വര: ബി.എസ്. പ്രദീപ്കുമാർ
രാമാദികള്‍ അഗസ്ത്യമുനിയുടെ ആശ്രമത്തിലെത്തുന്നു. ''യോഗ്യനും പ്രിയനുമായ അതിഥിയായി അങ്ങയെ സ്വീകരിക്കാന്‍ അവസരമുണ്ടായത് എന്റെ ഭാഗ്യം കൊണ്ടാണെന്നും ജഗല്പതേ, ഇന്ന് എന്റെ തപസ്സിന് ഫലസിദ്ധിയുണ്ടായി.'' എന്നും അഗസ്ത്യന് പറയുന്നു. രാമന് വനഭോജ്യങ്ങള് നല്കിയതിനുശേഷം അഗസ്ത്യന് ഇങ്ങനെ പറഞ്ഞു: ''നീ വരുന്നതും കാത്ത് ഞാനിരിക്കുകയായിരുന്നു. രാവണനെ വധിച്ച് ഭൂമിയുടെ ഭാരം ഇല്ലാതാക്കുമെന്ന് അങ്ങ് ബ്രഹ്മാവിനോടും ദേവകളോടും പറഞ്ഞതുമുതല്‍ ഞാന്‍ ആ തിരുവുടല്‍ കാത്ത് ഇവിടെ വസിക്കുകയാണ്. ലോകസൃഷ്ടിക്കുംമുമ്പ് ഏകനും ആനന്ദമയനും ലോകകാരണനുമായ അങ്ങ് ഉണ്ടായിരുന്നു. സൃഷ്ടിക്ക് കാരണഭൂതയായ 'മായ' അങ്ങയുടെ തന്നെ ശക്തിയാകുന്നു.
അവിദ്യക്ക് അധീനരായവര്‍ ലൗകികന്മാരാണെന്നും വിദ്യയെ അനുശീലനം ചെയ്യുന്നതില്‍ മുഴുകുന്നവര്‍ നിത്യമുക്തരാണെന്നുമാണ് തത്ത്വജ്ഞാനികളുടെ അഭിപ്രായം. അങ്ങയുടെ നാമം ജപിക്കുന്ന ഭക്തന്മാര്ക്ക് നിര്‍മലമായ വിദ്യ സ്വയം സിദ്ധമാകുന്നു. അങ്ങയുടെ കഥകള്‍കേള്‍ക്കുമ്പോള്‍ ഭക്തിവര്ധിക്കുകയും വിജ്ഞാനമുണ്ടാവുകയും മോക്ഷം ലഭിക്കുകയും ചെയ്യും. അതുകൊണ്ട് അങ്ങയോടുള്ള ഭക്തിയും സ്നേഹവായ്പും എന്നും എന്നുള്ളിലുണ്ടാകാന് അനുഗ്രഹിക്കണം.'' എന്നിങ്ങനെ ഭക്തിപൂര്‍വം സ്തുതിച്ച് അഗസ്ത്യമഹര്‍ഷി ദേവേന്ദ്രന് നല്കിയ വില്ലും അമ്പും ആവനാഴിയും വാളും ശ്രീരാമന് സമ്മാനിച്ചു. ഇവിടെനിന്ന് രണ്ടുയോജന ദൂരെയുള്ള പുണ്യഭൂമിയായ പഞ്ചവടിയില്‍ ഒരാശ്രമം നിര്‍മിച്ച് താമസിക്കണമെന്നും അവിടെവെച്ച് രാക്ഷസവധമടക്കമുള്ള കാര്യങ്ങള്‍ പെട്ടെന്നു ചെയ്തുതീര്‍ക്കണമെന്നും ആവശ്യപ്പെട്ടു. ശ്രീരാമന് അഗസ്ത്യനെ സാഷ്ടാംഗം പ്രണമിച്ചു.
അവിടെനിന്നും മടങ്ങുന്ന വേളയില്‍ ഭീമാകാരനായ ജടായു എന്ന വലിയ പക്ഷിയെ കണ്ടുമുട്ടി.
രാക്ഷസനാണ് ജടായു എന്നു ധരിച്ച രാമന് കൊല്ലാനാണ് ശ്രമിക്കുന്നത്. എന്നാല്‍, ഞാന്‍ വധ്യനല്ലെന്നും ദശരഥന്റെ സുഹൃത്താണെന്നും ജടായു പറഞ്ഞു.
ദശരഥന് പ്രിയപ്പെട്ടവനാണെന്നറിഞ്ഞപ്പോള് ശങ്കമാറി സൗഹൃദത്തിലാവുകയും ആശ്ലേഷിക്കുകയും ചെയ്തു. പിന്നീട് അവര്‍ പഞ്ചവടിയില്‍ പ്രവേശിച്ചു. ലക്ഷ്മണന് നിര്‍മിച്ച മനോഹരമായ പര്‍ണശാലയില്‍ ഗംഗാനദിയുടെ ആ ഉത്തരതീരത്ത് സന്തോഷത്തോടെ വസിക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..