ഉണ്ടായിരുന്നു, ഉയരമുള്ള ഇങ്ങനെയൊരാൾ, അതിരുകളെ മായ്ച്ചയാൾ


എസ്. ഗോപാലകൃഷ്ണൻ | mailtogk2016@gmail.com

Khan Abdul Ghaffar Khan with Mahatma Gandhi | Photo: mathrubhumi

ഗാന്ധിജിക്ക് ഉയരം കുറവാണെന്ന് തോന്നുന്നത് ആ ജന്മം അതിര്‍ത്തിഗാന്ധിയുടെ അടുത്തുനില്‍ക്കുമ്പോള്‍ മാത്രമാണ്. ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്റെ ഇറങ്ങിയിട്ടുള്ള എല്ലാ ജീവചരിത്രങ്ങളും അഗാധമായ ആദരവോടെ വായിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. എന്നാല്‍, ഈ ലേഖനം എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചുതീര്‍ന്നപ്പോഴുണ്ടായ വികാര-വിചാര വേലിയേറ്റങ്ങളിലാണ്. പുഖ്‌തോ ഭാഷയിലെഴുതപ്പെട്ട ആത്മകഥ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത് 2021-ല്‍ മാത്രമാണ് (വിവര്‍ത്തനം: Imtiaz Ahmad Sahibzada ) . 1890-ല്‍ ജനിച്ച് തൊണ്ണൂറ്റിയെട്ടാം വയസ്സില്‍ 1988-ല്‍ അന്തരിച്ച അദ്ദേഹം ഇരുപതാം നൂറ്റാണ്ടുകണ്ട മനുഷ്യദീപഗോപുരങ്ങളില്‍ അഗ്രഗണ്യനായിരുന്നു എന്ന് ഈ ആത്മകഥ നമ്മോട് ഒരിക്കല്‍ക്കൂടി പറയുന്നത്. അപാരമായ ചരിത്രാന്ധതയാല്‍ ദിശാബോധം നഷ്ടപ്പെട്ട് ഇന്ത്യ രാഷ്ട്രീയവും ആത്മീയവുമായ ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നിനെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഈ ഉപഭൂഖണ്ഡം കണ്ട അസാധാരണമായ ഒരു മനസ്സിനെ അടുത്തറിഞ്ഞതിന്റെ വികാരവായ്പിലാണ് ഞാന്‍ ഇതെഴുതുന്നത്.

'എന്റെ ജീവിതവും സമരവും' എന്നാണ് ആത്മകഥയുടെ പേര്. നിരന്തരം ചതിക്കപ്പെട്ടപ്പോഴും മനുഷ്യനിലും അവന്റെ സ്രഷ്ടാവായ ദൈവത്തിലുമുള്ള അചഞ്ചലമായ വിശ്വാസത്തെ മുറുകെപ്പിടിച്ച് മുന്നോട്ടുനടന്ന ഒരാള്‍. അദ്ദേഹത്തെ പാകിസ്താനിലുള്ളവര്‍ 'ഹിന്ദു' എന്നു വിളിച്ചു, സംശയിച്ചു; ഗാന്ധിജിയെ ഇന്ത്യയിലുള്ളവര്‍ മുസ്ലിമെന്നു കരുതി വെടിവെച്ചുകൊന്നതുപോലെ. സ്വാതന്ത്ര്യം കിട്ടി ആറുമാസങ്ങള്‍ തികയുന്നതിനുമുന്‍പേ ഗാന്ധിജിയെ വധിച്ചെങ്കില്‍, സ്വതന്ത്രയായ പാകിസ്താനില്‍ അതിര്‍ത്തിഗാന്ധി 1948 മുതല്‍ 1958 വരെ ജയിലിലായിരുന്നു. തുടരെത്തുടരെ വീണ്ടും ജയിലില്‍. എണ്‍പതാമത്തെ വയസ്സില്‍പ്പോലും വീണ്ടും തടങ്കലിലേക്ക് അയച്ചു. 1981-ല്‍ ആത്മകഥ എഴുതിത്തീര്‍ന്നപ്പോള്‍ അവസാനം അദ്ദേഹം മാതൃഭാഷയില്‍ രണ്ടുവരി കവിതയെഴുതി.

'എന്റെ ഹൃദയത്തിലെ ഉദ്യാനത്തില്‍ ഒരു കൊടുങ്കാറ്റടിച്ചു. പൂക്കളെല്ലാം അത് തല്ലിക്കൊഴിച്ചു. വസന്തം വന്നാല്‍ മാത്രമേ ഇനിയും അവയൊക്കെ പൂവിടൂ...' ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറുള്ള ഹഷ്ട്നഗറിലാണ് ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ ജനിച്ചത്. അദ്ദേഹം തന്നെ ആത്മകഥയില്‍ പറയുന്നുണ്ട് പുരാതനമായ ബൗദ്ധ പ്രവിശ്യയായ അഷ്ടനഗരത്തിലാണ് താന്‍ ജനിച്ചതെന്ന്. ശാക്യമുനിയുടെ ഗാന്ധാരകാലത്തിലെ മനോഹരമായ ശിലാപ്രതിമകള്‍ ലഭിച്ചിട്ടുള്ള പ്രദേശമാണ് അഷ്ടനഗരം. പഷ്തൂണ്‍ സ്വത്വാഭിമാനം നിറഞ്ഞുനില്‍ക്കുന്ന ആദ്യാധ്യായത്തില്‍ കൊല്‍ക്കത്ത വരെ അധികാരം വ്യാപിപ്പിച്ചിരുന്ന ഷേര്‍ഷാ സൂരിയെക്കുറിച്ചും മഹാനായ അക്ബറിനുമുകളില്‍ ഷേര്‍ഷായ്ക്കുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചുമെല്ലാം വാചാലനാകുന്ന ബാദ്ഷാ ഖാന്‍ പിന്നീടുള്ള അധ്യായങ്ങളില്‍ മറ്റൊരു മനുഷ്യമാതൃകയുടെ പിന്തുടര്‍ച്ചക്കാരനായി വളരുന്നതുകാണാം. രാജാധികാരങ്ങളല്ല, മറിച്ച് ബുദ്ധനെയും പ്രവാചകനെയും ഗീതാകാരനെയും ഗുരുനാനാക്കിനെയും സര്‍വോപരി ഗാന്ധിജിയെയും പിന്‍പറ്റി നില്‍ക്കുന്ന ഒരു ഉന്നതരൂപമായി അദ്ദേഹം വളരുകയാണ് ചെയ്തത്.

ഗാന്ധിജിയുടെ നാഗരികതാവിമര്‍ശത്തോട് അടുത്തുനില്‍ക്കുന്ന ഒരുഭാഗം ആദ്യ അധ്യായത്തില്‍ തന്നെയുണ്ട്. 'ഇസ്ലാമിന്റെ മഹത്തായ നാമത്തില്‍ അറിവിനെ അകറ്റിനിര്‍ത്തിയ ദൗര്‍ഭാഗ്യം ഞങ്ങളുടെ ജനതയ്ക്കുണ്ടായി. യൂറോപ്പ് ഇരുണ്ടകാലങ്ങളില്‍ ജീവിച്ചിരുന്നപ്പോള്‍ ഞങ്ങളുടെ പ്രദേശത്ത് സര്‍വകലാശാലകള്‍ നിലനിന്നിരുന്നു. അയല്‍നാടുകളിലേക്ക് ഞങ്ങള്‍ പ്രകാശം ചൊരിഞ്ഞിരുന്നു. എന്നാല്‍, ഇന്ന് ഇസ്ലാമിന്റെ പേരില്‍ ഒരു ജനത പിന്നോട്ടുപോകാന്‍ തീരുമാനിക്കുകയാണ്. ബ്രിട്ടീഷ് അധിനിവേശമാണ് ഇതിന് കാരണമായത്.'

ഗാന്ധിജിയുടെ തോളില്‍ കൈയിട്ട് സഹനങ്ങളിലൂടെ

പൂര്‍ണ മതവിശ്വാസിയായിരുന്ന പിതാവ് മകനെ മദ്രസ്സയില്‍ അയച്ചതോടൊപ്പം പെഷാവറിലെ ക്രിസ്ത്യന്‍ മിഷണറി സ്‌കൂളില്‍ അയച്ചു പഠിപ്പിച്ചതിനെ നന്ദിപൂര്‍വമാണ് അദ്ദേഹം അനുസ്മരിക്കുന്നത്. ആത്മകഥയില്‍ ഉടനീളം നാം കാണുന്ന ഒരു കാര്യം ഇസ്ലാം മതവിശ്വാസങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്ന അദ്ദേഹത്തിന്റെ സ്ഥൈര്യമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരേയുള്ള സമരത്തിന്റെ ഭാഗമായി ഈ അഷ്ടനഗരക്കാരന്‍ ഇന്ത്യയില്‍ ജയിലില്‍ കിടന്നിട്ടുള്ള നഗരങ്ങള്‍ എട്ടല്ല, പതിനെട്ടോളം വരും. നാം നെല്‍സണ്‍ മണ്ടേലയുടെയും ഗാന്ധിജിയുടെയുമൊക്കെ ജയില്‍ജീവിതത്തെക്കുറിച്ച് എപ്പോഴും ഓര്‍ക്കുന്നു... എന്നാല്‍, സ്വന്തം ജീവിതത്തിന്റെ സിംഹഭാഗവും തടവില്‍ കഴിഞ്ഞ അതിര്‍ത്തിഗാന്ധിയുടെ അനുപമജീവിതത്തെ നാം അത്രകണ്ട് അടുത്തറിഞ്ഞിട്ടില്ല. തടവിലും എത്ര നിത്യസ്വതന്ത്രമായിരുന്നു ആ വ്യക്തിപ്രഭാവം! ഗുജറാത്തിലെ ജയിലില്‍ കിടക്കുമ്പോള്‍ കൂടെ തടവിലുണ്ടായിരുന്ന പണ്ഡിറ്റ് ജഗത് റാമില്‍നിന്ന് ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ ഗീത അഭ്യസിച്ചു. ജഗത് റാം തിരിച്ച് വിശുദ്ധ ഖുര്‍ -ആനും പഠിച്ചു. പണ്ഡിറ്റ് ജഗത് റാം ഇരുപതുകൊല്ലം അന്തമാന്‍ ജയിലില്‍ കിടന്നതിനുശേഷമാണ് ഗുജറാത്തിലെ ജയിലിലേക്കുവന്നത് എന്ന് ആദരവോടെ അതിര്‍ത്തിഗാന്ധി എഴുതിയിരിക്കുന്നു. ഒരു പണിയും ചെയ്യാതെ മതപ്രചാരണവുമായി നടക്കുന്ന മതപണ്ഡിതന്മാരെ വിമര്‍ശിച്ചുകൊണ്ടെഴുതിയിരിക്കുന്ന ഭാഗത്ത് അദ്ദേഹം വാര്‍ധ ആശ്രമത്തില്‍വെച്ച് ഗാന്ധിജി ഭഗവദ്ഗീത ഉദ്ധരിച്ചുപറഞ്ഞ ഒരു വാചകം പറയുന്നുണ്ട്: ' പണിയെടുക്കാതെ ഭക്ഷിക്കുന്നവര്‍ മോഷ്ടാക്കളാണ്.'

മതാത്മകമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം. എന്നാല്‍, ആ സനാതന ഇസ്ലാം തന്റെ ജീവിതത്തില്‍ കണ്ടെത്തിയ ഏറ്റവും വലിയ സഖാവ് സനാതന ഹിന്ദുവായിരുന്ന ഗാന്ധിജിയായി മാറുന്നത് വാചാലമായിട്ടല്ല ഈ ആത്മകഥ പറയുന്നത്, സൂക്ഷ്മാംശങ്ങളിലൂടെയാണ്. പാകിസ്താന്‍ -അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍നിന്ന് മധ്യേന്ത്യയില്‍ ആദ്യം അദ്ദേഹം എത്തിയത് മുസ്ലിം മതപഠനശാലയായ ദേബ്ബന്ദില്‍ ആയിരുന്നുവെങ്കിലും 1947 അവസാനം ഹിന്ദുക്കള്‍ മുസ്ലിങ്ങളെയും മുസ്ലിങ്ങള്‍ ഹിന്ദുക്കളെയും കൊല്ലുന്ന ചാവുനിലങ്ങളില്‍ ''എന്നെയാദ്യം കൊല്ലൂ...'' എന്നുപറഞ്ഞ് ഗാന്ധിജിയുടെ തോളില്‍ ൈകയിട്ടുനടന്നു, അതിര്‍ത്തികളില്ലാത്ത ഈ ഗാന്ധി.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം ആദ്യം പരിചയപ്പെടുന്നത് മൗലാന അബുള്‍ കലാം ആസാദിനെയായിരുന്നു. അദ്ദേഹത്തിന്റെ 'അല്‍ -ഹിലാല്‍' മാസിക വായിച്ചാണ് ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള ആദ്യപാഠങ്ങള്‍ ലഭിക്കുന്നതെന്ന് ആത്മകഥയില്‍ പറഞ്ഞിരിക്കുന്നു. പിന്നീട് ആ സൗഹൃദം സര്‍ദാര്‍ പട്ടേലിലേക്കും ലാലാ ലജ്പത് റായിയിലേക്കും അലി സഹോദരന്മാരിലേക്കും പണ്ഡിറ്റ് നെഹ്രുവിലേക്കും മറ്റും വളരുകയായിരുന്നു. ആത്മകഥയില്‍നിന്ന് മനസ്സിലാകുന്ന ഒരു കാര്യം അദ്ദേഹത്തിന് മുഹമ്മദലി ജിന്നയുമായി ഒരു കാലത്തും മാനസികമായ അടുപ്പം ഇല്ലായിരുന്നു എന്നതാണ് . ഈ ആത്മകഥ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിലെയും പല ചതിക്കുഴികളിലേക്കും വെളിച്ചം വീശുന്നുണ്ട്.

കടുത്ത സഹനങ്ങളെ വളരെ സ്വാഭാവികമായി നേരിടുന്ന അസാമാന്യമായ ഒരു സത്യാഗ്രഹിയായി ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, ഈ ആത്മകഥയില്‍ക്കൂടി നമ്മില്‍ പെരുക്കം വെക്കുന്നു. കഴുത്തില്‍ ചങ്ങലയിട്ട് ഇടുങ്ങിയ ജയില്‍ മുറിയിലേക്ക് തള്ളപ്പെട്ടപ്പോള്‍ അദ്ദേഹം ആദ്യം ശ്രദ്ധിച്ചത് മുറിയുടെ മൂലയില്‍ കിടക്കുന്ന മനുഷ്യമലമായിരുന്നു. എതിര്‍ത്തപ്പോള്‍, ''നാളെ രാവിലെയേ വൃത്തിയാക്കാന്‍ കഴിയൂ, ഇന്നവിടെ കിടന്നാല്‍ മതി'' എന്നു പറഞ്ഞ് നാലടി നീളമുള്ള ഒരു പുതപ്പ് ആറരയടിപ്പൊക്കമുണ്ടായിരുന്ന അദ്ദേഹത്തിന് എറിഞ്ഞുകൊടുത്തു, വടക്കു കിഴക്കേയിന്ത്യയിലെ ഒരു അതിശൈത്യകാലത്ത്. അദ്ദേഹം, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നിസ്‌കരിച്ച് കിടന്നുറങ്ങി.

ഒന്നാം ലോകയുദ്ധവുമായി ബന്ധപ്പെട്ട ഭാഗത്തെ ഒരു ഖണ്ഡിക ഞാന്‍ വിവര്‍ത്തനം ചെയ്ത് നല്‍കട്ടെ: 'ഹിന്ദുസ്ഥാനിലെ മുസ്ലിങ്ങള്‍ക്ക് ഒന്നാം ലോകയുദ്ധത്തില്‍ താത്പര്യം ഉണ്ടായത് ജര്‍മന്‍ ഭാഗത്ത് തുര്‍ക്കി ചേര്‍ന്നതോടെയാണ്. ബ്രിട്ടീഷുകാര്‍ പരാജയപ്പെട്ട് ജര്‍മനി ജയിച്ചാല്‍ ഇന്ത്യ മറ്റൊരു ജര്‍മന്‍-തുര്‍ക്കി കോളനിയാകുമെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവര്‍ക്കില്ലാതായി. ഹിന്ദുസ്ഥാനിലെ ഒരുവിഭാഗം മുസ്ലിങ്ങള്‍ക്ക് ആഭ്യന്തരവിഷയങ്ങളെക്കാള്‍ വിദേശങ്ങളിലെ രാഷ്ട്രീയത്തിലായിരുന്നു താത്പര്യം, സ്വന്തം അടിമത്തത്തെ ചോദ്യം ചെയ്യാതെ ജര്‍മനിയും തുര്‍ക്കിയും സഹായിക്കാനെത്തുമെന്ന് കരുതുന്നത് തെറ്റല്ലേ ?'

ഒന്നാം ലോകയുദ്ധകാലത്ത് ലോകമാകമാനം പടര്‍ന്നുപിടിച്ച പനിയില്‍ ബാദ്ഷാ ഖാന്റെ ഭാര്യ മരിച്ചു. മരണാസന്നനായ മകന്റെ ജീവിതം തിരികെ തരൂ, എന്നെ മരണത്തിലേക്കു വിളിക്കൂ എന്നവള്‍ പ്രാര്‍ഥിച്ചുവെന്നും പിറ്റേന്നുമുതല്‍ മകന്റെ പനി കുറയുകയും ഭാര്യയ്ക്കു പനി വരുകയും മരിക്കുകയും ചെയ്തു എന്നും അദ്ദേഹം എഴുതിയിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയത്തടവുകാര്‍ക്കെതിരായ റൗലറ്റ് നിയമത്തിനെതിരേ സ്വന്തം ഗ്രാമത്തിനടുത്തുള്ള ഉമര്‍സായിയില്‍ പ്രതിഷേധയോഗം വിളിച്ചപ്പോഴാണ് ഇരുപത്തിയൊന്‍പതാം വയസ്സില്‍ രാജാവ് എന്നര്‍ഥം വരുന്ന ബച്ച ഖാന്‍ (ബാദ്ഷ ഖാന്‍) എന്ന പേര് അദ്ദേഹത്തിന് ലഭിക്കുന്നത്. തന്നെ മഹാത്മാ എന്നു വിളിക്കരുതെന്ന് അനുയായികളോട് ഗാന്ധിജി പറഞ്ഞതുപോലെ അതിര്‍ത്തിഗാന്ധിയും തന്നെ ബാദ്ഷാ എന്ന് വിളിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഇന്നും താലിബാന്റെ ശക്തികേന്ദ്രമായിരുന്നിട്ടും , അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ അഹിംസാവാദിയായിരുന്ന ബച്ചാ ഖാന്റെ ശവകുടീരം നിലനില്‍ക്കുന്നു. ആളുകള്‍ അവിടെവന്ന് പ്രാര്‍ഥിക്കുന്നു.

ഈ ആത്മകഥയുടെ ഒരു പ്രധാന സവിശേഷത പുരുഷന്മാരെക്കാള്‍ ധൈര്യശാലികള്‍ സ്ത്രീകളാണെന്ന ബാദ്ഷാ ഖാന്റെ ഉത്തമവിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. ആദ്യ അധ്യായത്തില്‍ത്തന്നെ പഷ്തൂണ്‍ സ്ത്രീകളുടെ ആത്മബലത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. മതപുരോഹിതര്‍ സ്ത്രീകള്‍ക്കെതിരേ നടത്തുന്ന പ്രസ്താവനകള്‍ക്ക് മതപരമായ അനുമതിയില്ല എന്നദ്ദേഹം പറയുന്നു. സ്ത്രീകളുടെ അസാമാന്യ ധൈര്യത്തെക്കുറിച്ച് പറയുന്ന ഒരു ഭാഗം ഞാന്‍ ഇവിടെ പറയാം. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം ജയിലില്‍നിന്ന് മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്ന ഭര്‍ത്താവ് വീട്ടിലെത്തി. ഭാര്യ തുണി നനച്ചുകൊണ്ടിരിക്കുകയായിരുന്നു. ''നിങ്ങള്‍ ഒറ്റയ്ക്കാണോ, കൂട്ടുകാരൊക്കെ എവിടെ?''-അവര്‍ ചോദിച്ചു. പരുങ്ങിനിന്ന ഭര്‍ത്താവിനോട് കൈവിരല്‍ കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. നീലമഷിയില്‍ വിരല്‍ മുക്കി രജിസ്റ്ററില്‍ മുദ്ര പതിച്ചാലാണ് മാപ്പു നല്‍കുന്നത്. വിരലില്‍ അപമാനത്തിന്റെ നീലനിറം കണ്ട ഭാര്യ അയാളോട് പറഞ്ഞു: ''ഇനി നിങ്ങള്‍ തുണി നനച്ചോളൂ, ഞാന്‍ സ്വാതന്ത്ര്യസമരത്തിന് പോകുകയാണ്.''

