വര: ബി.എസ്. പ്രദീപ്കുമാർ
രക്ഷിക്കണേ എന്ന് രാമന്റെ പേരുചൊല്ലി നിലവിളിക്കുന്ന സീതയെയുംകൊണ്ട് രാവണൻ യാത്രയായി. പുഷ്പകവിമാനത്തിൽനിന്ന് താഴോട്ടുനോക്കിയപ്പോൾ പർവതത്തിനുമുകളിൽ വാനരന്മാർ ഇരിക്കുന്നതുകണ്ടു. തന്റെ ഉത്തരീയത്തിൽനിന്ന് ഒരുകഷണം കീറിയെടുത്ത് ആഭരണങ്ങളതിൽ പൊതിഞ്ഞ് ശ്രീരാമദേവന് ഇതുകാണാൻ യോഗമുണ്ടാവണേയെന്ന് പ്രാർഥിച്ച് താഴോട്ടെറിഞ്ഞു. ലങ്കയിലെത്തിയ രാവണൻ അശോകവനത്തിൽ സീതയെ ഇരുത്തി രാക്ഷസിമാരോട് പരിപാലിക്കാനാവശ്യപ്പെട്ട് വാസഗൃഹത്തിലേക്കുപോയി. രാപകൽഭേദമില്ലാതെ രാമനാമം ജപിച്ച്, ദുഃഖിതയായ സീത അവിടെ കഴിഞ്ഞു.
സീത അപഹരിക്കപ്പെട്ടതറിഞ്ഞ് ശോകാകുലനായ രാമൻ വനദേവതമാരേ, പക്ഷിക്കൂട്ടങ്ങളേ, വൃക്ഷലതാദികളേ, മൃഗസഞ്ചയങ്ങളേ, നിങ്ങൾ എന്റെ പ്രിയങ്കരിയായ സീതയെക്കണ്ടുവോ എന്ന് വിലപിച്ചുനടന്നു. സീതാന്വേഷണവേളയിൽ വഴിയരികിൽക്കണ്ട ജടായുവിൽനിന്ന് രാമൻ കാര്യങ്ങളറിഞ്ഞു. ജടായു ആവശ്യപ്പെട്ടതനുസരിച്ച്, ‘പൂപോലുള്ള തന്റെ തൃക്കരങ്ങൾകൊണ്ട്’ ജടായുവിനെ തലോടുകയും രാമനെ സ്തുതിച്ചുകൊണ്ട് ജടായു മുക്തിനേടുകയും ചെയ്തു. സീതയെ അന്വേഷിച്ചുനടക്കുമ്പോൾ കാലും തലയുമില്ലാത്ത, മാറിൽ വായുള്ള, വളരെ നീണ്ട കൈകളോടുകൂടിയ കബന്ധൻ രാമലക്ഷ്മണന്മാരെ ആക്രമിച്ചു. രാമനാൽ ശാപമോക്ഷം നേടുകയുംചെയ്തു. എന്തിന്റെ പേരിലാണോ ഒരുവൻ അഹങ്കരിക്കുന്നത് അതുതന്നെ അവന് ശാപമായിമാറുമെന്ന് കബന്ധന്റെ കഥ നമ്മെ പഠിപ്പിക്കുന്നു. രാമഭക്തയായ ശബരിയുടെ ആശ്രമം സന്ദർശിച്ചാൽ സീതാദേവിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന കബന്ധന്റെ വാക്കുകളനുസരിച്ച് അവർ അവിടെയെത്തി. ശബരി പൂജയ്ക്കുള്ള വെള്ളം, കാൽകഴുകാനുള്ള വെള്ളം, ഇരിപ്പിടം എന്നിവ സമർപ്പിച്ച് രാമനെ സ്തുതിച്ചു. കഴിക്കാൻ ഫലമൂലങ്ങൾ നൽകി. സജ്ജനസംസർഗം, ഭഗവദ്കഥകൾ പറയുന്നത്, ഗുണങ്ങൾ കീർത്തിക്കുന്നത്, ഭഗവദ് വാക്കുകളെ വ്യാഖ്യാനിക്കുന്നത് തുടങ്ങി ഒമ്പതുവിധത്തിലുള്ള ഭക്തിസാധനകളെക്കുറിച്ച് രാമൻ ശബരിയോടു പറയുന്നുണ്ട്. ഋശ്യമൂകാചലത്തിലിരിക്കുന്ന സുഗ്രീവനുമായി സഖ്യംചെയ്താൽ ലങ്കയിലിരിക്കുന്ന സീതയെ കണ്ടെത്താനാവുമെന്നറിയിച്ച് തന്റെമായബന്ധനങ്ങൾ ഇല്ലാതാക്കിത്തരണമെന്ന പ്രാർഥനയോടെ ശബരി ദേഹത്യാഗം ചെയ്ത് മുക്തിനേടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..