വര: ബി.എസ്. പ്രദീപ്കുമാർ
ലൗകികജീവിതത്തില്‍ അഭിരമിച്ചുകൊണ്ടുതന്നെ എങ്ങനെ മോക്ഷംനേടാമെന്ന അന്വേഷണമാണ് രാമായണത്തിലുള്ളത്. വിപരീതഭക്തികൊണ്ട് കൈവല്യം നേടാനിച്ഛിക്കുന്ന രാവണന്റെ പത്തുശിരസ്സുകളുടെ വര്‍ണനയും ഇരുപതുകൈകളുടെ വര്‍ണനയുമെല്ലാം അയാളുടെ വിഭിന്നസ്വഭാവങ്ങളുടെ പ്രതീകങ്ങളാണ്. മാരീചന്റെ ആശ്രമത്തിലെത്തിയ രാവണന്, സീതാപഹരണത്തിന് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
ആദ്യം വിസമ്മതിച്ചെങ്കിലും രാവണന്റെ നിര്‍ബന്ധത്തിനുവഴങ്ങി മാരീചന് ആശ്രമസമീപത്തെത്തി. സീതാപഹരണത്തിനായി രാവണനെത്തുമെന്നും അഗ്നിമണ്ഡലത്തില്‍ മറഞ്ഞിരുന്ന്, പകരക്കാരിയായി മായാസീതയെ ആശ്രമത്തില്‍ നിര്‍ത്തണമെന്നും രാമന് ആവശ്യപ്പെട്ടിരുന്നു. സീത അതനുസരിക്കുന്നു.
അതിമനോഹരമായ മാനിനെക്കണ്ടപ്പോള്‍ തനിക്കതിനെ പിടിച്ചുതരണമെന്ന സീതയുടെ നിര്‍ബന്ധപ്രകാരം രാമന് മായപ്പൊന്മാനുപിറകെപ്പോയി. രാമശരമേറ്റപ്പോള്‍ രാക്ഷസവേഷംപൂണ്ട മാരീചന് സഹായമഭ്യര്‍ഥിച്ച് രാമന്റെ ശബ്ദത്തില്‍ വിലപിക്കുന്നതുകേട്ടു.
എത്രയും പെട്ടെന്ന് രാമസവിധത്തിലെത്താന്‍ ലക്ഷ്മണനോട് സീത ആജ്ഞാപിക്കുകയായിരുന്നു. ബലവാനായ ജ്യേഷ്ഠന് ഒരാപത്തും സംഭവിക്കില്ലെന്നുപറഞ്ഞ ലക്ഷ്മണനോട് സീത കുപിതയായി. ജ്യേഷ്ഠഭാര്യയെ തട്ടിയെടുക്കാമെന്നുമോഹിക്കുന്ന നിന്റെ നീചമനസ്സ് സഹോദരസ്നേഹം കൊണ്ട് രാമന് തിരിച്ചറിഞ്ഞില്ലെന്നും രാമന് അപകടംപറ്റിയാല്‍ താന്‍ ജീവനോടിരിക്കില്ല എന്നുമുള്ള കൊള്ളിവാക്കുകള്‍ സീത പറഞ്ഞു. ലക്ഷ്മണനത് അസഹനീയമായി.
നിന്റെ നാശമടുത്തിരിക്കുന്നതുകൊണ്ടാണ് നീയിങ്ങനെ ഇല്ലാത്തകാര്യങ്ങള്‍ പറയുന്നതെന്ന് ലക്ഷ്മണന് കുപിതനായി സീതയോട് പറഞ്ഞു. ''വനദേവതമാരേ, ദേവിയെ സംരക്ഷിക്കണമേ''യെന്ന പ്രാര്‍ഥനയോടെ ലക്ഷ്മണന് രാമനെ അന്വേഷിച്ച് പുറപ്പെട്ടു. ആ സമയത്ത് ഭിക്ഷുവേഷത്തിലെത്തിയ രാവണന് സീതയെ അപഹരിച്ച് ആകാശമാര്‍ഗേണ യാത്രയായി. സീതാവിലാപംകേട്ട് ജടായു രക്ഷിക്കാനെത്തി.
ഘോരയുദ്ധത്തിനൊടുവില്‍ രാവണന്റെ ചന്ദ്രഹാസത്താല്‍ ചിറകരിയപ്പെട്ട് വീണു. രാമനെക്കണ്ട് വൃത്താന്തങ്ങളെല്ലാം അറിയിക്കുന്നതുവരെ ജടായുവിന്റെ ജീവന് ഹാനിവരില്ലെന്ന് സീത അനുഗ്രഹിക്കുകയുംചെയ്തു. കാമനകളെ നിയന്ത്രിക്കാതെ പ്രലോഭനങ്ങള്‍ക്കുപിറകെ പോകുമ്പോള്‍ പലതരത്തിലുള്ള ദുഃഖം വന്നുചേരാമെന്ന സത്യം മായപ്പൊന്മാന് നമ്മെ പഠിപ്പിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..