രാഷ്ട്രപതിഭവനിലെ വിശേഷങ്ങള്‍


വേണു രാജാമണി

ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതില്‍ രാഷ്ട്രപതിയും രാഷ്ട്രപതിഭവനും വഹിക്കുന്ന പങ്കിനെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് വളരെക്കുറച്ചുമാത്രമേ അറിയൂ. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മാധ്യമ സെക്രട്ടറിയായി രാഷ്ട്രപതിഭവനില്‍ അഞ്ചുവര്‍ഷമുണ്ടായിരുന്ന മുതിര്‍ന്ന നയതന്ത്രജ്ഞന്‍, വേണു രാജാമണി തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു

Rashtrapati Bhavan | Photo: AFP

റിപ്പബ്ലിക് ദിനാഘോഷത്തിനായുള്ള മുന്നൊരുക്കങ്ങള്‍ ഓരോവര്‍ഷവും ഡിസംബര്‍ പകുതിയോടെ രാഷ്ട്രപതിഭവനിലാരംഭിക്കും. രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ (പ്രസിഡന്റ്സ് ബോഡി ഗാര്‍ഡ്(പി.ബി.ജി.)യിലെ കുതിരകളെയാണ് ആദ്യം പരേഡിനായി തയ്യാറാക്കുന്നത്. ആഘോഷങ്ങള്‍ക്ക് ഇപ്പോഴും കുതിരകളെ പതിവായി ഉപയോഗിക്കുന്നതും സജീവമായ അശ്വസേനയുള്ളതുമായ ലോകത്തിലെ ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാഷ്ട്രപതി ഭവന്‍ ആസ്ഥാനമായാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പി.ബി.ജി. രജിമെന്റ് പ്രവര്‍ത്തിക്കുന്നത്. രജിമെന്റിലെ കുതിരകളെയെല്ലാംതന്നെ രാഷ്ട്രപതിഭവനുള്ളില്‍ പരിപാലിക്കുന്നു. 1.58 മീറ്ററിലേറെ ഉയരമുള്ളവയാണ് കുതിരകളെല്ലാം. കുതിരസവാരിയില്‍ പരിശീലനം ലഭിച്ചവരും അവയെ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുള്ളവരുമായിരിക്കും ഈ യൂണിറ്റിലെ സൈനികരും. ആറടിയിലേറെ ഉയരമുള്ളവരെമാത്രമാണ് പി.ബി.ജി.യിലേക്ക് റിക്രൂട്ട് ചെയ്യുക.

സല്യൂട്ട് സ്വീകരിക്കാന്‍ രാജ്പഥിലെ വേദിയിലേക്കുവരുന്ന രാഷ്ട്രപതിയെ രാഷ്ട്രപതിഭവന്‍മുതല്‍ കുതിരപ്പുറത്ത് അനുഗമിക്കുകയും ദേശീയഗാനത്തിന് ആജ്ഞ നല്‍കുകയും ചെയ്യുകയെന്നതാണ് റിപ്പബ്ലിക്ദിന പരേഡില്‍ ഇവരുടെ ചുമതല. പരേഡ് അവസാനിച്ചതിനുശേഷം രാഷ്ട്രപതിയെ ഔദ്യോഗികവസതിയിലേക്ക് തിരികെ അനുഗമിക്കുകയും വേണം. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തുടക്കകാലത്ത് കുതിരകള്‍ വലിക്കുന്ന വണ്ടിയിലായിരുന്നു രാഷ്ട്രപതി പരേഡിനെത്തിയിരുന്നത്. എന്നാല്‍, സുരക്ഷാകാരണങ്ങളെത്തുടര്‍ന്ന് രാഷ്ട്രപതിയുടെ യാത്ര പിന്നീട് വന്‍ സുരക്ഷാസജ്ജീകരണങ്ങളുള്ള കാറിലാക്കി. ഈ വാഹനത്തിന്റെ ഇരുവശങ്ങളിലുമായാണ് പി.ബി.ജി. സേന അണിനിരക്കുക.

