സാന്റോസിലെ മ്യൂസിയത്തിലുള്ള പെലെയുടെ ചിത്രം | Photo: AFP
ബ്രസീലിലെ അതിപുരാതനമായ ഒരു ഫുട്ബോള്‍ ക്ലബ്ബാണ് സാന്റോസ്. 1912 ഏപ്രില്‍ 14-നായിരുന്നു ക്ലബ്ബിന്റെ പിറവി. റയ്മുണ്‍ഡോ മാര്‍ക്വസ്, മാരിയോ ഫെറെസ് ഡെ കാംപോസ്, അര്‍ജെമിറോ സൗസ എന്നീ മൂന്ന് ഫുട്ബോള്‍ ഭ്രാന്തന്മാരുടെ കളിഭ്രമമാണ് സാന്റോസ് ക്ലബ്ബിന്റെ ജനനത്തിന് വഴിവെച്ചത്. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം 1935-ലാണ് സാന്റോസ് ആദ്യമായി സാവോ പൗലോ പ്രീമിയര്‍ സ്റ്റേറ്റ് ലീഗ് ജേതാക്കളാകുന്നത്.
എന്നാല്‍ സാന്റോസ് എന്ന ക്ലബ്ബ് ലോകപ്രശസ്തമാകാന്‍ കാരണം ഒരേയൊരു പേരാണ്, എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോ എന്ന പെലെ. പ്രാദേശിക തലത്തില്‍ വിവിധ ക്ലബ്ബുകള്‍ക്കായി കളിക്കാന്‍ ആരംഭിച്ച പെലെ 1956-ലാണ് സാന്റോസിലെത്തുന്നത്.
സെറ്റെ ഡി സെറ്റംബ്രോ, കാന്റോ ഡൊ റിയോ, സാവോ പൗലിന്യോ, അമേരിക്വിന്യ, ബാറു അത്‌ലറ്റിക് ക്ലബ്ബ് ജൂനിയേഴ്‌സ് തുടങ്ങി വിവിധ ക്ലബ്ബുകള്‍ക്കായി കളിക്കുകയായിരുന്നു അക്കാലത്ത് പെലെ. ലീഗിലെ ഒരു സാധാരണ ഫുട്‌ബോള്‍ ക്ലബ്ബ് മാത്രമായി മുന്നേറിയിരുന്ന സാന്റോസിന്റെ തലവര മാറുന്നതും പെലെയുടെ വരവോടെയാണ്. പെലെയുടെ വരവിന് സാന്റോസ് കടപ്പെട്ടിരിക്കുന്നത് ബാറു അത്‌ലറ്റിക് ക്ലബ്ബിന്റെ പരിശീലകനായിരുന്ന വാള്‍ഡെമാര്‍ ഡി ബ്രിട്ടോ എന്ന ബ്രസീലിയന്‍ താരത്തോടാണ്. അദ്ദേഹമാണ് പെലെയെ കണ്ടെത്തുന്നതും സാന്റോസിലെത്തിക്കുന്നതും.
എന്നാല്‍ അന്ന് തുച്ഛമായ ശമ്പളമായിരുന്നു ക്ലബ്ബ് പെലെയ്ക്ക് വാഗ്ദാനം ചെയ്തത്. പക്ഷേ അന്നത്തെ ആ 15 വയസുകാരനെ ബ്രിട്ടോ, സാന്റോസ് ക്ലബ്ബ് ഡയറക്ടര്‍ക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു - ''ഇവന്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമാകും.''
വില്ല ബെല്‍മിറോ സ്‌റ്റേഡിയത്തില്‍ നടന്ന ട്രയല്‍സില്‍ സാന്റോസ് കോച്ച് ലുലയെ അദ്ഭുതപ്പെടുത്തിയതോടെ ക്ലബ്ബ്, പെലെയുമായി പ്രൊഫഷണല്‍ കരാറിലെത്തി. 1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു പെലെയുടെ സീനിയര്‍ ടീം അരങ്ങേറ്റം. ഒന്നിനെതിരേ ഏഴു ഗോളിന് സാന്റോസ് ജയിച്ച ആ മത്സരത്തില്‍ ഗോള്‍ നേടാനും പെലെയ്ക്കായി.
1957 സീസണില്‍ തന്റെ 16-ാം വയസില്‍ പെലെ സാന്റോസിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംനേടി. ആ സീസണിലെ ടോപ് സ്‌കോററും പെലെയായിരുന്നു. ആ സീസണില്‍ സാന്റോസ് ലീഗ് ജേതാക്കളാകുക കൂടി ചെയ്തതോടെ പെലെ പേരെടുക്കാന്‍ തുടങ്ങി. സീസണില്‍ പെലെ അടിച്ചുകൂട്ടിയത് 17 ഗോളുകളായിരുന്നു. 16-ാം വയസില്‍ ലീഗിലെ ടോപ് സ്‌കോറര്‍ പട്ടം പെലെയെ തേടിയെത്തി.
1958-ലാണ് സാന്റോസില്‍ പെലെ ആദ്യ മേജര്‍ കിരീടം നേടുന്നത്. കാംപെണാറ്റോ പൗലിസ്റ്റ കിരീടമാണ് അന്ന് സാന്റോസിന്റെ ഷെല്‍ഫിലെത്തിയത്. ഇത്തവണ 58 ഗോളുകളുമായി പെലെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി. കരിയറില്‍ സാന്റോസിനായി 643 ഗോളുകളാണ് പെലെ അടിച്ചുകൂട്ടിയത്.
പെലെ എത്തിയതോടെ സാന്റോസിന്റെ രാശിയും തെളിഞ്ഞു. പെലെ കളിച്ച 18 സീസണുകളിലായി 10 ലീഗ് കിരീടങ്ങളാണ് സാന്റോസ് സ്വന്തമാക്കിയത്. 1958, 1960, 1961, 1962, 1964, 1965, 1967, 1968, 1969, 1973 എന്നീ വര്‍ഷങ്ങളിലായിരുന്നു ആ നേട്ടങ്ങള്‍.
സാന്റോസിനായി കളിക്കാനിറങ്ങിയതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ പെലെയെ തേടി ദേശീയ ടീമില്‍ നിന്നുള്ള വിളിയെത്തി. 1958, 1962 ലോകകപ്പുകളില്‍ ബ്രസീല്‍ ജേതാക്കളായതോടെ പെലെ ഫുട്ബോളിലെ താരത്തിളക്കമായി ഉദിച്ചുയര്‍ന്നു. റയല്‍ മാഡ്രിഡ്, യുവെന്റസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ യൂറോപ്യന്‍ വമ്പന്‍മാരെല്ലാം പെലെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ശ്രമം തുടങ്ങി. പക്ഷേ അതെല്ലാം വെറുതെയായി. 1958-ല്‍ ഇന്റര്‍ മിലാന്‍ താരവുമായി കരാറിലെത്തി. ഇതറിഞ്ഞ ബ്രസീല്‍ ആരാധകര്‍ കാലപക്കൊടിയുയര്‍ത്തി. ഒടുവില്‍ സാന്റോസ് ചെയര്‍മാന്റെ അപേക്ഷയനുസരിച്ച് മിലാന്‍ ഉടമയും പ്രമുഖ വ്യവസായിയുമായിരുന്ന ആഞ്ജലോ മൊറാറ്റിക്ക് പെലെയുമായുള്ള കരാര്‍ കീറിക്കളയേണ്ടി വന്നു.
1958 സീസണില്‍ സാന്റോസിനായി 58 ഗോളുകള്‍ പെലെ അടിച്ചുകൂട്ടി. തൊട്ടടുത്ത വര്‍ഷം 45 ഗോളുകളും. ഗോളടിച്ചുകൂട്ടുന്നത് പതിവാക്കിയ താരം 1961-ല്‍ 47 ഗോളുകളും 1965-ല്‍ 49 ഗോളുകളും സാന്റോസിനായി സ്വന്തമാക്കി.
1961, 1962 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സാന്റോസ് കോപ്പ ലിബര്‍ട്ടഡാറോസ് കപ്പില്‍ മുത്തമിട്ടതും പെലെയുടെ മികവിലായിരുന്നു. 1961, 1962, 1963, 1964, 1965, 1968 വര്‍ഷങ്ങളില്‍ സാന്റോസിനൊപ്പം ബ്രസീലിയന്‍ കപ്പ് വിജയങ്ങളിലും പെലെ പങ്കാളിയായി. 1962, 1963 വര്‍ഷങ്ങളില്‍ ലോക ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പും നേടി.
1974 വരെ പെലെ സാന്റോസില്‍ തുടര്‍ന്നു. ആ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് പെലെ തന്റെ പ്രിയ ക്ലബ്ബിനു വേണ്ടി അവസാനമായി ബൂട്ടുകെട്ടിയത്.
Content Highlights: pele, pele death, pele dies, santos, pele and santos, connection between pele and santos
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..