സാന്റോസ് ക്ളബ്ബിൽ പൊതുദർശനത്തിന് വെച്ച പെലെയുടെ ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് വിതുമ്പുന്ന ഭാര്യ മാർസിയ അയോക്കി
സാവോപൗലോ: ഒടുവില്‍ പെലെ നിത്യനിദ്രയിലേക്ക്. ഫുട്ബോളിനെ അതിര്‍വരമ്പുകളില്ലാതെ പടര്‍ത്തിയ, കളിയാനന്ദം അതിരുകളില്ലാതെ പകര്‍ന്ന ഇതിഹാസതാരത്തിന്റെ ചേതനയറ്റ ശരീരം സാന്റോസിലെ വില ബെല്‍മിറോ സ്റ്റേഡിയത്തിന്റെ നടുവില്‍ കിടക്കുമ്പോള്‍ ചുറ്റും മൗനവും കണ്ണീരും പ്രാര്‍ഥനകളും മാത്രം. തനിക്കേറെ പ്രിയപ്പെട്ട സാന്റോസിലെ മണ്ണില്‍ പെലെ ചൊവ്വാഴ്ച നിത്യനിദ്രയെ പുല്കും. പെലെയുടെ ഓര്‍മകളില്‍ ബ്രസീല്‍ ഇനിയും ജ്വലിക്കും.
ഡിസംബര്‍ 29-നാണ് 82-കാരനായ പെലെ അന്തരിച്ചത്. വന്‍കുടലില്‍ കാന്‍സര്‍ ബാധിച്ച അദ്ദേഹത്തെ വൃക്കരോഗവും അലട്ടിയതോടെ സാവോപൗലോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസമായി തീവ്രപരിചരണ ചികിത്സയിലായിരുന്നു. ലോകം പ്രാര്‍ഥനകളോടെ പെലെയുടെ തിരിച്ചുവരവിനെ പ്രതീക്ഷിച്ചെങ്കിലും ഇതിഹാസതാരം ലോകത്തോട് വിടപറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് സാവോപൗലോയിലെ ആശുപത്രിയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള സാന്റോസിലേക്ക് പെലെയുടെ ഭൗതികശരീരം എത്തിച്ചത്. പെലെ 18 വര്‍ഷത്തോളം കളിച്ച സാന്റോസ് ക്ലബ്ബിന്റെ മൈതാനമായ വില ബെല്‍മിറോ മൈതാനത്തേക്ക് എത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ വിശിഷ്ട വ്യക്തികളടക്കം പതിനായിരങ്ങള്‍ പുലര്‍ച്ചെമുതല്‍ എത്തിയിരുന്നു.
പൊതുജനങ്ങള്‍ക്ക് കാണാന്‍ മികച്ചരീതിയില്‍ ക്രമീകരണവുമൊരുക്കിയിട്ടുണ്ട്. പെലെ തന്റെ ഫുട്ബോള്‍ ജീവിതത്തില്‍ ഏറ്റവുമധികം കാലം കളിച്ചത് സാന്റോസിനുവേണ്ടിയാണ്. 659 മത്സരങ്ങളില്‍ 643 ഗോളുകളും പെലെ സാന്റോസിനായി നേടി.
ചൊവ്വാഴ്ച രാവിലെ പത്തുവരെയാണ് പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം. തുടര്‍ന്ന് വില ബെല്‍മിറോ സ്റ്റേഡിയത്തില്‍നിന്ന് 600 മീറ്റര്‍ മാത്രം അകലെയുള്ള മെമ്മോറിയല്‍ നെക്രോപോള്‍ എക്യുമെനിക്ക സെമിത്തേരിയില്‍ സംസ്കാരച്ചടങ്ങുകള്‍ നടക്കും. കുടുംബാംഗങ്ങളും ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സില്‍വയും മറ്റു പ്രമുഖരും പങ്കെടുക്കും.
Content Highlights: the cremation of football legend pele
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..