'കൊല്ലാനുള്ള ഉദ്ദേശത്തോടെ അവര്‍ വന്നു, മറക്കാനാകാത്ത തിരുവോണ നാള്‍'; പി. ജയരാജന്‍


വിഷ്ണു കോട്ടാങ്ങല്‍

പി ജയരാജൻ | Photo: Mathrubhumi

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 23 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പി.ജയരാജനെന്ന കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ അതിക്രൂരമായ വധശ്രമമുണ്ടാകുന്നത്. അന്നും ഇതുപോലൊരു ഓണക്കാലമായിരുന്നു. എല്ലാവര്‍ക്കും ഓണമെന്നത് സന്തോഷത്തിന്റെ ഓര്‍മകളാണെങ്കില്‍ ഒരിക്കലും മറക്കാത്ത, മറക്കാന്‍ ശ്രമിക്കാത്ത ഓര്‍മപ്പെടുത്തലാണ് ഓരോ തിരുവോണനാളും. തന്റെ ഓണമോര്‍മകളും അല്‍പം രാഷ്ട്രീയവും മാതൃഭൂമി ഡോട്ട് കോമുമായി പി.ജയരാജന്‍ പങ്കുവെക്കുന്നു.

ഓണത്തിന്റെ ഐതിഹ്യത്തിലൊന്ന് മഹാബലിയെ പാതളത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ ഓണം ഒരു ചെറുത്തുനില്‍പ്പിന്റെ ഓര്‍മകൂടിയാണ്. ഇപ്പോള്‍ ഖാദി ബോര്‍ഡിന്റെ ചുമതലയിലിരിക്കുന്നു. ഖാദിയും ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ്. ഓണവും ഖാദിയും ചേരുമ്പോള്‍ അതിന്റെ സമവാക്യമെങ്ങനെയാണ്?

ഓണവും ഖാദിയും തീര്‍ച്ചയായും സമ്പന്നമായൊരു ഓര്‍മയാണ്. ഓണത്തെ സംബന്ധിച്ച ഐതിഹ്യമുണ്ട്, മാവേലി നാടുവാണകാലം, അതേതാണ് കാലമെന്ന് ചരിത്രത്തില്‍ തേടിയാല്‍ നമുക്ക് കണ്ടെത്താനാകില്ല. ഓണത്തെ സംബന്ധിടച്ചുള്ള മഹത്തായ സങ്കല്‍പമാണ് കൈമാറിക്കൊണ്ടിരിക്കുന്നത്. സമ്പന്നമായിരുന്ന ഒരുകാലത്തെ ഓര്‍ത്തുകൊണ്ടാണ് ഓണാഘോഷം നടത്തുന്നത്. മാനുഷരെല്ലാരുമൊന്നുപോലെ എന്ന സങ്കല്‍പം. പക്ഷെ ഇന്നിന്ത്യയിലെ പലയിടത്തും അത് കാണാനാകില്ല എന്നതാണ് കേരളത്തിലെ ഈ ഓണാഘോഷത്തിന് കുറച്ചുകൂടി മാറ്റുകൂട്ടുന്നത്.

ഇന്ത്യയില്‍ പലയിടത്തും ആഘോഷങ്ങള്‍ വര്‍ഗീയ കലാപങ്ങളിലേക്ക് മാറുന്ന സാഹചര്യത്തിലാണ് നാമിവിടെ വിഷും ഈസ്റ്ററും പെരുന്നാളും ഓണവുമൊക്കെ എല്ലാവരുടെയും കൂട്ടായ്മയായിട്ട് ആഘോഷിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ മഹത്തായൊരു സങ്കല്‍പ്പനം ഓണത്തിലെ ഐതിഹ്യത്തിലുണ്ട്. ഐതിഹ്യമെല്ലാം ചരിത്രമായിക്കൊണ്ടിരിക്കണമെന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്.

ഏതായാലും ഖാദിയെ സംബന്ധിച്ചിടത്തോളം അതിന് സമ്പന്നമായ ചരിത്രമുണ്ട്. ഖാദിയെന്നത് ഐതിഹ്യത്തിന്റെ ഓര്‍മപ്പെടുത്തലല്ല, ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലാണ്. സ്വാതന്ത്ര്യത്തിന്റെ സ്ഥാനവസ്ത്രമാണ് ഖാദി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃതോത്സവമായി ആഘോഷിച്ചു. ഹര്‍ ഘര്‍ തിരംഗ എന്ന പേരില്‍ എല്ലാ വീട്ടിലും ദേശീയ പതാക. ദേശീയ പതാകയുടെ കോഡില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി. നേരത്തെ ഖാദിയില്‍ മാത്രമായിരുന്നു ദേശീയപതാക ഉത്പാദിപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നത്.

എല്ലാ വീട്ടിലും ദേശീയപതാക എന്നത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല. കാരണം എല്ലാവര്‍ക്കും വീടില്ലാത്ത ഇന്ത്യയിലാണ് നമ്മള്‍ ജീവിക്കുന്നത്. അപ്പോള്‍ ഖാദിയുടെ സമ്പന്നമായ ഓര്‍മയെ ഉയര്‍ത്തിപ്പിടിക്കാനാണ് ഖാദി ബോര്‍ഡ് തീരുമാനിച്ചത്. ഏറ്റവും ചുരുങ്ങിയ കൂലികിട്ടുന്ന തൊഴിലാളികളാണ് ഖാദിമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ഇത്തവണ സമ്പന്നമായ ഓണക്കാലം സമ്മാനിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞുവെന്നതില്‍ അഭിമാനപൂര്‍വം പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പരുത്തിയുടെ വിലക്കയറ്റം, ക്ഷാമം മാത്രമല്ല റെഡിമെയ്ഡ് ഖാദി വസ്ത്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി ചുമത്തിയതും ഒക്കെ ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ പ്രതിസന്ധികള്‍ക്കിടയിലും കേരളസര്‍ക്കാരും ഖാദിബോര്‍ഡും ഖാദി തൊഴിലാളികള്‍ക്ക് കൈത്താങ്ങ് കൊടുക്കാന്‍ തീരുമാനിച്ചു.

അവരുടെ റിബേറ്റിലെ ആറുമാസത്തെ കുടിശ്ശിക ഓണക്കാലത്ത് കൊടുത്തു തീര്‍ക്കുകയാണ്. അവരുടെ ഇന്‍കം സപ്പോര്‍ട്ട് പദ്ധതിയിലെ ആറുമാസത്തെ കുടിശ്ശികയും കൊടുത്തുതീര്‍ത്തു. ഓണത്തിന് സര്‍ക്കാര്‍ അനുവദിക്കുന്ന അലവന്‍സും തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.

മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ നിരവധി പേര്‍ ഖാദി വസ്ത്രങ്ങള്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഒരുണര്‍വ് ഈ മേഖലയ്ക്കുണ്ടായിട്ടുണ്ട്. അതുകൊണ്ട് 2500 രൂപവീതം ഖാദി തൊഴിലാളികള്‍ക്ക് സമാശ്വാസ സഹായമായി നല്‍കാന്‍ തീരുമാനിച്ചു. അത് കിട്ടിയിരിക്കുകയാണ് ഇപ്പോള്‍. അപ്പോള്‍ തൊഴിലാളികള്‍ വലിയ സന്തോഷത്തിലാണ്.

ഓണക്കാലമെന്നത് എല്ലാവര്‍ക്കും സന്തോഷത്തിന്റെ ഓര്‍മകളുണ്ടാകും. പക്ഷെ താങ്കളുടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവമുണ്ടായതും ഓണക്കാലത്താണ്. വീണ്ടുമൊരു തിരുവോണം വരുമ്പോള്‍ അതേപ്പറ്റി ഓര്‍മിച്ചെടുക്കാനാകുമോ?

അത് ഞാന്‍ മറക്കാന്‍ ശ്രമിക്കുന്നതല്ല. എന്റെ ഓര്‍മയില്‍ രണ്ട് തരത്തിലുള്ള തിരുവോണ ദിവസമുണ്ട്. ചെറുപ്പകാലത്തെയും പിന്നീടുള്ള കാലത്തെയും. വളരെ ദരിദ്രമായ കുടുംബങ്ങളെ സംബന്ധിച്ച് സ്വാഭാവികമായും ഓണത്തിന് നല്ല ഭക്ഷണം കിട്ടും. വിശപ്പ് സഹിക്കുന്നവര്‍ക്കാണല്ലോ ഭക്ഷണം ഏറ്റവും സന്തോഷം നല്‍കുക. ഇന്നത്തെ കാലത്ത് അതിലൊക്കെ മാറ്റം വന്നെങ്കിലും ചെറുപ്പകാലത്ത് വയറ് നിറച്ച് ഉണ്ണാന്‍ കഴിയുക എന്നത് അങ്ങേയറ്റം സന്തോഷം നല്‍കുന്ന കാര്യമാണ്.

അങ്ങനെയുള്ള ജീവിതത്തിനിടയില്‍ 1999 ആഗസ്റ്റ് മാസം 25-ാം തീയതി ഒരു തിരുവോണ ദിവസം എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവമുണ്ടായി. അന്ന് തിരുവോണമുണ്ട് വീട്ടില്‍ കഴിയുന്ന അവസരത്തിലാണ് ആര്‍എസ്എസുകാരായ അക്രമികള്‍ വീട്ടില്‍ കയറി അക്രമം നടത്തി. മരിച്ചുവെന്ന് കണക്കാക്കിയിട്ടാകാം അവര്‍ പോയത്. അത് വലിയ നിലയ്ക്കുള്ള ഓര്‍മയാണ്.

പക്ഷെ എന്റെ നേര്‍ക്ക് മാത്രം നടത്തിയിട്ടുള്ള ഒരു വധശ്രമമല്ല എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. കൊല്ലാനുള്ള ഉദ്ദേശത്തോടുകൂടിയാകാം അവര്‍ വന്നത്. ഞാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് മാത്രം. പക്ഷെ നിരവധിയാളുകളെ ഈ സംഘം കേരളത്തില്‍ കശാപ്പ് ചെയ്തിട്ടുണ്ട്. അവര് ഭാരതീയ സംസ്‌കാരവും ഹിന്ദു സംസ്‌കാരവുമൊക്കെയാണ് പുറമെ ഉദ്ഘോഷിക്കുന്നതെങ്കിലും അത് കാട്ടാളത്തിന്റെ സംസ്‌കാരമാണ് കാണിക്കുന്നത്. അങ്ങനെ എത്രയോ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്, എത്രയോ ആളുകള്‍ക്ക് അംഗഭംഗം വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഞാനും എന്ന കാര്യം മാത്രമാണ് എന്റെ മനസിലുള്ളത്.

രണ്ട് പതിറ്റാണ്ടോളം ശരിക്കുപറഞ്ഞാല്‍ 23 വര്‍ഷം മുമ്പ് നടന്ന് സംഭവമാണെങ്കിലും ആ ഓര്‍മയ്ക്ക് ഇന്നും പ്രസക്തിയുണ്ട്. നമ്മുടെ ഇവിടെ മതത്തിനതീതമായി, ജാതിക്കതീതമായി ആഘോഷങ്ങള്‍ കൊണ്ടാടുന്നു. അതില്‍ ജനങ്ങളുടെ വലിയ കൂട്ടായ്മകള്‍ ഉണ്ടാകുന്നു. പക്ഷെ ഈ സമയത്ത് ഇന്ത്യയില്‍ പലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് തിന്മയുടെ ശക്തികള്‍ താണ്ഡവനൃത്തമാടുന്ന സമയമാണെന്നതാണ്. അത്തരം ശക്തികള്‍ രാജ്യത്ത് പലയിടത്തുമുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതായിട്ടുണ്ട്. ആഘോഷങ്ങളും ഉത്സവങ്ങളും മനുഷ്യരുടെ രക്തം ചിന്തുന്നതിന് വേണ്ടി വര്‍ഗീയ ശക്തികള്‍ നടത്തുന്ന അക്രമത്തിന്റെ വാര്‍ത്തകള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്.

രാമനവമി ആഘോഷത്തിന്റെ ഘോഷയാത്ര നടക്കുന്നു, മുസ്ലീം ന്യൂനപക്ഷത്തിന്റെ പ്രദേശത്ത് മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സംഘര്‍ഷമുണ്ടാകുന്നു, കലാപമുണ്ടാകുന്നു. വടക്കന്‍ ഡല്‍ഹിയില്‍ അവിടെ ഇരുപതും മുപ്പതും വര്‍ഷങ്ങളായി താമസിക്കുന്നവരുടെ വീടുകളാണ് കലാപത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. എത്ര ഞെട്ടിപ്പിക്കുന്ന കാര്യമാണ്. എല്ലാ വീട്ടിലും ദേശീയപതാകയെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ താമസിച്ച വീടാണ് കണ്‍മുന്നില്‍ ഇല്ലാതാക്കുന്നത്.

ഇതുമാത്രമല്ല, രാജസ്ഥാനില്‍ ഞങ്ങള്‍ പോയ സമയത്ത് അവിടെ പരശുരാമ ജയന്തിയാണ്. അതിന് കുറച്ച് മുമ്പാണ് ജോധ്പുരില്‍ വര്‍ഗീയകലാപമുണ്ടായത്. അതിന് നിമിത്തമായത് പരശുരാമ ജയന്തിയാണ്. പരശുരാമനും കേരളവും തമ്മിലുള്ള ഐതിഹ്യത്തിലെ ബന്ധം എല്ലാവര്‍ക്കും അറിയാം. പക്ഷെ കേരളത്തില്‍ പരശുരാമ ജയന്തി നമ്മള്‍ ആഘോഷിക്കുന്നില്ല. അഥവാ ഇവിടെ ആരെങ്കിലും ആഘോഷിക്കുമ്പോള്‍ തന്നെ വര്‍ഗീയ സംഘര്‍ഷങ്ങളുമില്ല.

പക്ഷെ ജോധ്പുരില്‍ നടന്നത് ഞങ്ങളെയെല്ലാം ഞെട്ടിച്ചു. പരശുരാമ ജയന്തിയുടെ ഭാഗമായ ഘോഷയാത്ര മുസ്ലീങ്ങള്‍ താമസിക്കുന്ന സ്ഥലത്തെത്തുന്നു അവിടെ വര്‍ഗീയ സംഘര്‍ഷമുണ്ടാകുന്നു. ഭരണകൂടം നോക്കുകുത്തിയായി മാറുന്നു.

23 വര്‍ഷം മുമ്പ് എനിക്കുനേരെ നടന്നിട്ടുള്ള വധശ്രമം അത് എന്റെ വ്യക്തിരമായ അനുഭവം മാത്രമല്ല. കൃത്യമായിട്ടുള്ള അജണ്ടയുടെ ഭാഗമായിരുന്നു ആക്രമണം. അത്തരം ആക്രമങ്ങള്‍ രാജ്യത്ത് പലയിടത്തും തുടര്‍ന്നുകൊണ്ടിരിക്കുന്നു, കേരളത്തിലുമുണ്ട് അത്തരം ആള്‍ക്കാര്‍. പക്ഷെ സമൂഹം അത്തരം വര്‍ഗീയവാദത്തെ ഒറ്റപ്പെടുത്തുന്നുണ്ട് എന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്.

ഓണമെന്ന ആഘോഷം മലയാളികളുടെ മാത്രം ആഘോഷമാണ്. അതില്‍ മഹാബലിയുമായി ബന്ധപ്പെട്ട ഐതിഹ്യവും ചിന്തയുമൊക്കെയാണ് മുന്നിട്ടുനില്‍ക്കുന്നത്. പക്ഷെ ഇപ്പോള്‍ ഒരുവിഭാഗം ആളുകള്‍ അതില്‍ വാമനജയന്തിയെന്ന് പ്രത്യേകം വിശേഷിപ്പിച്ച് ഓണത്തില്‍ മറ്റൊരു വാദം കൊണ്ടുവരുന്നുണ്ട്, അത് എതിര്‍ക്കപ്പെടേണ്ടതാണോ?

ഓണത്തിനെ വാമനജയന്തിയായി ആഘോഷിക്കാന്‍ ആര്‍എസ്എസും സംഘപരിവാരവും വളരെ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. ആശയപരമായിട്ടുള്ള മേധാവിത്വം ഉണ്ടാക്കുന്നതിന് വേണ്ടി സവര്‍ണ ഫാസിസ്റ്റുകള്‍ നടപ്പാക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണ്. ഐതിഹ്യങ്ങളെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് ഇന്നത്തെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കുന്നതിന് വേണ്ടി പ്രയോഗിക്കുക. അതാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഓണം എല്ലാ മതസ്ഥരും ആഘോഷിക്കുന്നുണ്ട്. അതാണ് കേരളത്തിന്റെ പാരമ്പര്യം. ആ പാരമ്പര്യത്തെ അട്ടിമറിച്ചുകൊണ്ട് വര്‍ഗീയത ആളുകളുടെ മനസില്‍ കുത്തിചെലുത്താന്‍ വേണ്ടി ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. ആ ഇടപെടലിന്റെ ഭാഗമായാണ് ഓണമെന്നത് വാമനജയന്തിയാണെന്ന വാദം. പക്ഷെ ഐതിഹ്യപ്രകാരം വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നാണ്. ഏറ്റവും നല്ല ഭരണാധികാരിയെ ചവിട്ടിതാഴ്ത്തിയ വാമനനെ പൊക്കി പിടിക്കുക വഴി അവരുടെ ഫാസിസ്റ്റ് മനോഭാവമാണ്, ജനാധിപത്യത്തെ അപഹസിക്കുന്ന മനോഭാവമാണ് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്. ഇന്നത്തെ കാലത്ത് മനുഷ്യ നന്മയെ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ ആശയങ്ങളെയും നമ്മള്‍ പ്രോത്സാഹിപ്പിക്കണം. മനുഷ്യര്‍ക്കിടയില്‍ പരസ്പരം ശത്രുതയുണ്ടാക്കുന്ന എല്ലാ ആശയങ്ങളെയും തള്ളിക്കളയുകയും വേണം.

നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ താങ്കള്‍ക്ക് നേരെ അക്രമമുണ്ടായതിന് മുമ്പും ശേഷവും കേരളത്തില്‍ സിപിഎമ്മും- ആര്‍എസ്എസും തമ്മിലുണ്ടായിട്ടുണ്ട്. പരസ്പരം സംഘര്‍ഷമുണ്ടാകാത്ത ഒരുകാലം പ്രതീക്ഷിക്കാനാകുമോ?

സംഘര്‍ഷമുണ്ടാകാത്ത സാഹചര്യമുണ്ടാകണമെങ്കില്‍ സംഘര്‍ഷമുണ്ടാക്കുന്ന ശക്തികളുണ്ട്, ആ ശക്തികള്‍ തീരുമാനിക്കണം. ഈ കഴിഞ്ഞ ആറുവര്‍ഷക്കാലത്തിനിടയില്‍ കേരളത്തില്‍ രാഷ്ട്രീയ സംഘട്ടനങ്ങളുണ്ടായി. അതില്‍ ആളുകള്‍ കൊല്ലപ്പെട്ടു. അതെല്ലാം നോക്കുമ്പോള്‍ 17 സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണ്. സിപിഎം തിരിച്ച് ആക്രമങ്ങള്‍ നടത്തിയിട്ടില്ല എന്നതും നമ്മള്‍ ആലോചിക്കണം.

സംഘര്‍ഷമുണ്ടാക്കി കേരളത്തില്‍ ഇടപെടണമെന്നത് ബിജെപി നേതൃത്വത്തിന്റെ ആവശ്യമാണ്. സ്വാഭാവികമായിട്ടും അത് മനസിലാക്കിക്കൊണ്ട് പ്രബുദ്ധരായിട്ടുള്ള ജനങ്ങള്‍ പ്രതികരിക്കുന്നുവെന്നാണ് അതില്‍ അര്‍ഥമാക്കേണ്ടത്. സംഘര്‍ഷത്തിന്റെ തുടക്കക്കാര്‍ എപ്പോഴും ഇന്ത്യാരാജ്യത്ത് കലാപങ്ങളും കൊലപാതകങ്ങളും സംഘടിപ്പിക്കാനുള്ള നല്ല മെയ്വഴക്കം സൃഷ്ടിച്ചിട്ടുള്ളവരാണ്. സംഘപരിവാര്‍ ശക്തികളാണ് പ്രധാനമായിട്ടും.

കേരളത്തില്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ വന്നത്. ബിജെപി പ്രവര്‍ത്തകരോട് ബലിദാനികളാകാന്‍ സന്നദ്ധരാകണമെന്ന് ആവശ്യപ്പെടാനാണ് അദ്ദേഹം വന്നത്. കേരളത്തില്‍ താമര വിരിയണമെങ്കില്‍ ബലിദാനികളാകാന്‍ സന്നദ്ധരാകണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതിനെ ഗൗരവത്തോടെയാണ് കാണുന്നത്. അദ്ദേഹം മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളൊന്നും പരാമര്‍ശിച്ചിട്ടില്ല എന്നതും ഗൗരവത്തോടെ കാണണം.

