പ്രതീകാത്മക ചിത്രം
ധര്‍മരക്ഷാര്‍ഥം സംസാരസാഗരത്തിലൂടെയുള്ള ശ്രീരാമന്റെ മഹാ അയനമാണ് രാമായണം. രാമന്റെ മാത്രമല്ല, സീതയുടെയും സഞ്ചാരമാണത്.
എഴുത്തച്ഛന് തത്തയോടാണ് കഥപറയാന്‍ ആവശ്യപ്പെടുന്നത്.
പാര്‍വതിയും പരമേശ്വരനും തമ്മിലുള്ള സംഭാഷണമാണ് പിന്നീട്. രാമകഥ പറഞ്ഞുതരണമെന്ന് പാര്‍വതി അപേക്ഷിക്കുന്നു. ശിവന് ഉമയ്ക്ക് കഥ ചുരുക്കി പറഞ്ഞുകൊടുത്തു. അതുകേട്ടപ്പോള്‍ കൂടുതല്‍ കേള്‍ക്കാന്‍ താത്പര്യമായി. വിശദമായി പറഞ്ഞുതരണമെന്ന് ഉമ ആവശ്യപ്പെടുന്നു. അങ്ങനെ ശിവന് കഥ വിശദമായി പറയുന്നതാണ് രാമായണത്തിന്റെ ഘടന.
ഉമാമഹേശ്വര സംവാദമാണ് ശാരികപ്പൈതല്‍ അവതരിപ്പിക്കുന്നത്. ഇഷ്ടദേവതകളായ ഗണപതി, സരസ്വതി, ശിവന്, പാര്‍വതി, ബ്രഹ്മാവ്, വാല്മീകി, വ്യാസന്, നാരദന്, ലക്ഷ്മി, ജ്യേഷ്ഠനായ രാമനാമാചാര്യന്‍, ശിഷ്യഗണങ്ങള്‍ തുടങ്ങിയവരെ സ്തുതിക്കുന്നു.
ഭാരതീപദാവലി വാരിധിതന്നില്‍ തിരമാലകളെന്നപ്പോലെ തോന്നേണമേയെന്നും പ്രാര്‍ഥിക്കുന്നു. ധന്യമായ ആ കാവ്യത്തിന്റെ മാഹാത്മ്യത്തെ പ്രശംസിക്കുന്നു.
രാവണന് തുടങ്ങിയ രാക്ഷസന്മാരുടെ ഉപദ്രവം സഹിക്കാനാകാതെ ഭൂമീദേവി ബ്രഹ്മാവിനോട് പരാതി പറഞ്ഞു. ദേവന്മാര്, താപസന്മാര് തുടങ്ങിയവരോടൊപ്പം ബ്രഹ്മാവ്, മഹാവിഷ്ണുവിനെക്കണ്ട് സങ്കടം പറയുന്നു. ''രാവണന് യാഗം മുടക്കുന്നു എന്നുമാത്രമല്ല യോഗീന്ദ്രന്മാരെ ഭക്ഷിക്കുകയും ചെയ്യുന്നു. ധര്മപത്നിമാരെ പിടിച്ചുകൊണ്ടുപോകുന്നു. ഞാന്‍ നല്കിയ വരത്തിന്റെ ബലത്തിലാണവന് ഇങ്ങനെയൊക്കെ ചെയ്യുന്നത്. മനുഷ്യന്മാര്ക്കുമാത്രമേ അവനെ കൊല്ലാന്‍ കഴിയുകയുള്ളൂ എന്ന വരമാണ് അവന്റെ ബലം'' -ബ്രഹ്മാവ് വിഷ്ണുവിനോട് പറഞ്ഞു.
ദശരഥ രാജാവിന്റെയും ഭാര്യ കൗസല്യയുടെയും മകനായി താന്‍ ഭൂമിയില്‍ ജനിക്കുമെന്നും അങ്ങനെ നിങ്ങളുടെ ദുരിതം ഇല്ലാതാക്കാമെന്നും മഹാവിഷ്ണു അവരോട് പറയുന്നു.
തന്റെ സഹോദരന്മാരായി മൂന്നുപേരുണ്ടാകും. തന്റെ ശക്തിയായ വിശ്വേശ്വരി അയോനിജയായി ഭൂമിയില്‍ ജനിക്കും. ദേവന്മാര് വാനരരാകും. രാവണനുള്പ്പെടെ രാക്ഷസന്മാരെ വധിച്ചുകൊണ്ട് ഭൂമീദേവിക്കുണ്ടായ സങ്കടം പരിഹരിക്കാം.
മഹാവിഷ്ണു അവര്‍ക്ക് ആശ്വാസം പകര്‍ന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..