ആത്മകഥയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ അദ്ദേഹം പങ്കെടുക്കുന്നതിന്റെ വിശദാംശങ്ങള്‍ ഉണ്ട്. അതുമായി ബന്ധപ്പെട്ട് നടത്തിയ ഡല്‍ഹി -ലഹോര്‍-കാബൂള്‍ യാത്രകള്‍, അലി സഹോദരന്മാരുമായുള്ള കൂടിക്കാഴ്ചകള്‍ എല്ലാം ആറാം അധ്യായം വിശകലനം ചെയ്യുന്നു. വിവിധ ജയില്‍ അനുഭവ സ്മരണകളില്‍ ഒരിടത്ത് അദ്ദേഹം പറയുന്നുണ്ട്, നമുക്ക് മനസ്സിലാകാത്ത ഭാഷയില്‍ പ്രാര്‍ഥിക്കുമ്പോള്‍ ഉള്ളതിനെക്കാള്‍ ആഴം നമ്മുടെ ഭാഷയില്‍ പ്രാര്‍ഥിക്കുമ്പോള്‍ ഉണ്ടാകുമെന്ന്. ജയില്‍ മുറികളില്‍ ഇന്ത്യന്‍ മുസല്‍മാല്‍ അവന്‍ അറിയാത്ത അറബിയിലും ഇന്ത്യന്‍ ഹിന്ദു അവന്‍ അറിയാത്ത സംസ്‌കൃതത്തിലും പ്രാര്‍ഥിക്കുന്നതിനെക്കാള്‍ ഉള്‍ക്കൊള്ളല്‍ ഒരു സിക്കുകാരന്‍ അവന്‍ അറിയാവുന്ന പഞ്ചാബിയില്‍ പ്രാര്‍ഥിക്കുമ്പോള്‍ ഉണ്ട്.

അഹിംസയിലേക്കുള്ള മനംമാറ്റം സംഭവിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന അധ്യായത്തിന് 'ധൈഷണിക വിപ്ലവം' എന്നാണ് പേരിട്ടിരിക്കുന്നത്. അഫ്ഗാനിസ്താന്റെ മണ്ണില്‍നിന്നുകൊണ്ടാണ് അസാമാന്യധൈര്യശാലിയായിരുന്ന ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ മനുഷ്യപുരോഗതി അഹിംസയിലൂടെമാത്രമേ സാധിക്കൂ, ആയുധം താഴെവെച്ചേ മതിയാകൂ എന്ന് തീരുമാനിക്കുന്നത്. സാബര്‍മതി സന്ദര്‍ശിച്ച അദ്ദേഹത്തിന് അതുപോലെയുള്ള ആശ്രമങ്ങള്‍ പഷ്തൂണ്‍ മേഖലയില്‍ സ്ഥാപിക്കണമെന്നുമുണ്ടായിരുന്നു. പക്ഷേ, ജീവിതം മുഴുവന്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തിന് സ്വന്തം ശരീരം മാത്രമേ ആശ്രമശുദ്ധിയോടെ പുലര്‍ത്താന്‍ കഴിഞ്ഞുള്ളൂ.

ജയിലില്‍ കിടന്ന് അദ്ദേഹം ആരംഭിച്ച മാസികയില്‍ 'ഇരുപതാം നൂറ്റാണ്ടും ഞാനും' എന്ന ഒരു പംക്തി ഉണ്ടായിരുന്നു (1931). ലോകചരിത്രത്തിലെ ഏറ്റവും സജീവമായ ഒരു കാലഘട്ടത്തെ അപാരമായ ദീര്‍ഘവീക്ഷണത്തോടെ നോക്കിക്കാണുന്ന ഒരു പോരാളി അവയില്‍ നിറഞ്ഞുനില്‍ക്കുന്നു. ജയില്‍ കുറിപ്പുകളിലെ ഒരുഭാഗം മാത്രം ഞാന്‍ പറയാം: 'ഹിന്ദു-മുസ്ലിം പ്രശ്‌നം ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതാണ്. ഹിന്ദുക്കള്‍ അവരുടെ കാര്യം മാത്രം നോക്കിയിരുന്നെങ്കില്‍, മുസ്ലിങ്ങള്‍ അവരുടെ കാര്യം മാത്രം നോക്കിയിരുന്നെങ്കില്‍, ഇന്ത്യ ഇത്ര മഹത്തായ ഒരു രാജ്യമാകുകയില്ലായിരുന്നു . എന്നോട് ഏറ്റവും സ്‌നേഹപൂര്‍വം പെരുമാറിയവര്‍ മുസ്ലിങ്ങളായിരുന്നില്ല, ഹിന്ദുക്കളായിരുന്നു.' (പേജ്: 143 )

ദേരാ ഖാസി ഖാന്‍ ജയിലില്‍ കിടക്കുമ്പോള്‍ ബ്രിട്ടീഷുകാരനായ മേലുദ്യോഗസ്ഥന്‍ മുസ്ലിങ്ങളോടും ഹിന്ദുക്കളോടും ഗാന്ധിത്തൊപ്പി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. സിഖുകാരോട് തലപ്പാവും. മുഹമ്മദ് ഇസ്മയില്‍ മൗലവി എന്ന തടവുകാരനും ഒരു ഹിന്ദു തടവുകാരനും സ്വാതന്ത്ര്യസമരസേനാനികളോട് പറഞ്ഞു: ''ഗാന്ധിത്തൊപ്പി അഴിച്ചുമാറ്റേണ്ടിവന്നാല്‍ പിന്നെ മുഴുവന്‍ വസ്ത്രവും ഉപേക്ഷിച്ച് പൂര്‍ണനഗ്‌നരായി ജയിലില്‍ കഴിയുമെന്ന സഹനസമരം നടത്താം.'' ആളുകള്‍ സമ്മതിച്ചു. ക്രുദ്ധനായ സായിപ്പിന് പിന്മാറാതെ നിവൃത്തിയില്ലായിരുന്നു. ഇതേ ജയിലില്‍ കിടക്കുമ്പോഴായിരുന്നു അതിര്‍ത്തിഗാന്ധിയുടെ മാതാവ് മരിച്ചത്. മരണത്തിന് ഒരുമാസം മുന്‍പ് 'മോനെ, നിന്നെ ഒന്നു കാണാന്‍ തോന്നുന്നു.' എന്നു പറഞ്ഞ് അമ്മയുടെ കത്തുവന്നിരുന്നു. ജയില്‍ അധികൃതര്‍ അനുവദിച്ചില്ല . മക്കള്‍ ഇക്കാലത്ത് അമ്മമാരെ ഒന്നു കാണാന്‍ സമയം കണ്ടെത്താത്തതു കാണുമ്പോള്‍ ഈ ആത്മകഥയുടെ പേജുകളില്‍ ഒരു മഹാധൈര്യശാലി അമ്മയ്ക്കായി പൊഴിക്കുന്ന കണ്ണീര്‍ മനസ്സിനെ പൊള്ളിക്കുന്നു.

ഹരിപ്പുര്‍ ജയിലില്‍ അദ്ദേഹം കോഴികളെ വളര്‍ത്തിയിരുന്നു. വെള്ളക്കാരനായ സൂപ്രണ്ട് ഒരുദിവസം ചെന്നപ്പോള്‍ ഒരു കോഴി അതിര്‍ത്തി ഗാന്ധിയുടെ മടിയില്‍. മറ്റൊന്ന് തോളില്‍. മറ്റൊന്ന് തലയില്‍. ഇതെന്താണ് ഞാന്‍ കാണുന്നത് എന്ന് സായിപ്പ് ചോദിച്ചു. ഗാഫര്‍ ഖാന്‍ മറുപടി പറഞ്ഞു: ''കൊല്ലാനല്ല കോഴിയെ വളര്‍ത്തുന്നതെങ്കില്‍, അവയെ സ്‌നേഹിച്ചാല്‍, അവ തിരിച്ചും സ്‌നേഹിക്കും. താങ്കള്‍ ഇതില്‍നിന്നും ഒരുപാഠം ഉള്‍ക്കൊള്ളണം. ദൈവസൃഷ്ടികളില്‍ ഏറ്റവും മഹത്തായത് മനുഷ്യനാണ്. ഈ കോഴികള്‍ക്ക് ഇത്രയും സ്‌നേഹിക്കാമെങ്കില്‍ മനുഷ്യര്‍ക്ക് എന്തുകൊണ്ട് പരസ്പരം സ്‌നേഹിച്ചുകൂടാ?

എന്റെ ആട്ടിന്‍കുട്ടികളെ നിങ്ങള്‍ ചെന്നായകള്‍ക്ക് വിട്ടുകൊടുത്തില്ലേ?

ഇനി രാഷ്ട്രീയത്തിലെ ഇരുണ്ട ഇടനാഴികളില്‍ ഈ നീതിമാന്‍ ഒറ്റപ്പെട്ടുപോയ ദിവസങ്ങളിലേക്ക് പോകാം. ഗാന്ധിജിയുടെ സമ്മതത്തോടെ 1934-ല്‍ ബാബു രാജേന്ദപ്രസാദ് ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന് കത്തെഴുതി, കോണ്‍ഗ്രസിന്റെ പ്രസിഡന്റാകുവാന്‍. അദ്ദേഹം മറുപടി അയച്ചു: 'ഞാന്‍ ഒരു വെറും സൈനികന്‍. ഞാനും Khudai Khidmatgar ഉം ( ദൈവത്തിന്റെ സൈന്യം , അഥവാ ചുവപ്പുകുപ്പായക്കാര്‍, വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ അതിര്‍ത്തി ഗാന്ധി നേതൃത്വം നല്‍കിയ സംഘടന) സ്വാതന്ത്യ്രത്തിനുവേണ്ടി പോരാട്ടം തുടര്‍ന്നോളാം' അക്കൊല്ലത്തെ ബോംബെ കോണ്‍ഗ്രസ് സമ്മേളനത്തിന് പന്തലിന്റെ പേര് ബാദ്ഷാ ഖാന്‍ എന്നായിരുന്നു. പക്ഷേ, ഇന്ത്യാ വിഭജനം ഒഴിവാക്കാനാവില്ല എന്നുമനസ്സിലായപ്പോള്‍ അതിര്‍ത്തിഗാന്ധി തകര്‍ന്നുപോകുകയായിരുന്നു. അദ്ദേഹത്തെ മനസ്സിലാക്കാന്‍ ഇന്ത്യയില്‍ ഗാന്ധിജി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നോര്‍ക്കണം, ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് വൈസ്രോയുമായി സംസാരിക്കാന്‍ ഷിംലയില്‍ 1946 മേയ് രണ്ടാം തീയതി നടന്ന യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച നാലുപേര്‍ ഇവരായിരുന്നു: കോണ്‍ഗ്രസ് പ്രസിഡന്റ് മൗലാനാ ആസാദ്, ജവാഹര്‍ലാല്‍ നെഹ്രു, സര്‍ദാര്‍ പട്ടേല്‍, ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ചവര്‍: മുഹമ്മദ് അലി ജിന്ന, ലിയാക്കത്ത് അലി ഖാന്‍, മഹ്‌മൂദാബാദിലെ രാജാവ്, സര്‍ദാര്‍ അബ്ദുര്‍ റാബ് നിഷ്ടര്‍.

ശേഷം ചരിത്രമാണ്. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യ പാകിസ്താനിലേക്ക് നല്‍കാന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയപ്പോള്‍ ആ ഗാന്ധിശിഷ്യന്‍ ഹൃദയം തകര്‍ന്നു പറഞ്ഞു: ''എന്റെ ആട്ടിന്‍കുട്ടികളെ നിങ്ങള്‍ ചെന്നായകള്‍ക്ക് വിട്ടുകൊടുത്തില്ലേ?'' പാകിസ്താനില്‍ 1948 മുതല്‍ അദ്ദേഹം ജയിലിലായിരുന്നു- 1954വരെ. രണ്ടു മാസങ്ങള്‍ക്കകം വീണ്ടും 1957വരെ ജയിലില്‍ അടയ്ക്കപ്പെട്ടു. ഒരു കൊല്ലത്തിനുശേഷം 1958ല്‍ വീണ്ടും ജയിലില്‍ അടയ്ക്കപ്പെട്ടു. 1962-ല്‍ ജയില്‍ മോചിതനായപ്പോള്‍ സ്വയം നാടുകടന്ന് അഫ്ഗാനിസ്താനില്‍ പോയി. 1972-ല്‍ തിരികെ പാകിസ്താനില്‍ വന്ന അദ്ദേഹത്തിനെ വീട്ടുതടങ്കലില്‍ ആക്കി . 1978 മുതല്‍ 1982 വരെ വീണ്ടും കാബൂളിലേക്ക് പോയി. പാകിസ്താനിലേക്ക് തിരിച്ചുവരുമ്പോള്‍ അദ്ദേഹത്തിന് 82 വയസ്സ്. രോഗബാധിതനായ അദ്ദേഹം വിദഗ്ധ ചികിത്സയ്ക്കായി 1987 മേയില്‍ ഡല്‍ഹിയില്‍ എത്തി. ഓഗസ്റ്റില്‍ പെഷാവാറില്‍ എത്തിയ അദ്ദേഹം അബോധത്തിലേക്ക് വീണു. 1988 ജനുവരി 20-ന് അന്തരിച്ചു. പത്തു ദിവസങ്ങള്‍ക്കുശേഷം ഇന്ത്യ ഗാന്ധിജിയുടെ നാല്‍പ്പതാം ചരമവാര്‍ഷികദിനം ആചരിച്ചു.

Content Highlights: Khan Abdul Ghaffar Khan, Republic Day 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented