സംസ്ഥാനസർക്കാരും ആഗ്രഹിക്കുന്നില്ല. സിൽവർ ലൈനിന് കേന്ദ്രാനുമതിയാകാത്ത സാഹചര്യത്തിൽ റെയിൽവേ-സംസ്ഥാനസർക്കാർ സംയുക്ത സംരംഭമായ കെ-റെയിലിനും ഈ പദ്ധതി അനിവാര്യമാണ്.
ശബരിവിഷയം പലതവണ പാർലമെന്റിൽ ഉന്നയിച്ചിട്ടുള്ളത് കോൺഗ്രസിന്റെ എം.പി.മാരാണ്. വീണ്ടും അവർ ഇക്കാര്യം ഉന്നയിക്കാനിരിക്കുകയാണ്.
Content Highlights: Sabari rail Project
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..