A rare war picture has Gen. Sagat pointing a finger as brother officers look on | photo courtesy: family archives of Col. R V Singh, s/o Gen. Sagat
1919 ജൂലായ് 14-ന് ബിക്കാനീറില്‍ ഒരിടത്തരം കുടുംബത്തിലാണ് ലഫ്. ജനറല്‍ സാഗത് സിങ്ങിന്റെ ജനനം. സംസ്ഥാനസേനയില് ജവാനായിട്ടായിരുന്നു തുടക്കം. പക്ഷേ, അദ്ദേഹത്തിന്റെ കഴിവുകളുടെ ബലത്തില്‍ ബിക്കാനീര്‍ സ്റ്റേറ്റ് ഫോഴ്സിലെ ശാര്‍ദുല്‍ ലൈറ്റ് ഇന്‍ഫന്‍ട്രി വിഭാഗത്തില്‍ ഓഫീസറായി ഉയര്‍ത്തപ്പെട്ടു. രണ്ടാംലോകയുദ്ധത്തിന്റെ തുടക്കകാലമായിരുന്നു അത്. ഇംഗ്ലീഷ് ഭാഷയില്‍ കാര്യമായ പ്രാവീണ്യമുണ്ടായിരുന്നില്ലെങ്കിലും പതുക്കെ അദ്ദേഹം അതു നേടിയെടുത്തു. ആറുവര്‍ഷത്തിനുള്ളില്‍ ഇന്നത്തെ പാകിസ്താന്റെ ഭാഗമായ ക്വറ്റയിലെ സ്റ്റാഫ് കോളേജ് കോഴ്സിന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. രാജ്യം സ്വതന്ത്രമായതോടെ അദ്ദേഹം ഇന്ത്യന്‍ കരസേനയുടെ ഭാഗമായി. അതോടെ തന്റെ അവിസ്മരണീയമായ ഔദ്യോഗിക ജീവിതത്തിന് സാഗത് സിങ് തുടക്കമിട്ടു.
സേനയിലെ പാരച്യൂട്ട് വിഭാഗത്തിനായിരുന്നു അദ്ദേഹം നേതൃത്വം നല്‍കിയത്. 1961-ല്‍ ഗോവ വിമോചനത്തില്‍ അദ്ദേഹം ഭാഗഭാക്കായി. മേജര്‍ ജനറല്‍ എന്നനിലയില്‍ '17 മൗണ്ടെയ്ന് ഡിവിഷന്റെ' ചുമതലയായിരുന്നു അദ്ദേഹത്തിന്. 1965-ല്‍ സിക്കിമിലെ ചൈനാ അതിര്‍ത്തിയില്‍ അവര്‍ വിന്യസിക്കപ്പെട്ടു. അവിടെവെച്ച് ചൈനീസ് പട്ടാളവുമായി മൂന്നുദിവസം നീണ്ടുനിന്ന സംഘര്‍ഷമുണ്ടായി. അതില്‍ ചൈനയ്ക്ക് തക്കതായ മറുപടികൊടുക്കാന്‍ സാഗത് സിങ്ങിനു കഴിഞ്ഞു. 1962-ല്‍ ചൈനയില്‍നിന്നുണ്ടായ അനുഭവവുമായി ചേര്‍ത്തുവെച്ചുനോക്കുമ്പോള്‍ ഇതൊരു പ്രധാനപ്പെട്ട സംഭവമായി.
സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട മിസോ താഴ്വരയിലായിരുന്നു അദ്ദേഹത്തിന്റെ അടുത്തദൗത്യം. അവിടെ സ്ഥിതി അതിഗുരുതരമായിരുന്നു. പക്ഷേ, രണ്ടുവര്‍ഷത്തിനുള്ളില്‍ അദ്ദേഹം അവിടത്തെ സ്ഥിതി നിയന്ത്രണവിധേയമാക്കി. തുടര്‍ന്ന് അദ്ദേഹത്തിന് ലഫ്. ജനറലായി സ്ഥാനക്കയറ്റം ലഭിച്ചു. അരുണാചലിലെ ചൈനാ അതിര്‍ത്തിയില്‍ വിന്യസിക്കപ്പെട്ടിരുന്ന നാല് സേനാവിഭാഗങ്ങളുടെ (അന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ ഏജന്‍സി എന്നാണ് ആ പ്രദേശം അറിയപ്പെട്ടിരുന്നത്) ചുമതല അദ്ദേഹത്തിനു ലഭിച്ചു. 1971 ജൂലായില്‍ തന്റെ കീഴിലുള്ള സേനയുമായി ത്രിപുരയിലെത്താന് അദ്ദേഹത്തിനു നിര്‍ദേശിക്കപ്പെട്ടു. പാകിസ്താനുമായി യുദ്ധമുണ്ടായേക്കുമെന്ന നിഗമനത്തിലായിരുന്നു അത്.
ത്രിപുരയിലെ സേനാവിന്യാസമെന്നത് ഒരു പേടിസ്വപ്നമായിരുന്നു. കനത്ത കാലവര്‍ഷത്തിനിടയ്ക്ക് മൂന്നുമാസത്തിനുള്ളില്‍ ഒരു ലക്ഷത്തിനടുത്ത് സൈനികരെ അദ്ദേഹത്തിന് ഒരുക്കിയെടുക്കേണ്ടതുണ്ടായിരുന്നു. ഇത്രയുംപേര്ക്കായി മുപ്പതിനായിരം ടണ്‍ പടക്കോപ്പുകളും അയ്യായിരം വാഹനങ്ങളും മാത്രമാണുണ്ടായിരുന്നത്. എല്ലാ പരിമിതികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് അദ്ദേഹം ലക്ഷ്യംനേടി. ത്രിപുരയിലേത് വളരെ മോശം റോഡുകളായിരുന്നു. കഷ്ടിച്ച് പ്രവര്‍ത്തിക്കുന്ന മീറ്റര്‍ ഗേജ് പാതകളാണ് അവിടെയുണ്ടായിരുന്നത്. കാലവര്‍ഷം കടുപ്പമേറിയതായിരുന്നു. നദികളെല്ലാം കരകവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഒന്നിനും അദ്ദേഹത്തെ തളര്‍ത്താനായില്ല. ലഭ്യമായ സൗകര്യങ്ങള്‍ സാഗത് സിങ് വിവേകപൂര്‍വം ഉപയോഗിച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുംമുമ്പുതന്നെ അദ്ദേഹത്തിന് ലക്ഷ്യം കൈവരിക്കാനായി.
കിഴക്കന്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നരീതിയിലുള്ള ഒരു പദ്ധതിയാണ് ജനറല്‍ എസ്.എച്ച്.എഫ്.ജെ. മനേക്ഷാ ആസൂത്രണംചെയ്തത്. അതു സാധ്യമായാല്‍ ധാക്ക പിടിച്ചെടുക്കുക എന്നതായിരുന്നു അടുത്തതന്ത്രം. ഗംഗ, ബ്രഹ്മപുത്ര, മേഘ്ന നദികളാല്‍ ചുറ്റപ്പെട്ട സ്ഥലമായിരുന്നു ധാക്ക. അവിടം പിടിച്ചടക്കാന്‍ വന്‍തോതില്‍ പടക്കോപ്പുകള്‍ ആവശ്യമായിരുന്നു. കിഴക്കന്‍ പാകിസ്താനിലേക്കു കയറിക്കിടക്കുന്ന ചില ഭാഗങ്ങള്‍ ത്രിപുരയിലുണ്ടായിരുന്നു. പ്രത്യാക്രമണത്തിനുപറ്റിയ ഒരു കുന്ന് അവിടെയുണ്ടായിരുന്നു. മൂന്ന് സേനാവിഭാഗങ്ങള്‍ അവിടേക്കു നീങ്ങുകയും ആക്രമണത്തിനു തയ്യാറെടുക്കുകയും ചെയ്തു. ഒക്ടോബര്‍ അവസാനത്തോടെ അതിര്‍ത്തി സംഘര്ഷഭരിതമായിത്തുടങ്ങി. പലയിടത്തും കടുത്ത യുദ്ധംനടന്നു. ഡിസംബര്‍ മൂന്നിന് പടിഞ്ഞാറന്‍ ഭാഗത്തെ വ്യോമാക്രമണത്തിലൂടെ പാകിസ്താന് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. കിഴക്കന്‍ പാകിസ്താനു ചുറ്റുമായി ഇന്ത്യ മൂന്ന് സേനാവിഭാഗങ്ങളെ വിന്യസിച്ചു. ത്രിപുര ഭാഗത്ത് നാലുവിഭാഗങ്ങളെയും സിലിഗുരിയില്‍ 33 വിഭാഗങ്ങളെയും കല്‍ക്കത്തയുടെ സംരക്ഷണത്തിനായി രണ്ടു വിഭാഗങ്ങളെയും സജ്ജമാക്കി.
ധാക്കയിലേക്കുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നേറ്റത്തെ തടയുക എന്നതായിരുന്നു പാകിസ്താന്റെ തന്ത്രം. ധാക്കയ്ക്കു സമീപമുള്ള വാര്‍ത്താവിനിമയ കേന്ദ്രങ്ങളും നഗരങ്ങളുമൊക്കെ പട്ടാളകേന്ദ്രങ്ങളാക്കി അവര്‍ മാറ്റി. ഏതൊരു ആക്രമണത്തെയും തകര്‍ക്കാനുള്ള തയ്യാറെടുപ്പുകളായിരുന്നു അവരുടേത്. ലെഫ്. ജനറല്‍ എ.എ.കെ. നിയാസിയായിരുന്നു കിഴക്കന്‍ പാകിസ്താനിലെ പാക് സേനാ മേധാവി. പതിവ് പ്രതിരോധരീതികളില്നിന്നു വ്യത്യസ്തമായി അദ്ദേഹം അതിര്‍ത്തിയില്‍ത്തന്നെ പരമാവധി സേനയെ വിന്യസിച്ചു. പാക് പ്രദേശങ്ങളെ ഇന്ത്യന്‍ സേനയില്‍നിന്നു സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. പക്ഷേ, അതുകാരണം അവരുടെ സൈന്യത്തിന്റെ അംഗബലം കുറഞ്ഞു.
ഡിസംബര്‍ മൂന്നിനുതന്നെ ഇന്ത്യയും ആക്രമണം തുടങ്ങി. രണ്ടു സേനാവിഭാഗങ്ങള്‍ കിഴക്കന്‍ പാകിസ്താനിലെ ജെസ്സോര്‍ ലക്ഷ്യമാക്കി നീങ്ങി. അവിടം പിടിച്ചശേഷം ഇരുവിഭാഗങ്ങളായിത്തിരിഞ്ഞ് വടക്കുകിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ മേഖലകളിലേക്കു പ്രവേശിക്കാനായിരുന്നു പദ്ധതി. കൂടുതല്‍ സ്ഥലങ്ങള്‍ വരുതിയിലാക്കുക, കിഴക്കന്‍ പാകിസ്താനെ പടിഞ്ഞാറ്-തെക്കുകിഴക്ക് ഭാഗങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ഇന്ത്യയ്ക്കുനേരെയുള്ള ഭീഷണി മറികടക്കാന്‍ മലകള്നിറഞ്ഞ ഗയ്ബന്ദ എന്ന പ്രദേശം കീഴടക്കാന്‍ 33 സേനാവിഭാഗങ്ങളെ വിന്യസിച്ചിരുന്നു. തുടര്‍ന്ന് അവരെ ധാക്കയിലേക്കു നയിക്കുകയായിരുന്നു ലക്ഷ്യം.
നാലു സേനാവിഭാഗങ്ങള്‍ മൂന്നുസംഘങ്ങളായി തിരിഞ്ഞ് മുന്നേറി. വടക്കോട്ടു നീങ്ങിയവരുടെ ലക്ഷ്യം സില്‍ഹെറ്റ് എന്ന നഗരമായിരുന്നു. നടുക്ക് നീങ്ങിയവര്‍ കോമില്ല, ബ്രഹ്മന്‍ബരിയ, അഖൗറ നഗരങ്ങളെ ലക്ഷ്യമിട്ടു. പിന്നീട് ധാക്കയ്ക്ക് എതിര്‍വശത്തുള്ള മേഘ്ന നദീതീരം ലക്ഷ്യമാക്കി നീങ്ങി. മേഘ്നയിലെത്തന്നെ ചാന്ദ്പുര്‍ തുറമുഖം പിടിക്കാനും മറ്റു പ്രദേശങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാനുമായി ഒരു വിഭാഗത്തെ തെക്കന്‍ ഭാഗത്തേക്കു നിയോഗിച്ചു. കഴിയുമെങ്കില്‍ ചിറ്റഗോങ് പിടിക്കുകയെന്നതും അവരുടെ ലക്ഷ്യമായിരുന്നു. അതോടൊപ്പംതന്നെ, ആ ഭാഗത്തെ പാക് സേനയെ തെക്കന്‍ ഭാഗങ്ങളിലേക്കു തുരത്തുകയെന്ന ലക്ഷ്യത്തോടെ മറ്റൊരു വിഭാഗം സേനകൂടി നീങ്ങുന്നുണ്ടായിരുന്നു. ഇതിനുപുറമേ മെയ്മെന്‍സിങ്, ജമാല്പുര് എന്നീ പ്രദേശങ്ങള്‍ കീഴടക്കാന്‍ മറ്റൊരു വിഭാഗം സേനയെ മേഘാലയയില്‍നിന്ന് നിയോഗിച്ചിരുന്നു. ശേഷം അവരോട് ധാക്ക ലക്ഷ്യമാക്കി നീങ്ങാനാണ് ആവശ്യപ്പെട്ടിരുന്നത്.
ലഫ്. ജനറല്‍ സാഗത് സിങ്ങിന്റെ നേതൃത്വത്തില്‍നടന്ന യുദ്ധനീക്കങ്ങള്‍ നോക്കാം. ശത്രുസൈന്യത്തിന്റെ ചെറുത്തുനില്‍പ്പുകള്‍ മറികടക്കാനും പടിഞ്ഞാറന്‍ ഭാഗത്തേക്കു മുന്നേറാനും നാലു സേനാവിഭാഗങ്ങള്‍ക്ക് മൂന്നു ദിവസം വേണ്ടിവന്നു. പരമ്പരാഗത രീതികളാണ് അദ്ദേഹം പിന്തുടര്‍ന്നിരുന്നതെങ്കില്‍ ലക്ഷ്യം കടുപ്പമേറിയതാകുമായിരുന്നു. ഡിസംബര്‍ ഏഴിന്, കാലപ്പഴക്കംചെന്ന ഒമ്പത് എം.ഐ.4 ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് അദ്ദേഹം ഒരു വിഭാഗം കാലാള്‍പ്പടയെ സില്ഹെറ്റിനു സമീപമെത്തിച്ചു. അയ്യായിരത്തോളം ശത്രുസൈനികരെ ഒറ്റപ്പെടുത്താന്‍ ഈ നീക്കത്തിലൂടെ കഴിഞ്ഞു. ഇന്ത്യന്‍ സൈന്യം ഇത്തരത്തില്‍ നടത്തിയ ആദ്യനീക്കമായിരുന്നു അത്. ഞെട്ടിപ്പോയ പാക് സൈന്യം കാര്യമായ ചെറുത്തുനില്‍പ്പിനു മുതിര്‍ന്നില്ല. അങ്ങനെ സില്‍ഹെറ്റ് കീഴടങ്ങി.
നുഴഞ്ഞുകയറിയ മറ്റു രണ്ടു സേനാ വിഭാഗങ്ങള്‍ ഡിസംബര്‍ ഒമ്പതോടെ മേഘ്ന നദീതീരത്തെത്തി. വീതികൂടിയ നദിയായിരുന്നു മേഘ്ന. ചിലയിടത്ത് മറുകര കാണാന്‍പോലും വിഷമം. ഡിസംബര്‍ ഒമ്പതിനുതന്നെ കീഴ്വഴക്കങ്ങള് ലംഘിച്ച് സാഗത് സിങിന്റെ അടുത്തനീക്കമുണ്ടായി. ലഭ്യമായ ഹെലികോപ്റ്റര്‍ സൗകര്യങ്ങള്‍ അദ്ദേഹം മുഴുവനായി ഉപയോഗിച്ചു. മൂവായിരത്തിലേറെ സൈനികരെയും കിലോക്കണക്കിന് വെടിക്കോപ്പുകളും മറുകരയെത്തിച്ചു.
ഗ്രൂപ്പ് ക്യാപ്റ്റന്‍ ചന്ദന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള വ്യോമസേനയുടെ കഠിനപ്രയത്നത്തിലൂടെയാണ് അത് സാധിച്ചത്. അങ്ങോട്ടുമിങ്ങോട്ടുമുള്ള നിരന്തരയാത്രകള്ക്കായി കാലപ്പഴക്കംചെന്ന ഹെലികോപ്റ്ററുകള്പോലും നിഷ്കരുണം ഉപയോഗിച്ചു. പെട്ടെന്നു തട്ടിക്കൂട്ടിയ ചങ്ങാടങ്ങളും ബോട്ടുകളുമാണ് മറുകരയിലെത്താന്‍ ഒരുവിഭാഗം സേന ഉപയോഗിച്ചത്. ഇന്ത്യന്‍ സൈനികചരിത്രത്തിലെ ഏറ്റവും വലിയ നദികടക്കല് ദൗത്യമായിരുന്നു അത്; ഒരുപക്ഷേ, ലോകത്തെയും.
ധാക്കയെ മൂന്നു ഭാഗത്തുനിന്നും സാഗത് സിങ് വളഞ്ഞു. ഡിസംബര്‍ 16-ന് കീഴടങ്ങുകയല്ലാതെ നിയാസിക്ക് മറ്റു വഴികളില്ലായിരുന്നു. ആരും വിഭാവനം ചെയ്യാന്‍മടിക്കുന്ന നീക്കങ്ങള്‍ നടത്താന്‍ ലഫ്. ജനറല്‍ സാഗത് സിങ് അന്ന് തയ്യാറായിരുന്നില്ലെങ്കില്‍ ആ യുദ്ധം ദിവസങ്ങളോളം നീളുമായിരുന്നു. ധാക്കയെ ഉന്നംവെക്കാന്‍ പ്രത്യേകിച്ച് നിര്‍ദേശമൊന്നും കിട്ടാതെത്തന്നെയാണ് അദ്ദേഹം ഇതു സാധ്യമാക്കിയത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യകണ്ട ഏറ്റവും പ്രതിഭാശാലിയായ ഫീല്‍ഡ് കമാന്‍ഡറായിരുന്നു അദ്ദേഹം. സാഗത് സിങിനെപ്പോലുള്ളവരെ ആവശ്യമുണ്ടായിരുന്ന സമയത്ത് അദ്ദേഹം അവിടെ ഉണ്ടായിരുന്നുവെന്നത് തികച്ചും ഭാഗ്യമാണ്. അതിന് ഇന്ത്യയും ബംഗ്ലാദേശും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
പരിഭാഷ: സന്തോഷ് വാസുദേവ്
Content Highlights: A Talent for War – The Military Biography of Lt Gen Sagat Singh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..