ബിജെപിക്ക് കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികളും പ്രവര്‍ത്തനങ്ങളും ജനങ്ങളോട് വിശദീകരിച്ചാല്‍ പോരെ. അങ്ങനെ വിശദീകരിക്കുമ്പോള്‍ എന്തെങ്കിലും സംഘര്‍ഷം കേരളത്തിലുണ്ടായിട്ടുണ്ടോ. എട്ട് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാന്‍ ഇവിടെ വല്ല തടസങ്ങളുമുണ്ടോ. അതിന് പകരം താമര വിരിയിക്കാന്‍ ബലിദാനികളാകാന്‍ സന്നദ്ധരാകണമെന്ന് ആഭ്യന്തരവകുപ്പിന്റെ കസേരയിലിരിക്കുന്ന ഒരു ബിജെപിക്കാരന്‍ പറയുമ്പോള്‍ തീര്‍ച്ചയായിട്ടും അതങ്ങേയറ്റം ഗൗരവത്തിലെടുക്കണം. ആപത്കരമായിട്ടുള്ള ആഹ്വാനമാണത്.

അവരാണ് സംഘര്‍ഷമുണ്ടാക്കുന്നത്. അവര് സംഘര്‍ഷം അവസാനിപ്പിച്ച് കഴിഞ്ഞാല്‍ ഒരു പ്രശ്നവുമില്ല. കേരളത്തില്‍ ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ അങ്ങേയറ്റം സമാധാനപരമായി നടക്കും. ഉത്തരേന്ത്യയില്‍ നടക്കുന്ന പല സംഭവങ്ങളും കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കുന്ന സാഹചര്യമുണ്ടാകും.

ഓണത്തിന്റെ കുട്ടിക്കാലത്തെപ്പറ്റിയുള്ള ഓര്‍മകള്‍ മുമ്പ് പറഞ്ഞിരുന്നു. അതേപ്പറ്റി ഒന്ന് വിശദമായി സംസാരിക്കാനാകുമോ?

കുട്ടിക്കാലത്ത് ഓണത്തിന് വേണ്ടി പറമ്പിലും തൊടിയിലുമൊക്കെ തുമ്പയും ചെണ്ടുമല്ലികയുമൊക്കെ പറിക്കാന്‍ പോകുന്നതൊക്കെ ഓര്‍മകളാണ്. ഞങ്ങളൊക്കെ അങ്ങേയറ്റം ദാരിദ്ര്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. എന്റെ അച്ഛന്‍ ഒരു ചുരുട്ട് തൊഴിലാളിയായിരുന്നു. അമ്മ സാധാരണ ഒരു കര്‍ഷക തൊഴിലാളി ആയിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ അക്കാലത്ത് വയറുനിറച്ച് ഉണ്ണുക, അല്ലെങ്കില്‍ വിഭവസമൃദ്ധം എന്നൊക്കെ പറയില്ലെ അതൊന്നും ഞങ്ങളുടെ കുട്ടിക്കാലത്തുണ്ടായിരുന്നില്ല.

സ്വാഭാവികമായും ഞങ്ങള്‍ പഠിച്ചു, അതിന്റെ കൂടെ സംഘടനാ പ്രവര്‍ത്തനം നടത്തി. അതിന്റെ ഭാഗമായിട്ടാണല്ലോ ഇന്നത്തെ നിലയിലേക്ക് വന്നത്. കുട്ടിക്കാലത്തെ ഓണത്തെ ആലോചിക്കുന്ന സന്ദര്‍ഭത്തില്‍, നമ്മുടെ സമൂഹത്തില്‍ വന്നിട്ടുള്ള വലിയ മാങ്ങളുണ്ട്. ആ മാറ്റങ്ങള്‍ ദാരിദ്ര്യത്തിന്റെ കാര്യത്തിലുമുണ്ട്. ഇപ്പോള്‍ ഞങ്ങളുടെ മക്കള്‍ക്ക് മക്കളായി. ആ പേരമക്കള്‍ ഞങ്ങളുടെ ചെറുപ്പകാലത്ത് അനുഭവിക്കുന്ന വിഷമതകള്‍ അനുഭവിക്കുന്നില്ല എന്നത് കേരള സമൂഹം സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നേടിയിട്ടുള്ള നേട്ടങ്ങളുടെ ഫലമായിട്ടാണ്.

ആ നേട്ടങ്ങളുണ്ട്, അതുകൊണ്ട് പ്രശ്നങ്ങളിന്നുമില്ല എന്നല്ല. പുതിയ തലമുറയ്ക്കും ധാരാളം പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങള്‍ പരിഹരിച്ച് പുതിയ തലമുറയെ വാര്‍ത്തെടുക്കകയാണ് വേണ്ടത്.


Content Highlights: p jayarajan onam special interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented