വര: ബി.എസ്. പ്രദീപ്കുമാർ
രാമൻ പിറകിലുണ്ടെന്ന ധൈര്യത്തിലാണ് സുഗ്രീവൻ ബാലിയെ പോരിനുവിളിച്ചത്. തുടക്കത്തിൽ സുഗ്രീവൻ പരാജയപ്പെടുന്നു. കാഴ്ചയിൽ ഒരുപോലെയിരിക്കുന്നതിനാൽ ബാലിയെ തിരിച്ചറിയുന്നകാര്യത്തിൽ പുരുഷോത്തമനായ രാമനുപോലും ശങ്കയുണ്ടായി. വിവേകവും അവിവേകവും പ്രഥമദൃഷ്ട്യാ ഒരുപോലെയിരിക്കും. അവയെ തിരിച്ചറിയുക എളുപ്പമല്ല. വിവേകമാകുന്ന സുഗ്രീവൻ ആദ്യം ഭയന്ന് പിറകോട്ട് ഓടി. പിന്നീടാണ് രാമൻ കഴുത്തിൽ ചാർത്തിയ ഹാരവുമായി ബാലിയെവീണ്ടും വെല്ലുവിളിക്കുന്നത്. ബാലിശമനസ്സാണ് ബാലിക്ക്. നന്മയിലേക്ക് കഴുത്തുതിരിച്ച സുഗ്രീവൻ സൂര്യന്റെ പുത്രനാണ്. സൂര്യൻ എന്നാൽ ബുദ്ധി എന്നാണ് അർഥം. ബാലി യഥാർഥത്തിൽ രാമഭക്തനായിരുന്നു. സുഗ്രീവന്റെ പിറകിൽ രാമനുണ്ടെന്ന് അറിഞ്ഞപ്പോൾ രാമൻ തന്നെ ഒന്നുംചെയ്യില്ല എന്നാണ് ബാലികരുതിയത്.
ബാലിനിഗ്രഹത്തിന് രാമൻ പ്രാപ്തനാണെന്നറിയാൻ സുഗ്രീവൻ രാമന്റെ യോഗ്യത പരീക്ഷിച്ചിരുന്നു. വൃത്താകൃതിയിൽ നിൽക്കുന്ന ഏഴുവൃക്ഷങ്ങളെ ഒരു അസ്ത്രംകൊണ്ട് മുറിക്കണം. രാമൻ ആ പരീക്ഷ ജയിച്ചു. നമ്മുടെ രണ്ടുനേത്രങ്ങൾ, രണ്ടുകാതുകൾ, നാസിക, നാവ് എന്നിവതന്നെയാണ് മരാമരങ്ങൾ.
ഇന്ദ്രപുത്രനായ ബാലിയെ ഒരു വൃക്ഷത്തിന്റെപുറകിൽനിന്ന് രാമൻ അമ്പെയ്തു. ബാലി നിലംപതിച്ചു. ബാലിയുടെ അധിക്ഷേപവാക്കുകൾ രാമൻ സശ്രദ്ധം ശ്രദ്ധിച്ചു. ക്ഷത്രിയന് യോജിച്ച കർമമല്ല രാമൻ ചെയ്തതെന്ന് ബാലി. സുഗ്രീവനെക്കാൾ താൻ കേമനാണെന്നും രാവണനെ നിലയ്ക്കുനിർത്തിയവനാണെന്നും ബാലി പറഞ്ഞു. രാമന്റെ മറുപടി ഇങ്ങനെയായിരുന്നു. ന്യായവും സത്യവും രണ്ടാണ്. ന്യായം മറ്റൊരാളെ പറഞ്ഞുബോധ്യപ്പെടുത്താൻ മാത്രമുള്ളതാണ്. സത്യമാകട്ടെ അനുഭവിക്കാനുള്ളതാണ്. ലോകത്തുള്ളവർക്ക് ന്യായമാണ് ഇഷ്ടം. ഈശ്വരനാകട്ടെ സത്യമാണ് ഇഷ്ടം. രാമൻ പറഞ്ഞത് ബാലിക്ക് വ്യക്തമായും മനസ്സിലായി. പുത്രനായ അംഗദനെ രക്ഷിക്കണമെന്നുപറഞ്ഞ് ബാലി തന്റെ ജീവിതം അവസാനിപ്പിച്ചു.
താരയുടെ നിലവിളി അസഹ്യമായെങ്കിലും ജ്ഞാനിയായ രാമൻ സദുപദേശങ്ങളെക്കൊണ്ട് ആശ്വസിപ്പിച്ചു. എല്ലാം വിധിപ്രകാരമാണ് വരുക. ബാലിക്കുവേണ്ടുന്ന ഉദകക്രിയകൾ ചെയ്യാനായി രാമൻ ഉപദേശിച്ചു. പ്രണവമാണ് താര. ബാലിയിൽ താര ശോഭിക്കുകയില്ല. പ്രണവോപാസന വിവേകത്തോടുകൂടിയാകണം. അതേ താര സുഗ്രീവനോട് ചേർന്നപ്പോൾ ശാശ്വതമായ ശാന്തിയെ അനുഭവിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..