വര: ബി.എസ്. പ്രദീപ്കുമാർ
രാമലക്ഷ്മണന്മാരും സീതയും അത്രിമഹര്‍ഷിയുടെ ആശ്രമത്തില്‍നിന്ന് ദണ്ഡകാരണ്യത്തിലേക്ക് യാത്രതിരിച്ചു. ഘോരവനത്തില്‍ രാക്ഷസന്മാര് ഭക്ഷണംതേടി നടക്കുന്നവരാണെന്നും അമ്പുംവില്ലുമേന്തി ലക്ഷ്മണന് നാലുവശവും നന്നായി ശ്രദ്ധിച്ച് മുന്നില്‍ നടക്കണമെന്നും അതിനുപിന്നില്‍ സീതയും സീതയ്ക്കുപിന്നില് ഞാനും നടക്കാമെന്നും രാമന് പറഞ്ഞു.
ഒരു യോജന പിന്നിട്ടപ്പോള്‍ മനോഹരമായ ഒരു തടാകം കണ്ടു. അതിലെ തെളിഞ്ഞ വെള്ളമെടുത്ത് ദാഹം ശമിപ്പിച്ച് മരച്ചുവട്ടില്‍ വിശ്രമിച്ചു. അപ്പോള്‍ അവരുടെ നേര്‍ക്ക് ഭയാനകവും തിളങ്ങുന്നതുമായ തേറ്റപ്പല്ലുകളും ഗുഹപോലുള്ള വായും ചുവന്ന കണ്ണുകളുമുള്ള ഒരു ഭീകരരൂപി അലറിക്കൊണ്ട് വരുന്നതുകണ്ടു. ജാഗ്രതപുലര്‍ത്താന്‍ രാമന് ലക്ഷ്മണനോട് നിര്‍ദേശിക്കുകയും പേടിവേണ്ടെന്ന് സീതയെ ആശ്വസിപ്പിക്കുകയും ചെയ്തു.
ആരാണ് എന്ന രാക്ഷസന്റെ ചോദ്യത്തിന് പുഞ്ചിരിയോടെ രാമന് മറുപടി പറഞ്ഞു.
ക്രുദ്ധനായ വിരാധന് ഒരു വന്‍വൃക്ഷം പിഴുതെടുത്ത്, ജീവനില്‍ കൊതിയുണ്ടെങ്കില്‍ സീതയെയും ആയുധങ്ങളും ഉപേക്ഷിച്ച് ഓടിപ്പോകണമെന്ന് ആവശ്യപ്പെട്ടു.
രാമന് അമ്പെയ്ത് വിരാധനെ വധിച്ചു.
അപ്പോള്‍ വിരാധഗാത്രത്തില്നിന്ന് തേജസ്വിയായ ഒരു സുന്ദരരൂപം പുറത്തുവന്നു. ഞാനൊരു വിദ്യാധരനാണെന്നും ദുര്വാസാവുമഹര്ഷിയുടെ ശാപംകൊണ്ട് രാക്ഷസനായതാണെന്നും പറഞ്ഞു. അനുഗ്രഹിക്കണമെന്നുപറഞ്ഞ് രാമനെ നമസ്കരിച്ചു. ദേവലോകത്തേക്ക് യാത്രയായി.
പിന്നീടവര്‍ ശരഭംഗമഹര്‍ഷിയുടെ ആശ്രമത്തിലെത്തി. താന്‍ നേടിയെടുത്ത തപോപുണ്യമെല്ലാം ശ്രീരാമനില്‍ സമര്‍പ്പിച്ചിട്ടേ ദേഹത്യാഗംചെയ്യൂവെന്ന വിചാരത്തോടെ ഒരുപാടുകാലമായി കാത്തിരിക്കുകയായിരുന്നെന്ന് ശരഭംഗമഹര്‍ഷി പറഞ്ഞു.
അദ്ദേഹം സ്വന്തം ശരീരം യാഗാഗ്നിയില്‍ ദഹിപ്പിച്ച് ദേവലോകം പ്രാപിച്ചു.
മുനിമാരുടെ പര്‍ണശാലകള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ മനുഷ്യരുടെ തലയോട്ടികളും എല്ലുകളും കുന്നുകൂടികിടക്കുന്നത് രാക്ഷസന്മാര് മഹര്‍ഷിമാരെ ആക്രമിച്ചതുകൊണ്ടാണെന്നറിഞ്ഞ രാമന് ക്രുദ്ധനായി.
രാക്ഷസകുലത്തെ താന്‍ നശിപ്പിക്കുമെന്നും സന്തോഷപൂര്‍വം യാഗാദികര്‍മങ്ങള്‍ അനുഷ്ഠിക്കണമെന്നും അവരോടറിയിച്ചു.
അവര്‍ സുതീക്ഷ്ണമഹര്ഷിയുടെ ആശ്രമത്തില്‍ പ്രവേശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..