രാഷ്ട്രപതിയുടെ പ്രസംഗം

രാഷ്ട്രപതിയെ സംബന്ധിച്ചാണെങ്കില്‍, റിപ്പബ്ലിക് ദിനാഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ അഭിസംബോധനചെയ്തു നടത്തുന്ന പ്രസംഗം. രാഷ്ട്രപതിഭവനിലെ ചെറിയ സ്റ്റുഡിയോയില്‍വെച്ച് ദൂരദര്‍ശന്‍ പ്രസംഗം നേരത്തേ റെക്കോഡ് ചെയ്തിട്ടുണ്ടാകും. രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമായാണ് കാലങ്ങളായി ഭൂരിഭാഗം രാഷ്ട്രപതിമാരും റിപ്പബ്ലിക് ദിന സന്ദേശത്തെ കാണുന്നത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി റിപ്പബ്ലിക് ദിന പ്രസംഗത്തെ വളരെ ഗൗരവത്തോടെ കണ്ടിരുന്നയാളാണ്. ഈ പ്രസംഗം തയ്യാറാക്കാന്‍ അദ്ദേഹം ഒരു മാസത്തോളമെടുത്തിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ആശയങ്ങളുമനുസരിച്ചുള്ള പ്രസംഗത്തിന്റെ കരടായിരിക്കും ആദ്യം തയ്യാറാക്കുക. പിന്നീട് റിപ്പബ്ലിക് ദിനത്തിന് ഏതാനും ദിവസംമുന്‍പ് പ്രസംഗം റെക്കോഡ് ചെയ്യുന്നതുവരെ അതില്‍ അദ്ദേഹം സ്വയം തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിക്കൊണ്ടേയിരിക്കും. പ്രസംഗം തയ്യാറാക്കാന്‍വേണ്ട വിവരങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാമെങ്കിലും രാഷ്ട്രപതി അതുപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല.

പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ മാധ്യമസെക്രട്ടറിയെന്ന നിലയ്ക്ക് പ്രസംഗത്തിന്റെ കരട് തയ്യാറാക്കുമ്പോള്‍ അദ്ദേഹത്തെ സഹായിക്കേണ്ടത് എന്റെ ചുമതലയായിരുന്നു. പ്രസംഗം റെക്കോഡ് ചെയ്യാനും വിവിധഭാഷകളില്‍ സംപ്രേഷണം ചെയ്യാനും ദൂരദര്‍ശനുമായിച്ചേര്‍ന്ന് സജ്ജീകരണം നടത്തുകയായിരുന്നു പ്രധാന ഉത്തരവാദിത്വം. ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന അവസാനവര്‍ഷം പ്രണബ് മുഖര്‍ജി നടത്തിയ പ്രസംഗം എത്ര തുറന്നടിച്ചതും ശക്തവുമായിരുന്നെന്ന് ഞാനിപ്പോഴും ഓര്‍ക്കുന്നു.

മുഖ്യാതിഥിയും തയ്യാറെടുപ്പുകളും

1950-ലെ ആദ്യ റിപ്പബ്ലിക് ദിനാഘോഷം മുതല്‍ത്തന്നെ വിദേശരാജ്യങ്ങളുടെ തലവന്മാരെ വിശിഷ്ടാതിഥികളായി ക്ഷണിക്കുന്ന പതിവ് തുടങ്ങിയിരുന്നു. ആ വര്‍ഷം ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് സുകാര്‍ണോയും പത്‌നിയുമായിരുന്നു മുഖ്യാതിഥികള്‍. ഡോ. രാജേന്ദ്രപ്രസാദിന്റെ സ്ഥാനാരോഹണച്ചടങ്ങിനും അവര്‍ സാക്ഷ്യംവഹിച്ചു. ഇതിന്റെ മനോഹരമായ ചിത്രം ഇപ്പോഴും രാഷ്ട്രപതിഭവനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതത് വര്‍ഷത്തെ മുഖ്യാതിഥി ആരായിരിക്കും എന്ന വിവരം പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ചാലുടന്‍തന്നെ ആ രാജ്യത്തെക്കുറിച്ചും അവരുമായി രാഷ്ട്രപതി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തോട് ആരായും. മുഖ്യാതിഥിയാകുന്ന വ്യക്തി റിപ്പബ്ലിക് ദിനത്തിന് രണ്ടുദിവസം മുന്‍പ് ഇന്ത്യയിലെത്തുകയും ഒരുദിവസം മുന്‍പ് ഉന്നതനേതാക്കളുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നതാണ് പതിവ്. രാഷ്ട്രപതിഭവനില്‍ വിശിഷ്ടാതിഥിക്ക് ആചാരപരമായ സ്വീകരണമൊരുക്കുകയും പിന്നീട് അവര്‍ പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷം വീണ്ടും രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതിയുമായി ചര്‍ച്ച നടത്തുകയും ചെയ്യും. തുടര്‍ന്ന് വിഭവസമൃദ്ധമായ വിരുന്നുമുണ്ടാകും. ഈ വിരുന്നില്‍വെച്ചാണ് രാഷ്ട്രപതി മുഖ്യാതിഥിയെ സ്വാഗതംചെയ്ത് പ്രസംഗിക്കുക. അതിഥിയുടെ മറുപടി പ്രസംഗവുമുണ്ടാകും.

ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, തിരഞ്ഞെടുക്കപ്പെട്ട എം.പി.മാര്‍, ഉന്നതോദ്യോഗസ്ഥര്‍, വ്യവസായ നേതാക്കള്‍ തുടങ്ങി വിവിധ തുറകളില്‍നിന്നുള്ളവര്‍ ഈ വിരുന്നില്‍ പങ്കെടുക്കും. അതിഥികളുടെ പട്ടികയും വിരുന്നിനുള്ള വിഭവങ്ങളുടെ പട്ടികയും തയ്യാറാക്കുന്നത് വലിയ അധ്വാനമുള്ള പണിയാണ്. മുഖ്യാതിഥിയുടെ ഇഷ്ടങ്ങള്‍ കണക്കിലെടുത്തശേഷം രാഷ്ട്രപതിഭവനിലെ അടുക്കളയിലാണ് വിഭവങ്ങളൊരുക്കുക. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള വിഭവങ്ങള്‍ ഇതിനായൊരുക്കും. വിരുന്നിന്റെ സമയത്ത് കേള്‍പ്പിക്കാനായുള്ള പാട്ടുകള്‍ രാഷ്ട്രപതിഭവനിലെ നേവല്‍ ബാന്‍ഡ് തിരഞ്ഞെടുക്കും. വിശിഷ്ടാതിഥിയുടെ രാജ്യത്തെ പാട്ടുകളും ഇതിലുണ്ടാകും.

രാഷ്ട്രപതിയുടെ വിരുന്നും ചായസല്‍ക്കാരവും

വിദേശത്തുനിന്നുള്ള ക്ഷണിതാക്കളെയും ഇന്ത്യന്‍ നേതാക്കളെയും ഒന്നിച്ചുകാണാമെന്നതിനാല്‍ ഈ വിരുന്നിലേക്ക് ക്ഷണിക്കപ്പെടണമെന്നാഗ്രഹിക്കുന്ന ഒട്ടേറെ പ്രമുഖവ്യക്തികളുണ്ടാകും. യു.എസ്. മുന്‍ പ്രസിഡന്റ് ഒബാമ വിശിഷ്ടാതിഥിയായി എത്തിയദിവസം അഞ്ഞൂറിലേറെപ്പേരാണ് വിരുന്നില്‍ പങ്കെടുത്തത്. അദ്ദേഹത്തെയും ഭാര്യ മിഷേലിനെയും കാണാന്‍ സാക്ഷാല്‍ രത്തന്‍ ടാറ്റയ്ക്കും മുകേഷ് അംബാനിക്കുംവരെ ഏറെനേരം ക്ഷമയോടെ വരിനില്‍ക്കേണ്ടിവന്നു. യു.എ.ഇ.യുടെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മുഖ്യാതിഥിയായ റിപ്പബ്ലിക് ദിനാഘോഷ വിരുന്നില്‍ എം.എ. യൂസഫലി, എംഫാര്‍ മുഹമ്മദ് അലി, ഡോ. ആസാദ് മൂപ്പന്‍, ഡോ. രവി പിള്ള, പി.എന്‍.സി. മേനോന്‍ തുടങ്ങിയ പ്രവാസിവ്യവസായികളുടെ വലിയ പങ്കാളിത്തമുണ്ടായിരുന്നു. പി.ബി.ജി.യിലെ കുതിരകളുടെ അഭ്യാസം നന്നായി ആസ്വദിച്ചെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് പ്രണബ് മുഖര്‍ജി എന്നെ ശൈഖിന് പരിചയപ്പെടുത്തുകയും ഇന്ത്യ യു.എ.ഇ. ബന്ധത്തെക്കുറിച്ച് ഞാനെഴുതിയ പുസ്തകത്തില്‍നിന്ന് ശൈഖ് സായിദിനൊപ്പമുള്ള ശൈഖ് മുഹമ്മദിന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തിരുന്നു. താനെത്ര ചെറുപ്പമാണ് ആ ചിത്രത്തിലെന്ന് കൗതുകംപൂണ്ട ശൈഖ് മുഹമ്മദിനോട് എഴുപതുകളില്‍ യുവമന്ത്രിയായിരിക്കുമ്പോള്‍ തന്റെ ആദ്യ യു.എ.ഇ. സന്ദര്‍ശനത്തിലെടുത്ത ചിത്രമാണിതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ് രാഷ്ട്രപതിയുടെ വസതിയിലെ വിരുന്ന് (അറ്റ് ഹോം റിസപ്ഷന്‍). റിപ്പബ്ലിക് ദിനത്തിന് വൈകുന്നേരം മുഗള്‍ ഗാര്‍ഡനിലെ പുല്‍ത്തകിടിയില്‍ നടത്തുന്ന ചായ സല്‍ക്കാരമാണിത്. വിദേശത്തുനിന്നുള്ള മുഖ്യാതിഥിയും അദ്ദേഹത്തിന്റെ സംഘവുമടക്കം 1500 മുതല്‍ 2000 പേര്‍വരെ അതിഥികളായി പങ്കെടുക്കും. പ്രധാനമന്ത്രി മോദി ഈ പരിപാടിയുടെ വലിയ ആകര്‍ഷണകേന്ദ്രമാണ്. അദ്ദേഹത്തിന് കൈകൊടുക്കാനും ഒപ്പം സെല്‍ഫിയെടുക്കാനും ആളുകള്‍ തടിച്ചുകൂടും.

ഇരിപ്പിടവും ഭക്ഷണവും നൂറു പരാതികളും

അതേസമയം, രാഷ്ട്രപതിഭവന്‍ ജീവനക്കാരെ സംബന്ധിച്ച് ഈ പരിപാടിയൊരു വെല്ലുവിളിയാണ്. എല്ലാ പ്രധാനവ്യക്തികളും അന്നവിടെ ഒരുമിച്ചുകൂടുന്നതിനാല്‍ പ്രത്യേക പാര്‍ക്കിങ് സംവിധാനം തയ്യാറാക്കണം. ആള്‍ക്കൂട്ടമൊഴിവാക്കാനായി എം.പി.മാര്‍, നയതന്ത്ര പ്രതിനിധികള്‍, സേനാമേധാവികള്‍, സൈന്യത്തിന്റെ ഉന്നതസ്ഥാനത്തുനിന്ന് വിരമിച്ചവര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരെയും പ്രത്യേക ഗ്രൂപ്പുകളായി തിരിച്ച് ഇരിപ്പിടങ്ങള്‍ സജ്ജമാക്കണം. ഓരോയിടത്തേക്കും വേണ്ട വലിയതോതിലുള്ള പലഹാരങ്ങള്‍ തയ്യാറാക്കണം, പ്രത്യേകിച്ചും ഭക്ഷണം മോശമായാല്‍ തുറന്നുവിമര്‍ശിക്കുന്നവരാണ് ഡല്‍ഹിക്കാര്‍.

പ്രണബ് മുഖര്‍ജിയുടെ കാലത്തുണ്ടായ ഒരു സംഭവം ഓര്‍മവരുന്നു. അദ്ദേഹം വന്നുകയറിയ ഉടന്‍തന്നെ ഒരു പരാതിയെത്തി. സോണിയാ ഗാന്ധിക്ക് വി.ഐ.പി.കളുടെ ഏരിയയില്‍ സീറ്റുണ്ട്. പക്ഷേ, മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിക്ക് ഇരിപ്പിടമില്ല. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷനേതാക്കള്‍ക്കും സുഷമാസ്വരാജിനും അരുണ്‍ ജെയ്റ്റ്ലിക്കുമൊന്നും ഇരിപ്പിടമുണ്ടായിരുന്നില്ല. അതിലവര്‍ നീരസവും പ്രകടിപ്പിച്ചു. എന്നാല്‍, രാഷ്ട്രപതിഭവനില്‍ പ്രതിപക്ഷത്തിന് എല്ലായ്പ്പോഴും പൂര്‍ണബഹുമാനം നല്‍കുന്നതില്‍ ശ്രദ്ധാലുവായിരുന്നു പ്രണബ് മുഖര്‍ജി. എല്‍.കെ. അദ്വാനിയോടും അദ്ദേഹത്തിന് വളരെ ബഹുമാനമായിരുന്നു. അദ്ദേഹം പെട്ടെന്നുതന്നെ അദ്വാനിയടക്കമുള്ള നേതാക്കള്‍ക്ക് വി.ഐ.പി. ഏരിയയില്‍ ഇരിപ്പിടമൊരുക്കാന്‍ നിര്‍ദേശം നല്‍കി.

ഈ വെല്ലുവിളികള്‍ക്കു പുറമേ, മഴയും അതിശൈത്യവും തുടങ്ങി അപ്രതീക്ഷിതമായെത്തുന്ന മറ്റു ഭീഷണികള്‍ കാണണം. പരേഡ് നടക്കുന്നിടത്ത് മണിക്കൂറുകള്‍ നില്‍ക്കാന്‍ രാഷ്ട്രപതിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രായാധിക്യം കാരണമുള്ള പ്രശ്‌നങ്ങളാലായിരുന്നു ഇത്. മുമ്പെപ്പോഴോ മോസ്‌കോയില്‍നിന്ന് വാങ്ങിയ ഒരു രോമത്തൊപ്പി ധരിച്ച് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കണമെന്നത് പ്രണബ് ദായുടെ വാശിയായിരുന്നു. ഭംഗിയില്ലാത്തതും അദ്ദേഹത്തിന്റെ മുഖത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്ന ആ തൊപ്പി വേണ്ടെന്ന് ഉദ്യോഗസ്ഥരില്‍ പലരും പറഞ്ഞെങ്കിലും അദ്ദേഹമത് ചെവിക്കൊണ്ടില്ല.

(പുനപ്രസിദ്ധീകരണം)

Content Highlights: republic day celebration in delhi, rashtrapati bhavan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented