74-ാം റിപ്പബ്ലിക് ദിനം: താണ്ടാന്‍ ദൂരമേറെ


സ്മിതാ പ്രകാശ്

ദീര്‍ഘദര്‍ശികളായ മഹാരഥന്മാര്‍ ഭരണഘടനയെന്ന വിശുദ്ധഗ്രന്ഥത്തെ ജനാധിപത്യത്തിന്റെ ദിവ്യായുധമായി അവരോധിച്ചതിന്റെ എഴുപത്തിനാലാം വാര്‍ഷികദിനത്തില്‍ നാമെത്തിനില്‍ക്കുന്നു! ഇന്ത്യന്‍ ജനാധിപത്യം സഫലമോ? ഈ എഴുപത്തിമൂന്നോളംകൊല്ലത്തെ വളര്‍ച്ചയെത്ര, പതര്‍ച്ചയെത്ര, ഇനിയും നേടാനെത്ര?

വര: ബി.എസ്. പ്രദീപ്കുമാർ

നേകശതം സംസ്‌കാരങ്ങളുടെ ഉരുക്കുമൂശയായിരിക്കുകയും അതേസമയം, അതിലോരോന്നിന്റെയും പ്രത്യാശയായി നിലനില്‍ക്കുകയും ചെയ്യുക എന്നുള്ളതാണ് ഭാരതമെന്ന ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഏറ്റവും ബൃഹത്തായ ഉത്തരവാദിത്വം. പൗരക്ഷേമത്തിലധിഷ്ഠിതമായി നിലനിന്നുകൊണ്ടുതന്നെ ഈ ലക്ഷ്യം കൈവരിക്കുകയെന്നുള്ളത് ഭാരതത്തെ സംബന്ധിച്ച് വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയും! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന് ഊറ്റംകൊള്ളുമ്പോള്‍ സത്യത്തില്‍ ഈ സങ്കീര്‍ണതയുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ചാണ് നമ്മള്‍ അഭിമാനംകൊള്ളുന്നത്.

വളര്‍ച്ചയെത്ര, പതര്‍ച്ചയെത്ര

അധിനിവേശങ്ങളില്‍നിന്നും അധീശത്വങ്ങളില്‍ നിന്നും സ്വതന്ത്രമാകുക എന്നതിനപ്പുറം ജനാധിപത്യമാകുക, അല്ലെങ്കില്‍ ജനങ്ങളിലേക്ക് അധികാരമെത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലേക്ക് പുതിയ ഇന്ത്യയെ കൈപിടിച്ചുനടത്തുമ്പോള്‍ അംബേദ്കറാദികള്‍ക്ക്, ഭാരതമെന്ന വിപുലമായ ഒരു സ്വപ്നത്തിനുമേല്‍ സാക്ഷാത്കാരത്തിന്റെ സുവര്‍ണസൂര്യന്‍ ദീര്‍ഘകിരണങ്ങള്‍വീശി ഉദിച്ചുയര്‍ന്നതുപോലെ തോന്നിയിരിക്കണം! മൃതിതുല്യമായ അസ്വാതന്ത്ര്യത്തിന്റെ ഇരുട്ടില്‍നിന്നും രക്തരൂഷിത ചരിത്രസന്ധികളില്‍നിന്നും വിധേയത്വത്തിന്റെ ആഴമേറിയ നിശ്ശബ്ദതയില്‍നിന്നും പുറത്തുവന്ന ജനതതി ആദ്യമായി ഞങ്ങളുടെ രാജ്യം, ഞങ്ങളുടെ സ്വപ്നം, ഞങ്ങളുടെ ഭാവി എന്ന് കാലെടുത്തുവെക്കുമ്പോള്‍, ഭരണത്തലവര്‍ വീണ്ടും ചതിക്കപ്പെടാതിരിക്കാന്‍ ദീര്‍ഘദര്‍ശികളായ മഹാരഥന്മാര്‍ ഭരണഘടനയെന്ന വിശുദ്ധഗ്രന്ഥത്തെ ജനാധിപത്യത്തിന്റെ ദിവ്യായുധമായി അവരോധിച്ചതിന്റെ എഴുപത്തിനാലാം വാര്‍ഷികദിനത്തില്‍ നാമെത്തിനില്‍ക്കുന്നു! ഇന്ത്യന്‍ ജനാധിപത്യം സഫലമോ? ഈ എഴുപത്തിമൂന്ന്കൊല്ലത്തെ വളര്‍ച്ചയെത്ര, പതര്‍ച്ചയെത്ര, ഇനിയും നേടാനെത്ര?

തൊള്ളായിരത്തി മുപ്പതുകള്‍മുതല്‍ വീശിത്തുടങ്ങിയ സ്വാതന്ത്ര്യത്തിന്റെ പ്രഭാതരാശി പ്രാവര്‍ത്തികതലത്തില്‍ എങ്ങനെയായി വരുമെന്ന് ഇന്ത്യയെന്ന രൂപരേഖയില്‍ കഴിഞ്ഞിരുന്ന, സ്വത്വബോധം നഷ്ടമായ വലിയവിഭാഗം ജനങ്ങള്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. അവര്‍ക്കുമുന്നിലേക്കാണ് ഇന്ത്യന്‍ ഭരണഘടന എന്ന മാഗ്‌നാകാര്‍ട്ട അന്നത്തെ കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ലി മുന്നോട്ടുവെച്ചത്. അതൊരു വലിയ താക്കോല്‍ക്കൂട്ടമായിരുന്നു! ചില വാതിലുകള്‍ തുറന്ന് അകത്തുകയറാനും ചിലതൊക്കെ തുറന്ന് പുറംലോകത്തേക്കിറങ്ങാനും. എണ്ണമറ്റ മതവിശ്വാസങ്ങളും സംസ്‌കാരങ്ങളും വിഭജനത്തിന്റെയും കലാപങ്ങളുടെയും മുറിപ്പാടുകളും നാലു ദിശയിലേക്ക് പടരുന്ന ഭൂമിശാസ്ത്രവുമുള്ള ഭാരതത്തില്‍ ഒരു പൊതുഭരണഘടന ഉണ്ടാവുക എന്നത് ആംസ്‌ട്രോങ്ങിന്റേ തിനെക്കാള്‍ വലിയ ഒരു ചുവടുവെപ്പായിരുന്നു.

പുരോഗതിയുടെ പക്ഷികള്‍ സ്വാതന്ത്ര്യത്തിന്റെ നിസ്സീമമായ ആകാശത്ത് ചിറകടിച്ചു. അത് ചരിത്രത്തിലേക്ക് ചേര്‍ത്തുവെക്കാനുള്ള പുതിയ ഏടുകളായി. നൂറ്റാണ്ടുകളുടെ വൈദേശിക ചൂഷണങ്ങളില്‍ തകര്‍ന്നിരുന്ന സാമ്പത്തികവ്യവസ്ഥ, ചിതറിപ്പോയിരുന്ന സാമൂഹികാവസ്ഥകള്‍, രാഷ്ട്രീയാനിശ്ചിതാവസ്ഥകള്‍, അങ്ങനെയൊരുപാട് ദുരിതങ്ങളുടെ ചാരത്തില്‍നിന്ന് ഒരു മിത്തിക്കല്‍ പക്ഷിയെപ്പോലെ ഭാരതം ചിറകടിച്ചുയര്‍ന്നു. തിരഞ്ഞെടുപ്പുകള്‍ വന്നു, ജനാധിപത്യസ്ഥാപനങ്ങള്‍ വന്നു, പഞ്ചവത്സരപദ്ധതികള്‍വന്നു, ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ സ്ഥാപിതമായി, ഗതാഗതസംവിധാനങ്ങള്‍ വിഭാവനം ചെയ്തു, ഹരിത-ധവള വിപ്ലവങ്ങളുണ്ടായി, അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെട്ടു. പുരോഗതിയുടെയും സമൃദ്ധിയുടെയും ചെറുചുവടുവെപ്പുകള്‍. ഈയര്‍ഥത്തില്‍ ജനാധിപത്യഭരണം ഒരു ഫലപ്രദമായ സംവിധാനമായി പരിണമിച്ചു എന്നുതന്നെ പറയാം.

1949 നവംബര്‍ 25-ന് ഡോക്ടര്‍ ബി.ആര്‍. അംബേദ്കര്‍ കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ലിയില്‍ നടത്തിയ അദ്ദേഹത്തിന്റെ അവസാന പ്രസംഗത്തില്‍ ജനാധിപത്യത്തെ സംബന്ധിച്ച് കൊടുത്ത മൂന്ന് മുന്നറിയിപ്പുകളില്‍ മൂന്നാമത്തേത് ഇവിടെ വളരെ പ്രസക്തമാണ്. 'സാമൂഹിക ജനാധിപത്യത്തിന്റെ അടിത്തറയില്ലാതെ രാഷ്ട്രീയം ഒരിക്കലും പൂര്‍ണമാവുകയില്ല' എന്നാണദ്ദേഹം പറഞ്ഞത്. ശാസ്ത്രസാങ്കേതികം, സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കൃഷി, ഗതാഗതം, സേവനം, ടൂറിസം എന്നുതുടങ്ങി രാജ്യാഭിവൃദ്ധിക്കുവേണ്ട എല്ലാ മേഖലകളിലും ഗണ്യമായ പുരോഗതി ദൃശ്യമായിട്ടും ഡോക്ടര്‍ അംബേദ്കര്‍ പറഞ്ഞമട്ടിലുള്ള സാമൂഹിക ജനാധിപത്യം ഇന്നും ഒരു പ്രശ്‌നമായിത്തന്നെ തുടരുന്നു.

വെളിച്ചം വരാത്ത ഇടങ്ങള്‍

സാമൂഹിക അധഃസ്ഥിതാവസ്ഥയിലുള്ളവരുടെയും ദളിത്- ആദിവാസി സമൂഹങ്ങളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതാവസ്ഥകളിലും പ്രതിസന്ധികളിലും ഇന്നും കാതലായ മാറ്റംവന്നിട്ടില്ല. സ്ത്രീസമത്വം, സ്ത്രീസുരക്ഷ എന്നീ വിഷയങ്ങളില്‍ ഫലവത്തായ പുരോഗതിയുണ്ടായില്ലെന്ന് മാത്രമല്ല, ഈയടുത്ത കാലങ്ങളില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്തു.

പ്രശ്‌നപരിഹാരത്തിനായി ഇതുവരെ വന്ന എല്ലാ പദ്ധതികളും പരിപാടികളും അപര്യാപ്തമായിരുന്നിരിക്കണം. ശക്തിമത്തായതും കാര്യക്ഷമവുമായ ഒന്നുംതന്നെ ഇന്നേവരെ ആസൂത്രണംചെയ്യപ്പെട്ടിട്ടില്ല എന്നുതോന്നുംവിധം ഇവയെല്ലാം ഇന്നും നിലനില്‍ക്കുന്നു. ദളിത്-സ്ത്രീ പ്രശ്‌നങ്ങളില്‍ സര്‍ക്കാരുകള്‍ നടത്തുന്ന ഇടപെടലുകള്‍ അപര്യാപ്തവും ഉപരിപ്‌ളവവുമാണ്! ഉറച്ചുപോയ ചിന്താരീതികളെ അഴിച്ചുപണിയാനും പുതിയ വിചാരധാരകളെ വളര്‍ത്തിയെടുക്കാനുമുള്ള ഉത്തരവാദിത്വം ജനാധിപത്യത്തിന്റെ പ്രതിനിധികളെന്ന നിലയ്ക്ക് അതത് സര്‍ക്കാരുകളില്‍ത്തന്നെയാണ് നിക്ഷിപ്തമായിട്ടുള്ളത്. അത് തിരിച്ചറിഞ്ഞ് മതിയായ പ്രവര്‍ത്തനങ്ങള്‍ നടത്താത്തപക്ഷം സാമൂഹികനീതി, സാമൂഹിക ജനാധിപത്യം എന്നിവ മരീചികകളായും സ്വപ്നാടകരായ ജനാധിപത്യവിശ്വാസികള്‍ക്ക് ഉണ്ടാവുന്ന വെറുമൊരു മായക്കാഴ്ചയായും തുടരും! കാലഘട്ടത്തിനനുസരിച്ചുള്ള സാമൂഹികപുരോഗതിയായിരിക്കണം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ യഥാര്‍ഥലക്ഷ്യം. മറിച്ച്, കൂടിവരുന്ന ജാതീയതയും വര്‍ഗീയതയും മറ്റു പാര്‍ശ്വവത്കരണങ്ങളും സമൂഹത്തിന്റെ ശിഥിലീകരണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഈയവസ്ഥയില്‍ രാഷ്ട്രീയ ജനാധിപത്യം എങ്ങനെ സാധ്യമാകും.

പരിസ്ഥിതിസംരക്ഷണം, മാലിന്യനിര്‍മാര്‍ജനം എന്നീ വിഷയങ്ങളും ഈ എഴുപത്തിനാലാം കൊല്ലത്തിന്റെ തുടക്കത്തിലും കൃത്യമായ പദ്ധതികളില്ലാത്ത സമസ്യകളായിത്തുടരുന്നു. കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി നമ്മള്‍ സംസാരംതന്നെ നിര്‍ത്തിയ മട്ടാണ്. എണ്‍പതുകളിലോ തൊണ്ണൂറുകളിലോ എങ്കിലും പരിസ്ഥിതിക്ക് കുറച്ചുകൂടി പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ എന്ന് പരിതപിക്കാനേ ഇനിയിടമുള്ളൂ. ഗതിമാറുന്ന പുഴകളെക്കുറിച്ച്, ഇടിഞ്ഞുതാഴുന്ന ഭൂപ്രകൃതികളെക്കുറിച്ച്, പ്രളയക്കെടുതികളെക്കുറിച്ച്, വായുമലിനീകരണത്തെക്കുറിച്ച്, എല്ലാമെല്ലാം നിരന്തരം കേള്‍ക്കുന്നു പക്ഷേ, പരിഹാരം ചെയ്യാനിനി സമയമുണ്ടോ? ഇതൊന്നും ബൃഹത്തായ ജനാധിപത്യപ്രക്രിയയിലൂടെ നാം തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നാണോ പൊതുബോധം.

സമ്പൂര്‍ണനീതി പുലരണ്ടേ

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ സാധാരണക്കാരന് രാഷ്ട്രീയനീതിയുടെ പ്രതീക്ഷയും ചൂഷണകാണ്ഡങ്ങള്‍ക്ക് പരിഹാരവുമായിത്തീരേണ്ടുന്ന ഭരണഘടനയും അതിലധിഷ്ഠിതമായ വാഗ്ദാനങ്ങളും എത്രമാത്രം ഫലവത്തായി എന്ന് ചിന്ത കറങ്ങിത്തിരിഞ്ഞൊടുവില്‍ കടുത്ത നിരാശയിലാണ് എത്തിനില്‍ക്കുന്നത്. സമ്പൂര്‍ണനീതിയുടെ കോട്ടകൊത്തളങ്ങള്‍ ഇന്നും പരിപൂര്‍ണാര്‍ഥത്തില്‍ ജനങ്ങളിലേക്കെത്തിയിട്ടില്ല. നീതിന്യായക്കോടതികളോടും ഭരണഘടനാസംവിധാനങ്ങളോടും പൊതുവില്‍ ജനങ്ങള്‍ക്ക് തോന്നുന്ന വിരക്തി അതിന്റെ പ്രതിഫലനമാണ്.

ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ അറുപത്തിനാലുശതമാനം വരുന്ന ഗ്രാമീണര്‍ ഇന്നും കടന്നുപോകുന്ന സാമ്പത്തിക - സാമൂഹിക പ്രതിസന്ധികള്‍ക്ക് മറുപടിയും പരിഹാരവുമില്ല. അജ്ഞതയുടെ ഗജഗോപുരങ്ങള്‍ അവരെ പൊതിഞ്ഞിരിക്കുന്നു. അതൊരു കവചമാക്കി അവരുടെ പ്രതിനിധികള്‍ അഴിമതിയിലും അരാജകത്വത്തിലും കൂപ്പുകുത്തി സ്വന്തം കടമകള്‍ മറക്കുകയാണ്. മൗലികാവകാശങ്ങളുടെ ഭാഗമാക്കിയിട്ടുകൂടി സമ്പൂര്‍ണവിദ്യാഭ്യാസ പദ്ധതി നടപ്പാവുന്നില്ല. രാജ്യത്തിന്റെ അങ്ങോളമിങ്ങോളം നടക്കുന്നകാര്യങ്ങളെ ഒന്ന് ക്രോഡീകരിച്ചാല്‍ ഇത്രയോ അതിലേറെയോ അസംതൃപ്തി നുരഞ്ഞുവരും ആനന്ദിന്റെ ഗോവര്‍ധനനെ ഓര്‍ത്തുപോവുകയാണ്. '...കല്ലുവിന്റെ മതില്‍വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നീട് കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായംകൂട്ടിയ കുമ്മായക്കാരനെയും അയാള്‍ക്ക് വെള്ളമൊഴിച്ചുകൊടുത്ത ബിസ്തിയെയും ബിസ്തിക്ക് വലിയ മസ്‌കുണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയനെയും ഒടുവില്‍ വില്‍ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്വാളിനെയും തൂക്കിക്കൊല്ലാന്‍ വിധിച്ച നീതിബോധമില്ലാത്ത ചൗപട് രാജാവ്. അവസാനം തൂക്കുകയറിന്റെ കുടുക്ക് കോത്വാളിന്റെ കഴുത്തില്‍ കടക്കുന്നില്ല എന്നറിഞ്ഞതിനാല്‍ കഴുവിലേറ്റാന്‍ കൊണ്ടുപോകപ്പെട്ട, കുടുക്കിനിണങ്ങിയ കഴുത്തുള്ള വഴിപോക്കന്‍ ഗോവര്‍ധന്‍.'

അനേകായിരം ചൗപട് രാജാക്കന്മാരുംഅതിലേറെ ഗോവര്‍ധന്മാരും ഇപ്പോഴുമുള്ള നമ്മുടെ നാട്ടില്‍ മഹോത്സവങ്ങള്‍ക്ക് ഇനിയും സമയമായിട്ടില്ല. ദൂരമേറെയാണ്. ജനാധിപത്യം നീണാള്‍ വാഴട്ടെയെന്ന് മുഷ്ടിചുരുട്ടിയെറിയുംമുമ്പ് ഈ ഗോവര്‍ധനാവസ്ഥകളെക്കൂടി നമുക്ക് ഇഴപിരിച്ചെടുക്കാം.

(സാമൂഹികനിരീക്ഷകയായ ലേഖിക വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു)

Content Highlights: 73 Years of the Indian Republic: Challenges and Achievements


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented