'ഇങ്ങനെ മതിയോ റിപ്പബ്ലിക് ?'


ഡോ. ജെ. പ്രഭാഷ്

Photo: AP

റിപ്പബ്ലിക് എന്ന വാക്ക് ധ്വനിപ്പിക്കുന്നത് ജനങ്ങളുടെ പരമാധികാരമാണെങ്കിലും അവര്‍ക്ക് തീരേയില്ലാത്തത് അതാണ്. ആണ്ടിലൊരിക്കല്‍മാത്രമെത്തുന്ന റിപ്പബ്ലിക് ദിനത്തില്‍പ്പോലും അവര്‍ക്ക് ഭരണകര്‍ത്താക്കളോട് എന്തെങ്കിലും പറയാനോ ആവശ്യപ്പെടാനോ ആവില്ലല്ലോ. തിരിച്ച്, ഭരണകര്‍ത്താക്കളാണ് ജനങ്ങളോട് പലതും ആവശ്യപ്പെടുന്നത്. വിധേയത്വമാണ് ഇതില്‍ പ്രധാനം. ഇതിനവര്‍ നല്‍കിയിരിക്കുന്ന പേരുകളാണ് രാജ്യസ്‌നേഹം, ദേശീയത എന്നൊക്കെ. അതുകൊണ്ടാണല്ലോ ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളും ദേശവിരുദ്ധരുമാകുന്നത്.

മൂല്യങ്ങള്‍

ടാഗോറും ഗാന്ധിജിയും അംബേദ്കറും വിഭാവനംചെയ്ത ആശയങ്ങളുമായോ ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങളുമായോ ഇതിന് പുലബന്ധംപോലുമില്ലെന്നത് മറ്റൊരുകാര്യം. ഉദാഹരണമായി, ടാഗോറിന് ദേശസ്‌നേഹം 'മനുഷ്യബന്ധങ്ങളെ സംസ്‌കരിക്കാനുള്ള' ഉപാധിയായിരുന്നു. ദേശീയഗാനത്തില്‍ അദ്ദേഹം ആമന്ത്രണംചെയ്തത് വിദ്വേഷത്തെയല്ലല്ലോ, വൈവിധ്യത്തെയല്ലേ. നാനാത്വമാണ് ഇന്ത്യയുടെ ഏകത്വം എന്നാണല്ലോ അതില്‍ അദ്ദേഹം ഉദ്‌ഘോഷിച്ചത്. ഇതുതന്നെയാണ് ദേശീയപതാകയിലെ അശോകചക്രംകൊണ്ട് അര്‍ഥമാക്കുന്നതും. ഇന്ത്യയെന്ന ആശയമാണ് എല്ലാറ്റിലും പ്രതിഫലിക്കുന്നത്. അതിന്റെ അടയാളം ഏതെങ്കിലും മതമോ ജാതിയോ ലിംഗമോ വര്‍ഗമോ ഭാഷയോ അല്ല. ഇതെല്ലാം അതില്‍ ഉള്‍പ്പെടുമ്പോഴും അവയെ കവച്ചുെവച്ച് അത് മുന്നോട്ടുപോകുന്നു. ഒടുവിലത് ചെന്നുനില്‍ക്കുന്നത് നീതിയിലും ധര്‍മത്തിലുമാണ്. അശോകചക്രം ധര്‍മചക്രംകൂടിയാണല്ലോ.

ഇതുതന്നെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ ആലേഖനംചെയ്തിരിക്കുന്നതും. പരമാധികാരവും ജനാധിപത്യവും സോഷ്യലിസവും മതനിരപേക്ഷതയും നീതിയും സ്വാതന്ത്ര്യവും സമത്വവുമെല്ലാം പറഞ്ഞിട്ട് ഒടുവില്‍ എല്ലാറ്റിനെയും അത് വ്യക്തിയുടെ അന്തസ്സിലും രാജ്യത്തിന്റെ ഐക്യത്തിലും ഇഴചേര്‍ക്കുന്നു. ഭരണഘടനാശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ വാക്കുകള്‍ കടമെടുത്താല്‍, 'സാമാന്യജനങ്ങള്‍ക്ക് അന്നത്തെക്കാള്‍ വലുത് ആത്മാഭിമാനമാണ്'. അമൂര്‍ത്തമായ മതങ്ങളിലോ പ്രത്യയശാസ്ത്രങ്ങളിലോ അല്ല ഭരണഘടന നങ്കൂരമിട്ടുനില്‍ക്കുന്നത്, വ്യക്തിയുടെ അന്തസ്സിലാണ്. മനുഷ്യത്വത്തിന്റെ നിറവാണ് ആത്മാഭിമാനമുള്ള ജീവിതം. വീണ്ടും അംബേദ്കറിലേക്കുപോയാല്‍, 'വ്യക്തി ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമല്ല, ലക്ഷ്യം തന്നെയാണ്'. ഭരണഘടന എല്ലാ അവകാശങ്ങളും അയാളിലാണ് ചൊരിഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ പാരമ്പര്യം

ഇത്തരം മൂല്യങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് അന്യവുമല്ല. അവ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഏകപക്ഷീയമായ സൃഷ്ടിയുമല്ല. ജാതിവ്യവസ്ഥയ്ക്കും സവര്‍ണാധിപത്യത്തിനുമെതിരേ ഉയര്‍ന്ന പല കീഴാളവര്‍ഗമുന്നേറ്റങ്ങളിലും ഇവയുടെ ആദ്യാങ്കുരങ്ങള്‍ കാണാം. ആറും ഏഴും നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ അരങ്ങേറിയ ഭക്തിപ്രസ്ഥാനംതന്നെ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. അത് ബ്രാഹ്‌മണിക്കല്‍ ഹിന്ദുയിസത്തിന്റെയും ജാതി സമ്പ്രദായത്തിന്റെയും വിമര്‍ശനത്തിനപ്പുറം ലിംഗവിവേചനത്തിനെതിരായ മുന്നേറ്റമായും ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു. ഇതില്‍, സ്ത്രീ-പുരുഷ സമത്വത്തിന്റെ ഏറ്റവും വലിയ പോരാളിയായിരുന്നല്ലോ കവയിത്രികൂടിയായിരുന്ന അക്ക മഹാദേവി.

അധികാരരാഷ്ട്രീയം

ഭരണഘടനയായാലും മുകളില്‍പ്പറഞ്ഞ പ്രസ്ഥാനങ്ങളും വ്യക്തികളുമായാലും അധികാരത്തെയല്ല മഹത്ത്വമായി കാണുന്നത്/കണ്ടിരുന്നത്; മനുഷ്യത്വത്തെയാണ്. നിര്‍ഭാഗ്യവശാല്‍ അതാണ് ഇന്ത്യന്‍സമൂഹത്തില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും ഇപ്പോള്‍ കുടിയിറങ്ങിക്കൊണ്ടിരിക്കുന്നത്. അധികാരം മഹത്ത്വവത്കരിക്കപ്പെടുന്നു. രാഷ്ട്രീയംതന്നെ അതിന്റെ (അധികാരത്തിന്റെ) രൂപകമായിത്തീര്‍ന്നിരിക്കുന്നു. സര്‍വാധിപത്യം ഭാഷയില്‍നിന്നാരംഭിക്കുന്നതിനാല്‍ രൂപകങ്ങളുടെ ദുരുപയോഗം സമൂഹത്തെ നശിപ്പിക്കുമെന്ന് കണ്‍ഫ്യൂഷ്യസ് പറഞ്ഞത് ഇവിടെ നമുക്ക് ഓര്‍ക്കാം. അത്തരമൊരു സന്ദിഗ്ധാവസ്ഥയിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്.

അഭിപ്രായസ്വാതന്ത്ര്യം കനത്ത വെല്ലുവിളി നേരിടുന്നു. എന്നാല്‍, വര്‍ഗീയ-വംശീയ അധിക്ഷേപങ്ങള്‍ ഒരു ലോഭവുമില്ലാതെ തുടരുകയുംചെയ്യുന്നു. പലപ്പോഴും അതിന് നേതൃത്വംനല്‍കുന്നത് രാജ്യം ഭരിക്കുന്ന കക്ഷിയുടെ നേതാക്കളും അവരോട് ചേര്‍ന്നുനില്‍ക്കുന്നവരുമാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവേശ്വരന്റെ നേതൃത്വത്തില്‍ ബ്രാഹ്‌മണയുവതിയും ദളിത് യുവാവും വിവാഹം ചെയ്ത നാടാണിത്. 'ഇത് വിവാഹമല്ല, വിപ്ലവമാണ്' എന്നാണ് ഗിരീഷ് കര്‍ണാട് അദ്ദേഹത്തിന്റെ ഒരു നാടകത്തില്‍ (ഠമഹലറമിറമ) ഇതിനെ വിശേഷിപ്പിച്ചത്. അത്തരമൊരു നാട്ടിലാണ് ഈ നൂറ്റാണ്ടില്‍ പ്രണയം ചതുര്‍ഥിയായിരിക്കുന്നത്.

ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാകാം ഇടശ്ശേരി പില്‍ക്കാലത്ത് സങ്കടപ്പെട്ടത്: 'അഹിംസയെസ്സത്യസമത്വസ്വാതന്ത്ര്യ/ തലങ്ങളില്‍പ്പൊക്കിപ്പിടിച്ചൊരു ജനം /ഉയിര്‍നിണത്തിനാലഭിഷേകം ചെയ്തി / ട്ടവരോധിക്കുവാന്‍ കൊതിച്ചതേതിനെ;/ അതിന്റെ ചാരവുമടിച്ചുവാരിച്ചു/തളിച്ചു ചാത്തമുണ്ണുവാനിരിക്കയാം ഞങ്ങള്‍' (ആചാര്യപാദങ്ങളില്‍).

ജനാധിപത്യം തടവറയില്‍ വളരുന്ന ഒന്നല്ല. സ്വാതന്ത്ര്യം വിലക്കപ്പെടുമ്പോള്‍ സമൂഹം വളരുന്നില്ല. വളരുന്നത് പോലീസും ഭരണകൂടവുമാണ്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ആവശ്യം ഭരണഘടനാമൂല്യങ്ങളോടുള്ള ആദരവാണ്. ജനങ്ങളുടെ പരമാധികാരം ഉറപ്പാക്കലാണ്. ഇതിന് വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

പ്രാഗ് വസന്തകാലത്ത് ബുഡാപെസ്റ്റിലെ ഒരു കൊല്ലപ്പണിക്കാരന്‍ പറഞ്ഞത് ഓര്‍മവരുന്നു: 'ചിന്താശക്തിയുള്ള മനുഷ്യനായി ഭരണകൂടം എന്നെ പരിഗണിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചിന്തിക്കുന്ന കാര്യങ്ങള്‍ ഭയരഹിതമായി പറയാനും എനിക്കാവണം. അതുകേള്‍ക്കാന്‍ ഭരണകൂടം തയ്യാറാവുകയും വേണം'. ഇതാണ് ഭരണഘടന വിഭാവനംചെയ്യുന്ന വ്യക്തിയുടെ അന്തസ്സും മഹത്ത്വവും; ഇതാണ് റിപ്പബ്‌ളിക്കിന്റെ അര്‍ഥം.

(പുനപ്രസിദ്ധീകരണം)

Content Highlights: Republic Day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented